റിപ്പബ്ലിക് ദിന ചിന്തകൾ

PHOTO: Facebook
ഡോ. എൻ കെ ജയകുമാർ
Published on Jan 26, 2025, 01:00 AM | 5 min read
നമ്മുടെ ഭരണഘടന 75 വർഷം പൂർത്തിയാക്കുന്ന 2025ലെ റിപ്പബ്ലിക് ദിനത്തിൽ സ്വാഭാവികമായും ഭരണഘടന നേരിടുന്ന ഭീഷണികളും വെല്ലുവിളികളും മനസ്സിലേക്ക് കടന്നുവരും. ആശങ്കയുണർത്തുന്ന അത്തരം ഭീഷണികളിൽ ചിലത് മാത്രമാണ് ഈ കുറിപ്പിൽ പരാമർശിക്കുന്നത്.
അമേരിക്കൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ചാൾസ് ഇവാൻ ഹ്യൂസിനോട് ഒരവസരത്തിൽ ഭരണഘടനയെപ്പറ്റിയുള്ള ചോദ്യം ഉന്നയിച്ചു. ഹ്യൂസ് പറഞ്ഞ മറുപടി, ‘‘തീർച്ചയായും നാം ഒരു ഭരണഘടനയ്‌ക്കു കീഴിലാണ്. എന്നാൽ, ഭരണഘടന എന്നത് ഞങ്ങൾ എന്തുപറയുന്നുവോ അതാണ്.’’ ഒറ്റനോട്ടത്തിൽ അഹങ്കാരിയായ ഒരു ന്യായാധിപന്റെ അമിതമായ ആത്മവിശ്വാസത്തിന്റെ പ്രകടനമായി തോന്നാമെങ്കിലും ആ പ്രസ്‌താവത്തിൽ വലിയൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്. അമേരിക്കയെ സംബന്ധിച്ച് മാത്രമല്ല, ഇന്ത്യയെ സംബന്ധിച്ചും ഭരണഘടനയെപ്പറ്റിയുള്ള മേൽപ്പറഞ്ഞ പരാമർശം വലിയൊരളവിൽ ശരിയാണെന്ന് സമ്മതിക്കേണ്ടിവരും. കോടതികളുടെ, പ്രത്യേകിച്ചും സുപ്രീംകോടതിയുടെ വ്യാഖ്യാനങ്ങളിലൂടെയാണ് ഭരണഘടന ഉരുത്തിരിഞ്ഞുവരുന്നത്. ചില ഘട്ടങ്ങളിൽ പാർലമെന്റ് ഇടപെട്ട് ഭേദഗതികൾ വരുത്താറുണ്ടെങ്കിലും, കോടതി വ്യാഖ്യാനത്തിലൂടെ ഭരണഘടനയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ അതിലും എത്രയോ കൂടുതലാണ്. പലപ്പോഴും ജുഡീഷ്യൽ വ്യാഖ്യാനത്തിൽ ഭരണഘടന കൂടുതൽ ചലനാത്മകമായിട്ടുണ്ടെന്ന വസ്‌തുത അംഗീകരിക്കേണ്ടതാണ്. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങളുടെ പദവി നൽകുന്ന അനുച്ഛേദം 21ന് വ്യാഖ്യാനത്തിലൂടെ പുതിയ മാനങ്ങൾ നൽകിയത് ഇതിന് ഉദാഹരണമാണ്. എന്നാൽ, ഭരണഘടനയിൽ ഇല്ലാത്തതും ഭരണഘടനാ നിർമാതാക്കളുടെ ചിന്തയിൽപ്പോലും കടന്നുചെല്ലാത്തതുമായ വ്യാഖ്യാനത്തിലൂടെ ചിലത് ഭരണഘടനയുടെ ഭാഗമായി മാറിയതിന് ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാട്ടാനാകും. ജുഡീഷ്യൽ നിയമനങ്ങളിൽ കൊളീജിയത്തിന് ലഭിച്ച അമിത പ്രാധാന്യമാണ് ഇവയിൽ വളരെ പ്രധാനപ്പെട്ട ഒന്ന്. പലപ്പോഴും ഭരണഘടനയുടെ ലക്ഷ്യങ്ങൾക്കും ഭരണകർത്താക്കളുടെ നയപരിപാടികൾക്കും വിരുദ്ധമായി ഉണ്ടായിട്ടുള്ള വ്യാഖ്യാനങ്ങൾ മറികടക്കാൻ ഭരണഘടന ഭേദഗതി ചെയ്യേണ്ടതായി വന്നിട്ടുണ്ട്.
തെറ്റിദ്ധാരണകളും ആശങ്കകളും
സ്വന്തം വിധിന്യായങ്ങളിലൂടെ ന്യായാധിപൻ നടത്തുന്ന ഭരണഘടനാ വ്യാഖ്യാനം നിയമവ്യവസ്ഥയുടെ ഭാഗമായി മാറുന്നു. എന്നാൽ, വ്യക്തിപരമായ നിലയിൽ ന്യായാധിപൻ നടത്തുന്ന പരാമർശങ്ങൾ നിയമവ്യവസ്ഥയുടെ ഭാഗമായി മാറുന്നില്ലെങ്കിലും അവ സമൂഹത്തിൽ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകളും ആശങ്കകളും അവഗണിക്കാനാകില്ല. ഉദാഹരണത്തിന്, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർകുമാർ യാദവ് അടുത്തകാലത്ത് പ്രസംഗത്തിലൂടെ നടത്തിയ ചില പരാമർശങ്ങൾ ഉയർത്തിയ വിവാദം കെട്ടടങ്ങിയിട്ടില്ല. ഭരണഘടനാ മൂല്യങ്ങളെയും ഭരണഘടന നൽകുന്ന സന്ദേശങ്ങളെയും പാടെ അവഗണിച്ചും വികലമായ സ്വന്തം ആശയങ്ങളെ തൽസ്ഥാനത്ത് പ്രതിഷ്‌ഠിച്ചും ജസ്റ്റിസ് യാദവ് നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാൻ തയ്യാറാകുന്നില്ല. ഒരു ഹൈക്കോടതി ജഡ്‌ജി ഇത്തരത്തിൽ ഒരു വിദ്വേഷ പ്രസംഗം നടത്തി എന്നതല്ല, ഇതിന് ഒരു പരിഹാരവും നമ്മുടെ ഭരണഘടനയിലോ നിയമവ്യവസ്ഥയിലോ ഇല്ല എന്നതാണ് നമ്മെ കൂടുതൽ അസ്വസ്ഥമാക്കുന്നത്. ജഡ്‌ജിമാരെ നിയമിക്കുന്നതിനും സ്ഥലംമാറ്റുന്നതിനുമുള്ള അധികാരം കവർന്നെടുത്ത സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് യാദവിനെ വിളിച്ചുവരുത്തി ചർച്ച നടത്തിയതായി പത്രങ്ങളിൽ കണ്ടു. ഈ വിഷയത്തിൽ ഇടപെടണമെന്നും ജസ്റ്റിസ് യാദവിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സുപ്രീംകോടതിയിലെ 13 സീനിയർ അഭിഭാഷകർ ചീഫ് ജസ്റ്റിസിനോട് അപേക്ഷിച്ച് കത്ത് നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. രാഷ്‌ട്രീയ പിന്തുണ ജസ്റ്റിസ് യാദവിന് വേണ്ടുവോളം ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഭരണഘടനാ മൂല്യങ്ങളെ പൂർണമായി നിരാകരിക്കുന്ന ഇത്തരം ജഡ്‌ജിമാരുടെ (ദുർ) വ്യാഖ്യാനങ്ങളിലൂടെയാണ് നമ്മുടെ ഭരണഘടന ഉരുത്തിരിഞ്ഞുവരുന്നത് എന്ന ചിന്ത ആശങ്കപ്പെടുത്തുന്നു.
നിഷ്‌പക്ഷതയുടെ അടിസ്ഥാനം
ന്യായാധിപരുടെ നിഷ്‌പക്ഷതയിലും നീതിബോധത്തിലും സംശയം ജനിപ്പിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. കൽക്കട്ട ഹൈക്കോടതി ജഡ്‌ജിയായിരുന്ന അഭിജിത് ഗംഗോപാധ്യായ തൽസ്ഥാനം രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത് വിസ്‌മരിക്കാൻ സമയമായിട്ടില്ല. ജസ്റ്റിസ് ഗംഗോപാധ്യായ വിരമിക്കുന്നതിന് തൊട്ടുമുമ്പ് പുറപ്പെടുവിച്ച വിധിന്യായങ്ങളെക്കുറിച്ച് ആക്ഷേപങ്ങൾ ഉയർന്നുവന്നത് അടിസ്ഥാനരഹിതമെന്ന് തള്ളിക്കളയാനാകില്ല. സുപ്രീംകോടതി കൊളീജിയം നടത്തുന്ന ജഡ്‌ജി നിയമനങ്ങളിൽ ബഹുഭൂരിപക്ഷവും നേടുന്നത് ജഡ്‌ജിമാരുടെ ബന്ധുക്കളോ മുൻ സഹപ്രവർത്തകരോ ആണെന്നുള്ള ആരോപണം ശക്തമാണ്. ഇത് വെറുമൊരു ആരോപണം മാത്രമല്ല എന്നാണ് ഇക്കാര്യം ഗൗരവമായി പരിഗണിക്കാനുള്ള കൊളീജിയത്തിന്റെ തീരുമാനം വ്യക്തമാക്കുന്നത്. ഭരണഘടനാ വ്യാഖ്യാനത്തിൽ നിർണായക പങ്കുവഹിക്കുന്ന ന്യായാധിപൻ ഭരണഘടനയുടെ ആന്തരിക ചൈതന്യം ഉൾക്കൊള്ളാൻ തയ്യാറായില്ലെങ്കിൽ, അതിന്റെ ദുരന്തഫലങ്ങൾ സമൂഹത്തെ ഒന്നടങ്കം ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
മൂല്യങ്ങളുടെ ഉൾക്കൊള്ളൽ
ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരെപ്പോലെ പുരോഗമന വീക്ഷണമുള്ള ന്യായാധിപർ ഭരണഘടനാ വ്യവസ്ഥകൾക്ക് ക്രിയാത്മക വ്യഖ്യാനം നൽകുകയും ഭരണഘടനയെ പാവനമായ അടിസ്ഥാന നിയമത്തിന്റെ സ്ഥാനത്ത് പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. എന്നാൽ, അത്തരം പുരോഗമന വീക്ഷണവും വ്യാഖ്യാനവും ഇന്ന് ജുഡീഷ്യറിക്കുള്ളിൽനിന്നുതന്നെ ചോദ്യംചെയ്യപ്പെടുകയാണ്. 2024 നവംബർ അഞ്ചിന് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി സവിശേഷ ശ്രദ്ധ അർഹിക്കുന്നു. ഭരണഘടനയുടെ 39 (ബി) വകുപ്പ്, സമൂഹത്തിന്റെ ഭൗതിക വിഭവങ്ങൾക്കുമേലുള്ള ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയ്‌ക്ക് ഉതകുംവിധം വിതരണം ചെയ്യാനുള്ള പരിപാടികൾ ഭരണകൂടം ആസൂത്രണം ചെയ്യുന്നതാണെന്ന് അനുശാസിക്കുന്നു. ഇതിൽ സ്വകാര്യസ്വത്ത് കൈകാര്യം ചെയ്യാനുള്ള ഭരണകൂടത്തിന്റെ അധികാരവും ഉൾപ്പെടുമോ എന്നതാണ് മേൽപ്പറഞ്ഞ കേസിൽ (Property Owners'' Association V. State of Maharashtra) സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക് വന്ന പ്രധാന വിഷയം. 1977ലെ രംഗനാഥ റെഡ്ഡി കേസിൽ, ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യർ കാൾ മാർക്‌സിനെ ഉദ്ധരിച്ച് എഴുതിയ വിധിയിൽ സ്വകാര്യസ്വത്തും ‘പൊതുവിഭവം’ എന്നതിന്റെ പരിധിയിൽപ്പെടുമെന്ന വ്യാഖ്യാനമാണ് നൽകിയത്. ഇത് ഒരു ന്യൂനപക്ഷ വിധിയായിരുന്നെങ്കിലും പിൽക്കാലത്ത് പല സുപ്രീംകോടതി വിധികളും ജസ്റ്റിസ് കൃഷ്‌ണയ്യരുടെ വ്യാഖ്യാനം അംഗീകരിച്ചു. എന്നാൽ, കൃഷ്‌ണയ്യരുടെ വീക്ഷണത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ ചില പരാമർശങ്ങൾ ജഡ്‌ജിമാരുടെ സാമൂഹിക വീക്ഷണത്തിന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്നു.
ഇപ്പോൾ മൗലികാവകാശമല്ലെങ്കിലും സ്വകാര്യസ്വത്തിനുള്ള അവകാശം ഭരണഘടന അംഗീകരിച്ചിട്ടുള്ള അവകാശമാണെന്ന് വ്യക്തമാക്കുന്ന ജസ്റ്റിസ് ചന്ദ്രചൂഡ്, ഒരു പ്രത്യേക സാമ്പത്തിക പ്രത്യയശാസ്‌ത്രത്തെ ആധാരമാക്കിയുള്ള ജസ്റ്റിസ് കൃഷ്‌ണയ്യരുടെ വ്യാഖ്യാനം ഭരണഘടനയുടെ അന്തസ്സത്തയ്‌ക്ക് നിരക്കുന്നതല്ലെന്ന് നിരീക്ഷിക്കുന്നു. ജസ്റ്റിസ് കൃഷ്‌ണയ്യർ ഭരണഘടനയോട് അങ്ങേയറ്റത്തെ അനീതിയാണ് കാട്ടിയതെന്ന് അദ്ദേഹം തുടർന്ന് പറയുന്നു. എന്നാൽ, ഈ സുപ്രീംകോടതി വിധി വായിക്കുമ്പോൾ പ്രത്യാശാജനകമായി കാണുന്ന ഒരുകാര്യം രണ്ട് ന്യായാധിപർ (ജസ്റ്റിസ് നാഗരത്‌നെ, ജസ്റ്റിസ് സുധാംശു ധുലിയ) ഭൂരിപക്ഷ വിധിയോട്, പ്രത്യേകിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമർശങ്ങളോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി എന്നതാണ്. ന്യായാധിപരുടെ സാമൂഹിക വീക്ഷണം അവരുടെ ഭരണഘടനാ വ്യാഖ്യാനത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ഈ വിധിയിൽ പ്രകടമാണ്. ഭരണഘടനാമൂല്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നവർ ന്യായാധിപർ ആകുന്നതിന്റെ പ്രാധാന്യം ഇത്തരം വിധികൾ അടിവരയിട്ട് വ്യക്തമാക്കുന്നു.
വെല്ലുവിളികൾ നേരിട്ട വർഷം
ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിൽപ്പെടുന്ന ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവയും കടുത്ത വെല്ലുവിളികൾ നേരിട്ട ഒരു വർഷമാണ് കടന്നുപോയത്. ജനാധിപത്യരീതിയിൽ വിയോജിപ്പ് പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തിന്മേൽ കൂടുതൽ നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും ഉണ്ടായി. രാഷ്‌ട്രീയ പ്രതിയോഗികൾക്കെതിരായി നിയമവും നീതിന്യായ സംവിധാനവും ദുർവിനിയോഗം ചെയ്യുന്നത് വ്യാപകമായി. ഇതിനെല്ലാമുപരി, ജനാധിപത്യവും ഫെഡറലിസവും പാടെ അപ്രത്യക്ഷമാകുന്ന തരത്തിലുള്ള ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ തുടങ്ങിയ നയങ്ങൾ നടപ്പാക്കാനുള്ള ഭരണപക്ഷത്തിന്റെ നിർബന്ധബുദ്ധിയും 2024ൽ ദൃശ്യമായി.
സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് പ്രതിപക്ഷ പാർടികൾ നേതൃത്വം നൽകുന്ന ഭരണം നിലനിൽക്കുന്ന സംസ്ഥാനങ്ങളെ, സാമ്പത്തികമായി ഞെരുക്കുക എന്നത് കേന്ദ്രം ഒരു അംഗീകൃത നയമായി സ്വീകരിച്ചതോടെ, ഫെഡറലിസം കടലാസിൽമാത്രം അവശേഷിക്കുന്ന ഒന്നായി മാറി. പ്രത്യേക സംസ്ഥാനങ്ങൾക്ക് രാഷ്‌ട്രീയ കാരണങ്ങൾ മുൻനിർത്തി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുകയും സംസ്ഥാനങ്ങൾക്ക് നൽകുന്ന വിവേചന സഹായധനം തത്വാധിഷ്‌ഠിതമായി നൽകുന്ന രീതി ഉപേക്ഷിക്കുകയും ചെയ്‌തതോടെ, സഹകരണാത്മക ഫെഡറലിസം ഒരു അലങ്കാര പ്രയോഗം മാത്രമായി. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾപ്പോലും സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട അർഹമായ ദുരിതാശ്വാസം അവകാശമെന്ന നിലയിൽ നൽകുന്നതിനു പകരം പരമാവധി താമസിപ്പിക്കാനും വെട്ടിക്കുറയ്‌ക്കാനും കേന്ദ്രത്തിന്റെ ഔദാര്യമെന്ന നിലയിൽ കണക്കാക്കാനുമാണ് കേന്ദ്ര സർക്കാർ തയ്യാറാകുന്നത്. ഇതും ഫെഡറലിസത്തെക്കുറിച്ചുള്ള ഭരണഘടനാ സങ്കൽപ്പത്തിന് അനുയോജ്യമല്ല.
ഫെഡറലിസത്തിന്റെ ഉലച്ചിൽ
സംസ്ഥാന ഭരണത്തിൽ ഗവർണർമാരുടെ ഇടപെടൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ കൂടിവരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം താമസിപ്പിക്കുക, നൽകാതിരിക്കുക, അനാവശ്യമായി കേന്ദ്രത്തിനയക്കുക–- ഇത്തരം കാര്യങ്ങൾ പല സംസ്ഥാനങ്ങളിലും സംസ്ഥാന നിയമസഭയുടെയും സർക്കാരിന്റെയും പ്രവർത്തനത്തിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം വിഷയങ്ങളിൽ കോടതികൾക്ക് ഇടപെടാൻ പരിമിതികളുണ്ട്. എന്നാൽ, പരിമിതികൾക്കുള്ളിൽനിന്ന് ഇടപെടാനുള്ള സന്നദ്ധതപോലും കോടതികൾ കാണിക്കുന്നില്ല.
സംസ്ഥാന നിയമസഭ പാസാക്കിയ നിയമം കനിഞ്ഞുനൽകിയ ചാൻസലർ പദവിപോലും ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരുകളെ നോക്കുകുത്തിയാക്കി സ്വന്തം അധികാരം പ്രയോഗിക്കുന്നതിനുള്ള ഉപാധിയായാണ് പല ഗവർണർമാരും കാണുന്നത്. ഇത്തരം ഇടപെടൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസരംഗത്ത് ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. പരിമിതമായ അധികാരങ്ങൾ മാത്രമുള്ള യുജിസി പുറപ്പെടുവിക്കുന്ന റെഗുലേഷനുകൾ, സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങൾക്കും മുകളിലാണെന്നുള്ള നിലയാണ് ഇപ്പോഴുള്ളത്. ഇക്കാര്യത്തിലും വ്യക്തതയുണ്ടാകേണ്ടത് ഉന്നത വിദ്യാഭ്യാസമേഖലയുടെ സുഗമമായ പ്രവർത്തനത്തിനും ഫെഡറലിസത്തിന്റെ നിലനിൽപ്പിനും ആവശ്യമാണ്.
പ്രതികരണം, പ്രവർത്തനം
ഭരണഘടനാമൂല്യങ്ങളെ ദുർബലമാക്കുന്ന പ്രവണതകൾ ഒളിഞ്ഞും തെളിഞ്ഞും ദൃശ്യമാകുകയും അവയുടെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് 75–-ാം റിപ്പബ്ലിക്‌ദിനം കടന്നുവരുന്നത്.
സ്വാതന്ത്ര്യദിനം, ഭരണഘടനാദിനം, റിപ്പബ്ലിക്‌ദിനം എന്നിവ യാന്ത്രികമായി ആചരിക്കേണ്ട ദിനങ്ങൾ മാത്രമായി ചുരുക്കാതെ, ഭരണഘടനയെക്കുറിച്ചും ഭരണഘടനാവകാശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നേരിടുന്ന ഭീഷണികളെയും വെല്ലുവിളികളെയും കുറിച്ചും ചർച്ചചെയ്യാനുള്ള അവസരങ്ങളായി കാണേണ്ടതുണ്ട്. അതോടൊപ്പം ഭരണഘടനാ മൂല്യങ്ങൾ എങ്ങനെ ശക്തിപ്പെടുത്താമെന്നും അനാരോഗ്യകരമായ പ്രവണതകൾക്കെതിരായി ഏത് രീതിയിൽ പ്രതികരിക്കാനും പ്രവർത്തിക്കാനും കഴിയുമെന്ന കാര്യവും ഗൗരവമായി പരിഗണിക്കേണ്ടത് ആവശ്യമാണ്.









0 comments