സ്‌കൂൾ കുട്ടികൾക്ക് സുരക്ഷയൊരുക്കി പൊലീസും എസ്‌പിസിയും എക്‌സൈസും
മക്കളേ, മാമനുണ്ട് കൂടെ

കോട്ടയം ബേക്കർ ജങ്ഷനിൽ സ്കൂൾ വിദ്യാർഥികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
കോട്ടയം
സ്‌കൂളിൽ പോയ മക്കളെയോർത്ത് അമ്മമാർ ആകുലപ്പെടേണ്ട. സ്‌കൂളിലും പരിസരത്തും റോഡുകളിലും ഇവർക്ക് സുരക്ഷാ കവചങ്ങളൊരുക്കി പൊലീസുണ്ടാകും. പൊലീസിനൊപ്പം എസ്‌പിസിയും എക്‌സൈസും രംഗത്തുണ്ട്. സ്‌കൂളിലേക്ക് പോകുമ്പോഴും റോഡ് മുറിച്ച് കടക്കുമ്പോഴും കരുതലായി ഇവരുണ്ടാകും. അധ്യയനവർഷം തുടങ്ങിയത് മുതൽ സ്‌കൂളുകളോട് ചേർന്ന സീബ്രാലൈനുകളിലും ജങ്‌ഷനുകളിലും ബസ്‌സ്‌റ്റോപ്പുകളിലും വിദ്യാർഥികളുടെ സുരക്ഷയ്‌ക്ക് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഓരോ സ്‌കൂളിന്റെയും സുരക്ഷാചുമതല ഓരോ പൊലീസ് ഉദ്യോഗസ്ഥനാണ്. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ(എസ്‌പിജി) രൂപീകരിക്കാൻ നടപടികളാരംഭിച്ചു. എസ്‌എച്ച്‌ഒ കൺവീനറും സ്‌കൂളിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ജോയിന്റ് കൺവീനറുമാണ്. യുപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കും. കുട്ടികൾക്ക് എന്ത് പരാതിയും എഴുതി പെട്ടിയിലിടാം. ആഴ്‌ചയിലൊരിക്കൽ, പൊലീസ് ഉദ്യോഗസ്ഥൻ പരാതിപ്പെട്ടി തുറക്കും. നടപടിയും ഉടനുണ്ടാകും. സ്‌കൂൾ പരിസരത്ത് ലഹരിവിൽപനക്കാരെ പിടികൂടാൻ ശക്തമായ പരിശോധന പൊലീസും എക്‌സൈസും ആരംഭിച്ചു. സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ പ്രത്യേകം നിരീക്ഷിക്കും.








0 comments