തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടര്‍പട്ടിക

ജില്ലയിൽ 24,80,032 വോട്ടര്‍മാര്‍

വോട്ടർപട്ടിക
വെബ് ഡെസ്ക്

Published on Jul 24, 2025, 02:02 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ 24,80,032 വോട്ടർമാരാണുള്ളത്. 11,77,753 പുരുഷന്മാരും 13,02,256 സ്ത്രീകളും 23 ട്രാൻസ്‌ജെൻഡേഴ്‌സും അടങ്ങിയതാണ് പട്ടിക. സംസ്ഥാനത്ത് 2,66,78,256 വോട്ടർമാരാണുള്ളത്. ഇതിൽ 1,26,32,186 പുരുഷന്മാരും 1,40,45,837 വനിതകളും 233 ട്രാൻസ്ജെൻഡേഴ്‌സുമുണ്ട്‌. അന്തിമ വോട്ടർപട്ടിക ആഗസ്‌ത്‌ 30ന് പ്രസിദ്ധീകരിക്കും. 2024ൽ സംക്ഷിപ്ത പുതുക്കൽ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് തയാറാക്കിയത്. 2020ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കിയിരുന്നു. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും. ആഗസ്‌ത്‌ ഏഴുവരെ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കുന്നതിനും അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞ തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കുകയും വേണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദിഷ്ട ഫോറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home