റബർ ഉൽപാദക സംഘത്തിൽ തീപിടിത്തം

ചിറക്കടവ് റബർ ഉൽപാദക സംഘത്തിൽ ചൊവ്വാഴ്ച ഉണ്ടായ തീപിടിത്തം
കാഞ്ഞിരപ്പള്ളി
ചിറക്കടവ് മാതൃകാ റബർ ഉൽപാദക സംഘത്തിൽ വൻ തീപിടിത്തം. റബർ ഷീറ്റ്, ഒട്ടുപാൽ, പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ കത്തിനശിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വ പുലർച്ചെ 5.30ടെയാണ് തീപിടിത്തം ഉണ്ടായതെന്ന് കരുതുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്നും ഈരാറ്റുപേട്ടയിൽനിന്നും അഗ്നിശമനസേന എത്തി തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. പുലർച്ചെ പുകപ്പുരയിൽനിന്ന് പുകയും മണവും വരുന്നതുകണ്ട് ആൾക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ പുകപ്പുര കത്തുന്നതാണ് കണ്ടതെന്ന് റബർപാൽ ഉൽപാദകസംഘം പ്രസിഡന്റ് മൈക്കിൾ ജോസഫ്, സെക്രട്ടറി ഷാജിമോൻ ജോസ് എന്നിവർ പറഞ്ഞു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം ഓഫീസിലേക്ക് തീപിടരുന്നത് തടയാനും കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനും സാധിച്ചു. തീപിടിത്തത്തിൽ മൂന്നര ടൺ ഒട്ടുപാൽ, ഷീറ്റ്, കോംപൗണ്ട്, ആസിഡ് എന്നിവ കത്തിനശിച്ചു. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി. ഇന്ന് പുറത്തെടുക്കാനിരുന്ന ഷീറ്റുകളാണ് കത്തിനശിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.









0 comments