തൊട്ടരികെ സൂപ്പർ സ്‌പെഷ്യൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം കെട്ടിടം
കോട്ടയം ഹൃദയം മാറ്റിവച്ചത് 10 പേർക്ക്; കരൾമാറ്റ ശസ്‌ത്രക്രിയകൾ ഏഴ്. എല്ലാം വിജയകരം. ആധുനിക ചികിത്സയിൽ രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ ആശുപത്രികളുടെ പട്ടികയിൽ മുന്നിൽത്തന്നെയുണ്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. നൂറുകണക്കിന് കോടി രൂപയുടെ വികസനപദ്ധതികളാണ് ഏതാനും വർഷത്തിനിടെ ഇവിടെയെത്തിയത്. ഏറ്റവും കൂടുതൽ കരൾ, ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകളും ട്രോമാ തോക്കോൽദ്വാര ശസ്‌ത്രക്രിയകളും നടന്നത് കോട്ടയത്താണ്. കാത്ത് ലാബും സൂപ്പർ സ്‌പെഷ്യാലിറ്റിയും മെഡിക്കൽ കോളേജിലേക്ക് അടിപ്പാതയുംവന്നു. 500 കോടി രൂപയുടെ മാസ്‌റ്റർ പ്ലാൻ അനുസരിച്ചുള്ള വികസനപദ്ധതികൾ നടന്നുവരുന്നു. പ്രതിദിനം 7,000 ഒപിയും മാസ് കാഷ്വാൽറ്റിയും മികച്ചരീതിയിൽ കൈകാര്യം ചെയ്യുന്ന ആശുപത്രിയാണിത്. ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം പ്രൈമറി ആൻജിയോപ്ലാസ്‌റ്റി നടക്കുന്ന ഇടം. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തിയും ചരിത്രമെഴുതി. 400 കിടക്കയും 16 ഓപ്പറേഷൻ തിയേറ്ററുമുള്ള സർജിക്കൽ ബ്ലോക്ക് (257 കോടി രൂപ) നിർമാണം കഴിഞ്ഞു. 360 കിടക്കയും 12 ഓപ്പറേഷൻ തീയേറ്ററുമുള്ള സൂപ്പർസ്‌പെഷ്യാലിറ്റി ബ്ലോക്ക്(268 കോടി രൂപ) നിർമാണം അവസാനഘട്ടത്തിലാണ്. കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാംഘട്ടം 36 കോടി രൂപ മുടക്കി നബാർഡിന്റെ സഹായത്തോടെ പണിതീർത്തു. മെഡിക്കൽ കോളേജ് പരിസരത്തെ എല്ലാ റോഡുകളും ബിഎം ബിസി നിലവാരത്തിലാക്കി. നവകേരള സദസ്സുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ അനുവദിച്ച ഏഴ് കോടി രൂപയും മെഡിക്കൽ കോളേജിന്റെ വികസനപ്രവർത്തനത്തിനാണ് മാറ്റിവച്ചത്.









0 comments