മൊറാഴ 1940; സമരത്തിന്റെ ചൂരും ചൂടും ചോർന്നുപോകാതെയുള്ള രംഗാവിഷ്കാരം

morazha
avatar
വി ബി പരമേശ്വരൻ

Published on Jan 26, 2025, 01:00 AM | 3 min read

കേരളത്തിന്റെ കമ്യൂണിസ്റ്റ് ഇടതുപക്ഷവൽക്കരണത്തിന്റെ വേരുകൾ തേടി പോകുന്നവർക്ക് അവഗണിക്കാനാകാത്ത സമരമാണ് 1940 ലെ മൊറാഴയിലേത്. വടക്കേ മലബാറിലെ സാമൂഹ്യ- സാമ്പത്തിക സാഹചര്യങ്ങളെ മുറിച്ചുകടക്കാൻ കോൺഗ്രസ് പ്രസ്ഥാനമല്ല, കമ്യൂണിസ്റ്റ് പാർടിയാണ് തങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന ജനങ്ങളുടെ തിരിച്ചറിവിനുള്ള സാക്ഷ്യപത്രംകൂടിയാണ് മൊറാഴ സംഭവം. കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ മൊറാഴ ഒരു മഹാസംഭവത്തിന്റെ സൂചകമാണ്. പിണറായിയിലെ പാറപ്രത്ത് കമ്യൂണിസ്റ്റ് പാർടി രൂപംകൊണ്ട് എട്ടു മാസത്തിനുശേഷം നടന്ന മൊറാഴ സംഭവമാണ് കോൺഗ്രസിൽനിന്നും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽനിന്നും കമ്യൂണിസ്റ്റ് പാർടിയിലേക്കുള്ള മാറ്റം പൂർണമാക്കിയത്. മൊറാഴയ്‌ക്ക്‌ ആറു മാസത്തിനുശേഷമാണ് കയ്യൂർ സംഭവം. തുടർന്നാണ് 1946ൽ കരിവെള്ളൂരും കാവുമ്പായിയും പുന്നപ്രവയലാറും നടക്കുന്നത്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് സർക്കാർ വന്നെങ്കിലും കമ്യൂണിസ്റ്റ് പാർടിക്ക് പോരാട്ടത്തിന്റെ പാത തുടരേണ്ടിവന്നു. 1948ലെ ഒഞ്ചിയവും മുനയൻകുന്നും 1949ലെ ശൂരനാടും 1950ലെ ഇടപ്പള്ളിയും പാടിക്കുന്നും തെളിയിക്കുന്നത് അതാണ്. പാർടി രൂപീകരണം പ്രഖ്യാപിച്ച് 17 വർഷത്തിനും മൂന്നു മാസത്തിനുംശേഷം 1957 ഏപ്രിലിൽ ബാലറ്റ് പെട്ടിയിലൂടെ ഏഷ്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിന് രൂപം നൽകുന്നതിലേക്ക് നയിച്ചത് മൊറാഴയിൽ ആരംഭിച്ച സമരപരമ്പരകളാണ്. പ്രതിരോധത്തിൽനിന്ന് പ്രത്യാക്രമണത്തിലേക്ക്, അടിമബോധത്തിൽനിന്ന്‌ സ്വാതന്ത്ര്യത്തിലേക്ക് ഒരു ജനത നടന്നുകയറിയതിന്റെ ചുരുക്കപ്പേരാണ് മൊറാഴ. ബ്രിട്ടീഷ് അടിച്ചമർത്തലിന്റെ ആൾരൂപമായ പൊലീസ് സബ് ഇൻസ്പെക്ടർ കുട്ടിക്കൃഷ്ണമേനോനും ഹെഡ്കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാരും കൊല്ലപ്പെട്ട സെപ്തംബർ 15 ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു നേരെയുള്ള പ്രതിഷേത്തിന്റെയും പ്രക്ഷോഭത്തിന്റെയും പ്രതീകമായിരുന്നു. കേരളത്തിലെ ബോൾഷെവിക് വീരനെന്ന് കഷ്ണപിള്ള പ്രകീർത്തിച്ച കെ പി ആർ ഗോപാലനെ തൂക്കിലേറ്റാനുള്ള വിധിയും അതിനെതിരെയുണ്ടായ ജനകീയ മുന്നേറ്റവും ഒരു മാസത്തിനകം വധശിക്ഷ (1942 ഫെബ്രുവരി 24) ജീവപര്യന്തമാക്കി (1942 മാർച്ച് 24) കുറയ്‌ക്കാൻ ബ്രിട്ടീഷ് ഗവൺമെന്റിന് തീരുമാനിക്കേണ്ടിവന്നതും മൊറാഴ സംഭവത്തിന് അന്താരാഷ്ട്ര പ്രശസ്തി നൽകി. മൊറാഴയിൽനിന്ന് ഉയർന്ന ചെങ്കൊടിയാണ് പിന്നീട് കേരളം അഭിമാനത്തോടെ നെഞ്ചേറ്റിയത്.


നാടകത്തെക്കുറിച്ച്


മൊറാഴ സംഭവത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കെ പി ആർ ജയിലിൽ കഴിയവെ, 1942 ഡിസംബറിൽ കൃഷ്ണപിള്ള എഴുതിയ ലേഖനത്തിന്റെ വരികൾ ഉദ്ധരിച്ചാണ് "മൊറാഴ 1940’ എന്ന നാടകത്തിന്റെ തിരശ്ശീല ഉയരുന്നത്. മൊറാഴ സംഭവത്തിന്റെ 85–--ാം വർഷത്തിൽ ആ ചരിത്ര സംഭവത്തോട് നൂറു ശതമാനം നീതി പുലർത്തുന്ന ഒരു നാടകാവിഷ്കാരം യാഥാർഥ്യമായി. "സാമ്രാജ്യത്വം തകരട്ടെ; ജന്മിത്വം തുലയട്ടെ’ എന്ന നിസ്വവർഗത്തിൽനിന്ന്‌ വെടിയുണ്ടപോലെ ചീറിപ്പാഞ്ഞ മുദ്രാവാക്യം ഉയർത്തി കേരളത്തിലെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം നടത്തിയ ഉജ്വലമായ സമരത്തിന്റെ ചൂരും ചൂടും ചോർന്നുപോകാതെയുള്ള രംഗാവിഷ്കാരമാണ് "മൊറാഴ 1940’ എന്ന നാടകം. മൊറാഴയിലെ പാളിയത്ത് വളപ്പിലുള്ള ചിത്ര തിയറ്റഴ്സിന്റെ സിൽവർ ജൂബിലി വർഷത്തോട്‌ അനുബന്ധിച്ച് ജനുവരി 11ന് പാളിയത്ത് വളപ്പിൽ വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നാടകം അരങ്ങേറി. മുപ്പതോളം പ്രാദേശിക കലാകാരന്മാർ അണിനിരന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് അനിൽ നരിക്കോടാണ്‌.

morazha


മൊറാഴ സംഭവത്തെക്കുറിച്ച് അറിയാൻ എത്തുന്ന മാധ്യമ പ്രവർത്തകനായ വൈശാഖ് വാര്യർക്ക് ദാമോദരൻ സഖാവ് അതേക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് അവതരണം. ഈ രണ്ടു പേരെയും സ്റ്റേജിൽ നിർത്തി അവർ പറയുന്ന ഓരോ രംഗവും അവതരിപ്പിക്കുന്ന പുതുമയാർന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. കെ പി ആറിനെ കേന്ദ്ര കഥാപാത്രമാക്കി പി കൃഷ്ണപിള്ള, അറയ്‌ക്കൽ കുഞ്ഞിരാമൻ, വിഷ്ണു ഭാരതീയൻ തുടങ്ങിയ കർഷക സംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും നേതാക്കളെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട്. ചരിത്രപുസ്തകങ്ങളിൽ ഇടംപിടിക്കാത്ത ഈ നായകരുടെ കുടുംബ ബന്ധങ്ങളിലേക്കും ആത്മസംഘർഷങ്ങളിലേക്കും നാടകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

പാപ്പിനിശേരിയിലെ ആറോൺ കമ്പനി ഉടമ സാമുവൽ ആറോണിന്റെയും വളപട്ടണം പൊലീസ് സബ് ഇൻസ്പെക്ടർ കുട്ടിക്കൃഷ്ണമേനോന്റെയും കല്യാട്ട് യശ്മാനന്റെയും കാര്യസ്ഥന്മാരുടെയും ക്രൂരമായ ചെയ്തികളിലേക്ക്‌ നാടകം വെളിച്ചംവീശുന്നു. ആറോൺ മില്ലിലെ 40 ദിവസംനീണ്ട പണിമുടക്കിന് കാരണമായ സംഭവം -മാണിക്കോരൻ എന്ന തൊഴിലാളിയെ വീവിങ്‌ മാസ്റ്റർ മർദിച്ചപ്പോൾ മാണിക്കോരൻ തിരിച്ചടിച്ചതും തുടർന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും -നാടകത്തിൽ അവതരിപ്പിക്കുന്നുണ്ട്. സമരത്തിൽ പങ്കെടുത്ത മിൽ തൊഴിലാളി വാസുവിന്റെ ഭാര്യയെയും കുട്ടിയെയും കൊന്നുതള്ളിയ സംഭവത്തിലൂടെ സാമ്രാജ്യത്വത്തെ കൂട്ടുപിടിച്ച് തൊഴിലാളി പ്രസ്ഥാനത്തെയും ജനങ്ങളുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും എങ്ങനെയാണ് അടിച്ചമർത്തിയതെന്ന് ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്നു. സമരം പരാജയപ്പെട്ടെങ്കിലും അതുയർത്തിയ സമരതീക്ഷ്‌ണതയും തൊഴിലാളി കർഷക ഐക്യവും എങ്ങനെയാണ് മൊറാഴ സംഭവത്തിലേക്ക് നയിച്ചതെന്ന് നാടകം വിരൽചൂണ്ടുന്നു. അക്രമപ്പിരിവിനെ എതിർത്ത കർഷക സംഘത്തെ അടിച്ചമർത്താൻ കൂലിപ്പട്ടാളമായി പ്രവർത്തിച്ച കാര്യസ്ഥൻ അപ്പ കുട്ടിയുടെ പറമ്പിലെ വിളഞ്ഞുനിൽക്കുന്ന കുരുമുളക് പറിച്ചെടുത്ത ജന്മിയുടെ ധാർഷ്ട്യവും അത് കാര്യസ്ഥനിലുണ്ടാക്കുന്ന മനംമാറ്റവും ഇതിനൊരുദാഹരണമാണ്. വിവാഹിതയായ ചെറിയ എന്ന പെൺകുട്ടിയെ ജന്മി ബലാത്സംഗം ചെയ്യുന്നതും അതിൽ മനംനൊന്ത് അവൾ ആത്മഹത്യ ചെയ്യുന്നതും ആ കാലഘട്ടത്തിലെ ജന്മിത്വത്തിന്റെ ഇരുണ്ട മുഖം വ്യക്തമാക്കുന്നു. നണിയൂരിൽ കർഷക സംഘത്തിന്റെ രൂപീകരണം, കൃഷ്ണപിള്ള, കേരളീയൻ എന്നിവരുടെ നേതൃത്വത്തിൽ കരയ്ക്കാട്ടിടം നായനാരുടെ വീട്ടിലേക്ക് നടത്തിയ ബക്കളം ജാഥ, കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണം, കമ്യൂണിസ്റ്റ് നേതാക്കളുടെ സാഹസികമായ ഒളിവുജീവിതം, മൊറാഴ സംഭവം, കെ പി ആറിന്റെ വധശിക്ഷയ്‌ക്കെതിരെയും ജയിൽ മോചിതനാക്കാനും നടന്ന ജനകീയ മുന്നേറ്റം എന്നിവയെല്ലാം ചരിത്രാംശം ചോർന്നുപോകാതെ നാടകത്തിലുണ്ട്‌.

anil അനിൽ നരിക്കോട്


കാലിക പ്രധാനമായ മറ്റൊരു സന്ദേശംകൂടി "മൊറാഴ 1940’ നൽകുന്നുണ്ട്. മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും കോർപറേറ്റ് സേവയുടെയും ആഴം ജനങ്ങളെ ബോധ്യപ്പെടുത്താൻ സംവിധായകൻ ധീരമായ ശ്രമം നടത്തുന്നുണ്ട്. സാമ്രാജ്യത്വത്തെ വിറപ്പിച്ച മൊറാഴ പരാജയപ്പെട്ട സമരമായി അവതരിപ്പിക്കാനും ചരിത്രം തിരുത്തിയെഴുതുമെന്ന കോർപറേറ്റ് മാധ്യമ അഹങ്കാരവും ഒരു ജനതയുടെ പോരാട്ട ചരിത്രത്തിനു മുമ്പിൽ വീണുടയുന്ന ഘട്ടത്തിലാണ് നാടകത്തിന്റെ കർട്ടൻ താഴുന്നത്. മറവിയുടെ കാലത്ത് ഓർമപ്പെടുത്തലും ഒരു സമരമാണെന്ന മുന്നറിയിപ്പോടെ. മുപ്പതോളം പ്രാദേശിക കലാകാരന്മാരെ അണിനിരത്തി നടത്തിയ ഈ സംരംഭം നല്ല തുടക്കമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home