കൈ പിടിച്ചു; കണ്ണീരാഴങ്ങളിൽ മുങ്ങാതെ

വൈക്കം മുറിഞ്ഞപുഴയിൽ മൂവാറ്റുപുഴയാർ വേമ്പനാട്ട് കായലിൽ ചേരുന്നിടത്ത് വള്ളം മറിഞ്ഞ ഭാഗം
തലയോലപ്പറമ്പ്
മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ വേമ്പനാട്ട് കായലിൽ ഒഴിവായത് വൻ ദുരന്തം. കാട്ടിക്കുന്നിലെ മരണവീട്ടിൽനിന്ന് മടങ്ങിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ വാർത്ത പുറംലോകമറിഞ്ഞതിന് പിന്നാലെ നാട് ആശങ്കയിലായിരുന്നു. ശിവനെന്ന മത്സ്യത്തൊഴിലാളിയാണ് വേമ്പനാട്ട് കായലിന്റെ കണ്ണീരാഴങ്ങളിൽ മുങ്ങാതെ നിരവധിപ്പേരുടെ കരംപിടിച്ചത്. വള്ളം മുങ്ങിത്താഴുന്നത് കണ്ട ശിവൻ തന്റെ മത്സ്യബന്ധന വള്ളത്തിൽ പാഞ്ഞെത്തുകയായിരുന്നു. നീന്തൽ അറിയുന്ന കുറച്ച് പേരുടെ സഹായത്തോടെ ഇവരെല്ലാവരെയും വള്ളത്തിന്റെ തുമ്പിൽ പിടിപ്പിച്ചാണ് വലിയ അപകടം ഒഴിവാക്കിയത്. കാട്ടിക്കുന്ന് തുരുത്തിലെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം തിങ്കൾ പകൽ ഒന്നരയോടെയാണ് വള്ളക്കാരനടക്കം 23 പേരടങ്ങുന്ന സംഘം മടങ്ങിയത്. കയറുമ്പോൾ ചെറിയകാറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ കുറച്ച് ദൂരം പിന്നിട്ടതോടെ കാറ്റിന്റെ ഭാവം മാറി. എഞ്ചിൻ ഘടിപ്പിച്ച വള്ളം കരയിൽനിന്ന് 100 മീറ്ററോളം മുന്നോട്ട് പോയപ്പോഴായിരുന്നു അപകടം. അതിശക്തമായ കാറ്റടിച്ചതോടെ വെള്ളത്തിന്റെ ഓളമുയർന്നു. ഇതോടെ കൂടുതൽ പേരും വള്ളത്തിന്റെ നിലത്തിരുന്നു. എന്നാൽ കൂടുതൽ വെള്ളം കയറിയതോടെ വള്ളം നടുത്തുരുത്തിന് സമീപം മുങ്ങുകയായിരുന്നു. ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വെള്ളത്തിൽ താണു. രക്ഷയായെത്തിയ വള്ളത്തിൽ പിടിച്ച് പത്ത് മിനിറ്റോളമാണ് ഇതേ അവസ്ഥയിൽ ഇവർ നിന്നത്. വള്ളം മുങ്ങാതിരിക്കാൻ ഇരുഭാഗത്തും ആൾക്കാരെ പിടിപ്പിച്ചു. തുടർന്ന് സമീപവാസികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെയുള്ളവർ വള്ളങ്ങളിൽ എത്തിയാണ് അപകടത്തിൽപ്പെട്ടവരെ കരയ്‌ക്ക് എത്തിച്ചത്. പാണാവള്ളി സ്വദേശികളായ അനിക്കുട്ടനും സുമേഷും(കണ്ണൻ) കരയിലേയ്ക്ക് നീന്തുകയായിരുന്നു. അനിക്കുട്ടനെ വള്ളക്കാർ രക്ഷിച്ചു. എന്നാൽ സുമേഷിനെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിനെയും അഗ്നിശമനാ സേനയേയും അറിയിച്ചു. വൈക്കം, ചേർത്തല, കോട്ടയം യൂണിറ്റിൽനിന്നുള്ള സ്‌കൂബാ ടീമുകളുടെ നേതൃത്വത്തിലാണ് സുമേഷിനായുള്ള തിരച്ചിൽ നടത്തുന്നത്. പൊലീസ്, ജലഗതാഗത വകുപ്പ്, നാട്ടുകാർ എന്നിവരുടെയും സഹായമുണ്ട്. മെഡിക്കൽ സംഘത്തെ എത്തിച്ച് അപകടത്തിൽപ്പെട്ടവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട വിജി, ബിന്ദു എന്നിവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമേഷ് നീന്തിക്കയറുമെന്ന പ്രതീക്ഷയിൽ സമീപതുരുത്തുകളിലും മെഡിക്കൽ സംഘത്തെ നിയോഗിച്ചിരുന്നു. രാത്രി എട്ടോടെ തിരച്ചിൽ അവസാനിപ്പിച്ചു. ചൊവ്വാ രാവിലെ ഏഴിന് തിരച്ചിൽ പുനരാരംഭിക്കുമെന്ന് വൈക്കം തഹസിൽദാർ വിപിൻ ഭാസ്‌കർ പറഞ്ഞു.









0 comments