അമ്മാവന്റെ തല അടിച്ചുപൊട്ടിച്ച അനന്തരവനും സുഹൃത്തുക്കളും അറസ്റ്റിൽ

കടുത്തുരുത്തി അനന്തരവനെ ഉപദേശിക്കാനെത്തിയ അമ്മാവനെ സുഹൃത്തുക്കളുടെ സഹായത്തോടെ വീട് കയറി ആക്രമിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച അനന്തരവനും അഞ്ച് സുഹൃത്തുക്കളും അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത അനന്തരവൻ, സുഹൃത്തുക്കളായ കണക്കഞ്ചേരി മേപ്പാടം വീട്ടിൽ അക്ഷയ് (23), മരങ്ങോലി തെങ്ങുംപള്ളി ഡോൺ (22), ഇലഞ്ഞി മയിലണംതടത്തിൽ ജിനു (22), കാട്ടാമ്പാക്ക് തോട്ടുപറമ്പിൽ അഭിജിത്ത് (26), പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരാണ് അറസ്റ്റിലായത്. ലഹരിയിൽ അക്രമസക്തനായ അനന്തരവൻ വ്യാഴം രാവിലെ ഒമ്പതോടെ വീട്ടിൽ അച്ഛൻ രാജേഷിനെ ആക്രമിക്കാൻ ശ്രമിച്ചു. ഉടൻ അമ്മ സമീപത്ത് താമസിക്കുന്ന അമ്മാവൻ ശ്രീജിത്തിനെ വിവരം അറിയിച്ചു. ഉടൻ ശ്രീജിത്തെത്തി അശ്വിനെ ഉപേദേശിച്ച് അക്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് വൈകിട്ട് സുഹൃത്തുകളെയും കൂട്ടി ശ്രീജിത്തിന്റെ വീട്ടിലെത്തി. വന്നയുടൻ മുറ്റത്തിരുന്ന ചെടിച്ചട്ടി എടുത്ത് തലക്കടിച്ചു. ഈ സമയം ശ്രീജിത്തിന്റെ മടിയിൽ ചെറിയകുഞ്ഞ് ഇരുന്നതിനാൽ തടയാനായില്ല. തലപൊട്ടി രക്തം ചീറ്റിയതോടെ അശ്വിനും സംഘവും രക്ഷപ്പെട്ടു. ശ്രീജിത്തിനെ കുറവിലങ്ങാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീജിത്തിന്റെ പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് പ്രതികളെ പിടികൂടി. കോടതിയിൽ എത്തിച്ച് റിമാൻഡ്‌ചെയ്തു.









0 comments