പകുത്തുനൽകി; 
‘പുനർജനിച്ചു’

liver

കരൾ മാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയനായ 
ശ്രീകുമാർ, കരൾ നൽകിയ ഭാര്യ ബിന്ദു

avatar
അതുല്യ ഉണ്ണി

Published on Aug 26, 2025, 02:19 AM | 1 min read

കോട്ടയം ‘

‘ജീവന്റെ പാതി കരൾ പകുത്തു നൽകിയെങ്കിലും വെല്ലുവിളിയായത്‌ തുടർ ചികിത്സക്കുള്ള പണമാണ്‌. സാമ്പത്തികമായി തകർന്ന സമയത്ത്‌ തണലായി ഒപ്പം നിന്നത് ജില്ലാ പഞ്ചായത്തിന്റെ പുനർജനി പദ്ധതിയും. കരൾ മാറ്റ ശസ്‌ത്രക്രിയക്ക്‌ ശേഷം ജീവിതത്തിൽ പുതുവെളിച്ചമാണ്‌ ജില്ലാ പഞ്ചായത്തിന്റെ പുനർജനി പദ്ധതി സമ്മാനിച്ചത്‌’’. റിട്ട. ആരോഗ്യ വകുപ്പ്‌ സീനിയർ സൂപ്രണ്ട്‌ എൻ പി ശ്രീകുമാറിന്റെ വാക്കുകളിൽ നിറയെ ജില്ലാ പഞ്ചായത്തിനോടുള്ള കടപ്പാട്‌. കരൾ മാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയനാകുമ്പോൾ 10 ലക്ഷത്തിലേറെ രൂപ ചെലവായി. ഭാര്യ ബിന്ദു ജി നായരാണ്(കിടങ്ങൂർ എൻഎസ്എസ് എച്ച്എസ്എസ് അധ്യാപിക) കരൾ പകുത്തുനൽകിയത്‌. തുടർ ചികിത്സയ്‌ക്ക്‌ മരുന്നുവാങ്ങാൻ മാസംതോറും ഭീമമായ തുക വേണ്ടി വന്നപ്പോൾ കരുതലായി ജില്ലാ പഞ്ചായത്ത്‌ ചേർന്നുനിന്നു. കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ പിടിച്ചവർക്ക് ആശ്വാസമാകുന്ന ജില്ലാ പഞ്ചായത്തിന്റെ പുനർജനി പദ്ധതിയിലൂടെ പുതുജീവനേകിയത്‌ ജില്ലയിൽ 62 പേർക്കാണ്‌. ശസ്‌ത്രക്രിയക്കുശേഷം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക്‌ സഹായം നൽകാനായി 2024–25 സാമ്പത്തിക വർഷത്തിൽ അവതരിപ്പിച്ച പദ്ധതിയാണിത്‌. ഇതിനായി 30 ലക്ഷം രൂപയാണ്‌ അനുവദിച്ചത്‌. ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ വിഭാഗം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ശസ്‌ത്രക്രിയക്ക്‌ ശേഷം ഉപഭോക്താകൾക്ക്‌ സ‍ൗജന്യമായാണ്‌ മരുന്നുവിതരണം. മാസം 2800 മുതൽ 10,000 രൂപ വിലയുള്ള മരുന്നുകൾ വരെ വിതരണം ചെയ്യുന്നുണ്ട്‌. പരിശോധനയ്‌ക്ക് ശേഷം രണ്ട്‌ മാസത്തെ മരുന്ന്‌ ഒരുമിച്ചാണ്‌ നൽകുന്നത്‌. ശസ്‌ത്രക്രിയക്ക്‌ ശേഷം സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങുന്നവർക്ക്‌ മരുന്നിനായി മാസം താങ്ങാനാവാത്ത തുക ചെലവാകുമായിരുന്നു. ഇതിനു പരിഹാരമായാണ്‌ ജില്ലാ പഞ്ചായത്ത്‌ പദ്ധതി നടപ്പാക്കുന്നത്‌. അടുത്ത വർഷത്തിൽ വൃക്കമാറ്റി വയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ വിധേയരാകുന്നവരെ കൂടി പദ്ധതിയുടെ ഭാഗമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home