പാടശേഖരത്തിൽ കൊയ്തുണക്കി മൂടിയിട്ട നെല്ലിന് മീതെ കക്കൂസ് മാലിന്യം തള്ളി
അരുത്, അന്നമാണ്

വൈക്കം
പാടശേഖരത്തിൽ കൊയ്തുണക്കി മൂടിയിട്ട നെല്ലിന് മീതെ കക്കൂസ് മാലിന്യംതള്ളി. വെച്ചൂർ–കല്ലറ റോഡിൽ കോലാംപുറത്തുകരി പാടത്തു കൊയ്തുവച്ച 22 ക്വിന്റൽ നെല്ലിന് മീതെയാണ് ശനി പുലർച്ചെ ടാങ്കറിലെത്തിച്ച കക്കൂസ് മാലിന്യംതള്ളിയത്. ഈ പാടത്തിന് സമീപത്ത് റോഡിനോട് ചേർന്ന നാണുപറമ്പ് -കൊടുതുരുത്ത് തോട്ടിലും കക്കൂസ് മാലിന്യംതള്ളി. 13 പാടശേഖരങ്ങളിലായി 1500 ഏക്കറോളം നെൽകൃഷിക്ക് ജലസേചനം നടത്തുന്നത് ഈ തോടിനെ ആശ്രയിച്ചാണ്. ഒരേക്കർ ഭാഗത്തെ കൊയ്തിട്ട നെല്ലിലേക്ക് മാത്രമാണ് മാലിന്യം വ്യാപിച്ചത്. അല്ലെങ്കിൽ മറ്റ് കർഷകർ കൊയ്‌തിട്ട നെല്ല് പൂർണമായും വിൽക്കാൻ കഴിയാത്ത സ്ഥിതിയാകുമായിരുന്നു. രണ്ടാഴ്ച മുമ്പ് ഇവിടെ കക്കൂസ് മാലിന്യംതള്ളിയ വാഹനം പൊലീസ് പിടികൂടിയിരുന്നു. പാടത്തിനു പുറമെ റോഡരികിലെ വീടുകളുടെ പരിസരത്തും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായെന്ന് നാട്ടുകാർ പറയുന്നു. തോട് മലിനമാകുന്നതുമൂലം പാടത്തിറങ്ങുന്ന കർഷകർക്കും കർഷക തൊഴിലാളികൾക്കും അസുഖങ്ങൾ ബാധിക്കുന്നത് പതിവാണ്. മാലിന്യം തള്ളിയതിനെതിരെ കർഷകർ വൈക്കം പൊലീസിൽ പരാതി നൽകി.









0 comments