യാത്രക്കാർ വലഞ്ഞു
കടലുണ്ടിയിൽ റെയിൽവേ ഗേറ്റ് തകരാറിലായി

കടലുണ്ടി റെയിൽവേ ഗേറ്റ് തകരാറിലായതിനെ തുടർന്നുണ്ടായ തിരക്ക്
കടലുണ്ടി ട്രെയിനുകൾ കടന്നുപോകാനായി അടച്ചിട്ട റെയിൽവേ ഗേറ്റ് തുറക്കാനാവാതെ യാത്രക്കാർ വലഞ്ഞു. കടലുണ്ടി അങ്ങാടിയിൽ റെയിൽവേ സ്റ്റേഷന് സമീപത്തായുള്ള ലെവൽ ക്രോസിലെ കിഴക്കുഭാഗത്തെ ഓട്ടോമാറ്റിക് സംവിധാനം തകരാറിലായതോടെയാണ് ഗേറ്റ് തുറക്കാനാവാതെ യാത്രക്കാർ വലഞ്ഞത്. ചൊവ്വ വൈകിട്ട് ആറരയോടെയാണ് സംഭവം. കിഴക്കുപടിഞ്ഞാറൻ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന മാർഗമാണിത്. വൈകിട്ട് മൂന്നുവണ്ടികൾ പോകുന്നതിനായി അടച്ചശേഷം ഗേറ്റിന്റെ പടിഞ്ഞാറ് ഭാഗം മാത്രമേ തുറക്കാനായുള്ളൂ. ഇതോടെ ഈ ഭാഗത്തുനിന്ന് വാഹനങ്ങൾ കൂട്ടത്തോടെ കിഴക്കുഭാഗത്തേക്ക് പ്രവഹിച്ചെങ്കിലും ഇവിടത്തെ കവാടം തുറക്കാത്തതിനാൽ വാഹനങ്ങൾ പാളത്തിൽ തിങ്ങിനിറഞ്ഞു. വീണ്ടും വണ്ടിയെത്തിയാൽ വൻ അപകടത്തിന് വഴിയൊരുക്കുമെന്ന ഭീതിയിൽ നാട്ടുകാരും പൊലീസും ഇടപെട്ട് വാഹനയാത്രികരെ പിന്തിരിപ്പിച്ചു. ഇരുഭാഗത്തും കുടുങ്ങിയ യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റിത്തിരിഞ്ഞ് മണ്ണൂർ റെയിൽ വഴിയും ചാലിയം വഴിയും പരപ്പനങ്ങാടി ഉൾപ്പെടെയുള്ള ഭാഗത്തേക്കുള്ളവരിൽ പലരും കോട്ടക്കടവ് പാലം കടന്നും പോകുകയായിരുന്നു. അൽപ്പസമയം കഴിഞ്ഞ് അധികൃതരെത്തി ഗേറ്റ് തുറന്നു. ഇവിടെ മേൽപ്പാലമില്ലാത്തതിനാൽ പതിറ്റാണ്ടുകളായി ജനങ്ങൾ ദുരിതത്തിലാണ്.









0 comments