കോട്ടൂരിൽ സഫലമീ യാത്ര...

തൊഴിലുറപ്പ് പദ്ധതിയിൽ നവീകരിച്ച അക്കരമുണ്ട്യാടി കുളം
ഗിരീഷ് വാകയാട് ബാലുശേരി പറമ്പ് കിളയ്ക്കലും തെങ്ങിന് തടമെടുക്കലും റോഡിലെ കാട് വെട്ടലുമല്ല തൊഴിലുറപ്പ് പദ്ധതിയെന്ന് കാണിച്ചുതരും കോട്ടൂരുകാർ. ഇത്തരം പ്രവൃത്തികൾ മോശമാണെന്ന അഭിപ്രായവും ഇവർക്കില്ല. നാടും നഗരവും വികസിച്ചു. ആ വികസനത്തിനുതകുന്ന രൂപത്തിൽ തൊഴിലുറപ്പ് പദ്ധതിയെ മാറ്റി. കോൺക്രീറ്റ് പാലം നിർമിക്കൽ, കയ്യാല കെട്ടൽ, കുളം നിർമാണം തുടങ്ങി തൊഴിലുറപ്പ് പദ്ധതിയെ അതിവിദഗ്ധ തൊഴിൽ രംഗത്തേക്ക് കൂടി വ്യാപിപ്പിച്ചു. തൃക്കുറ്റിശേരി വയൽപീടിക വാകയാട് റോഡിന് എളവനതാഴെ തോടിന് മനോഹരമായ കോൺക്രീറ്റ്പാലം നിർമിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് നിർമാണ പ്രവൃത്തിയിൽ പങ്കെടുത്ത ആശാരികുന്നത്ത് റീനയും തേയകളത്തിൽ ശ്രീലതയും തെങ്ങുള്ളതിൽ സിന്ധുവും പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ കൂടുതൽ കുടുംബത്തിന് തൊഴിൽ കൊടുത്ത പഞ്ചായത്താണ് കോട്ടൂർ. 2,700 പേർ 100 തൊഴിൽദിനം പൂർത്തിയാക്കി. ഇതിൽ ജില്ലയിൽ മൂന്നാം സ്ഥാനത്താണ്. 15,34,900 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. 49,73, 43000 രൂപ വേതനമായി നൽകാനും കഴിഞ്ഞു. 39, 0000 രൂപ ചെലവഴിച്ചാണ് തൃക്കുറ്റിശേരിയിൽ പാലം നിർമിച്ചത്. നാശോന്മുഖമായ അക്കരമുണ്ട്യാടി കുളം നവീകരിച്ചു. 2,90,000രൂപ തൊഴിലുറപ്പ് പദ്ധതിയിൽ മാത്രം ചെലവഴിച്ചാണ് നവീകരണം. ആമയാട്ടുവയലിൽ കളിച്ചുല്ലസിക്കാൻ തയ്യാറായ കോടിയേരി സ്മാരക ഹാപ്പിനസ് പാർക്കിലെ പൊതുകുളം നിർമിച്ചത് 4,10,000രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ചെലവഴിച്ചാണ്. 307 ഗ്രാമീണ റോഡുകളാണ് എംജിഎംഎൻആർഇജിയിൽ നിർമിച്ചത്. ആർദ്രമായി ആരോഗ്യം കുത്തനെയുള്ള കയറ്റം കയറി കുറുവട്ടി മലയിലെത്തുമ്പോൾ ഡോക്ടറെ കാണിക്കാൻ വരുന്ന രോഗി തളർന്ന് അവശതയിലായിട്ടുണ്ടാവും. അതായിരുന്നു കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥ. രോഗികളുടെ പ്രയാസകരമായ അവസ്ഥയ്ക്ക് മാറ്റമായി. കൂട്ടാലിട ടൗണിലുണ്ടായിരുന്ന സബ് സെന്റർ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് കുടുംബാരോഗ്യ കേന്ദ്രം മാറ്റി. ഇതിനായി 28 സെന്റ് ഭൂമി ജനകീയവിഭവസമാഹരണത്തിലൂടെ വാങ്ങി. സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ രണ്ടുകോടിയും എംഎൽഎഫണ്ടിൽ 75 ലക്ഷവും എൻഎച്ച്എം ഫണ്ടായി 25 ലക്ഷവുമുൾപ്പെടെ മൂന്നുകോടി രൂപ ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിതത്. ലാബ് സൗകര്യവും മറ്റ് അനുബന്ധ സൗകര്യങ്ങളൊരുക്കാനും കഴിഞ്ഞു. ഗുരുതര രോഗം വന്നവർക്ക് അവർക്കാവശ്യമായ മരുന്നും നൽകി വരുന്നു. തൃക്കുറ്റിശേരിയിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയ്ക്ക് ജനകീയ വിഭവസമാഹരണത്തോടെ 12 സെന്റ് ഭൂമി വാങ്ങി. കെ എം സച്ചിൻദേവ് എംഎൽഎയുടെ ഫണ്ടിൽ നിന്നനുവദിച്ച 50 ലക്ഷംരൂപ ചെലവഴിച്ച് കെട്ടിട നിർമാണം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. പടിയക്കണ്ടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി 2024ൽ 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. ലൈഫാണ് ജീവൻ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ലൈഫിലൂടെ യാഥാർഥ്യമാക്കി. പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽപ്പെടുത്തി 190 വീടുകൾ നിർമാണം പൂർത്തിയായി. 295 ഗുണഭോക്താക്കൾ കരാർ വച്ചു കഴിഞ്ഞു. 105 വീടുകളുടെ പ്രവൃത്തി നടന്നുവരികയാണ്. പുതുതായി 70 വീടുകളുടെ കരാർ വയ്ക്കാനുള്ള നടപടിക്രമം നടന്നുവരികയാണ്. മനസ്സോടിത്തിരി മണ്ണ് ഒരു തുണ്ട് ഭൂമിയില്ലാത്തതിനാൽ വീട് വയ്ക്കാനാവാത്തവർ. അവരുടെ ദൈന്യതയറിഞ്ഞ് ചേർത്തുപിടിക്കാനായി കോട്ടൂർ പഞ്ചായത്തിന്. പഞ്ചായത്ത് കണക്കെടുത്തപ്പോൾ 45 പേർക്ക് വീടും സ്ഥലവും ഇല്ല. ഇവർക്ക് വീടുവയ്ക്കാൻ ഭൂമി ലഭ്യമാക്കുന്നതിനുള്ള മികവാർന്ന പ്രവർത്തനമാണ് നടത്തിയത്. 20 പേർക്ക് വീട് വയ്ക്കുന്നതിനായി കൊടുക്കാനുള്ള ഒരേക്കർ ഭൂമിയാണ് പഞ്ചായത്തിലെ സുമനസ്സുകളുടെ കാരുണ്യത്തിൽ ലഭിച്ചത്. ഇതിൽ രണ്ട് അതിദരിദ്രർക്ക് ഭൂമി രജിസ്ട്രേഷൻ ചെയ്തുനൽകി. ക്ലീൻ കോട്ടൂർ ഗ്രീൻ കോട്ടൂർ മാലിന്യ സംസ്കരണത്തിനായി എംസിഎഫിന്റെ നിർമാണം അതിവേഗം നടന്നുവരികയാണ്. കുറുവട്ടി മലയിലാണ് പുതിയ എംസിഎഫ് നിർമിക്കുന്നത്. വലിച്ചെറിയൽ മുക്ത ഗ്രാമമാകാനുള്ള തയ്യാറെടുപ്പുകളും ബോധവൽക്കരണവും നടന്നു വരുന്നു. 19 വാർഡുകളിലായി 38 ഹരിതകർമസേനാംഗങ്ങൾ പ്രവർത്തിക്കുന്നു. മാലിന്യം ശേഖരിക്കുന്നതിനായി വാഹനവും ഉണ്ട്. ടൗണുകളിൽ വേസ്റ്റ് ബിൻ സ്ഥാപിച്ചു. കൂട്ടാലിട ടൗണിൽ പൂച്ചട്ടികൾവച്ച് ഹരിതാഭമാക്കി. അവയവദാനം മാതൃകയാക്കി കുടുംബശ്രീ ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണാനന്തരവും കോട്ടൂരിലെ കുടുംബശ്രീ പ്രവർത്തകർ മാതൃകയായി കഴിഞ്ഞു. ആദ്യഘട്ടമായി പഞ്ചായത്ത് കുടുംബശ്രീയ്ക്ക് കീഴിലുള്ള 2500 പേരാണ് മരണാനന്തരം അവയവദാനം നൽകാൻ സമ്മതപത്രം നൽകിയത്. 19 വാർഡുകളിലായി 364 കുടുംബശ്രീ യൂണിറ്റുകളിലാണ് ജീവനം പദ്ധതി നടപ്പാക്കിയത്. ഓഫീസ് സംവിധാനങ്ങളും പ്രവർത്തനങ്ങളും ചിട്ടപ്പെടുത്തി ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തേതും ജില്ലയിലെ ആദ്യ കുടുംബശ്രീ സിഡിഎസും കോട്ടൂരിന് സ്വന്തമായി. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ രണ്ടരക്കോടി രൂപയുടെ വായ്പാപദ്ധതി നടപ്പാക്കി. ഒറ്റനോട്ടത്തിൽ * വാർഷികപദ്ധതി ചെലവഴിച്ചതിൽ ജില്ലയിൽ ഒന്നാം സ്ഥാനം. * കൂട്ടാലിട സൗന്ദര്യവൽക്കരണത്തിന് മൂന്നുകോടി 25 ലക്ഷം *വാകയാട് ഗവ. എൽപി സ്കൂളിന് പുതിയ കെട്ടിടം. * കൃഷിഭവന് പഞ്ചായത്ത് ഫണ്ട് മാത്രം ചെലവഴിച്ച് പുതിയ കെട്ടിടം. * അവിടനല്ലൂർ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം. * കൂട്ടാലിട - കണ്ണാടിപ്പൊയിൽ - അറപ്പീടിക റോഡിന് ഏഴുകോടി 50 ലക്ഷം * നടുവണ്ണൂർ വാകയാട് കൊട്ടാരമുക്ക് റോഡ് അഞ്ചുകോടി ചെലവഴിച്ച് നവീകരിച്ചു. * വാകയാട് ഹയർ സെക്കൻഡറി ജങ്ഷൻ അറപ്പീടിക റോഡ് മൂന്നുകോടി ചെലവഴിച്ച് നവീകരണം നടക്കുന്നു. * മൂലാട് കോട്ടൂർ മണപ്പുറം മുക്ക് റോഡ് മൂന്നുകോടി 17 ലക്ഷം ചെലവഴിച്ച് നിർമാണം പൂർത്തിയായി. * ചാലിക്കര അവറാട്ട് മുക്ക് റോഡിന് രണ്ടാം ഘട്ടമായി 3 കോടി 30 ലക്ഷം. * അവിടനല്ലൂർ എൻ എൻ കക്കാട് സ്മാരക ഗവ. ഹയർ സെക്കൻഡറിയ്ക്ക് മൂന്നുകോടി. * 12 ക്രാഡിൽ അങ്കണവാടി. * കൂട്ടാലിട കുറുവട്ടിമലയിൽ ബഡ്സ് സ്കൂൾ. * 8 ഹൈമാസ്റ്റ്, 29 മിനിമാസ്റ്റ്, 300 തെരുവുവിളക്കുകളും സ്ഥാപിച്ചു.









0 comments