"നൊസ്‌റ്റു' ആണ് ഓണക്കളികൾ

കോട്ടയം
വീട്ടുമുറ്റത്തും പറമ്പിലും നാടൻ ഓണക്കളികൾ നിറഞ്ഞ കാലമുണ്ടായിരുന്നു. ടിവിയും മൊബൈൽ ഫോണുമെല്ലാം രംഗം കൈയടക്കിയതോടെ അവ പലതും മണ്ണിൽനിന്നും മനസിൽനിന്നും അപ്രത്യക്ഷമായി. പക്ഷേ, ഓണക്കാലത്ത് ചിലയിടത്തെങ്കിലും ഇൗ കളികൾ കാണാം. അത് ഗൃഹാതുരത്വമുള്ള ഓർമയാണ്. ഉറിയടിയും വടംവലിയും തിരുവാതിരയും എല്ലായിടത്തും കാണാം. പക്ഷേ എട്ടുകളിയും കൈകൊട്ടിക്കളിയും കിളിത്തട്ടുകളിയുമെല്ലാം അപൂർവ കാഴ്‌ചകളായി.
തലപ്പന്ത് അഥവാ ഓണപ്പന്ത്
തലപ്പന്തുകളിക്ക് ഓണപ്പന്തുകളിയെന്നും പേരുണ്ട്. തലയ്‌ക്ക് മീതേകൂടി അടിക്കുന്ന കളിയായതുകൊണ്ടാകാം തലപ്പന്തെന്ന പേര് വീണത്. ഏകദേശം 150 സെന്റിമീറ്റര്‍ നീളമുള്ള കമ്പ് നാട്ടി, അതില്‍നിന്ന് കുറച്ചകലത്തില്‍ നിന്ന് ഓല കൊണ്ടുണ്ടാക്കിയ പന്ത് ഒരുകൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് തലയ്ക്ക് മുകളിലൂടെ പുറകോട്ട് തട്ടിത്തെറിപ്പിക്കുന്നതോടെയാണ് കളി ആരംഭിക്കുന്നത്. പന്ത് നിലംതൊടുന്നതിന് മുമ്പ് പിടിക്കണം. പന്ത് കൈപ്പിടിയില്‍ ഒതുക്കിയാലും വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കമ്പ് തെറിപ്പിക്കാന്‍ സാധിച്ചാലും പന്ത് തട്ടിയയാള്‍ പുറത്താകും. ഒറ്റ, പെട്ട, പിടിച്ചാന്‍, താളം, കാലിങ്കീഴ്, ഇണ്ടന്‍, ചക്കരക്കൈ എന്നീ വാക്കുകളെല്ലാം തലപ്പന്തുകളിയുടെ ഭാഗമാണ്.
കിളിത്തട്ടുകളി
തട്ടുകളിയെന്നും ഇതിന് പേരുണ്ട്. അഞ്ച് പേര്‍ അടങ്ങുന്നതാണ് ഒരു ടീം. നിലത്തുവരച്ച കളങ്ങളിലൂടെ ചാടിച്ചാടിയുള്ള കളിയാണിത്. കൂട്ടത്തിലെ "കിളി'യുടേയോ വരയിൽ നിൽക്കുന്നവരുടേയോ അടി കിട്ടാതെ വേണം ഒരു കളത്തില്‍നിന്ന് അടുത്തതിലേക്ക് ചാടാന്‍. അടി കിട്ടിയാല്‍ പുറത്താകും. അടി കിട്ടാതെ ഓരോ കളവും ചാടി പുറത്തിറങ്ങണം.
എട്ട് വീഴെടാ കോലേ
പഴമക്കാരുടെ എട്ടുകളി കോട്ടയത്ത് നാട്ടിൻപുറങ്ങളിൽ ഇൗ സമയത്ത് കാണാം. ഓലമടലിന്റെ മുകളിലെ ഭാഗം ചീന്തിയെടുത്ത് നാല് കഷണങ്ങളാക്കും. ഇതിന് എട്ട് എന്നാണ് വിളിപ്പേര്. ഇവ നാലും ഒരുമിച്ച് മുകളിലേക്ക് എറിയും. മലർന്ന് വീഴുന്ന കോലുകളുടെ എണ്ണമനുസരിച്ച്, കളത്തിലെ കരു നീക്കാം. ആറ് പേർക്ക് വരെ ഒരേസമയം കളിക്കാം. കോലുകൾ മുകളിലേക്ക് പൊങ്ങുമ്പോൾ "എട്ട് വീഴെടാ കോലേ' എന്നൊക്കെ ചുറ്റം കൂടിനിൽക്കുന്നവർ പറയും.









0 comments