പാഠഭാഗം വായിക്കാത്ത വിദ്യാർഥിയുടെ വിരൽ തകർത്ത മദ്രസ അധ്യാപകനെതിരെ കേസ്

പയ്യോളി
മദ്രസയിൽ അധ്യാപകൻ ആവശ്യപ്പെട്ട പാഠഭാഗം വായിക്കാൻ കഴിയാതിരുന്ന ഒമ്പതുകാരനായ വിദ്യാർഥിയുടെ കൈവിരലുകൾക്കിടയിൽ മദ്രസ അധ്യാപകൻ പേനവച്ച് ഞെരിച്ച് കൈക്ക് പരിക്കേൽപ്പിച്ചു. പള്ളിക്കരയിലെ ഇൽമുൽ ഹുദാമദ്രസ അധ്യാപകനും തിക്കോടി പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയുമായ ഒ കെ ഫൈസലിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. പള്ളിക്കര സ്വദേശി കളനാരിത്താഴെ ജാബിറിന്റെ മകന്റെ പരാതിയിലാണ് കേസ്. ജൂൺ 26നാണ് സംഭവം. രാവിലെ 7ന് മദ്രസയിൽ വിദ്യാർഥിയോട് പാഠഭാഗം വായിക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പൂർത്തിയാക്കാൻ വിദ്യാർഥിക്ക് കഴിഞ്ഞില്ല. ഇതേ തുടർന്ന് കുട്ടിയുടെ വലതുകൈയുടെ ചൂണ്ടുവിരലിനും മോതിരവിരലിനും ഉള്ളിൽക്കൂടി പേനവച്ച് ആറോളം തവണ ഞെരിച്ച് അമർത്തി കൈക്ക് പരിക്കേൽപ്പിച്ചതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് മദ്രസ അധികൃതരുമായും ഭാരവാഹികളുമായും കൂടാതെ ഒ കെ ഫൈസലിന്റെ സഹോദരനുമായും ബന്ധപ്പെട്ടെങ്കിലും ഒരാളും തിരിഞ്ഞുനോക്കിയില്ലെന്നും ബാപ്പ ജാബിർ പറഞ്ഞു. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മറ്റു വകുപ്പുകൾ കൂടാതെ അധ്യാപകനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്താനുള്ള സാധ്യതയും പൊലീസ് തേടിയിട്ടുണ്ട്. പരാതി നൽകിയതിനുശേഷം രാത്രിയിൽ ജാബിറിന്റെ സ്കൂട്ടർ നശിപ്പിച്ചതായും പരാതിയുണ്ട്. ജൂലായ് 4ന് രാത്രിയിലെത്തിയ ആക്രമികൾ സ്കൂട്ടറിന് കേടുപാട് വരുത്തി. സിഗ്നൽ ലൈറ്റ് കവർ പൊട്ടിക്കുകയും സീറ്റ് ബ്ലേഡുപയോഗിച്ച് കീറിയിട്ടും ഉണ്ട്.









0 comments