ഇടത്താവളങ്ങൾ സജ്ജം
ശബരിമല തീർഥാടകരെ കാത്ത്

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ശബരിമല തീർഥാടകർ
കോട്ടയം മണ്ഡലകാലം തുടങ്ങിയതോടെ ശബരിമല തീർഥാടകരെ വരവേൽക്കാൻ വിപുലമായ സംവിധാനങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. അക്ഷരനഗരിയിലെ പ്രധാന ഇടത്താവളമായ തിരുനക്കര മഹാദേവ ക്ഷേത്രവും തയ്യാറായി കഴിഞ്ഞു. ഒരേസമയം 300 പേർക്ക് വിരിവയ്‌ക്കാനുള്ള വിരിപ്പന്തൽ തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയിട്ടുണ്ട്. വാഹനങ്ങൾ മൈതാനത്ത് പാർക്ക് ചെയ്യാം. മൈതാനത്തുനിന്ന് ദിവസവും ദീപാരാധനയ്‌ക്കുശേഷം വൈകിട്ട് എട്ടിന് പമ്പയ്‌ക്ക് കെഎസ്‌ആർടിസി സർവീസ് നടത്തുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്‌ഡ്‌പോസ്‌റ്റ് മെഡിക്കൽ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. അന്വേഷണ കൗണ്ടറുകളും ഉണ്ടാകും. ചുക്കു വെള്ളം കുടിക്കാനും സംവിധാനം ഒരുക്കി. ഇരുപതോളം ശുചിമുറികളും തയ്യാറായി. ഏറ്റുമാനൂർ മഹാദേവക്ഷേത്രം ആയിരം പേർക്ക് വിരിവയ്ക്കാനായി കെെലാസ് ഓഡിറ്റോറിയം സജ്ജമാക്കി. ദർശനത്തിന് പ്രത്യേകസംവിധാനം ഏർപ്പെടുത്തി. ക്ഷേത്രമൈതാനം വൃത്തിയാക്കി പാർക്കിങിനും മറ്റ് സുരക്ഷയ്ക്കുമായി വിമുക്തഭടൻമാരെ നിയമിച്ചു. ആയുർവേദ അലോപ്പതി ഹോമിയോ മെഡിക്കൽ ക്യാമ്പുകളുമുണ്ടാകും. ഹെൽപ് ഡെസ്കുകൾക്കും ആംബുലൻസ് സർവീസിനുമായി പ്രത്യേക സജ്ജീകരണമൊരുക്കി. ആരോഗ്യവിഭാഗം സമീപത്തെ കടകളിൽ പരിശോധന നടത്തി. തീർഥാടകര്‍ക്കായി ശുചിമുറിയും കുളിക്കാനായി വില്ലുകുളവും സുരക്ഷയ്ക്കായി അഗ്നിശമനാ സേനാംഗങ്ങളുടെ സേവനവും സജ്ജമാക്കി. ക്ഷേത്രത്തിന് ചുറ്റും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് ഹെഡ് പോസ്റ്റ് സജ്ജമാകും. ക്ഷേത്ര മൈതാനത്ത് കുടിവെള്ളം സംവിധാനവും മൊബൈൽ ചാർജിങ് സംവിധാനവും സജ്ജമാക്കി. വൈക്കം മഹാദേവ ക്ഷേത്രം മണ്ഡലകാലവും വൈക്കത്തഷ്ടമിയും ഒരുമിച്ച് വന്നതിനാൽ മികച്ച ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്ക് ദർനത്തിനും വഴിപാടിനും പ്രത്യേക സൗകര്യമുണ്ടാകും. ഉൗട്ടുപുരയിൽ 250 പേർക്ക് വിരിവയ്‌ക്കാൻ സൗകര്യമുണ്ടാകും. പാർക്കിങ് ഏരിയ നവീകരിച്ചു. നിലവിൽ 13 ശുചിമുറികൾ തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ ബയോ ടോയ്‌ലറ്റുകൾ കൂടി ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൗണ്ടർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.









0 comments