സിമന്റ് പാളി വീണ് മരിച്ചയാളെ നഗരസഭ മറന്നു

കോട്ടയം
കോൺഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭയുടെ അധീനതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ സിമന്റ് പാളി ഇടിഞ്ഞുവീണ് മരിച്ച ലോട്ടറിത്തൊഴിലാളിക്ക് നയാപൈസ നഷ്ടപരിഹാരം നൽകാതെ കോട്ടയം നഗരസഭ. കുടുംബത്തിനെ തിരിഞ്ഞുപോലും നോക്കാൻ യുഡിഎഫ് നഗരസഭ ഭരണാധികാരികൾ തയ്യാറായില്ല. സഹായം നൽകുമെന്ന പൊള്ളയായ വാഗ്‌ദാനംനൽകി പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടുന്ന സമീപനമാണ് നഗരസഭ ഭരണാധികാരികളും സ്ഥലം എംഎൽഎയും സ്വീകരിച്ചത്. വിഷയത്തിൽ ഒരുവാക്ക് പോലും പറയാൻ എംഎൽഎ തയ്യാറായിട്ടില്ല. എന്നിട്ടും മെഡിക്കൽ കോളേജിലെ അപകടത്തിന്റെ പേരിൽ കണ്ണീരൊഴുക്കുന്നത് യുഡിഎഫിന്റെ ഇരട്ടത്താപ്പാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ പറഞ്ഞു. തിരുനക്കര മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിലുള്ള രാജധാനി ഹോട്ടലിന്റെ സിമന്റ് പാളി ഇടിഞ്ഞുവീണാണ് താഴെയുണ്ടായിരുന്ന ലോട്ടറിക്കടയിലെ ജീവനക്കാരനായ പായിപ്പാട് സ്വദേശി ജിനോ കെ ഏബ്രഹാം മരിച്ചത്. 2023 ആഗസ്‌ത് 17നായിരുന്നു സംഭവം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. നഗരസഭാ കെട്ടിടത്തിൽ രാജധാനി വാടകയ്‌ക്കാണ് പ്രവർത്തിച്ചിരുന്നത്. നഗരസഭാ ഭരണാധികാരികളുടെ ഒത്താശയോടെ കെട്ടിടത്തിൽ അനധികൃതമായി നിർമാണങ്ങൾ നടന്നു. ഇതിനെതിരെ നടപടിയെടുക്കാൻ നഗരസഭ തയ്യാറായില്ല. മരണം സംഭവിച്ച ശേഷമാണ് നടപടി എടുക്കാൻപോലും നഗരസഭ മുന്നോട്ടുവന്നത്. കോട്ടയം എംഎൽഎയും പുതുപ്പള്ളി എംഎൽഎയും ഇതിന് മറുപടി പറയണമെന്ന് അഡ്വ. കെ അനിൽകുമാർ ആവശ്യപ്പെട്ടു.









0 comments