ചങ്ങനാശേരിയിൽ സമീപ പാതകൾ തകർച്ചയിൽ

ചങ്ങനാശേരി
റെയിൽവേ മേൽപ്പാലങ്ങളുടെയും റെയിൽവേ ഗേറ്റുകളുടെയും സമീപ പാതകൾ തകർന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. റെയിൽവേയുടെ പരിധിയിലായതിനാൽ തദേശസ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വിഭാഗത്തിനും കുഴി അടയ്ക്കാൻ സാധിക്കില്ല. കുരുക്കിലാക്കുന്ന കുഴി അടയ്ക്കാൻ റെയിൽവേ മനസ്സ് വയ്ക്കണമെന്ന് യാത്രക്കാർ പറയുന്നു. റെയിൽവേ ജങ്‌ഷനെ മുഴുവൻ കുരുക്കിലാക്കുന്ന കുഴിയാണ് വാഴൂർ റോഡിൽ റെയിൽവേ മേൽപ്പാലത്തിലും സമീപ പാതയിലുമുള്ളത്. അതോടൊപ്പം ഗുഡ് ഷെഡ് റോഡും തകർന്ന നിലയിലാണ്. ടാറിങ് ഇളകി പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങളും തെളിഞ്ഞു. കുഴിയിൽ ചാടി വാഹനങ്ങളുടെ കൂട്ടിയിടിയും പതിവാണ്. സിഗ്നലിൽനിന്ന് കുരിശുംമൂട് ഭാഗത്തേയ്‌ക്ക് എന്നും ഗതാഗതക്കുരുക്കും. ഇടയ്ക്ക് തട്ടിക്കൂട്ട് ടാറിങ് നടത്തിയെങ്കിലും വീണ്ടും കുഴിയായി. മേൽപ്പാലത്തിലെ കാൽനട യാത്രക്കാർക്കുള്ള നടപ്പാതയും തകർന്നു കിടക്കുന്നു. മോർക്കുളങ്ങര റെയിൽവേ ഗേറ്റിൽ പാളം കടന്നാൽ നേരെ ചാടുന്നത് കുഴിയിലേക്കാണ്. തകർന്ന് തരിപ്പണമായ റോഡിലൂടെ വാഹനം ഓടിക്കാൻ അഭ്യാസം പഠിക്കണം. ഗേറ്റിന്റെ ഒരു ഭാഗത്തെ റോഡ് തകർന്നതാണെങ്കിൽ മറുവശത്തെ റോഡിൽ മൺകൂനകളാണ്. വെയിലായാൽ പൊടിശല്യവും മഴയത്ത് ചെളിയും. ചിറവംമുട്ടം റെയിൽവേ മേൽപ്പാലം സമീപ പാതയിലും വൻകുഴികളാണ്. മഴയത്ത് വെള്ളം കെട്ടിനിൽക്കുന്നത് കാരണം കുഴിതിരിച്ചറിയാതെ അപകടത്തിൽപ്പെടും. സമീപ സ്കൂളുകളിലെ വിദ്യാർഥികൾ അടക്കം കുഴി താണ്ടിവേണം കടന്ന് പോകാൻ. വാഹനാപകടങ്ങളും പതിവായി.









0 comments