നീണ്ടൂരിൽ വീടിന് തീപിടിച്ചത് മന്ത്രി സന്ദർശിച്ചു

ഏറ്റുമാനൂർ
നീണ്ടൂർ പഞ്ചായത്തിൽ തീപിടിത്തമുണ്ടായ മൂഴികുളങ്ങര രണ്ടാം വാർഡിൽ തങ്കമ്മയുടെ വീട് മന്ത്രി വി എൻ വാസവൻ സന്ദർശിക്കുന്നു. നാശനഷ്ടങ്ങൾ പരിശോധിച്ച മന്ത്രി കുടുംബത്തെ ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുൾപ്പെടെ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും കുടുംബത്തിന് നൽകുമെന്നും മറ്റ് സന്നദ്ധ സംഘടനകളുടെ സഹായങ്ങൾ ലഭിക്കാനായി മുൻകൈയെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ശനി രാത്രി പത്തോടെ ആയിരുന്നു അപകടം. വീടിന്റെ മെയിൻ സ്വിച്ചിൽ നിന്നാണ് തീപടർന്നത്. മുറിക്കുള്ളിൽ തങ്കമ്മയും മകൾ പ്രതിഭയും കൊച്ചുമകൻ നാല് വയസുകാരൻ ഋത്വിക്കുമാണ് ഉണ്ടായിരുന്നത്. തീ അതിവേഗം പടർന്ന് മേൽക്കൂരയും അടുക്കളയിലെ ഇലക്‌ട്രിക് ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്തു നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ശശി, വാർഡംഗം ഷൈനു ഓമനക്കുട്ടൻ, സിപിഐ എം ഏരിയ സെക്രട്ടറി ബാബു ജോർജ്, ഏരിയ കമ്മിറ്റിയംഗം എം കെ ബാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ ആർ സനൽ, സിഡിഎസ് ചെയർപേഴ്സൺ എൻ ജെ റോസമ്മ, പ്രകാശൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.









0 comments