ജില്ലാ ആശുപത്രി കെട്ടിട നിർമാണം തടസപ്പെടുത്തൽ
തിരുവഞ്ചൂർ രാജിവയ്‌ക്കണം : എൽഡിഎഫ് പ്രതിഷേധം ഇന്ന്

കോട്ടയം ജനറൽ ആശുപത്രി
കോട്ടയം
കോട്ടയം ജില്ലാ ആശുപത്രിയിൽ 219 കോടിയുടെ കിഫ്‌ബി ഫണ്ട് മുഖേന നിർമിക്കുന്ന പത്തുനില കെട്ടിടത്തിന്റെ നിർമാണം മണ്ണുനീക്കത്തിന്റെ പേരിൽ തടസപ്പെടുത്തിയ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ രാജിവെയ്‌ക്കണമെന്ന് എൽഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് വെള്ളി രാവിലെ ഒന്പത് മുതൽ കോട്ടയം ജില്ലാ ആശുപത്രിക്കു മുന്നിൽ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്യും. കെട്ടിടത്തിന്റെ താഴത്തെ രണ്ടുനിലകൾക്കായി മണ്ണുനീക്കി ശാസ്ത്രി റോഡിന്റെ സമാന്തര റോഡിലേക്ക് അഭിമുഖമായും മറ്റ് എട്ടുനിലകൾ തെക്കോട്ട് ആശുപത്രി കോമ്പൗണ്ടിലേക്ക് അഭിമുഖമായും നിർമിക്കാനാണ് പ്ലാനും കരാറുമുള്ളത്. ഏറ്റവുംതാഴത്തെ നിർമാണത്തിന് സ്വന്തം ചെലവിൽ മണ്ണുനീക്കി ആരോഗ്യവകുപ്പിന്റെ പുളിക്കുന്നിലെ സ്ഥലത്ത് ആശുപത്രി കെട്ടിടം നിർമിക്കാൻ കരാർ സ്ഥാപനമായ ഇൻകെലിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. പിടിവാശിയിൽ നഷ്ടമാകുക കോടികൾ 2023 സെപ്‌തംബർ 19ന് ചേർന്ന വികസന സമിതി യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മണ്ണ് പുറത്തുകൊണ്ടുപോകുന്നത് തടഞ്ഞു. തുടർന്നുള്ള യോഗങ്ങളിലും എതിർപ്പ് തുടർന്നു. കോട്ടയത്തുതന്നെ മണ്ണ് നിക്ഷേപിക്കണമെന്ന വാശിതുടർന്നെങ്കിലും നാമമാത്രമായ മണ്ണുനീക്കൽ മാത്രമാണ് നടത്തിയത്. അവസാനം മന്ത്രി വി എൻ വാസവൻ ഇടപെട്ട് അയ്മനം പഞ്ചായത്തിനെക്കൊണ്ട് കുറെയേറെ മണ്ണുനീക്കി. കരാറുകാരന്റെ കാലാവധി തീരുന്നതിനാൽ നിർമാണം സാധ്യമാകില്ല. പണി പൂർത്തിയാക്കാൻ അധികതുക കണ്ടെത്തണം. നഗരസഭ നെഹ്‌റു സ്റ്റേഡിയം ഉയർത്താൻ ഇൗ മണ്ണ് ഉപയോഗപ്പെടുത്തുമെന്ന് എംഎൽഎ നൽകിയ ഉറപ്പും പാഴായി. വാർത്താസമ്മേളനത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ, എൽഡിഎഫ് മണ്ഡലം കൺവീനർ എം കെ പ്രഭാകരൻ, സിപിഐ മണ്ഡലം സെക്രട്ടറി സന്തോഷ് കേശവനാഥ്, കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ, എൻസിപി സംസ്ഥാന സെക്രട്ടറി സാബു മുരിക്കവേലി, കോൺഗ്രസ് എസ് സംസ്ഥാന നിർവാഹക സമിതിയംഗം പോൾസൺ പീറ്റർ എന്നിവർ പങ്കെടുത്തു.









0 comments