വടം വലിയോത്സവം

കോട്ടയം
വടംവലിയില്ലാതെ എന്ത് ഓണാഘോഷം! പ്രൊഫഷണലായാലും തനി "നാടൻ' ആയാലും, നാട്ടിലാകെ ഇനി വടംവലിയുടെ കാലമാണ് വരുന്നത്. കുട്ടികളും സ്‌ത്രീകളുമെല്ലാം ആ ആവേശപ്പോരിൽ പങ്കാളികളാകാറുണ്ട്. വടംവലിക്കുള്ള വടം വാടകയ്‌ക്ക് കിട്ടും.
ചുമ്മാ വലിച്ചാൽ പോരാ, നിയമങ്ങളുണ്ട്
ഒരു ടീമിൽ ഏഴ് പേർ. 450 കിലോ വിഭാഗത്തിലാണ് മത്സരമെങ്കിൽ, ഇൗ ഏഴ് പേരുടെ മൊത്തം തൂക്കം 450ൽ കവിയാൻ പാടില്ല. ഇങ്ങനെ പല നിയമങ്ങളും പാലിച്ചാണ് മത്സരം നടത്തുന്നത്. തോൾവലി, ഫ്രീസ്‌റ്റൈൽ എന്നിങ്ങനെ മത്സരശൈലികളുണ്ട്. ഒരുലക്ഷം രൂപവരെ സമ്മാനംകിട്ടുന്ന മത്സരങ്ങളുണ്ട്. ഓണം കൊഴുപ്പാക്കണ്ടേ. ഒന്നും ആലോചിക്കാനില്ല, വടം എടുത്തോളൂ...
ഓണക്കാലം വടംവലി ക്ലബ്ബുകളുടെ ചാകരക്കാലമാണ്. ജില്ലയിലെ ടഗ് ഓഫ് വാർ അസോസിയേഷനിൽ 40 ടീമുകൾ അംഗങ്ങളാണ്. ഇവർ പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. 31ന് ഇൗരാറ്റുപേട്ടയിൽ സംസ്ഥാന വടംവലി ടൂർണമെന്റ് നടക്കുന്നുണ്ട്. എരുമേലിയിൽ സെപ്‌തംബർ മൂന്നിനും ചങ്ങനാശേരിയിൽ സെപ്‌തംബർ 14നും ടൂർണമെന്റുകൾ നടക്കും. പ്രാദേശിക മത്സരങ്ങൾ വേറെ. ബ്രദേഴ്‌സ് ഏറ്റുമാനൂർ, വീ ഫ്രണ്ട്‌സ് ചെറുവള്ളി, ലക്ഷ്യ എരുമേലി, കുറവിലങ്ങാട് മുത്തിയമ്മനാട്, സെവൻ സ്‌റ്റാർ മുക്കാലി, യുവധാര വെളിയന്നൂർ, സെവൻസ് ഉഴവൂർ എന്നിവ ജില്ലയിലെ പ്രമുഖ ടീമുകളിൽ ചിലതാണ്. പ്രൊ-ഫഷണൽ പരിശീലകരുടെ കീഴിൽ ക്ലബ്ബുകളുടെ പരിശീലനവും മത്സരങ്ങളും നടന്നുവരുന്നുണ്ടെന്ന് ടഗ് ഓഫ് വാർ മെംബേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുധിക്കുട്ടൻ ഉഴവൂർ പറഞ്ഞു.









0 comments