9 മാസം കൊണ്ട് പൂർത്തിയാക്കും
പാലാ സ്‌റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമാണം തുടങ്ങി

പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണം മന്ത്രി വി അബ്ദുറഹിമാൻ ഉദ്‌ഘാടനംചെയ്യുന്നു
പാലാ
കായികമേഖലയുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങൾ ഒരുക്കാൻ ലക്ഷ്യമിട്ട് സ്‌പോർട്‌സ് ഇക്കോണമി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ പുതിയ പരിശീലന പരിപാടികളും അടിസ്ഥാന സൗകര്യ വികസനവും ഒരുക്കി വരികയാണ്. പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഏഴ് കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് നവീകരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കായിക വകുപ്പ് എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ട്രാക്ക് നവീകരണം ഒൻപത് മാസത്തിനകം പൂർത്തീകരിച്ച് തുറക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് കായിക മേഖലയിൽ 2,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാർ നടപ്പാക്കി. സംസ്ഥാനത്ത് പുതിയ 300 കളിക്കളങ്ങൾ ഇതിനകം നിർമിച്ചു. 467 പഞ്ചായത്തുകളിലാണ് മൈതാനങ്ങൾ ഉണ്ടായിരുന്നത്. 200 പഞ്ചായത്തുകളിൽകൂടി പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കായിക പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാകും. മുനിസിപ്പൽ സ്‌റ്റേഡിയം കോംപ്ലക്സിൽ ചേർന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷനായി. ജോസ് കെ മാണി എംപി ആമുഖ പ്രഭാഷണം നടത്തി. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ മേധാവി വി കെ അനിൽകുമാർ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ തോമസ് പീറ്റർ, ഒളിമ്പ്യൻ ഷൈനി വിത്സൻ, വിത്സൻ ചെറിയാൻ, ലാലിച്ചൻ ജോർജ്, സജേഷ് ശശി, പി എം ജോസഫ്, പി കെ ഷാജകുമാർ, ടോബിൻ കെ അലക്‌സ്, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകടിയേൽ, മായാദേവി, ബിജി ജോജോ, സാവിയോ കാവുകാട്ട്, ബിന്ദു മനു, ജോസ് ജെ ചീരാംകുഴി, പ്രൊഫ. സതീഷ് ചൊള്ളാനി എന്നിവർ സംസാരിച്ചു.









0 comments