Deshabhimani

ഇത്തവണയും സാബിറയിറങ്ങും ഇന്ത്യക്ക് മെഡൽ നേടാൻ

a
avatar
വി ബൈജു

Published on May 15, 2025, 12:17 AM | 1 min read

പുതിയങ്ങാടി

17 മുതൽ 30 വരെ തായ്‌വാനിൽ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കാൻ പുതിയങ്ങാടി സ്വദേശിനി വി കെ സാബിറ യാത്ര തിരിച്ചു. തായ്‌പേയിലും ന്യൂതായ്‌പേയ് സിറ്റിയിലുമാണ് 40 വയസ്സിന് മുകളിലുള്ളവർക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ഗെയിംസ് നടക്കുന്നത്. ഇത് മൂന്നാം തവണയാണ് സാബിറ ഗെയിംസിൽ പങ്കെടുക്കുന്നത്. ചെന്നൈയിൽനിന്ന് ഇന്ത്യൻ ടീമിനൊപ്പം 15ന് രാത്രി വിമാനം കയറി 16ന് തായ്‌പേയ് സിറ്റിയിലെത്തും. മൂന്ന് ഇനങ്ങളിലാണ് ഇന്ത്യയ്ക്കായി നാൽപ്പത്തിയാറുകാരി മത്സരിക്കുക. ട്രിപ്പിൾ ജംപ്, ഹർഡിൽസ്, ഹോക്കി എന്നീ ഇനങ്ങളിൽ കായിക അധ്യാപിക കൂടിയായ സാബിറയിറങ്ങും. 2023ൽ സൗത്ത് കൊറിയയിലും 2024ൽ ദുബായിലും നടന്ന മീറ്റുകളിൽ ഇന്ത്യയ്ക്കായി ആറ്‌ മെഡലുകളാണ് വിവിധ ഇനങ്ങളിൽ സാബിറ നേടിയത്‌. ട്രിപ്പിൾ ജംപിൽ രണ്ടുതവണയും ലോങ്ജംപിൽ ഒരു തവണയും സ്വർണത്തിൽ മുത്തമിട്ട സാബിറ ഇത്തവണ ഹോക്കിയിലും മത്സരിക്കും. ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റിൽ അത്‌ലറ്റിക്‌സിൽ മത്സരിച്ച ഇനങ്ങളിലെല്ലാം മെഡൽ നേട്ടവുമായാണ് സാബിറ തായ്‌വാനിലേക്ക് വിമാനം കയറുന്നത്.

മാളിക്കടവ് എംഎസ്എസ് സീനിയർ സെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപികയാണ്. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ ജോ. സെക്രട്ടറി, കോർപറേഷൻ സ്‌പോർട്‌സ് കൗൺസിൽ അംഗം പദവികൾ വഹിക്കുന്നുണ്ട്. ഐഎഎഎഫ് ലെവൽ വൺ പരിശീലകയും അത്‌ലറ്റിക്‌സ് ടെക്‌നിക്കൽ ഒഫീഷ്യലും ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ്‌ ഗൈഡ് സംസ്ഥാന ട്രെയിനിങ്‌ കമീഷണറുമാണ്.

രണ്ടുതവണ ബെസ്റ്റ് ട്രെയിനർക്കുള്ള ഗവർണർ അവാർഡും ഒരുതവണ ദേശീയ പുരസ്‌കാരവും നേടി. വി കെ അബ്ദുറഹിമാൻ ആണ് ഭർത്താവ്. മക്കൾ: സൈനു നിദ, ദിലുനിലു നിബ്രൂദ്.



deshabhimani section

Related News

View More
0 comments
Sort by

Home