ഓൺലൈൻ ട്രേഡിങ് 1.64 കോടി തട്ടിയ പ്രതി പിടിയിൽ

കോട്ടയം
ഓൺലൈൻ തട്ടിപ്പിലൂടെ വടവാതൂർ സ്വദേശിയുടെ 1.64 കോടി രൂപ തട്ടിയ പ്രതി വിശാഖപട്ടണത്തുനിന്ന് അറസ്റ്റിൽ. വിശാഖപട്ടണം ഗാന്ധിനഗർ സ്വദേശിയായ രമേഷ് വെല്ലംകുള(33) ആണ് കോട്ടയം സൈബർ പൊലീസിന്റെ പിടിയിലായത്. ഓൺലൈൻ ഷെയർ ട്രേഡിങ് ബിസിനസിലൂടെ ലാഭമുണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പലപ്രാവശ്യമായി പല അക്കൗണ്ടുകളിലേക്കായാണ് തുക തട്ടിയത്. 2025 ഏപ്രിൽ 28 മുതൽ മെയ് 25 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.നുവമ വെൽത്ത് എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റ് നിർമിച്ചും ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകൾ ഉപയോഗിച്ചും വിശ്വാസ്യത ഉറപ്പുവരുത്തി. വാട്സ്ആപ്പ് വഴി അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത് യുവാവ് പ്രവേശിച്ചത് സംഘം തയ്യാറാക്കിയ വ്യാജ കമ്പനിയുടെ സൈറ്റിലാണ്. ഇവർ ആവശ്യപ്പെട്ട തുക അയച്ചുകൊടുത്ത് ട്രേഡിങ് നടത്തിയ യുവാവ് നിക്ഷേപിച്ച തുകയ്ക്ക് വലിയ ലാഭം അക്കൗണ്ടിൽ വന്നതായി ബോധ്യപ്പെട്ടു. ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. ജില്ലാ പൊലീസ് മേധാവി എ ഷാഹുൽഹമീദിന്റെ നിർദേശപ്രകാരം കോട്ടയം സൈബർ പൊലീസ് സ്റ്റേഷനിലെ ഐപി എസ്‌എച്ച്‌ഒ വി ആർ ജഗദീഷ്, ഗ്രേഡ് എസ്‌ഐ വി എൻ സുരേഷ്‌കുമാർ, എസ്‌സിപിഒ കെ വി ശ്രീജിത്, സിപിഒമാരായ ആർ സജിത്‌കുമാർ, കെ സി രാഹുൽമോൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.









0 comments