വന്യജീവി സംരക്ഷണ, ഭൂപതിവ് നിയമ ഭേദഗതികൾ എല്‍ഡിഎഫിന്റെ നേട്ടം: ജോസ് കെ മാണി എംപി

കേരള കോണ്‍ഗ്രസ് എം 61–-ാം ജന്മദിനത്തോടനുബന്ധിച്ച് കോട്ടയം പാര്‍ടി ആസ്ഥാനത്ത് ചെയര്‍മാന്‍ ജോസ് കെ മാണി എംപി പതാക ഉയർത്തുന്നു
കോട്ടയം
വന്യജീവി സംരക്ഷണ നിയമ ഭേദഗതിയും ഭൂപതിവ് നിയമ ഭേദഗതിയും നടപ്പാക്കാനായത് എല്‍ഡിഎഫിന്റെ ഏറ്റവും വലിയ രാഷ്ട്രീയനേട്ടമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. പതിറ്റാണ്ടുകളായി കേരളത്തിലെ കര്‍ഷകര്‍ ഉന്നയിച്ചിരുന്ന രണ്ട് പ്രധാന ആവശ്യങ്ങളാണിത്. പാർടി എല്‍ഡിഎഫില്‍ എത്തിയശേഷം നേടിയ ചരിത്ര വിജയങ്ങളാണിത്. ബഫര്‍സോണ്‍ വിഷയത്തിലെ കൃത്യമായ ഇടപെടലുകളും ഭൂപതിവ് നിയമ ഭേദഗതിയും വന്യജീവി സംരക്ഷണ നിയമ ഭേദഗതിയും നിറഞ്ഞ മനസോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. വലിയ ആവേശമാണ് മലയോര പ്രദേശങ്ങളിൽ പ്രകടമാകുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് എല്‍ഡിഎഫിന് അനുകൂലമായ വോട്ടുകളാകും. പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ പ്രഥമ പരിഗണന നല്‍കുകയെന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് എല്‍ഡിഎഫ്. തെരുവുനായ ശല്യം പരിഹരിക്കാനുള്ള നിയമഭേദഗതിക്കായി സമ്മര്‍ദം ചെലുത്തും. സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ടിയുടെ 61– -ാം ജന്മദിനത്തോടനുബന്ധിച്ച് ജോസ് കെ മാണി പതാക ഉയര്‍ത്തി. കേക്ക് മുറിക്കലും ജന്മദിന സമ്മേളനവും നടന്നു. വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോണി നെല്ലൂര്‍, പ്രോഫ. ലോപ്പസ് മാത്യു എന്നിവർ സംസാരിച്ചു.









0 comments