മെഡിക്കൽ കോളേജിൽ അഴിഞ്ഞാടി യൂത്ത് കോൺഗ്രസും ബിജെപിയും

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് സ്‌ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിക്കാനെന്ന പേരിൽ മെഡിക്കൽ കോളേജ് പരിസരത്ത് ഗുണ്ടായിസം നടത്തി യൂത്ത് കോൺഗ്രസും ബിജെപിയും. പൊലീസിനുനേരെ യൂത്ത് കോൺഗ്രസുകാർ കല്ലും വീപ്പയും എറിഞ്ഞു. അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങൾ വിളിച്ച് പരമാവധി പ്രകോപനമുണ്ടാക്കാനും നോക്കി. വെള്ളി ഉച്ചയ്‌ക്ക് മുമ്പേ യൂത്ത് കോൺഗ്രസുകാർ സംഘടിച്ച് മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിലെത്തി. ഇവരെ കവാടത്തിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇതോടെ പ്രകോപിതരായ യൂത്ത് കോൺഗ്രസുകാർ ബാരിക്കേഡിന് മുകളിൽ കയറി അസഭ്യം വിളിച്ചു. പൊലീസിനും പൊലീസ് വാഹനത്തിനും നേരെ കല്ലെറിഞ്ഞു. പിന്നീട് വീപ്പയും എടുത്തെറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ചാണ്ടി ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആംബുലൻസ് അടക്കം മെഡിക്കൽ കോളേജിലേക്കെത്താൻ ബുദ്ധിമുട്ടി. യൂത്ത് കോൺഗ്രസിനു പിന്നാലെ ബിജെപിയും പ്രകടനമായെത്തി മെഡിക്കൽ കോളേജ് ഗേറ്റിനുള്ളിൽ കയറി. ഇവർ റോഡ് തടഞ്ഞ് പ്രതിഷേധിച്ചത് രോഗികളെ ഏറെ ബുദ്ധിമുട്ടിച്ചു. അക്രമം നടത്തിയ മുപ്പതോളം പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.









0 comments