'കേരളം' ബണ്ടില്‍ നമ്പര്‍ 4 സീരിയല്‍ നമ്പര്‍ 9

പ്രൊഫ. എം സി വസിഷ്ഠ്
Published on Mar 16, 2025, 08:26 AM | 4 min read
1917ലെ റഷ്യൻ വിപ്ലവം അഥവാ ബോൾഷെവിക് വിപ്ലവം ലോകത്തിലെ ചൂഷിതരും മർദിതരുമായ ജനവിഭാഗങ്ങളെ നിർണായകമായി സ്വാധീനിച്ചു. റഷ്യൻ വിപ്ലവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർടികളും ഗ്രൂപ്പുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്നു. 1930കളിൽ ലോകത്തുണ്ടായ സാമ്പത്തികത്തകർച്ച റഷ്യയെ ബാധിക്കാതിരുന്നത് സോവിയറ്റ് റഷ്യയെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമുയർത്തി.
കേരളത്തെയും റഷ്യൻ വിപ്ലവം നിർണായകമായി സ്വാധീനിച്ചു. കേരളത്തിൽ കോൺഗ്രസിനുള്ളിൽ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ശക്തമായി. അവർ തങ്ങളുടെ ആശയ പ്രചാരണത്തിനായി പത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു. ഇതിന് ഉദാഹരണമാണ് ആദ്യം ഷൊർണൂരിൽനിന്നും പിന്നീട് കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ച ‘പ്രഭാതം’. പ്രഭാതത്തിനുശേഷം ദേശാഭിമാനിയുടെ ആരംഭത്തിനുമുമ്പ് കേരളത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരു പ്രസിദ്ധീകരണമുണ്ടായിരുന്നു, ‘കേരളം’. എന്നും ഭരാണിധികാര വൃന്ദത്തിന്റെ കണ്ണിലെ കരടായിരുന്നു ഇത്തരം പ്രസിദ്ധീകരണങ്ങൾ. ദേശാഭിമാനിയുടെ ചരിത്രംതന്നെയാണ് പ്രത്യക്ഷ തെളിവ്. പുരോഗമനാശയങ്ങൾ ജനങ്ങളിലെത്താതിരിക്കാനും എങ്ങനെയും പ്രസിദ്ധീകരണം മുടക്കാനും സ്ഥാപിത താൽപ്പര്യക്കാർ പ്രത്യേകം ശ്രദ്ധകാണിച്ചിരുന്നു. ദീർഘകാലം പ്രവർത്തിച്ചില്ലെങ്കിലും ‘കേരളം’ ചരിത്രത്തിന്റെ സിരകളിൽ ഇന്നും സ്‌പന്ദിച്ചുകൊണ്ടേയിരിക്കുന്നു.
കോഴിക്കോട് സിവിൽ സ്റ്റേഷൻ ആർക്കൈവ്‌സിലെ മദ്രാസ് ഗവൺമെന്റിന്റെ പബ്ലിക് ഡിപ്പാർട്ട്‌മെന്റ് ഫയൽ (ബണ്ടിൽ നമ്പർ 4, സീരിയൽ നമ്പർ 9) ‘കേരളം’ എന്ന പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. പ്രധാനമായും നാലു രേഖയാണ് ഈ ഫയലിൽ ഉള്ളത്. എറണാകുളത്തെ ബോൾഗാട്ടി പാലസിൽവച്ച് തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായ ജി പി മർഫി മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്താണ് ഒന്നാമത്തെ രേഖ.
രണ്ടാമത്തേത്, ‘കേരളം’ എന്ന പ്രസിദ്ധീകരണത്തെക്കുറിച്ച് മദ്രാസിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് മദ്രാസ് ഡിപ്പാർട്ട്‌മെന്റിലെ അഡീഷണൽ സെക്രട്ടറി എൻ ഇ എസ് രാഘവാചാര്യക്ക് അയച്ച രഹസ്യ റിപ്പോർട്ട്.മൂന്നാമത്തെ രേഖയിൽ കേരളം എന്ന പ്രസിദ്ധീകരണത്തിലെ ലെനിൻ പ്രത്യേക പതിപ്പിന്റെ ഉള്ളടക്കം വിവരിക്കുന്നു. നാലാമത്തേത് ബ്രിട്ടീഷ് റസിഡന്റ് ജി പി മർഫിക്ക് അയച്ച ഔദ്യോഗികക്കുറിപ്പ്.
ബ്രിട്ടീഷ് റസിഡന്റ് ജി പി മർഫിയുടെ കത്ത്
ലെനിന്റെ 18–--ാം ചരമവാർഷികത്തോടനുബന്ധിച്ച് 1942 ജനുവരി 21ന് കേരളം, ലെനിൻ പ്രത്യേക പതിപ്പ് പുറത്തിറക്കി. അതുസംബന്ധിച്ച് ബ്രിട്ടീഷ് റസിഡന്റ് ജി പി മർഫിയുടെ കത്ത്:
""തിരുവിതാംകൂർ ദിവാൻ കേരളം എന്ന പ്രസിദ്ധീകരണത്തിന്റെ ലെനിൻ പ്രത്യേക പതിപ്പിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. പ്രത്യേക പതിപ്പ് 1942 ജനുവരി 21ന്റേതാണ്. ഇ എം രാമന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ പ്രസ് ബ്രാഞ്ചിലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. കോഴിക്കോട്ടെ ലക്ഷ്മി വിലാസത്തിലെ വി എസ് കേരളീയനാണ് ഇതിന്റെ പ്രിന്റർ. യഥാർഥത്തിൽ പ്രസിദ്ധീകരണം മലയാളത്തിലാണ്. ലെനിൻ പ്രത്യേക പതിപ്പിൽ ലെനിനെ കൂടാതെ റഷ്യയിലെ മറ്റ് കമ്യൂണിസ്റ്റ് നേതാക്കളുടെ ലഘുചരിത്രം നൽകിയിട്ടുണ്ട്. തിരുവിതാംകൂർ ദിവാന്റെ അഭിപ്രായത്തിൽ ഈ പ്രസിദ്ധീകരണം വിഷലിപ്തമാണ്. അത് കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതുമാണ്. മദ്രാസ് ഗവൺമെന്റും കൊച്ചി ഗവൺമെന്റും നിരോധിക്കാതെ ഈ പ്രസിദ്ധീകരണം നിരോധിക്കുന്നതിൽ കാര്യമില്ലെന്ന നിലപാടാണ് തിരുവിതാംകൂർ ഗവൺമെന്റിനുള്ളത്. അതുകൊണ്ട് മദ്രാസ് ഗവൺമെന്റിന് ഈ പ്രസിദ്ധീകരണം നിരോധിക്കണമെന്ന കാര്യം പരിഗണനയിലുണ്ടോ? ഈ വിഷയം ഇതിനുമുമ്പ് പരിഗണിച്ചിട്ടുണ്ടോ? മദ്രാസ് ഗവൺമെന്റിന്റെ നിലപാട് അറിഞ്ഞതിനുശേഷം കൊച്ചി ഗവൺമെന്റ് നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു.’’
ഇൻസ്പെക്ടർ ജനറലിന്റെ റിപ്പോർട്ട് 1942 മാർച്ച് 12
‘‘ഈ പത്രത്തിന്റെ എഡിറ്റർ സി ആർ കുഞ്ഞുണ്ണി കോഴിക്കോട് ഫോർവേർഡ് ബ്ലോക്ക് അംഗമായിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം അത് രാജിവച്ച് ഇപ്പോൾ സോവിയറ്റ് റഷ്യയെ സഹായിക്കാനുള്ള ആൾ കേരള കമ്മിറ്റിയുടെ പ്രസിഡന്റാണ്. ഈ പ്രസിദ്ധീകരണം പലപ്പോഴും ഇടവേളകളിലാണ് പ്രസിദ്ധീകരിക്കുന്നത്.’’
ലെനിൻ പ്രത്യേക പതിപ്പിന്റെ ഉള്ളടക്കം
‘‘ലെനിൻ പ്രത്യേക പതിപ്പ് സമർപ്പിച്ചിട്ടുള്ളത് സോവിയറ്റ് ജനതയ്‌ക്കും ചെമ്പടയ്‌ക്കും അഥവാ റെഡ് ആർമിക്കുമാണ്.
പ്രത്യേക പതിപ്പിൽ ആദ്യത്തെ ലേഖനം ലോകചരിത്രത്തിലെ ലെനിന്റെ സ്ഥാനം എന്ന ശീർഷകത്തോടുകൂടിയിട്ടാണ്. റാൾഫ് ഫോക്‌സിന്റെ ലേഖനത്തിന്റെ മലയാള പരിഭാഷയാണിത്. ഈ ലേഖനത്തിൽ ലെനിന്റെ ജീവിതം, നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം, വിപ്ലവത്തിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ അടയാളപ്പെടുത്തുന്നു.
സ്മാരകങ്ങൾ എന്ന രണ്ടാമത്തെ ലേഖനത്തിൽ മോസ്‌കോയിലെ റെഡ് സ്‌ക്വയറിലെ ലെനിന്റെ ശവകുടീരത്തെക്കുറിച്ചും റഷ്യയുടെ വിവിധ ഭാഗങ്ങളിലെ മറ്റ് ലെനിൻ സ്മാരകങ്ങളെക്കുറിച്ചും പറയുന്നു. എ സി ഖെറിന്റെ മൂന്നാമത്തെ ലേഖനം ജോസഫ് സ്റ്റാലിനെക്കുറിച്ചാണ്. സ്റ്റാലിന്റെ ജനനം, വിദ്യാഭ്യാസം, വിവിധ ഘട്ടങ്ങളിലെ സൈബീരിയയിലേക്കുള്ള നാടുകടത്തൽ, അവിടെനിന്നുള്ള രക്ഷപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങൾ വിവരിക്കുന്നു. സ്റ്റാലിന്റെ കീഴിൽ സോവിയറ്റ് റഷ്യയുടെ സൈന്യം ലോകത്തെ ഫാസിസത്തിന്റെ നീരാളിപ്പിടിത്തത്തിൽനിന്ന് രക്ഷിക്കുമെന്ന പ്രതീക്ഷയോടുകൂടിയാണ് ലേഖനം അവസാനിക്കുന്നത്.
ക്ലാരാ സെറ്റ്കിൻ എന്ന ജർമൻ സ്ത്രീയുടെ ലേഖനത്തിന്റെ തർജമയാണ് ലെനിന്റെ കുടുംബത്തിൽ എന്ന ലേഖനം. ലെനിന്റെ മാതൃകാപരമായ ലളിത ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഭാര്യ നൽകിയ സംഭാവനകളെക്കുറിച്ചുമാണ് ലേഖനം പ്രതിപാദിക്കുന്നത്. ഈ ലേഖനത്തിൽ കാൾ മാർക്‌സിന്റെ ജനനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും പ്രതിപാദിക്കുന്നു.
ടി വി കെ ചെറുകുന്നിന്റെ റഷ്യൻ ഭാഷയുടെ നേട്ടങ്ങൾ എന്ന ലേഖനം റഷ്യൻ കവികളും എഴുത്തുകാരും എപ്രകാരമാണ് മറ്റു ഭാഷകളിലെ കവികളിൽനിന്നും സാഹിത്യകാരന്മാരിൽനിന്നും വ്യത്യസ്തരാകുന്നത് എന്ന കാര്യം വിശദീകരിക്കുന്നു. തൃശൂരിലെ വി കെ തങ്കം എഴുതിയ ചെറുകഥയുടെ ഉള്ളടക്കം ലെനിൻ പതിപ്പിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ചൂഷണത്തിനെതിരെയും അസമത്വത്തിനെതിരെയും പോരാടുന്ന ഒരു ദരിദ്രയായ സ്ത്രീയുടെ പോരാട്ടത്തിന്റെ ചിത്രമാണ് ഈ കഥയിൽ പ്രതിപാദിക്കുന്നത്.
മറ്റൊരു ലേഖനം 1924 ജനുവരി 28ന് ക്രെംലിൻ ആർമി സ്‌കൂളിൽ ലെനിനെക്കുറിച്ച് സ്റ്റാലിൻ നടത്തിയ പ്രഭാഷണത്തിന്റെ ചുരുക്കമാണ്. ലെനിനെക്കുറിച്ച് സ്റ്റാലിൻ എന്ന ഈ ലേഖനത്തിന്റെ രചയിതാവ് ഇ നാരായണൻകുട്ടിയാണ്. റഷ്യൻ സ്ത്രീകൾ എന്ന റഹീമിന്റെ ലേഖനത്തിൽ സോവിയറ്റ് റഷ്യയിലെ സ്ത്രീകളുടെ സ്ഥിതിവിവരക്കണക്കുകളാണ് വിവരിക്കുന്നത്. ഈ ലേഖനത്തിൽ റഷ്യയിലെ സ്ത്രീകളെ ലോകത്തിന്റെ മോചനത്തിന്റെയും സമാധാനത്തിന്റെയും വക്താക്കളായി അവതരിപ്പിക്കുന്നു.
പ്രഭാതത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ലെനിനെക്കുറിച്ചുള്ള കവിത പേജ് 8-ൽ പുനഃപ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
കെ കെ എഴുതിയ അവസാനത്തെ ലേഖനം എങ്ങനെയാണ് ഐക്യ ജനകീയ മുന്നണി ഫാസിസത്തിനെതിരെ പോരാടിയതെന്ന കാര്യം വിശദീകരിക്കുന്നു. റഷ്യയും ബ്രിട്ടനും മറ്റ് ജനാധിപത്യ ശക്തികളും ഫാസിസത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. ഈ യുദ്ധശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ട കാര്യം ലേഖനത്തിൽ ഊന്നിപ്പറയുന്നു.
ബ്രിട്ടീഷ് റസിഡന്റ് ജി പി മർഫിക്ക് അയച്ച കുറിപ്പ്
ഫയലിലെ നാലാമത്തെ രേഖ 12.5.1942ന് മദ്രാസ് ഗവൺമെന്റിന്റെ പബ്ലിക് ഡിപ്പാർട്ട്‌മെന്റിൽനിന്ന് തിരുവനന്തപുരത്തെ ബ്രിട്ടീഷ് റസിഡന്റ് ജി പി മർഫിക്ക് അയച്ച ഔദ്യോഗികക്കുറിപ്പിൽ മദ്രാസ് ഗവൺമെന്റ് കേരളത്തിന്റെ ലെനിൻ പ്രത്യേക പതിപ്പ് പരിശോധിച്ചെന്നും ആ പ്രസിദ്ധീകരണത്തിനെതിരെ നിരോധനം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതില്ലെന്നും അറിയിക്കുന്നു.
ചുരുക്കത്തിൽ കേരളത്തിൽ 1920കൾക്കു ശേഷം വർധിച്ചുവരുന്ന കമ്യൂണിസ്റ്റ് സ്വാധീനവും റഷ്യയോടുള്ള അഭിനിവേശവും വ്യക്തമാക്കുന്നതാണ് കേരളം എന്ന പ്രസിദ്ധീകരണത്തിന്റെ ലെനിൻ പ്രത്യേക പതിപ്പ്.
വി എസ് കേരളീയൻ
കേരളീയന്റേത്. പത്രപ്രവർത്തനം നിരന്തരമായ തപസ്യയും ത്യാഗോജ്വലമായ സാമൂഹ്യസേവനത്തിനുള്ള ഉപാധിയുമായിരുന്നു കേരളീയന്. ആദ്യമായി അദ്ദേഹം ആരംഭിച്ച പത്രം വീരകേരളമായിരുന്നു. 1935-ൽ ശ്രീലങ്കയിൽനിന്നാണ് അത് പ്രസിദ്ധീകരിച്ചത്. അദ്ദേഹം ശ്രീലങ്ക വിട്ടപ്പോൾ അതിന്റെ പ്രസിദ്ധീകരണം അവസാനിച്ചു. 1942 മുതൽ വി എസ് കേരളീയൻ തന്റെ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റി. കോഴിക്കോട്ട് നിന്നാണ് അദ്ദേഹം കേരളം എന്ന പത്രം ആരംഭിച്ചത്. ഒരു മുക്കാൽ ആയിരുന്നു അതിന്റെ വില. കേരളം എന്നത് ആദ്യകാലങ്ങളിൽ ഒരു വാരികയായിരുന്നു. ഇത് പിന്നീട് ദിനപത്രമായി. കോഴിക്കോട് ലക്ഷ്മി വിലാസ് എന്ന സ്ഥലത്തുനിന്നാണ് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിക്കുന്ന പ്രസിന്റെ പേര് ദി കാലിക്കറ്റ് പ്രസ്. 3000 കോപ്പിയായിരുന്നു ഈ പത്രത്തിന്റെ / വാരികയുടെ സർക്കുലേഷൻ. 1940-ൽ കെ പി ആർ ഗോപാലനെ വധശിക്ഷയ്‌ക്ക് വിധിച്ചപ്പോഴും 1943-ൽ കയ്യൂർ സഖാക്കളെ കഴുമരത്തിലേറ്റിയപ്പോഴും 1948-ൽ ദേശാഭിമാനി പത്രം നിരോധിച്ചപ്പോഴും കേരളീയൻ ശക്തമായി ശബ്ദമുയർത്തി. കേരളം എന്ന പത്രത്തിനുശേഷം അദ്ദേഹം ആരംഭിച്ച പത്രമാണ് മണപ്പുറം ടൈംസ്.









0 comments