അഭിമുഖം

എഴുത്തുകാരന്‌ പരിവേഷങ്ങളില്ല

പി വി ഷാജികുമാർ

ലയാള സാഹിത്യത്തിൽ ശക്തമായ കഥകൾകൊണ്ട് സ്വന്തമായ ഇടം കണ്ടെത്തിയ എഴുത്തുകാരനാണ് പി വി ഷാജികുമാർ. പതിനാറ് മാസത്തിനുള്ളിൽ ആദ്യ നോവലായ ‘മരണവംശം’ ഇരുപത്തിനാലാം പതിപ്പ് ഇറങ്ങിയിരിക്കുന്നു. തലമുറകളായി കൈമാറിവരുന്ന പകയുടെയും പ്രതികാരത്തിന്റെയും കഥ വ്യത്യസ്‌തമായ ആഖ്യാനരീതിയിലൂടെയും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും എഴുതിയ നോവലിന്റെ ക്രാഫ്റ്റ് നമ്മെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു.

പ്രമേയത്തോട് അത്രമേൽ ആഴത്തിലുള്ള ആത്മാർഥതയും സ്‌നേഹവും വച്ചുപുലർത്തുന്ന ഷാജികുമാറിന്റെ രണ്ടാമത്തെ നോവലായ ‘തെറം’ പ്രസിദ്ധീകരിക്കുന്ന ഈ വേളയിൽ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

പി വി ഷാജികുമാർ        പി വി ഷാജികുമാർ

? 2024‐ൽ പുറത്തിറങ്ങിയ ഷാജിയുടെ ആദ്യനോവല്‍ ‘മരണവംശം’ ഒരു വർഷം പിന്നിടുമ്പോൾ, ഇരുപത്തിയഞ്ചാം പതിപ്പിലെത്തിയിരിക്കുകയാണല്ലോ. രണ്ടാമത്തെ നോവല്‍ "തെറം’ ദേശാഭിമാനി വാരികയിലൂടെ വായനക്കാരുടെ മുന്നിലേക്കെത്തുകയാണ്. ‘തെറ'ത്തിലുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ്.

= ‘മരണവംശം' ഇറങ്ങുന്നത് വരെ അത്രയധികം വായനക്കാരുള്ള എഴുത്തുകാരനായിരുന്നില്ല ഞാന്‍. എന്റെ കഥാസമാഹാരങ്ങള്‍ പരമാവധി നാലോ അഞ്ചോ പതിപ്പ് മാത്രമേ വിറ്റുപോകാറുള്ളൂ. 23‐ാം വയസിൽ ആദ്യ കഥാസമാഹാരം ഇറങ്ങിയതുമുതൽ ‘മരണവംശം' വരെ എനിക്ക് ചെറിയ, സ്ഥിരമായ ഒരു വായനാസമൂഹം ഉണ്ടായിരുന്നു. അവർ അങ്ങനെ ഫോൺ വിളിക്കുകയോ കത്തുകളയയ്‌ക്കുകയോ ഒന്നും ചെയ്‌തിരുന്നില്ല. ‘മരണവംശം' നോവല്‍ ഇറങ്ങുമ്പോഴും അങ്ങനെ തന്നെയാണ് പ്രതീക്ഷിച്ചത്. പക്ഷെ ‘മരണവംശം' വളരെയധികം വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. ആദ്യ പതിപ്പിൽ ഇറങ്ങിയ ആയിരം കോപ്പികൾ കേവലം ഒരാഴ്‌ചകൊണ്ടു വിറ്റുതീർന്നിരുന്നു. അതിന്‌ വായനക്കാരോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. ഈയൊരു തലത്തിലേക്ക് നോവലിനെ എടുത്തുയര്‍ത്തിയത് അവരാണ്.

വ്യക്തിപരമായി പറയുകയാണെങ്കില്‍ എന്റെയൊരു കഥയിറങ്ങുമ്പോഴോ നോവല്‍ വരുമ്പോഴോ ഞാനങ്ങനെ വലിയ പ്രതീക്ഷകളൊന്നും വച്ചുപുലര്‍ത്താറില്ല. യാതൊരുവിധ അവകാശവാദങ്ങളും ഉന്നയിക്കാറുമില്ല. പണ്ടേ ശീലിച്ചത് അങ്ങനെയാണ്. പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ കൃതി നല്ലതാണോ മോശമാണോയെന്ന് വായനക്കാരാണ്‌ തീരുമാനിക്കേണ്ടത്.

‘തെറ’ത്തിന്റെ കാര്യത്തിലും വ്യത്യാസമില്ല. ചിലപ്പോള്‍ വായനക്കാരുടെ അഭിരുചികളെ നോവല്‍ തൃപ്തിപ്പെടുത്തിയേക്കാം. ചിലപ്പോള്‍ അവരത് തള്ളിക്കളഞ്ഞേക്കാം. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ അമിതഭാരം ഒന്നുമില്ല. ഒരു കാര്യം പറയാം, ‘മരണവംശ'ത്തിലെന്നതുപോലെ ‘തെറ’ത്തിലും പ്രമേയത്തോട് അത്രമേല്‍ ആഴത്തിലുള്ള ആത്മാർഥതയും സ്‌നേഹവും ഞാന്‍ വച്ചുപുലര്‍ത്തിയിട്ടുണ്ട്.


? എന്തുകൊണ്ടാണ് ആദ്യ നോവലിന് ‘മരണവംശം’ എന്ന പേര് തെരഞ്ഞെടുത്തത്. ആ പേരിന് പിന്നിലെ കഥ എന്താണ്.

= നോവലിന് ആദ്യമുണ്ടായിരുന്നത് ‘മരണവംശം' എന്ന പേര് ആയിരുന്നില്ല, ‘റാക്ക്' എന്നായിരുന്നു. ചാരായം എന്നാണ് റാക്കിന്റെ അർഥം. "റാക്ക്’ എന്ന പേരിട്ടാണ് നോവൽ എഴുതിത്തുടങ്ങിയത്. പക്ഷേ എഴുത്ത് പുരോഗമിക്കവേ ‘റാക്ക്’ എന്ന പേര് നോവലിലെ പ്രമേയവുമായി ഒത്തുപോകാതെയായി. നോവല്‍ എഴുതിക്കഴിഞ്ഞ്, മൂന്നാമത്തെ ഡ്രാഫ്റ്റ് തിരുത്തിക്കൊണ്ടിരിക്കുമ്പോൾ ആദ്യം ‘റാക്ക്' എന്ന പേര് വെട്ടി. അങ്ങനെ പല പേരുകളും ഞാന്‍ നോക്കി. പക്ഷേ മനസ്സിന് ബോധിച്ച ഒരു തലക്കെട്ടും കിട്ടിയില്ല. അങ്ങനെയിരിക്കെ ഒരു രാത്രിയില്‍ പങ്കാളിയായ മനീഷയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, "എത്ര മരണങ്ങള്‍ ആണല്ലേ ഈ നോവലില്‍...’ എന്ന് സങ്കടത്തോടെ അവൾ പറഞ്ഞു. ആ നേരത്ത് അവളുടെ സംസാരം കേട്ട് നിലത്തുകിടന്ന് ചിത്രം വരയ്‌ക്കുന്ന മകൾ തലയുയര്‍ത്തി എന്നോട് പറയുകയാണ്: ‘‘അങ്ങനെയാണെങ്കില്‍ അച്ഛാ... അച്ഛന്റെ പുസ്‌തകത്തിന് മരണത്തിന്റെ പുസ്‌തകം എന്ന പേരിട്ടുകൂടെ..!'' ‘മരണത്തിന്റെ പുസ്‌തകം' എന്ന അവളുടെ ചോദ്യത്തില്‍ നിന്നാണ് ‘മരണവംശം’ എന്ന പേര് എന്റെ മനസ്സിലേക്ക് കടന്നുവരുന്നത്.

‘മരണവംശം’ മമ്മൂട്ടിക്ക്‌ സമ്മാനിക്കുന്നു‘മരണവംശം’ മമ്മൂട്ടിക്ക്‌ സമ്മാനിക്കുന്നു

? സദാചാരത്തിന്റെ വേലിക്കെട്ടില്‍ ഒതുങ്ങാതെ ജീവിതം കെട്ടിപ്പടുക്കുന്നവരാണ് ‘മരണവംശ’ത്തിലെ സ്‌ത്രീകള്‍ എന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് കുഞ്ഞമ്മാര്‍ എന്ന കഥാപാത്രം. അത്തരത്തിലുള്ള സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ എത്ര മാത്രം നിരീക്ഷണം (പഠനങ്ങള്‍) നടന്നിട്ടുണ്ട്. കഥാപാത്രങ്ങള്‍ യഥാർഥ ജീവിതാനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണോ.

= സദാചാരത്തിന്റെ വേലിക്കെട്ട് സെമിറ്റിക് മതങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ഒരു പരിപാടിയാണല്ലോ. സദാചാരത്തിന്റെ സ്‌നേഹവിരുദ്ധതയൊന്നും പഴയകാലത്ത് ഉണ്ടായിരുന്നില്ല എന്നാണ് അനുഭവതലത്തില്‍ ഞാന്‍ മനസ്സിലാക്കിയത്. ഞങ്ങളുടെയൊക്കെ നാട്ടില്‍ എന്റെ അമ്മമ്മയുടെ പ്രായത്തിലുള്ള സ്‌ത്രീകള്‍ സദാചാരത്തിന്റെ ചട്ടക്കൂടില്‍ ജീവിച്ചവരായിരുന്നില്ല. അവര്‍ക്കൊക്കെ ജീവിതമായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വെപ്രാളത്തില്‍ ഇത്തരത്തിലുള്ള സംഗതികള്‍ക്ക് അവരൊട്ടും പ്രാധാന്യം കൊടുത്തിരുന്നില്ല. വിവാഹമൊക്കെ അവര്‍ക്ക് ജീവിതം ഉന്തിക്കൊണ്ട് പോകവെ സംഭവിക്കുന്ന പരിപാടി മാത്രമായിരുന്നു. അത്തരത്തിലുള്ള സ്‌ത്രീകള്‍ ജീവിച്ചിരുന്ന ഒരു നാടായിരുന്നു എന്റേത്. എന്റെ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക ദേശങ്ങളിലും അത്തരത്തിലുള്ള ജീവിതപരിസരം ഉണ്ടായിട്ടുണ്ടാകും. അങ്ങനെയുള്ള സ്‌ത്രീകളുടെ അനുഭവലോകം സ്വാഭാവികമായിട്ടും ‘മരണവംശ’ത്തില്‍ കടന്നുവരുന്നുണ്ട്. കുഞ്ഞമ്മാറും വെള്ളച്ചിയും ജാനകിയുമൊക്കെ ഉണ്ടാവുന്നത് അങ്ങനെയാണ്.


? നോവലിനെ സ്വാധീനിച്ച എതെങ്കിലും പ്രത്യേക എഴുത്തുകാരോ പുസ്‌തകങ്ങളോ ഉണ്ടോ.

= മഹാഭാരതം ആയിരുന്നു ‘മരണവംശ’ത്തിന്റെ ഒരു റഫറന്‍സ്. മഹാഭാരതത്തിന്റെ ഒരു പ്രത്യേകത എന്നു പറഞ്ഞാല്‍ ഒരു പ്രധാന കഥ അതില്‍ പറയുന്നു, അതുമായി ബന്ധപ്പെട്ട ഒരുപാട് ഉപകഥകള്‍ കൂടെച്ചേരുന്നു. അതൊരു മാലയില്‍ മുത്തുകള്‍ കോര്‍ക്കുന്നത് പോലെ ഉപകഥകള്‍ വലിയ കഥയിലേക്ക് ചേര്‍ക്കപ്പെടുന്നു. ഒരു മുത്തുമാലയുടെ പ്രത്യേകത നോക്കുകയാണെങ്കില്‍ ഒരു മുത്തുമാലയില്‍ ഏതെങ്കിലും ഒരു മുത്ത് മോശമാണെങ്കില്‍ ആ മാല അത്ര ഭംഗിയായി തോന്നില്ല. അതുപോലെ ഒരു വലിയ കഥയില്‍ ഏതെങ്കിലും ഒരു ഉപകഥ പാളിപ്പോയാല്‍ അത് മൊത്തം ആ നോവലിനെ ബാധിക്കുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. മഹാഭാരതത്തില്‍ ഉപകഥകള്‍ വലിയ കഥയിലേക്ക് മനോഹരമായി ചേര്‍ത്തപ്പെട്ടത് പോലെ ‘മരണവംശ’ത്തിലും കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയാണ് ‘മരണവംശ’ത്തില്‍ ഉപകഥകളുടെ ഒരു വലിയ നിര ഉണ്ടാകുന്നത്.

‘തെറം' എന്ന പുതിയ നോവലിലും അത്തരത്തിലുള്ള കഥകളുണ്ട്. ‘മരണവംശ’ത്തില്‍ നിന്ന് വ്യത്യസ്‌തമായിട്ട് വേറൊരു വഴിയിലൂടെയാണ് അതിലെ കഥകള്‍ പോകുന്നത്.

ഇടത്തുനിന്ന്‌: വിനോയ്‌ തോമസ്‌, ദേവദാസ്‌ വി എം, ഉണ്ണി ആർ, പി വി ഷാജികുമാർ, ലാസർ ഷൈൻ,  ഫ്രാൻസിസ്‌ നൊറോണഇടത്തുനിന്ന്‌: വിനോയ്‌ തോമസ്‌, ദേവദാസ്‌ വി എം, ഉണ്ണി ആർ, പി വി ഷാജികുമാർ, ലാസർ ഷൈൻ, ഫ്രാൻസിസ്‌ നൊറോണ

? താങ്കളുടെ രചനകളില്‍നിന്ന് വായനക്കാര്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്ന പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണ്.

= അത്തരത്തിലുള്ള ആഗ്രഹങ്ങളൊന്നും എനിക്കില്ല. എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. അത് ഞാന്‍ എഴുതിവയ്‌ക്കുന്നു. അത് വായനക്കാര്‍ അവരുടെതായിട്ടുള്ള രീതിയില്‍ എടുക്കട്ടെ എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. ഒരു കഥയ്ക്ക് ഞാന്‍ ആലോചിച്ചുവച്ച ചിന്താവഴി ആയിരിക്കില്ല ഒരു വായനക്കാരന്‍ അല്ലെങ്കില്‍ ഒരു വായനക്കാരി വായിക്കുമ്പോള്‍ കിട്ടുന്നത്. അത് അവരുടെ ഇഷ്ടത്തിന് വിടുന്നതല്ലേ നല്ലത്? ഇപ്പോള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍’ വായിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന അനുഭൂതിതലമായിരിക്കില്ല നിങ്ങള്‍ വായിക്കുമ്പോള്‍ കിട്ടുക. അങ്ങനെ പലതരത്തിലുള്ള വായനകള്‍ ഏത് കൃതിയ്‌ക്കും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നു.

ഞാനെന്തെങ്കിലും എഴുതുമ്പോള്‍ മാറ്റിനിര്‍ത്തപ്പെട്ട, തമസ്‌കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ വേദനകളും വിചാരങ്ങളും പകര്‍ത്തണമെന്ന് ആഗ്രഹിക്കാറുണ്ട്. കീഴ്‌പ്പെടേണ്ടി വന്നവരോടുള്ള ഐക്യദാര്‍ഢ്യം മാത്രമല്ല, അത് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഇങ്ങനെയും ആളുകള്‍ ജീവിച്ചിരുന്നുവെന്നും ഇങ്ങനെയും ആളുകള്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നെന്നും ഇങ്ങനെയും ആളുകള്‍ അടിച്ചമര്‍ത്തിയിരുന്നുമെന്നുള്ള ഓര്‍മപ്പെടുത്തല്‍.


? എഴുത്ത് ശൈലിയെ ഏറ്റവും സ്വാധീനിച്ച ഘടകം.

= മനുഷ്യന്‍ സംസാരിക്കുന്നതുപോലെ എഴുതണമെന്നാണ് ആഗ്രഹം. അതില്‍ ദുര്‍ഗ്രാഹ്യങ്ങളായ കാര്യങ്ങള്‍ കൊണ്ടുവന്ന് ബുദ്ധിമുട്ടിക്കാതെ വായനക്കാരോട് നേരിട്ട് സംവദിക്കുന്ന രീതിയില്‍ ആയിരിക്കണം എഴുത്ത് വരേണ്ടതെന്ന് വിചാരിക്കാറുണ്ട്. ഒരു വായനക്കാരന്‍ എന്റെ രചനകള്‍ വായിച്ചുതുടങ്ങിയാല്‍ അവരെക്കൊണ്ട് അത് മുഴുവന്‍ വായിപ്പിക്കണം എന്നുള്ള ഒരു ആഗ്രഹം കൂടിയുണ്ട്.

? എഴുത്തുകാര്‍ സാംസ്‌കാരിക നായകരാണോ...

= മറ്റേതൊരു പ്രവൃത്തിയും പോലെ എഴുത്ത് ഒരു ജോലി മാത്രമാണ് എന്നാണ് ഞാൻ കരുതുന്നത്. എഴുത്തുകാര്‍ എഴുത്തുകാരുടെ പണിയെടുക്കുന്നു; കൃഷിക്കാരെ പോലെ, ഇലക്ട്രിക് പണി പോലെ, വൈദ്യവൃത്തിയില്‍ ഏര്‍പ്പെടുന്നത് പോലെ ഒരു ജോലി. അതിന് വേറെ തരത്തിലുള്ള വലിയ പരിവേഷം കൊടുക്കേണ്ട കാര്യമില്ല. എഴുത്തുകാരുടെ കൃതികൾ വായിച്ച് ഇഷ്ടമായാല്‍ റെസ്‌പെക്ടൊക്കെ തോന്നാം. എന്നാല്‍ അവരാണ് സമൂഹത്തിനെ മുമ്പോട്ട് നയിക്കുന്നത്, അവരാണ് സാംസ്‌കാരികനായകര്‍ എന്നുള്ള അഭിപ്രായം എനിക്കില്ല.


? ഇക്കാലത്തെ അസഹിഷ്‌ണുതയെയും വെറുപ്പ് രാഷ്‌ട്രീയത്തെയും എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെ കാണുന്നു. എഴുത്തുകാര്‍ സ്വന്തം രാഷ്‌ട്രീയം പറയുന്നതില്‍ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി താങ്കള്‍ കരുതുന്നുണ്ടോ.

= ഇതൊരു വല്ലാത്ത കാലമാണ്. എഴുത്ത് തുടങ്ങിയ കാലംമുതല്‍ ഇപ്പോൾവരെ നോക്കുമ്പോള്‍ ഇത്രമാത്രം കലാകാരന്മാരും എഴുത്തുകാരും ആക്രമിക്കപ്പെട്ട ഒരു കാലം വേറെ ഉണ്ടായിട്ടില്ല. ഗാന്ധിജിക്ക് നേരെ ഗോഡ്‌സേ തൊടുത്ത വെടിയുണ്ട ഇവിടെ ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്, പല ഭാവങ്ങളില്‍ പല രൂപങ്ങളില്‍. അങ്ങനെയൊരു കാലത്ത് ഒരു രാഷ്‌ട്രീയജീവി ആയിരിക്കുക എന്നുള്ളത് പ്രസക്തമായതും പ്രധാനപ്പെട്ടതുമായ കാര്യമാണ്. നേരിനൊപ്പം നിന്ന് അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെ നിന്നുകൊണ്ട് തന്റെ നിലപാട് പ്രഖ്യാപിക്കേണ്ടത് പൗരബോധമുള്ള ഏതു മനുഷ്യന്റെയും കടമയെന്നതുപോലെ എഴുത്തുകാരുടെയും കടമയാണന്ന് ഞാന്‍ വിചാരിക്കുന്നു. അത് പലരും ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്. അതുപക്ഷെ കഥയിലും നോവലിലും നിര്‍ബന്ധമായും കൊണ്ടുവരണമെന്നുള്ള അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. നമ്മുടെ രാഷ്‌ട്രീയം പറയുന്നതിനുള്ള ഒരു സ്‌പെയ്‌സ് അല്ല എഴുത്ത് എന്നുള്ളതാണ് എന്റെ വിചാരം.


? പക്ഷേ, പാരിസ്ഥിതിക വിഷയങ്ങൾ മുതൽ ഭരണകാര്യങ്ങളിൽ വരെ എഴുത്തുകാരുടെ അഭിപ്രായം തേടുന്ന സമൂഹമാണ് നമ്മുടേത്. കെ റെയിൽ പോലുള്ള വികസന സൂചികകളെ എങ്ങനെയാണ് നോക്കിക്കാണുന്നത്.

= കേരളത്തിന്റെ വടക്കെ അറ്റത്ത്, താരതമ്യേന കുറഞ്ഞ വികസനം അവകാശപ്പെടുന്ന കാസർകോട്‌ ജില്ലയിൽ ഉൾപ്പെടുന്ന ഒരു എഴുത്തുകാരൻ എന്ന നിലയിൽ കെ റെയിൽ പോലുള്ള പദ്ധതികളെ പിന്താങ്ങുന്ന ഒരാളാണ് ഞാൻ. വടക്കേ മലബാറുകാർക്ക് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ഒക്കെയുള്ള അവശ്യ യാത്രകൾ ദുരിതയാത്രകളാണ്. ട്രെയിനുകൾ വളരെ കുറവ്. നമുക്ക് വലിയ പണച്ചിലവ് ഇല്ലാതെ സമയലാഭത്തോടുകൂടി യാത്ര ചെയ്യാം എന്നത് ഇടയ്‌ക്കിടെ നാട്ടിലേക്കും തിരിച്ച് ജോലിസ്ഥലമായ എറണാകുളത്തേക്കും യാത്ര ചെയ്യുന്ന ഒരാൾ എന്നതിനാലും എനിക്ക് വളരെയേറെ സന്തോഷം തരുന്ന ഒന്നാണ്. വന്ദേഭാരത് വന്നപ്പോൾ ഉണ്ടായ മാറ്റം നോക്കൂ. ആർക്കാണിത്ര ധൃതി എന്ന് ചോദിച്ചാൽ എനിക്ക് ധൃതിയുണ്ട്, എന്റെ സമയത്തിന് വിലയുണ്ട് എന്ന് തന്നെയാണ്. അതുതന്നെയാണ് ഇങ്ങ് വടക്കേയറ്റത്ത് കിടക്കുന്ന സാധാരണ മനുഷ്യരും പറയുക എന്നാണ് എന്റെ വിശ്വാസം.


? ഒരു എഴുത്തുകാരനാകണമെന്ന് എപ്പോഴെങ്കിലും സ്വപ്‌നം കണ്ടിരുന്നോ.

= സ്‌കൂളിൽ പഠിക്കുമ്പോഴേ എഴുതണമെന്ന് ആഗ്രഹിച്ചിരുന്നു. എം ടിയുടെ കൃതികള്‍ ഒക്കെ വായിച്ച് അദ്ദേഹത്തോടുള്ള ആദരപൂർണമായ സ്‌നേഹത്തില്‍ നിന്നാണ് എഴുത്തുകാരന്‍ ആവുക എന്നുള്ള ഒരു ആഗ്രഹമുണ്ടാകുന്നത്. അത് വളര്‍ന്നതല്ലാതെ, തളര്‍ന്നിട്ടില്ല. കഥകളും നോവലുമൊക്കെ എഴുതി ജീവിക്കണമെന്ന സ്‌കൂളില്‍നിന്ന്‌ മുളച്ച ആഗ്രഹം ഇപ്പോഴും ഉള്ളിലുണ്ട്, അതുകൊണ്ട് ജീവിക്കാന്‍ കഴിയുന്നില്ലെങ്കിലും.

? ഒരുപാട് അവാർഡുകൾ നേടിയിട്ടുള്ള ആളല്ലേ, അതും വളരെ ചെറിയ പ്രായത്തിൽ തന്നെ. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ ഒക്കെ. അവാർഡുകളോടുള്ള സമീപനം എന്താണ്. പ്രത്യേകിച്ച് അടുത്ത് ചില അവാർഡ് വിവാദങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ.

= അവാർഡുകൾ തീർച്ചയായും സന്തോഷം നൽകുന്നവയാണ്. എഴുത്തിന്റെ ആദ്യ നാളുകളിൽ ലഭിക്കുന്ന അവാർഡുകൾ പ്രത്യേകിച്ചും. അന്നൊക്കെ നമ്മളെ വ്യക്തിപരമായി അറിയാത്ത, നമുക്ക് വ്യക്തിപരമായി അറിയാത്ത പുരസ്‌കാര നിർദേശ കമ്മിറ്റി പുസ്‌തകത്തെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾ പിന്നീടെന്നെങ്കിലും അറിയുമ്പോൾ ലഭിക്കുന്ന ഒരു സന്തോഷം ഉണ്ട്. പിന്നെ ഒരു പുസ്‌തകമിറങ്ങുമ്പോൾ എഴുത്തുകാർക്ക് ഉള്ള പ്രധാന സാമ്പത്തികനേട്ടവും ഇപ്പറഞ്ഞ അവാർഡുകൾ തരുന്നതാണ്. വിവാദങ്ങളിലൊന്നും പ്രതികരിക്കാൻ താൽപ്പര്യപ്പെടുന്നില്ല. പിന്നെ നമുക്ക് ഒരു അവാർഡ് ലഭിക്കുമ്പോൾ നമുക്ക് ഉള്ളിൽ സന്തോഷമുണ്ടോ, അഭിമാനമുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട ആളുകളെ പ്രീണിപ്പിച്ച് ഒപ്പിച്ചെടുക്കുന്ന അവാർഡുകൾ നമുക്ക് ആ സന്തോഷം തരില്ല. പിന്നെ അറിയാത്ത ദേശങ്ങളിലെ നമുക്ക് അപരിചിതരായ മനുഷ്യർ നമ്മുടെ പുസ്‌തകത്തെപ്പറ്റി പറയുന്ന നല്ല വാക്കുകളിലുമുപരി മറ്റൊരവാർഡും ഇല്ല. ബാക്കിയൊക്കെ പിഎസ്‌സി പരീക്ഷയിലെ ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ മാത്രം.

എം ടിയിൽ നിന്ന്‌ അവാർഡ്‌ സ്വീകരിക്കുന്നുഎം ടിയിൽ നിന്ന്‌ അവാർഡ്‌ സ്വീകരിക്കുന്നു

? ഡിജിറ്റല്‍ പ്രസിദ്ധീകരണത്തിന്റെയും സോഷ്യല്‍ മീഡിയയുടെയും യുഗത്തില്‍ കഴിവുള്ള ഒരു പാട് എഴുത്തുകാര്‍ പിന്തള്ളപ്പെടുന്നു എന്നുള്ള വിമര്‍ശനങ്ങള്‍ കാണുന്നു.

= സോഷ്യല്‍ മീഡിയ സാഹിത്യത്തെ കുറച്ചുകൂടി സജീവമാക്കുകയാണ് ചെയ്‌തത്. മുമ്പൊക്കെ നിരൂപകര്‍ എഴുതിയാലേ ഒരു കൃതി ശ്രദ്ധിക്കപ്പെടൂ എന്ന അവസ്ഥയുണ്ടായിരുന്നു. അന്ന് പല നിരൂപകരും എഴുതിയിരുന്നത് എഴുത്തുകാരനോടുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിന്റെ പേരിലാണ് പലരും കൃതികളെ പ്രോത്സാഹിപ്പിച്ചിരുന്നത്. അത് ഇല്ലാതായി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു കൃതി നല്ലതാണെങ്കില്‍ വായനക്കാര്‍ വായിക്കുന്നു. അവര്‍ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. അതല്ലെങ്കില്‍ മറ്റൊരു മീഡിയയിലൂടെ കമ്യൂണിക്കേറ്റ് ചെയ്യുന്നു. അങ്ങനെ ആ കൃതി ഒറ്റയില്‍നിന്ന് ഇരട്ടയിലേക്കും പലരിലേക്കുമെത്തുന്നു.

കണ്ടന്റിന് സവിശേഷതയുണ്ടെങ്കില്‍, കണ്ടന്റ് ഗംഭീരമായി പറഞ്ഞിട്ടുണ്ടെങ്കില്‍ ആ കൃതിയ്‌ക്ക്‌ വായനക്കാരുണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.


? എഴുത്തുജീവിതത്തില്‍ എഴുത്തുകാരുമായി സ്വന്തം കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ചര്‍ച്ച ചെയ്യാറുണ്ടോ.

= ഇപ്പോഴില്ല. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കഥ എഴുതിക്കഴിഞ്ഞാല്‍ ഞാന്‍ കഥാകൃത്തായ കെ വി അനൂപ് എന്ന അനൂപേട്ടന് അയച്ച് കൊടുക്കാറുണ്ടായിരുന്നു. അനൂപേട്ടന്റെ അകാലത്തിലുള്ള സങ്കടകരമായ വിയോഗത്തിന് ശേഷം പിന്നീടൊരിക്കലും കഥകള്‍ ഞാന്‍ എഴുത്തുകാരുമായി ചര്‍ച്ച ചെയ്തിട്ടില്ല. വേറൊരു കാര്യം എന്താണെന്ന് വച്ചാല്‍, ഒന്നാമത് എന്റെ കഥകള്‍ കൊടുക്കാനും അതിന്റെ അഭിപ്രായം കേള്‍ക്കാനും ചെറുതല്ലാത്ത നാണക്കേടുണ്ട്. ഏറെ അന്തര്‍മുഖനായിട്ടുള്ള ഒരാളാണ് ഞാന്‍. അത്രയൊന്നും സര്‍ഗാത്മകത ഉള്ള ഒരാളാണെന്ന വിശ്വാസമില്ലാത്തതുകൊണ്ട് എഴുത്തുകാര്‍ക്കോ മറ്റുള്ളവര്‍ക്കോ അയച്ചുകൊടുക്കാനുള്ള ആത്മധൈര്യവും അത്രയ്‌ക്കില്ല. എന്നാല്‍ എന്റെ എല്ലാ കഥകളും നോവലുകളും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആദ്യം വായിക്കുന്ന ഒരാളുണ്ട്, അത് മനീഷയാണ്. എന്റെ എഴുത്തിനെ വിമര്‍ശനാത്മകമായി സമീപിക്കുന്നതും സർഗാത്മകമായ നിർദേശങ്ങള്‍ നല്‍കുന്നതും അവളാണ്. അവളുടെ വിമര്‍ശനം കൂടിയാണ് എന്റെ എഴുത്തിന്റെ കരുത്ത്.


? അത്യുത്തര കേരളത്തിലെ പരിമിതമായ ചുറ്റുവട്ടത്തില്‍ നിന്ന് ആഗോള സാഹിത്യത്തിലേക്ക് വളരുന്ന ആരുറപ്പുള്ള തെങ്ങാണ് ഷാജികുമാറിന്റെ കഥകള്‍ എന്ന് സാഹിത്യകാരനും അധ്യാപകനുമായ ഡോ. എസ് എസ് ശ്രീകുമാര്‍ പറയുകയുണ്ടായി. ഈ നിരീക്ഷണത്തെ എങ്ങനെ കാണുന്നു.

= ശ്രീകുമാര്‍ സാര്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന നിരൂപകനും അധ്യാപകനുമാണ്. ‘വെള്ളരിപ്പാടം’ എന്ന എന്റെ രണ്ടാമത്തെ കഥാസമാഹാരം ഇറങ്ങിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് എന്നാണോര്‍മ. മാഷ് അങ്ങനെ അഭിപ്രായപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ട്. സർഗാത്മകതയുടെ ആഴമേറിയ എല്ലാ പ്രാദേശികമായ ആഖ്യാനങ്ങളിലും ഒരു സാർവലൗകികതയുണ്ട്. അത്തരത്തിലുള്ള കൃതികള്‍ എല്ലായിടത്തും വായിക്കപ്പെട്ടിട്ടുണ്ട്. മാര്‍കേസിന്റെ ‘ഏകാന്തതയുടെ 100 വര്‍ഷങ്ങ’ളായാലും ഗുന്തര്‍ഗ്രാസിന്റെ ‘തകരച്ചെണ്ട’ ആയാലും പ്രാദേശികമായിരിക്കുമ്പോള്‍ തന്നെ അത് ലോകത്തിലെ എല്ലാ തരത്തിലുള്ള വായനക്കാരെയും മാജിക് റിയലിസത്തിന്റെ മാന്ത്രികതയാല്‍ സ്‌പര്‍ശിക്കുന്നു.

അങ്ങനെയുള്ള അർഥത്തിലായിരിക്കും ശ്രീകുമാര്‍ സാര്‍ വിലയിരുത്തിയത്. ആ അഭിപ്രായത്തിന് ഞാന്‍ അര്‍ഹനാണോ എന്നറിയില്ല. എന്നാല്‍ ആ പറച്ചിലില്‍ എനിക്ക്‌ സന്തോഷമുണ്ട്.


? മറ്റ് എഴുത്തുകാരുമായി നിങ്ങള്‍ ചങ്ങാതിമാരാണ്. ഒരു മികച്ച എഴുത്തുകാരനാകാന്‍ അവര്‍ നിങ്ങളെ എങ്ങനെ സഹായിക്കുന്നു.

= എല്ലാവരുമായിട്ടും സൗഹൃദത്തില്‍ പോകാനാണ് ഞാന്‍ എപ്പോഴും വിചാരിക്കുന്നത്. ഒട്ടേറെ നല്ല സുഹൃത്തുക്കളുണ്ട്, അവരില്‍ എഴുത്തുകാരും ഉണ്ട്. എഴുത്തിന്റെ പരിമിതികള്‍ മനസ്സിലാക്കാനും എഴുത്തിന്റെ രീതിയില്‍നിന്ന് ചിലപ്പോഴൊക്കെ മാറിനടക്കാനും അത്തരം ഇടപെടലുകള്‍ സഹായകരമായിട്ടുണ്ട്.


? സാധാരണമെന്നു തോന്നാവുന്ന ജീവിതങ്ങളിലെ അസാധാരണ സന്ദര്‍ഭങ്ങളെ തൊട്ടുകാണിച്ച് വിസ്മയിപ്പിക്കുന്നു എഴുത്തിലൂടെ. വായനക്കാരെ വരികള്‍ക്കിടയില്‍ വായിക്കാന്‍ ക്ഷണിക്കുന്നു. എഴുത്തില്‍ എന്ത് തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

= എഴുത്തില്‍ തന്ത്രങ്ങള്‍ എടുത്തുപയറ്റാറില്ല. വ്യത്യസ്‌തമായ കഥകള്‍ പറയണമെന്നാണ് ആഗ്രഹം. ഞാന്‍ വായനക്കാരെ ബഹുമാനിക്കുന്നു. അവരുടെ സമയത്തെ ബഹുമാനിക്കുന്നു. അവര്‍ക്ക് ഒരു പ്രോഡക്റ്റ് കൊടുക്കുമ്പോള്‍ അത് അവരെ ഏതെങ്കിലും തരത്തില്‍ ഇഷ്ടപ്പെടുത്തണമെന്ന് ഞാന്‍ വിചാരിക്കുന്നു.

എല്ലാ തരത്തിലുള്ള വായനക്കാരും ഇഷ്ടപ്പെട്ട നോവലായിരുന്നു ‘മരണവംശം.’ അവരില്‍ ജഡ്ജി മുതല്‍ വാര്‍പ്പിന്‍പണിക്കും കൂലിപ്പണിക്കും പോകുന്ന സാധാരണക്കാര്‍ വരെയുണ്ട്. വയസ്സായ സ്‌ത്രീകളും നിരൂപകരും രാഷ്‌ട്രീയനേതാക്കളും പ്രവര്‍ത്തകരും അധ്യാപകരും ഒക്കെയുണ്ട്. അങ്ങനെ പലതരത്തിലുള്ള വായനക്കാരെ നോവല്‍ കൂട്ടിക്കൊണ്ടുപോയതില്‍ സന്തോഷമുണ്ട്. പല തട്ടിലുള്ള, പല തലത്തിലുള്ള ആളുകളുടെ അഭിരുചികളെ, അനുഭൂതികളെ കൂടെ നിര്‍ത്തുക എന്നുള്ള അഭിലാഷം നിറവേറപ്പെടുമ്പോള്‍ എഴുത്തിന് ഒരർഥമുണ്ടാവുന്നു.


? ഇന്നത്തെ സാമൂഹിക- രാഷ്‌ട്രീയ സാഹചര്യത്തില്‍ നോവലിന്റെ പ്രസക്തി മാറിയിട്ടുണ്ടെന്ന്, അല്ലെങ്കില്‍ കൂടുതല്‍ ആഴത്തിലായിട്ടുണ്ടെന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ.

= ഇത് നോവലിന്റെ കാലമാണ്. ഒരുപാട് നോവലുകള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്. എന്റെ ചെറുപ്പത്തിലോ കൗമാരത്തിലോ ഇത്രയും കൃതികള്‍ ഇറങ്ങിയിരുന്നില്ല. നോവലും ചെറുകഥയും ഓർമക്കുറിപ്പുകളും കവിതകളും അങ്ങനെ നിരവധി പുസ്‌തകങ്ങള്‍ പുറത്തുവരുന്നു. അത് സാഹിത്യത്തെ കുറച്ചുകൂടെ പുതിയ വഴികളിലേക്കും ചിന്തകളിലേക്കും നയിക്കുന്നുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് നോവലാണ്. പല കാലങ്ങളെ അടയാളപ്പെടുത്തുന്ന നല്ല നോവലുകള്‍ വന്നുകൊണ്ടിരിക്കുന്നു. അതിന് വായനാസമൂഹം ഏറുന്നു. അത് ചര്‍ച്ച ചെയ്യപ്പെടുന്നു.

? സാഹിത്യത്തെ ഏറെ ഗൗരവത്തോടെ കാണുന്ന ഒട്ടേറെ എഴുത്തുകാര്‍ പുതുകാലത്തുണ്ട്...

= കഥകളെയും നോവലുകളെയും പുതിയ വിതാനത്തിലേക്ക് പിടിച്ചുയര്‍ത്താനുള്ള, വരുത്താനുള്ള സർഗവൈഭവം അവര്‍ക്കുണ്ട്. ഷനോജ് ആര്‍ ചന്ദ്രന്‍, ശ്യാം കൃഷ്‌ണന്‍, മനോജ് വെള്ളനാട്, നിഷ അനില്‍കുമാര്‍, ഡി പി അഭിജിത്ത്, മൃദുല്‍ വി എം, ജിന്‍ഷ ഗംഗ, പുണ്യ സി ആര്‍, അര്‍ജുന്‍ രവീന്ദ്രന്‍, സലാം ഷെറീഫ്, കൃപ അമ്പാടി, ഹരികൃഷ്‌ണന്‍ തച്ചാടന്‍, അര്‍ജുന്‍ കെ വി, ഡിനു ജോര്‍ജ്, വി കെ സുധീര്‍കുമാര്‍, രഞ്ജു എം വി, ശ്രീശാന്ത്, ആര്‍ദ്ര... അങ്ങനെ കുറേപ്പേരുണ്ട്. കഥയെ അവര്‍ അവരുടേതായിട്ടുള്ള വഴികളിലൂടെ സമർഥമായി കൊണ്ടുപോവുന്നുമുണ്ട്.


? എഴുത്തുജീവിതത്തെക്കുറിച്ച് ഇപ്പോള്‍ എങ്ങനെ തിരിഞ്ഞുനോക്കുന്നു.

= ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ ആദ്യത്തെ കഥ വെളിച്ചംകാണുന്നത്. അത് നാട്ടിലെ വായനശാലയായ കീക്കാങ്കോട്ട് ഗ്രാമീണവായനശാലയിലെ മുഖം കയ്യെഴുത്തുമാസികയില്‍ വെളിച്ചപ്പെട്ടതായിരുന്നു. ‘പോക്കറ്റടിക്കാരന്‍’ എന്നായിരുന്നു കഥയുടെ പേര്. അതിന് പ്രചോദനമായത് വായനശാലയിലെ ലൈബ്രേറിയനായിരുന്ന മുരളിയേട്ടനായിരുന്നു. മുരളിയേട്ടന്‍ ഇന്നില്ല. അന്ന് ദേശാഭിമാനി വാരികയില്‍ ‘കുട്ടികളുടെ ലോകം’ എന്ന കുട്ടികളുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്ന പംക്തിയുണ്ടായിരുന്നു. അതില്‍ മുരളിയേട്ടന്റെ കഥകള്‍ വരുമായിരുന്നു. നാട്ടുകാരനായ ഒരാളുടെ കഥ വായിക്കുമ്പോള്‍ തോന്നിയ അത്ഭുതവും ആദരവുമായിരുന്നു ‘പോക്കറ്റടിക്കാര’നെന്ന കഥയെഴുത്തിലേക്ക് നയിച്ചത്. മുഖ്യധാരയിലെ ആനുകാലികത്തില്‍ ആദ്യമായി കഥ വരുന്നതും ദേശാഭിമാനി വാരികയിലായിരുന്നു‐ സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട് പത്രാധിപരായിരിക്കുമ്പോള്‍. ‘എങ്ങനെ നല്ല മനുഷ്യനാകാം’ എന്നായിരുന്നു കഥയുടെ പേര്.

ഇന്നിപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ കുറച്ചൂടെ എഴുതാമായിരുന്നു എന്ന് തോന്നുന്നു. എഴുതാന്‍ ഭയങ്കര മടിയാണ്. വെറുതെയിരിക്കാനാണ് സുഖം. കുറച്ച് കഥകള്‍ പറയാനുണ്ട്. മടിയൊക്കെ മാറ്റി ഇനിയെങ്കിലും നന്നാവണമെന്ന് തോന്നിയിട്ടുണ്ട്, അതിന് സാധ്യതയില്ലെങ്കിലും.

എഴുത്തുകാരനെന്ന നിലയില്‍ എന്നെപ്പറ്റി പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. കുറെ കഥകള്‍ എഴുതി. ഓര്‍മകള്‍ എഴുതി. ഒരു നോവല്‍ എഴുതി. കുറച്ച് സിനിമകള്‍ എഴുതി. ഇടയ്‌ക്കെപ്പോഴെങ്കിലും ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് ഏതെങ്കിലും വായനക്കാരന്‍, അല്ലെങ്കില്‍ വായനക്കാരി എന്റെ പുസ്‌തകവും വായിച്ച് സ്‌നേഹത്തോടെയൊന്ന് ഓര്‍ത്തെങ്കില്‍ സന്തോഷം .



deshabhimani section

Related News

View More
0 comments
Sort by

Home