ഓണസമ്മാനമായി തൊഴിലാളികൾക്ക്‌ 200 രൂപ കൂടും

ജില്ലയിൽ 8.2 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പി കെ സജിത്‌

Published on Aug 29, 2025, 12:43 AM | 1 min read

കോഴിക്കോട്‌

തൊഴിലുറപ്പുപദ്ധതിയിലെ തൊഴിലാളികളും ഇക്കുറി ഓണം സമൃദ്ധമായി ആഘോഷിക്കും. ജില്ലയിൽ 68,453 കുടുംബങ്ങൾക്കായി 82,143,600 രൂപ ഓണസമ്മാനമായി സംസ്ഥാന സർക്കാർ നൽകും. നൂറും അതിൽ കൂടുതലും തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയവർക്കാണ്‌ ഓണസമ്മാനമായി 1200 രൂപ നൽകുക. കഴിഞ്ഞവർഷം 1000 രൂപയായിരുന്നത്‌ 200 രൂപ കൂടി കൂട്ടിയാണ്‌ തൊഴിലാളികളെ എൽഡിഎഫ്‌ സർക്കാർ ചേർത്തുപിടിക്കുന്നത്‌. ജില്ലയിൽ 100 ദിനം പൂർത്തിയാക്കിയ 67,561 കുടുംബങ്ങൾക്കും 101 മുതൽ 150 ദിവസം വരെ ജോലിചെയ്ത 556 കുടുംബങ്ങൾക്കും 151 ദിവസത്തിനുമുകളിൽ പ്രവൃത്തിയെടുത്ത 336 കുടുംബങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാവും.

2024–-- 25 സാമ്പത്തിക വർഷത്തിൽ 100 തൊഴിൽദിനം പൂർത്തിയാക്കിയ കുടുംബങ്ങൾ കൂടുതലും പേരാമ്പ്ര ബ്ലോക്കിലാണ്‌. 12,453 കുടുംബങ്ങൾ. തൊട്ടുപിന്നിൽ തൂണേരി ബ്ലോക്കാണ്‌. 9,239 കുടുംബങ്ങൾ. 1,40,764 കുടുംബങ്ങൾക്കാണ്‌ ഇക്കുറി തൊഴിൽ ഉറപ്പാക്കിയത്‌. 1,01,37,381 തൊഴിൽ ദിനങ്ങളും സൃഷ്ടിക്കപ്പെട്ടു.

ജില്ലയിൽ ഒന്നുമുതൽ 14 ദിവസം വരെ 21, 721 കുടുംബങ്ങൾക്കും 15 മുതൽ 30 ദിവസങ്ങളിൽ 8081 കുടുംബങ്ങൾക്കും 31 മുതൽ -40 ദിവസംവരെ 4321 കുടുംബങ്ങൾക്കും 41 മുതൽ 50 ദിവസംവരെ

4523 കുടുംബങ്ങൾക്കും തൊഴിൽ ലഭ്യമാക്കി. 51- മുതൽ 60 ദിവസംവരെ 5204 കുടുംബങ്ങൾക്കും 61 മുതൽ -70വരെ ദിവസങ്ങളിൽ 6145 കുടുംബങ്ങൾക്കും 71 മുതൽ -80 ദിവസം വരെ 7201 കുടുംബങ്ങൾക്കും 81- മുതൽ 99 വരെ ദിവസങ്ങളിൽ 15,115 കുടുംബങ്ങൾക്കും തൊഴിൽ ലഭ്യമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരുകോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ ജില്ലയ്‌ക്ക്‌ കഴിഞ്ഞു. കോഴിക്കോടിനുപുറമെ ഈ നേട്ടം കൈവരിച്ചത്‌ തിരുവനന്തപുരവും ആലപ്പുഴയുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home