സമഗ്രപഠനം അനിവാര്യം

ദേശാടനപ്പക്ഷികളുടെ വരവ് കുറയുന്നു

കടലുണ്ടി കമ്യൂണിറ്റി റിസർവിലെത്തിയ ദേശാടനപ്പക്ഷികൾ (ഫയൽ ചിത്രം)
avatar
മനാഫ് താഴത്ത്

Published on May 10, 2025, 01:00 AM | 1 min read

ഫറോക്ക്

കടലുണ്ടിയിലേക്കുള്ള ദേശാടനപ്പക്ഷികളുടെ വരവ് കുറയുന്നു. വിദേശ രാജ്യങ്ങൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള ദേശാടനപ്പക്ഷികളുടെ വരവ്‌ ഓരോ വർഷവും വലിയതോതിൽ കുറഞ്ഞതായി വിദഗ്ധ പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സമഗ്രപഠനം നടത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്. ലോകത്താകെയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്കപ്പുറം ആവാസവ്യവസ്ഥകളുടെ ഗുണനിലവാരമില്ലായ്‌മയും ദേശാടന പാതയിലെ മനുഷ്യ ഇടപെടലും മറ്റു വിധത്തിലുമുള്ള തടസ്സങ്ങളും ഇന്ത്യയിലേക്കും വിശിഷ്യ കേരളത്തിലേക്കുമെത്തുന്ന പക്ഷികളുടെ വരവിന് തടസ്സമാകുന്നതായാണ്‌ വിലയിരുത്തൽ.

കിഴക്കൻ യൂറോപ്പ്, സൈബീരിയ, കസാക്കിസ്ഥാൻ തുടങ്ങിയ അതിശൈത്യമുള്ള രാജ്യങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പക്ഷികളെത്തുന്നത്‌. ഇത്തരം രാജ്യങ്ങളിൽ മഞ്ഞുമൂടി വെളിച്ചക്കുറവുണ്ടാകുമ്പോഴാണ് ആകാശവും നിലാവും നക്ഷത്രങ്ങളുമെല്ലാം നോക്കി പക്ഷികൾ അന്യദേശങ്ങളിലേക്ക് ഇര തേടിയും പ്രജനനത്തിനുമായി എത്തുന്നത്. ഓരോ വർഷവും മറുനാട്ടിൽ നിന്ന്‌ പക്ഷികളെത്തുന്നതിൽ വലിയ കുറവുണ്ടാകുമ്പോഴും പുതിയ ഇനങ്ങൾ കണ്ടെത്തുന്നുണ്ട്.

ദേശാടനപ്പക്ഷികൾ കൂടുതലായെത്തുന്ന കേരളത്തിലെ കടലുണ്ടി കമ്യൂണിറ്റി റിസർവ്‌, ആലപ്പുഴ വേമ്പനാട്, മലപ്പുറം ജില്ലയിലെ പൊന്നാനി മുതൽ തൃശൂർ വരെയുള്ള കോൾനിലങ്ങൾ, എറണാകുളം മംഗളവനം എന്നിവിടങ്ങളിൽ എത്തുന്ന പക്ഷികളുടെ എണ്ണം ഓരോ വർഷവും കുറയുന്നു. തണ്ണീർത്തടങ്ങളിലും ചതുപ്പുകളിലും കോൾ നിലങ്ങളിലുമുൾപ്പെടെയുണ്ടായ മാറ്റങ്ങൾ ദേശാടനപ്പക്ഷികളുടെ വരവിനെ ബാധിച്ചു. ജൈവ വൈവിധ്യങ്ങളുടെ കലവറയും സംരക്ഷിത മേഖലയുമായ കമ്യൂണിറ്റി റിസർവിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വന്ന വ്യതിയാനവും മലിനീകരണവും മനുഷ്യ ഇടപെടലുകളും വർധിച്ചതോടെയാണ് പക്ഷികളുടെ വരവ് കുറഞ്ഞത്.

അത്യപൂർവയിനം ദേശാടനപ്പക്ഷികളെത്തുന്ന കേന്ദ്രമായ കടലുണ്ടിയിൽ 1970-–-80 കാലങ്ങളിൽ 85 മുതൽ 100 വരെ വ്യത്യസ്തയിനം പക്ഷികളുണ്ടാകാറുണ്ട്‌. ഇവയിൽ വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനങ്ങളും ഉൾപ്പെടും. ആയിരക്കണക്കിന് പക്ഷികൾ കൂട്ടത്തോടെ എത്തുന്ന കടലുണ്ടിയിലേക്ക് കഴിഞ്ഞ സീസണിൽ വളരെ ചുരുങ്ങിയ ഇനം പക്ഷികളേ എത്തിയിട്ടുള്ളൂവെന്ന്‌ പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ വിജീഷ് വള്ളിക്കുന്ന് പറഞ്ഞു. അയൽ സംസ്ഥാനങ്ങളായ കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ എത്തുന്ന ദേശാടനപക്ഷികളുടെ എണ്ണം കുറയുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് സമഗ്രപഠനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home