യുവാക്കളുടെ ദൃശ്യം സിസിടിവിയിൽ
മില്ലിൽനിന്ന് ഉണ്ടകൊപ്ര മോഷണം പോയി

സിസിടിവിയിൽ പതിഞ്ഞ മോഷ്ടാക്കളുടെ ചിത്രം
പയ്യോളി
ഇരിങ്ങത്ത് ഹരിശ്രീ വായനശാലയ്ക്ക് എതിര്‍വശത്തെ സി കെ ഫ്ലോർ മില്ലിൽ കയറിയ കള്ളന്മാർ ഉണ്ടകൊപ്ര കൊണ്ടുപോയി. ചക്കിട്ടക്കണ്ടി ബാബുവിന്റെ മില്ലിൽ ശനി പുലര്‍ച്ചെ മൂന്നോടെയായിരുന്നു മോഷണം. മൂന്ന് മുറികളുള്ള മില്ലില്‍ കൊപ്ര സൂക്ഷിച്ച മുറിയുടെ ലോക്ക് കട്ടര്‍ ഉപയോഗിച്ച് പൊട്ടിച്ച നിലയിലായിരുന്നു .
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു ചാക്ക് ഉണ്ടകൊപ്ര മോഷണം പോയതായി മനസ്സിലായത്. സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതില്‍നിന്ന് യുവാക്കളെന്ന് തോന്നിക്കുന്ന രണ്ടുപേര്‍ മുറിയില്‍ കയറി ടോര്‍ച്ച് ഉപയോഗിച്ച് മുറി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുറിയില്‍ കയറിയ കള്ളന്മാര്‍ ഏറെനേരം കഴിഞ്ഞാണ് സിസിടിവിയുള്ളത് ശ്രദ്ധിച്ചത്. തുടര്‍ന്ന് പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് കാമറ മറച്ച് കൊപ്ര ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു.
മുറിയില്‍ സൂക്ഷിച്ച കൊപ്ര മോഷണം പോകുന്നതായി സംശയം തോന്നിയ മില്‍ ഉടമ ഒരുമാസം മുമ്പാണ് സിസിടിവി സ്ഥാപിച്ചത്. ഒരുമാസംമുമ്പ് മില്ലിന് സമീപത്തെ രണ്ട് വീടുകളിലും മോഷ്‌ടാക്കൾ കയറിയിരുന്നു.









0 comments