പച്ചക്കറി തഴച്ചുവളരും

പച്ചക്കറി കൃഷി

പച്ചക്കറി കൃഷി

വെബ് ഡെസ്ക്

Published on Jul 25, 2025, 01:01 AM | 1 min read



കോഴിക്കോട്‌

പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിന് തുടക്കം. ജില്ലയിൽ നിലവിൽ 2807 ഹെക്ടറിലാണ്‌ പച്ചക്കറി കൃഷി ചെയ്യുന്നത്‌. ഇക്കുറി 829 ഹെക്ടർ സ്ഥലംകൂടി അധികമായി കണ്ടെത്തി വ്യാപിപ്പിക്കും. ഉൽപ്പാദനം ഘട്ടംഘട്ടമായി വർധിപ്പിച്ച് 2033 ഓടെ സ്വയം പര്യാപ്തത കൈവരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പച്ചക്കറി കൃഷിക്കായി 2025–-26 വർഷം 5.87 കോടി രൂപ വകയിരുത്തി. കൃഷി വകുപ്പ്‌ 2.32 കോടിയും തദ്ദേശഭരണസ്ഥാപനങ്ങൾ ജനകീയാസൂത്രണ പദ്ധതിയിലൂടെ 3.86 കോടി രൂപയുമാണ്‌ അനുവദിച്ചത്‌.

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കായി ക്ലസ്റ്ററുകൾ, കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ, മറ്റു കർഷകഗ്രൂപ്പുകൾ വഴി 487 ഹെക്ടറും വാണിജ്യ പച്ചക്കറി കൃഷിക്കായി 197 ഹെക്ടറും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മറ്റു സ്ഥാപനങ്ങൾ വഴി 25 ഹെക്ടറും തരിശുഭൂമിയിലെ കൃഷിക്കായി 120 ഹെക്ടർ ഉൾപ്പടെ 829 ഹെക്ടർ സ്ഥലം അധികമായി കണ്ടെത്തിയത്‌. കഴിഞ്ഞവർഷം ജില്ലയിൽ 44,912 ടൺ പച്ചക്കറി ഉൽപ്പാദിപ്പിച്ചിരുന്നു. ഇത് 2033 ആകുമ്പോഴേക്കും 1,12,695 ടൺ ആക്കാനാണ്‌ ലക്ഷ്യമിടുന്നത്.

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കായി 10 രൂപ വില വരുന്ന 50,000 വിത്ത്‌ കിറ്റുകളും, വാണിജ്യ പച്ചക്കറി കൃഷിക്കായി 100 രൂപ വിലയുള്ള 5000 ഹൈബ്രിഡ് വിത്തുപാക്കറ്റുകളും മൂന്നുരൂപ വിലയുള്ള എട്ടുലക്ഷം ഹൈബ്രിഡ് പച്ചക്കറി തൈകളും സൗജന്യമായി വിതരണം ചെയ്യും. തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷിക്ക്‌ എട്ട്‌ ഹെക്ടറിൽ 90 ശതമാനം സബ്സിഡിയായി ഹെക്ടറിന് ഒരുലക്ഷം രൂപ നൽകും. വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹനത്തിനായി മുരിങ്ങ, കറിവേപ്പ്, കോവൽ, അഗത്തി തുടങ്ങിയ ദീർഘകാല പച്ചക്കറി വിളകളുടെ തൈകൾ 5000 എണ്ണം 15 -രൂപ നിരക്കിൽ നൽകും. പോഷകത്തോട്ടങ്ങളൊരുക്കാൻ ഉൽപ്പാദനോപാധികളുടെ 800 രൂപ വില വരുന്ന കിറ്റ് 500- രൂപ നിരക്കിൽ 7000 എണ്ണം വിതരണം ചെയ്യും. സ്ഥലപരിമിതിയുള്ള നഗരപ്രദേശങ്ങളിൽ ചട്ടികളിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും. കൃഷിവകുപ്പിലെ കേന്ദ്രപദ്ധതികളും സംസ്ഥാന പദ്ധതികളും തദ്ദേശസ്ഥാപനങ്ങളുടെ ജനകീയാസൂത്രണ പദ്ധതികളും അനുബന്ധ വകുപ്പുകളുടെ വാർഷിക പദ്ധതികളും സംയോജിപ്പിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home