കാൻസർ രോഗിയുടെ കാർ 
തകർത്ത്‌ കോൺഗ്രസ്‌ ക്രൂരത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 03, 2025, 03:23 AM | 1 min read

കോട്ടയം കാൻസർ രോഗിയും മകനും സഞ്ചരിച്ച കാർ ആക്രമിച്ച്‌ കോൺഗ്രസിന്റെ സമരം. പനച്ചിക്കാട്‌ കുഴിമറ്റം കരയിൽ നീലാഞ്ചിറമറ്റം തങ്കച്ചനും(69) മകനും സഞ്ചരിച്ച കാറാണ്‌, കോട്ടയം മെഡിക്കൽ കോളേജാശുപത്രി വളപ്പിൽ കോട്ടയം ഡിസിസി സംഘടിപ്പിച്ച ധർണയ്‌ക്കിടയിൽ കോൺഗ്രസുകാർ ആക്രമിച്ചത്‌. തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ്‌ ധർണ ഉദ്‌ഘാടനം ചെയ്‌തത്‌. ആമാശയത്തിൽ കാൻസർ ബാധിച്ച്‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആറുമാസമായി ചികിത്സയിലാണ്‌ തങ്കച്ചൻ. കഴിഞ്ഞ ഫെബ്രുവരിയിൽ ശസ്‌ത്രക്രിയ നടത്തി. തുടർന്നുള്ള റേഡിയേഷൻ ചികിത്സയ്‌ക്കായി മകൻ വിനയനൊപ്പം പോയി മടങ്ങുമ്പോഴാണ്‌ ആക്രമണം. ‘‘കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിക്കുമുന്നിൽ നടക്കുന്ന കോൺഗ്രസ്‌ സമരം കണ്ടു. പൊലീസ്‌ മുന്നോട്ടുവരാൻ പറഞ്ഞപ്പോൾ കാർ മുന്നോട്ടെടുത്തു. ഇതിനിടയിൽ ഒരു കൂട്ടമാളുകൾ കാറ്‌ വളഞ്ഞ്‌ ബഹളമുണ്ടാക്കി. ഗ്ലാസ്‌ ഇടിച്ചുപൊട്ടിച്ച്‌ ആക്രോശിച്ചു. കാൻസർ ചികിത്സ കഴിഞ്ഞ്‌ വരികയാണെന്ന്‌ മകൻ പറഞ്ഞപ്പോഴാണ്‌ അവർ അടങ്ങിയത്‌’’–-തങ്കച്ചൻ പറഞ്ഞു. പ്രവർത്തകർ കാർ അക്രമിക്കുന്നത്‌ കണ്ട്‌ മിണ്ടാതിരുന്ന ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌ , പൊലീസിൽ പരാതി നൽകരുതെന്നും പുതിയ ഗ്ലാസ്‌ ഇട്ടുനൽകാമെന്നും പറഞ്ഞു. പിന്നീട്‌ നാട്ടകത്തെ വർക്ക്‌ ഷോപ്പിൽ കൊണ്ടുപോയി നന്നാക്കി നൽകി. മികച്ച ചികിത്സയാണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന്‌ ലഭിക്കുന്നതെന്ന്‌ തങ്കച്ചൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home