പാലാ ആശുപത്രിയിൽ റേഡിയോ സ്‌കാനിങ് ഉപകരണങ്ങള്‍ ലഭ്യമാക്കാൻ നടപടി: ജോസ് കെ മാണി

കോട്ടയം പാലാ കെ എം മാണി മെമോറിയല്‍ ജനറല്‍ ആശുപത്രിയിൽ റേഡിയോ ഡയഗ്നോസ്റ്റിക്‌സില്‍ നൂതന സാങ്കേതികവിദ്യയോടുകൂടി ഉപകരണങ്ങള്‍ ലഭ്യമാക്കാൻ നടപടികള്‍ അവസാനഘട്ടത്തിലെത്തിയതായി ജോസ് കെ മാണി എംപി അറിയിച്ചു. റേഡിയോ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളായ സിടി സ്‌കാനര്‍ കം സ്റ്റിമലേറ്റര്‍, അള്‍ട്രാസൗണ്ട് സ്‌കാനര്‍ ഉള്‍പ്പടെ 12 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് മന്ത്രി വീണ ജോര്‍ജുമായും ആര്‍ജിസിബി ഡയറക്ടറുമായും ചര്‍ച്ചകള്‍ പൂർത്തിയായി. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ആശുപത്രിയിൽ സ്ഥാപിച്ച സ്‌പെഷ്യാലിറ്റി ലാബോറട്ടറിയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ഡയഗ്നോസ്റ്റിക്‌സ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത്. കാന്‍സര്‍ മാര്‍ക്കറുകള്‍, മോളിക്യൂലാര്‍ വൈറോളജി പരിശോധനകള്‍ ഉള്‍പ്പടെയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി പരിശോധനകളാണ് ഇവിടെ നടത്തിവരുന്നത്. പാലായില്‍ ഡയഗ്നോസ്റ്റിക്‌സ് സൗകര്യം ലഭ്യമാകുന്നതോടെ ജില്ലയിലെ മലയോരപ്രദേശങ്ങളിലെ ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റ് രോഗികള്‍ക്കും കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാക്കാനാകും. പാലാ ആശുപത്രിയിൽ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2.45 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.









0 comments