കരച്ചിലില്ല; മധുരമിടം

തിരുനക്കര പുതിയ തൃക്കോവിൽ ഭാഗത്തെ മാതൃക അങ്കണവാടിയിൽ പ്രവേശനോത്സവത്തിൽ മകളെ ചേർക്കാനെത്തിയ മഹാരാഷ്ട്ര സ്വദേശിയായ പ്രദിപ് ജാദവും ഭാര്യ വൈശാലിയും മക്കളായ സമീക്ഷ, ദക്ഷ എന്നിവർക്കൊപ്പം
എ എസ് മനാഫ്
കോട്ടയം "ലൗ ബേർഡ്'സിലെത്തിയ ദക്ഷയ്‌ക്കിനി മറാഠിയേക്കാൾ മലയാളം മധുരിക്കും. തിരുനക്കര പുതിയതൃക്കോവിലിലെ മാതൃകാ അങ്കണവാടിയായ "ലൗ ബേർഡ്'സിൽ പ്രവേശനം നേടിയതിന്റെ സന്തോഷത്തിലാണവൾ. ദക്ഷ, മഹാരാഷ്‌ട്രക്കാരായ പ്രദീപ് ജാവേദിന്റെയും വൈശാലിയുടെയും മകൾ. മാതൃഭാഷയ്‌ക്കൊപ്പം മക്കൾ മലയാളവും പഠിക്കണമെന്നാഗ്രഹിച്ച ദമ്പതികൾ കുട്ടിയെ അങ്കണവാടിയിലാക്കുകയായിരുന്നു. മൂത്തമകൾ സമീക്ഷ പഠിച്ചതും ഇവിടെത്തന്നെ. വർഷങ്ങൾക്ക് മുമ്പ് കോട്ടയത്തെത്തിയ പ്രദീപിന് മലയാളം എഴുതാനും വായിക്കാനും അറിയാം. മക്കൾക്ക് വേണ്ടി വൈശാലിയും മലയാളം ശീലിച്ചുതുടങ്ങി. തിരുനക്കര പടിഞ്ഞാറെനട പ്രദീപ് നിവാസിൽ ഇപ്പോൾ മറാഠി സംസാരിക്കുന്നത് ബന്ധുക്കളും മറ്റും വരുമ്പോഴാണ്. 40 വർഷമായി കോട്ടയത്ത് പാലസ് റോഡിൽ സ്വർണക്കട നടത്തുകയാണ് പ്രദീപും കുടുംബവും. ദക്ഷയെപ്പോലെ കൂളായിരുന്നു അങ്കണവാടി പ്രവേശനോത്സവത്തിനെത്തിയ കുരുന്നുകൾ. കളിചിരികളുമായി കുട്ടികൾ ആദ്യദിനം കളറാക്കി. കരച്ചിലിനും പരിഭവത്തിനും അവിടെ ഇടമുണ്ടായില്ല. പൂക്കളും മധുരപലഹാരങ്ങളും പായസവും നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. ഉച്ചയ്‌ക്ക് മുട്ട ബിരിയാണിയും. പുതിയരീതിയിലുള്ള കളർഫുൾ കസേരകൾ, കളിക്കോപ്പുകൾ, സീസോ, എന്നിവയും പാർക്കും ഇവിടുണ്ട്. ഒപ്പം പഠിക്കാനുള്ള സംവിധാനങ്ങളും.








0 comments