കുമരകം പള്ളിച്ചിറ ഗുരുദേവ ക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയിൽ

കുമരകം പള്ളിച്ചിറ ഗുരുദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതരസംസ്ഥാനക്കാരൻ പിടിയിൽ. പശ്ചിമബംഗാൾ സൗത്ത് 24 പരഗണാസ് സ്വദേശിയായ മുഹമ്മദ് ഷംസുൾ ഷേയ്ഖ് ഖാൻ (32) ആണ് കുമരകം പൊലീസിന്റെ പിടിയിലായത്. 22ന് പുലർച്ചേ 1.30ഓടെ ക്ഷേത്ര പരിസരത്ത് കയറി ഓട് കൊണ്ട് നിർമിച്ച ആറു വിളക്കും നാല് ഉരുളിയും ഒരു മൊന്തയും ഉൾപ്പെടെ ഇരുപതിനായിരം രൂപയോളം വില വരുന്ന സാധനങ്ങളാണ് മോഷ്‌ടിച്ചത്. സംഭവത്തിൽ ക്ഷേത്രം ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുമരകം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ക്യാമറകളുടെയും സാക്ഷിമൊഴികളുടെയും സഹായത്തോടെ മോഷ്ടാവിന്റെ ഏകദേശം രൂപം മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്ത ഇയാളെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. കുമരകം എസ്‌എച്ച്‌ഒ കെ ഷിജി, എസ് ഐ ഹരിഹരകുമാർ, എഎസ്‌ഐ ജയശ്രീ, സിപിഒമാരായ സുമോദ്, ജാക്സൺ എന്നിവർ അടങ്ങുന്ന അന്വേഷണസംഘം ബുധനാഴ്‌ച ഉച്ചയോടെ ഇല്ലിക്കൽ ഭാഗത്ത് വെച്ച് സിസിടിവി ദൃശ്യങ്ങളുമായി സാദൃശ്യമുള്ള ഒരാളെ കണ്ടെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. കൂടുതൽ പരിശോധയിൽ മോഷണക്കേസിലെ ദൃശ്യവുമായി സാദൃശ്യം ഉള്ളതിനാൽ ഹോം ഗാർഡ് ജയപ്രകാശിന്റെ സഹായത്തോടെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.









0 comments