അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റണം

കോട്ടയം താഴത്തങ്ങാടി സായാഹ്ന വിശ്രമകേന്ദ്രത്തിൽ അപകടകരമായി നിൽക്കുന്ന മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ. രണ്ട് റേഷൻ കടകളും പലചരക്ക് കട, കാറ്ററിങ് യൂണിറ്റ്, ഇക്‌ബാൽ പബ്ലിക് ലൈബ്രറി, പ്ലാസ്റ്റിക് ഫാക്ടറി തുടങ്ങിയവ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കാണ് മരം ഭീഷണിയായത്. താഴത്തങ്ങാടി ജുമാമസ്ജിദ്, തളിയിൽ ശിവക്ഷേത്രം, തിരുമല ദേവസ്വം തുടങ്ങി നിരവധി ആരാധനാലയങ്ങളിലേക്ക് ദിവസവും നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന വഴിയാണിത്. വിശ്രമകേന്ദ്രത്തിന്റെ ചുറ്റുമതിൽ തകർത്ത് പുറത്തേക്ക് നിൽക്കുന്ന മരം കോട്ടയം മത്സരം വള്ളംകളിയുടെ സജ്ജീകരണങ്ങൾക്കും വിലങ്ങുതടിയാണ്. സിപിഐ എം കുളപ്പുര ബ്രാഞ്ചിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ 2023 മുതൽ മുൻസിപ്പൽ കൗൺസിലറുടെ ഇടപെടലിൽ മരം മുറിച്ചുമാറ്റാൻ അനുമതി ലഭിച്ചിരുന്നു. എസ്റ്റിമേറ്റ് തുകയിൽ കൂടുതൽ പണം ആവശ്യമായി വന്നതോടെ മരം മുറിക്കുന്നത് അനിശ്ചിതത്വത്തിലായി. മരം മുറിച്ചുമാറ്റാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സിപിഐ എമ്മും ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു.









0 comments