അഭിമുഖം

നമ്മളെല്ലാവരും കഥകളാണ്

സി വി ബാലകൃഷ്‌ണൻ ഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമം

എഴുത്തിെന്റ ദീർഘവസന്തമാണ് മലയാളിക്ക് സി വി ബാലകൃഷ്‌ണൻ. എഴുത്തിലൂടെ കൈവരുന്ന യാഥാർഥ്യത്തിലല്ല, എഴുത്ത് എന്ന യാഥാർഥ്യത്തിലാണ് സി വിയ്‌ക്ക്‌ വിശ്വാസം. അറിയാൻ വേണ്ടിയല്ല വായന, വായനതന്നെയാണ് അറിവ് എന്ന ബോധം ഇതിെന്റ തുടർച്ചയാണ്. ലോകത്തെവിടെയും പുതുതായിറങ്ങുന്ന സാഹിത്യകൃതികളിൽ പലതും അധികം വൈകാതെ സി വിയുടെ വായനാമുറിയിലെത്തുന്നു. സാഹിത്യത്തിെന്റ മാറിമാറിവരുന്ന സങ്കേതങ്ങൾക്കും പരിചരണരീതികൾക്കുമപ്പുറം, പ്രമേയം സ്വയം വെളിപ്പെടാനായി കണ്ടെത്തുന്ന വഴിയിൽ സി വി സ്വന്തമെഴുത്തിനെ സ്വതന്ത്രമാക്കുന്നതും അതുകൊണ്ടാകാം. ഓർമകളും അനുഭവങ്ങളും കഥയായി മാറുന്നതിെന്റ രസതന്ത്രം സി വി ബാലകൃഷ്‌ണനിൽ പ്രവർത്തിക്കുന്നത് ആഹ്ലാദാദരങ്ങളോടെ മലയാളികൾ ഏറ്റെടുക്കുന്നു. സി വിയുടെ രചനകളുടെ വിപുലമായ സ്വീകാര്യത ഇതിെന്റ പ്രത്യക്ഷമാണ്. 1980‐കളുടെ ആദ്യം, മുപ്പതാം വയസ്സിൽ, സി വി എഴുതിയ ‘ആയുസ്സിെന്റ പുസ്‌തകം' മലയാളനോവലിൽ സൃഷ്ടിച്ച ഭാവുകത്വപരമായ വിച്ഛേദം ചെറുതായിരുന്നില്ല. അന്നുമുതലിന്നോളം നമ്മുടെ സാഹിത്യത്തിെന്റ കേന്ദ്രത്തിൽ സി വി ബാലകൃഷ്‌ണനുണ്ട്,- ജീവിതത്തിെന്റ ആഴവും അർഥവും സങ്കീർണതയുമനുഭവിപ്പിക്കുന്ന നോവലുകളിലൂടെയും ചെറുകഥകളിലൂടെയും നിരവധിയായ മറ്റെഴുത്തുകളിലൂടെയും...





സി വി ബാലകൃഷ്‌ണൻ ഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമം സി വി ബാലകൃഷ്‌ണൻ ഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമം എതിർദിശ സുരേഷ്: നമ്മുടെ ഭാഷയിലെ ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളാണ് താങ്കൾ. ‘ആയുസ്സിന്റെ പുസ്‌തക'വും ‘ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങ'ളും ‘അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴിക'ളും ‘ദിശ'യുമുൾപ്പെടെ എത്രയോ നോവലുകൾ, നാല്‌ പതിറ്റാണ്ടുമുമ്പിറങ്ങിയ ‘ഭൂമിയെപ്പറ്റി അധികം പറയേണ്ട' എന്ന ആദ്യകഥാസമാഹാരം മുതലിങ്ങോട്ട് ധാരാളം ചെറുകഥാഗ്രന്ഥങ്ങൾ, നോവലെറ്റുകൾ, യാത്രാവിവരണങ്ങൾ, ചലച്ചിത്രപഠനങ്ങൾ, ആത്മകഥാപരമായ ആഖ്യാനങ്ങൾ, സിനിമാ തിരക്കഥകൾ തുടങ്ങി അതിവിപുലമാണ് താങ്കളുടെ രചനാലോകം. അഭിമുഖങ്ങളിലൂടെയും മലയാളി താങ്കളെ ആഘോഷിക്കാറുണ്ട്.

ചെറുകഥ എന്ന സാഹിത്യഗണത്തെ പൊതുവെയും ചെറുകഥകളെ സവിശേഷമായും മനസ്സിൽ വച്ചുകൊണ്ട് താങ്കളുമായി സംസാരിക്കാമെന്നാണ് ഇപ്പോൾ ഞാൻ വിചാരിക്കുന്നത്‌. അടുത്തിരുന്ന്, പതിഞ്ഞ ശബ്ദത്തിൽ, ഭാവാത്മകമായി ഒരാൾ കഥ പറഞ്ഞുതരുന്നതുപോലെയാണ് സി വിയുടെ പല കഥകളും വായിക്കുമ്പോൾ അനുഭവപ്പെടുക. Intimacy തോന്നുന്ന അവതരണം. അസാമാന്യവിനിമയശേഷിയുള്ള ലാളിത്യം എന്നു പറയാം. എന്താണ്, സി വി ബാലകൃഷ്ണന്, കഥ?

സി വി ബാലകൃഷ്‌ണൻ: ജീവിക്കാനുള്ള ഉപാധിയാണ് കഥ എന്നാണ് അമേരിക്കൻ എഴുത്തുകാരി ജോവാൻ ഡിഡിയൻ പറഞ്ഞത്. We tell ourselves stories in order to live എന്നാണ് അവർ പറയുന്നത്. നാം നമ്മോടുതന്നെ കഥപറയുന്നത് ജീവിക്കുന്നതിനുവേണ്ടിയാണ്. അവർ വലിയ കഥയെഴുത്തുകാരിയൊന്നുമല്ല. പക്ഷേ, ജീവിതത്തെക്കുറിച്ച് ധാരാളം പുസ്‌തകങ്ങൾ അവരെഴുതിയിട്ടുണ്ട്. ഇങ്ങനെ ചിലർ ചിലത് പറഞ്ഞുകേൾക്കുമ്പോൾ സ്വാഭാവികമായും നമുക്കുതോന്നും, ഇത് നമ്മുടെ ജീവിതവുമായി ബന്ധമുള്ളതാണല്ലോ എന്ന്. അങ്ങനെ നോക്കിയാൽ, ഏറ്റവും ചെറിയ പ്രായംതൊട്ടേ കഥ എന്റെ കൂടെയുണ്ട്. കഥ കേൾക്കാനുള്ള കൗതുകം എപ്പോഴുമുണ്ടായിരുന്നു. ദേശാടനക്കാരായ ധാരാളം യാചകർ പഴയകാലത്ത് നമ്മുടെ വീട്ടിലേക്ക് വരും. വലിയ പൊക്കണമൊക്കെ തൂക്കി വരുന്നവർ. പൊക്കണം നിറയെ അരിയായിരിക്കും. പരദേശികൾ എന്നാണ് അവരെ വിളിച്ചിരുന്നത്. അവർ വന്ന് നമ്മുടെ ചാണകം മെഴുകിയ ഇറയത്തിരുന്ന് കഥകൾ പറയും.

ഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമംഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമം

? സി വി അതിനെക്കുറിച്ച് മുമ്പെഴുതിയിരുന്നു.

= അതെ, എഴുതിയിരുന്നു. അവർ അമ്മയോടും അമ്മയുടെ അമ്മയോടുമൊക്കെയായിരുന്നു കഥകൾ പറഞ്ഞിരുന്നത്. ഞാൻ അവിടെ കേൾവിക്കാരൻ മാത്രമായിരുന്നു. മാടായിക്കാവിൽ പോയപ്പോൾ അവിടെ ഇങ്ങനെയുണ്ടായിരുന്നു, പറശ്ശിനിക്കടവിൽ പോയപ്പോൾ അവിടെ ഒരാളെ കണ്ടു എന്ന രീതിയിലായിരുന്നു അവരുട കഥപറച്ചിൽ. അങ്ങനെ, ഈ ജീവിതമെന്നു പറയുന്നതുതന്നെ ഒരുപാട് കഥകൾ ചേർന്നതാണ് എന്ന തോന്നൽ കുട്ടിക്കാലത്തുതന്നെ എനിക്കുണ്ടായിരുന്നു.

പിന്നീട് കഥകൾ വായിക്കാൻ തുടങ്ങി. സ്വന്തം അനുഭവത്തിൽനിന്നുള്ള കഥയാണ് ഞാൻ ആദ്യം എഴുതിയതെങ്കിലും, വായിച്ചുതുടങ്ങിയത് അത്തരം കഥകളല്ല. പഴയ ഭാരതീയ ആഖ്യാനപാരമ്പര്യമുണ്ടല്ലോ... - കഥാസരിത് സാഗരം, ദശകുമാരചരിതം, വിക്രമാദിത്യകഥകൾ...- ഇങ്ങനെയുള്ള കഥകളിലാണ് ആദ്യം കൗതുകം തോന്നിയത്. പിന്നെ പഴയ രാജാക്കന്മാരുടെ കഥകൾ...


? സംഭവബഹുലമായ കഥകൾ.

= അതെ, കുറച്ച് മാന്ത്രികതയൊക്കെയുള്ള കഥകൾ. വേഷം മാറുന്നു, ആള് മാറുന്നു, നിഗൂഢമായ എന്തെങ്കിലും രഹസ്യം വെളിപ്പെടുന്നു... അങ്ങനെയൊക്കെയുള്ള കഥകളായിരുന്നു. പക്ഷേ, ജീവിതഗന്ധിയായ, സ്വന്തം അനുഭവത്തിലുള്ള, കഥയാണ് ആദ്യം എഴുതിയത്. അതിന്റെ യാദൃച്ഛികത, അല്ലെങ്കിൽ ആകസ്മികത എന്നു പറയുന്നത് എം ടി വാസുദേവൻ നായരെപ്പോലെ എന്റെയും ആദ്യത്തെ കഥ വിഷുവിനെക്കുറിച്ചുള്ളതാണ് എന്നതാണ്. എം ടിയുടെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ ‘ഒരു വിഷുക്കൈനീട്ടം' എന്നതാണല്ലോ. എന്റെ ആദ്യത്ത കഥയും വിഷുവിനെക്കുറിച്ചാണ്. എം ടി എഴുതിയ കഥകളൊന്നും ഞാൻ അക്കാലത്ത്‌ വായിച്ചിട്ടുപോലുമില്ല. ഞാനന്ന് ഏഴിലോ മറ്റോ പഠിക്കുകയാണ്. വിഷുവിന്റെ അനുഭവംവച്ച് എം ടി ‘ഒരു പിറന്നാളിന്റെ ഓർമയ്‌ക്ക്‌' പോലുള്ള ചില കഥകൾ എഴുതുന്നു, വിഷുവിനെക്കുറിച്ചുതന്നെ ഒരു കഥ ഞാനും എഴുതുന്നു.


? മലബാറിലെ ആളുകൾക്ക് പൊതുവായി അത്തരം അനുഭവങ്ങളുണ്ടാവുമല്ലോ.

= അതെ. എന്റെ ബാല്യകാലാനുഭവങ്ങളൊന്നും പിന്നീട് ഞാൻ കഥയ്‌ക്ക്‌ ആധാരമാക്കിയിട്ടില്ല. ആദ്യത്തെ ഒരു കഥ മാത്രമാണ് അങ്ങനെ വന്നത്.

? പിന്നീട് ‘പരൽമീൻ നീന്തുന്ന പാട'ത്തിലൊക്കെ വന്നു...

= അതെ, അതിൽ പറഞ്ഞു. അതിലാണ് ആകെ പറഞ്ഞത്. പക്ഷേ കഥകൾ ജീവിതത്തിലെ സത്യങ്ങളാണെന്നും അത് വിനോദത്തിനുവേണ്ടിയുള്ളതല്ല എന്നുമുള്ള കാഴ്‌ചപ്പാട് ആദ്യം മുതലേയുണ്ടായിരുന്നു.

? ‘കഥാസരിത് സാഗരം’ പോലെ സംഭവബഹുലമായ, ഒടുവിൽ ചില രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന, ആഖ്യാനങ്ങളിലായിരുന്നു ആദ്യം താൽപ്പര്യമുണ്ടായത് എന്നു പറഞ്ഞല്ലോ. എന്നാൽ, താങ്കളുടെ കഥകൾ വായിച്ചാൽ അങ്ങനെയല്ല തോന്നുക. സി വിയുടെ കഥകളിൽ ഒടുവിൽ വിശേഷിച്ചെന്തെങ്കിലും സംഭവിക്കുകയോ അപ്രതീക്ഷിതമായി ചിലത് വെളിപ്പെടുകയോ ചെയ്യുന്നില്ല.

= ഈ നിരീക്ഷണം ശരിയാണ്. നമ്മൾ ജീവിതത്തിനെ രേഖപ്പെടുത്തുകയാണ് കഥയിലൂടെ ചെയ്യുന്നത്. ജീവിതത്തിന്റെ കാഴ്‌ചകൾ അവതരിപ്പിക്കുകയാണ്. ജീവിതമിങ്ങനെ പരന്നുകിടക്കുന്നു. അതിൽ നമ്മുടെ ജീവിതത്തിനെ, നമ്മുടെ മനസ്സിനെ, സ്‌പർശിക്കുന്ന ഏതെങ്കിലുമൊരു നിമിഷമുണ്ടായാൽ മതി. അത് നമ്മുടെ കൈപ്പിടിയിലൊതുങ്ങുമ്പോഴാണ് ഒരു കഥയായി മാറുന്നത്. അത് നമ്മുടെതന്നെ യാഥാർഥ്യങ്ങളെ അധികരിച്ചാവാം, നമ്മുടെ പരിചയത്തിലുള്ള എന്തെങ്കിലുമാവാം, അയൽപ്പക്കത്ത് നടന്നതാവാം, പറഞ്ഞുകേട്ടതാവാം അതിനെയൊക്കെ രേഖപ്പെടുത്തുകയാണ് കഥകളിലൂടെ. കഥകൾ എന്നാൽ, ഞാൻ വിശ്വസിക്കുന്നത്, ജീവിതരേഖകളാണ് എന്നുതന്നെയാണ്.

ബുക്ക്‌

? വായനക്കാർ ഏറ്റെടുത്ത ധാരാളം കഥകളുണ്ട് സി വിയുടേതായി. കുളിര്, മാതളനാരകങ്ങൾ ഇപ്പോഴും പൂക്കാറുണ്ട്, കളിപ്പാട്ടങ്ങൾ എവിടെ സൂക്ഷിക്കും, ഇമ്മാനുവൽ വിളിച്ചതിനുശേഷം, മക്കൾ, ശൈത്യം തുടങ്ങി നിരവധി രചനകൾ. നിരൂപകർ വളരെയധികം പ്രശംസിച്ച കഥകൾ ഉണ്ട്. എന്നാൽ, അത്തരത്തിലല്ലാത്തവയും ഉണ്ട്. ഉദാഹരണമായി, ഇ പി രാജഗോപാലൻ ‘ഉൾക്കഥ' എന്ന പംക്തിയിൽ വായിക്കാനെടുത്ത ‘ഒരു ചുഴലിക്കാറ്റിന്റെ വരവ്' അധികം ശ്രദ്ധിക്കപ്പെട്ട കഥയല്ല. വ്യക്തിഘടനയിലൊളിഞ്ഞുകിടക്കുന്ന ഫാസിസത്തിന്റെ അടയാളങ്ങളെ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കുന്നുണ്ട് ആ കഥ എന്ന് മലയാളിക്ക് മനസ്സിലായത് രാജഗോപാലന്റെ നിരൂപണം വായിച്ചപ്പോഴായിരിക്കാം. ഇതൊക്കെ മനസ്സിൽ വച്ചുകൊണ്ട് ചോദിക്കട്ടെ, തന്റെ മികച്ച കഥകളിൽ ചിലത് വായനക്കാർ ശ്രദ്ധിക്കാതെപോയി എന്ന് താങ്കൾക്കു തോന്നിയിട്ടുണ്ടോ. പൊതുവെ മലയാളിയുടെ കഥാവായനയെക്കുറിച്ച് എന്തു പറയുന്നു.

= എല്ലാ കഥകളും ഒരുപോലെ ശ്രദ്ധിക്കപ്പെടണമെന്നില്ല. എം ടിയുടെ ശ്രദ്ധിക്കപ്പെടാത്ത എത്രയോ കഥകളില്ലേ? ധാരാളം വായിക്കപ്പെട്ട എത്രയോ കഥകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. - ഷെർലക്, ഒരു പിറന്നാളിന്റെ ഓർമയ്‌ക്ക്‌, കുട്ട്യേടത്തി എന്നിങ്ങനെ. പക്ഷേ, എം ടിയുടെ ചെറുകഥാ സമാഹാരങ്ങൾ നോക്കിയാൽ അവയിൽ തീരെ വായിക്കപ്പെടാത്ത കഥകളും കാണാം. എം ടി തന്നെ ഒരിക്കലെഴുതിയിട്ടുണ്ട്, എന്റെ ‘ഹോരാ' എന്ന കഥ ആർക്കും മനസ്സിലായില്ല എന്ന്. അദ്ദേഹം ജ്യോതിഷം, ഹോരാശാസ്‌ത്രം, വച്ചാണ് ആ കഥ എഴുതിയിരിക്കുന്നത്. പക്ഷേ, ആ രീതിയിൽ അത് സ്വീകരിക്കപ്പെട്ടില്ല. അങ്ങനെ സംഭവിക്കാം. അതേസമയം, ‘ഉറങ്ങാൻ വയ്യ' എന്ന എന്റെ കഥ വ്യാപകമായി വായിക്കപ്പെട്ടു.


? ആ കഥ ഇന്നലെ ഞാൻ വീണ്ടും വായിച്ചു. അതിലെ ആദ്യവരികളെല്ലാം പണ്ടേ മനസ്സിൽ പതിഞ്ഞതാണ്.

"പോകൂ, പോകൂ - അയാൾ പക്ഷികളോടു പറഞ്ഞു.

അയാളുടെ ഉറക്കത്തിലെങ്ങും പക്ഷികളായിരുന്നു. അവയുടെ ചിറകടികൾ കേട്ട് അയാൾക്ക് ഉറങ്ങാൻ വയ്യാതായി. അയാൾ അവയെ ശപിച്ചുകൊണ്ട് എണീറ്റിരുന്നു. മുടിഞ്ഞ പക്ഷികൾ. അവ ഈ വയസ്സന്റെ ഉറക്കത്തിൽ വന്നു നിറയുന്നതെന്തിന്?’

ഇപ്പോഴും ഫ്രഷാണ് ആ കഥ.

= സത്യത്തിൽ അത് പഴയ കഥയാണ്. ‘ആയുസ്സിന്റെ പുസ്‌തകം' എഴുതുന്നതിനുമുമ്പാണ് അതെഴുതിയത്; 1982ൽ. മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ എം ടിയുള്ളപ്പോഴാണ് രണ്ടു ലക്കങ്ങളിലായി അത് പ്രസിദ്ധീകരിക്കുന്നത്. അതിനുമുമ്പേ എന്റെ ‘നിഴൽക്കാഴ്‌ചകൾ', ‘കളിപ്പാട്ടങ്ങൾ എവിടെ സൂക്ഷിക്കും?' ‘ആരോടും യാത്ര പറയാതെ' തുടങ്ങി നാലോ അഞ്ചോ കഥകൾ എം ടിയുള്ളപ്പോൾ മാതൃഭൂമിയിൽ വരുന്നുണ്ട്. ആ സമയത്താണ് ‘ഉറങ്ങാൻ വയ്യ' എന്ന കഥയും വരുന്നത്. ഒറ്റയിരിപ്പിനെഴുതിയ കഥയാണത്. എഴുതിയപ്പോൾ അത്രയും വലുപ്പം വന്നു. പിന്നീട് അത്ര വലിയ കഥ ഞാനെഴുതിയിട്ടില്ല.

സി വി ബാലകൃഷ്‌ണനും എതിർദിശ സുരേഷും അഭിമുഖത്തിനിടെ            ഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമംസി വി ബാലകൃഷ്‌ണനും എതിർദിശ സുരേഷും അഭിമുഖത്തിനിടെ ഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമം

? അതെ, താരതമ്യേന വലിയ കഥയാണത്. എങ്കിലും, നന്നായി വായിക്കപ്പെട്ടു.

= നന്നായി വായിക്കപ്പെട്ടു. കെ ജി ജോർജ് ആദ്യം ഞാനുമായി ബന്ധപ്പെടുന്നത് ആ കഥ വായിച്ചിട്ടാണ്. ‘ആയുസ്സിന്റെ പുസ്‌തകം' അന്ന് അദ്ദേഹം വായിച്ചിരുന്നില്ല. എന്റെ പശ്ചാത്തലമൊന്നും അദ്ദേഹത്തിനറിയില്ല. ഞാൻ ഫിലിം സൊസൈറ്റിയുടെ ആളാണ്, ഫെസ്റ്റിവൽ കവർ ചെയ്യാൻ പോകുന്ന ആളാണ്, ലോകസിനിമയൊക്കെ കണ്ട ആളാണ് എന്നൊന്നും അദ്ദേഹത്തിനറിയില്ല. പക്ഷേ, ഈ കഥ വായിച്ചപ്പോൾ, സിനിമ അറിയുന്ന ഒരാളാണ് ഇതെഴുതിയതെന്ന് അദ്ദേഹത്തിനു മനസ്സിലായി. അതെനിക്ക് വലിയൊരു ബഹുമതിയായിത്തോന്നി.

ഇക്കാര്യം പിന്നീട് ഞാൻ ഗ്രന്ഥാലോകത്തിൽ എഴുതിയിട്ടുണ്ട്. ഈ കഥയെഴുതുന്ന കാലത്ത് ഞാൻ ലോകത്തിലെ മികച്ച സിനിമകൾ പലതും കണ്ടിട്ടുണ്ട്. യൂറോപ്യൻ സിനിമയും റഷ്യൻ സിനിമയുമൊക്കെ ഏതാണ്ട് പൂർണമായി എനിക്കറിയാമായിരുന്നു. ബർഗ്‌മാന്റെ സിനിമ, ഗൊദാർദിന്റെ സിനിമ ഒക്കെ എനിക്കറിയാം. അങ്ങനെയൊരാൾ എഴുതുമ്പോൾ സ്വാഭാവികമായും ഇത്തരം ചലച്ചിത്രങ്ങളുടെ രചനാരീതി കഥകളിൽ വന്നിട്ടുണ്ടാവും. അതുള്ളതാണ്, എന്റെ മനസ്സിൽ അതുണ്ട്. കഥയെഴുത്തിന്റെ വഴിയിലുള്ള ആരെയും ഞാൻ പിന്തുടരാൻ ശ്രമിച്ചിട്ടില്ല. സിനിമയുടെ സൗന്ദര്യശാസ്‌ത്രം കഥയുമായി ചേർത്തു എന്നതാണ് എന്റെയൊരു സവിശേഷതയായി ഞാൻ സ്വയം കാണുന്നത്. അതുകൊണ്ട്, ഈ കഥകൾ മറ്റുള്ളവരെ ആകർഷിക്കുന്നുണ്ടോ എന്നത് എന്റെ വിഷയമേയല്ല. എനിക്കത് തൃപ്തി തരുന്നുണ്ടോ എന്നതാണ് പ്രധാനം.


? തീർച്ചയായും വിഷ്വൽസാണ് സി വിയുടെ നറേറ്റീവ് ടെക്‌നിക്കിന്‌ അടിസ്ഥാനം. അതുകൊണ്ട് ചോദിക്കുകയാണ്, സി വി എഴുതിത്തുടങ്ങിയ കാലത്തുണ്ടായിരുന്നതിനേക്കാൾ എത്രയോ അധികമാണ് ഇന്ന് കാഴ്‌ചകളുടെ സ്വാധീനം. എല്ലാം കാഴ്‌ചകളായി മാറിയിരിക്കുന്നു. കാഴ്‌ചകളുടെ പ്രളയത്തിനകത്താണ് പുതിയ മനുഷ്യർ എന്നുപോലും പറയാം. വിഷ്വൽസിന്റെ പെരുപ്പത്തിന്റെ ഇക്കാലത്ത് കഥയെഴുത്ത് എന്തായിത്തീരുന്നു എന്നാണ് താങ്കളുടെ അനുഭവം.

= ഇപ്പോഴത്തെ കഥകൾ വളരെ സ്ഥൂലവും ദീർഘവുമാണ്. വിഷ്വൽസിന് ഉണ്ടായിരിക്കേണ്ട ഒരുതരം സൂക്ഷ്മത ഈ കഥകളിൽ വരുന്നില്ല. കണ്ടമാനം ഇങ്ങനെ പരത്തിപ്പരത്തി പറയുകയാണിപ്പോൾ. കാഴ്‌ചകളുടെ ഒരു സമൃദ്ധിയുണ്ടല്ലോ ഇപ്പോൾ, റീൽസുകളുൾപ്പെടെ. കൃത്യമായി നമുക്കതിനെ വ്യവച്ഛേദിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ കഥകൾ വല്ലാതെ പരന്നുപോവുകയും കാഴ്‌ച മാത്രമായി മാറുകയും ചെയ്യും. നമ്മൾ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ, സിനിമയായാൽത്തന്നെ, അനാവശ്യമായ ഒരു ഷോട്ട് അതിനകത്തുണ്ടാവാൻ പാടില്ല. ഒരു ക്ലോസ് ഷോട്ട് നമ്മളെപ്പോഴാണ് സിനിമയിൽ ഉപയോഗിക്കുന്നത്? കുറെ ഷോട്ടിന്റെയിടയിൽ വെറുതെ ഒരു ക്ലോസ് ഷോട്ട് പറ്റില്ല. അത് സിനിമയുടെ ഗ്രാമറിന് നിരക്കാത്തതാണ്. ഇതേപോലെ, കഥയെഴുതുമ്പോൾ, എവിടെയാണ് പെട്ടെന്ന് നമ്മൾ കൂടുതൽ ഫോക്കസ് ചെയ്യേണ്ടതെന്നറിയണം. ഉദാഹരണത്തിന്, "അവളുടെ കണ്ണുകൾ പിടഞ്ഞു’ ‐ അതൊരു ഷോട്ടാണ്. അത് ബോധപൂർവം എഴുതുന്നതാണ്. അതുകഴിഞ്ഞിട്ട് നമ്മൾ പറയുന്നു, കണ്ണുകൾ എന്തുകൊണ്ട് പിടഞ്ഞു എന്ന്. അപ്പോൾ നമ്മൾ കംപ്ലീറ്റ് ഷോട്ടിലേക്കാണ് പോകുന്നത്.

ബുക്ക്‌

?കാഴ്‌ചകൾ ലോകത്തെ നിയന്ത്രിക്കുന്ന പുതിയകാലത്ത് കഥയെ വിഷ്വലായി അവതരിപ്പിക്കുന്ന രീതി മുൻകാലത്തിലേതിനേക്കാൾ കൂടുതലായി സ്വീകരിക്കപ്പെടുന്നു എന്ന് തോന്നുന്നുണ്ടോ.

= ഞാൻ മുമ്പേ ഇങ്ങനെത്തന്നെയാണെഴുതുന്നത് എന്നു പറഞ്ഞല്ലോ. പുതിയ കഥയുടെ രീതിശാസ്‌ത്രം എനിക്കത്ര നിശ്ചയമില്ല. പ്രൈമറി സ്‌കൂൾ കാലം തൊട്ടേ ഞാൻ കഥയെഴുതുന്നുണ്ട്, ആറാം ക്ലാസ്, ഏഴാം ക്ലാസ് തൊട്ട്. അമ്പതിലധികം കൊല്ലമായി കഥകളെഴുതുന്നു. അന്നുതൊട്ടിന്നുവരെ ഒരു ശിൽപ്പബോധമുണ്ട്. അത് നവീകരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.


? ഒരേസമയം അഞ്ചു തലമുറയെങ്കിലും പ്രവർത്തിക്കുന്ന മണ്ഡലമാണ് മലയാള ചെറുകഥ. ടി പത്മനാഭൻ എഴുതുന്നു, മുകുന്ദനും സാറാ ജോസഫും എഴുതുന്നു, അശോകൻ ചരുവിലും ഗ്രേസിയും എഴുതുന്നു, സുഭാഷ് ചന്ദ്രനും കെ രേഖയും എഴുതുന്നു, ഷാജികുമാറും സിതാരയും എഴുതുന്നു, വി എം മൃദുൽ എഴുതുന്നു. രചനകളുടെ ഭൗതികാർഥത്തിലെങ്കിലുമുള്ള ഈ സമൃദ്ധി സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ടോ. ഭാവുകത്വപരമായ വലിയൊരു വിച്ഛേദം, ആഹ്ലാദകരമായ കുതിപ്പ്, പുതിയ കഥകളിൽ അനുഭവപ്പെടുന്നുണ്ടോ. സ്വന്തം കഥയെ ഇവയ്‌ക്കിടയിൽ എവിടെയാണ് സ്വയം സ്ഥാനപ്പെടുത്തുന്നത്.

= ഞാൻ കഥയെഴുതാൻ തുടങ്ങുമ്പോൾ നമ്മുടെ ഭാഷയിലെ വലിയ എഴുത്തുകാരെല്ലാവരും എഴുതുന്നുണ്ട്. തകഴി, ബഷീർ, കേശവദേവ്, എസ് കെ പൊറ്റെക്കാട്, ലളിതാംബിക അന്തർജനം, പിന്നെ മാധവിക്കുട്ടി, എം ടി, പത്മനാഭൻ, കോവിലൻ, പാറപ്പുറത്ത് തുടങ്ങിയവരൊക്കെ എഴുതുന്ന കാലമാണ്. അറുപതുകൾ എന്നത് മലയാളകഥയുടെ ഏറ്റവുമധികം പുഷ്‌കലമായ ഒരു കാലമാണ്. ഇവരെല്ലാവരും എഴുതുന്നുണ്ട്. ഇവരുടെയൊപ്പമാണ് നമ്മളൊക്കെ എഴുതാൻ തുടങ്ങുന്നത്. കാരൂരും ഉറൂബുമൊക്കെ നിരന്തരം ചെറുകഥകളെഴുതുന്നു. അന്ന് ഞാൻ പങ്കെടുത്ത ഒരു സാഹിത്യ ക്യാമ്പിൽ എം ടി സംസാരിച്ചത്, നമ്മുടെ ശബ്ദം എങ്ങനെ വേറിട്ടു കേൾപ്പിക്കാം എന്നതായിരുന്നു. മറ്റുള്ളവരുടെ കഥകൾ വായിച്ച്, അവയെ അനുകരിക്കാൻ ശ്രമിച്ച്, നിങ്ങൾ എഴുതരുത് എന്നുതന്നെയാണ് എം ടി പറഞ്ഞത്. എന്നെ സംബന്ധിച്ച് അന്ന് അത് എം ടിയിൽനിന്നു കിട്ടിയ വിലപ്പെട്ട ഉപദേശമായിരുന്നു. അത് കേട്ടില്ലെങ്കിൽ ഒരുപക്ഷേ എം ടി എഴുതുന്നതുപോലെ എഴുതുമായിരുന്നു. അങ്ങനെ എഴുതുന്ന എത്രയോ ആളുകൾ അക്കാലത്തുണ്ടായിരുന്നു. എം ടിയുടെ ചില ഉപമകൾ, വാക്യഘടന തുടങ്ങിയവയൊക്കെ അവർ ഉപയോഗിച്ചു. അന്ന് ‘മനോരാജ്യം’ പോലുള്ള ചില വാരികകളിൽ വരുന്ന കഥകൾ എം ടിയുടെ അനുകരണമായിരുന്നു.


? അവരെയൊന്നും നമ്മുടെ ചെറുകഥാചരിത്രം കൂടെക്കൂട്ടിയില്ല, അല്ലേ.

= അതെ, എന്നെ സംബന്ധിച്ച് സ്വന്തമായ വഴിയിൽ മുന്നോട്ടുപോവുക എന്നതാണ് പ്രധാനം. കഥയുടെ രൂപത്തെയും ശിൽപ്പത്തെയും കുറിച്ച് ബോധമുണ്ടാവുക, യാഥാർഥ്യത്തെ നമ്മുടേതായ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കുക, നിരന്തരം സ്വയം നവീകരിക്കുക എന്നതൊക്കെയാണ് നമ്മൾ ചെയ്യുന്നത്. മലയാള കഥയിൽ ധാരാളം ശബ്ദങ്ങളുണ്ട്, വലിയ ആരവമുണ്ട്. ഇതിനിടയിൽ "എന്നുടെയൊച്ച കേട്ടുവോ വേറിട്ട്’ എന്നതാണ് ചോദ്യം. കഥയിൽ പേരെഴുതിയില്ലെങ്കിലും ഇത് ഇന്നയാളുടെ കഥയാണ് എന്ന് വായനക്കാർക്കു പറയാൻ പറ്റണം.

ഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമംഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമം

? Style is the man, ശൈലിയാണ് മനുഷ്യൻ എന്നല്ലേ.

= തീർച്ചയായും. ഇങ്ങനെ സാധിക്കാത്തതുകൊണ്ട് പുതിയ എഴുത്തുകാർക്ക് വലിയ ശ്രദ്ധ കിട്ടാൻ പോകുന്നില്ല. അതിന്റെ കാരണം വ്യതിരിക്തതയില്ലായ്‌മയാണ്. മാസ്റ്റേഴ്‌സ് അങ്ങനെയല്ല. മാധവിക്കുട്ടിയും എം ടിയും പത്മനാഭനും ഒരേസമയത്ത് എഴുതുന്നുണ്ട്. മൂന്നുപേരും എഴുതുന്നത് മൂന്ന്‌ രീതിയിലാണ്.

? വർഷങ്ങൾക്കുമുമ്പ് താങ്കൾ എന്നോടു പറഞ്ഞിട്ടുണ്ട്, കെ പി അപ്പൻ സാറിനോട്‌ സംസാരിക്കുമ്പോൾ മാത്രമാണ് എന്റെ വായന കുറച്ചുകൂടി വിപുലമാവേണ്ടതുണ്ടെന്ന് തോന്നാറുള്ളത് എന്ന്. തീർച്ചയായും വലിയ വായനക്കാരനാണ് താങ്കൾ. ലോകസാഹിത്യത്തെ ആഴത്തിൽ അറിയുന്നുണ്ട്. ചെഖോവിനെയും മോപ്പസാങ്ങിനെയുമൊക്കെ എപ്പോഴും ഉദ്ധരിക്കുന്നു. സമകാല ലോക ഫിക്ഷനെ സൂക്ഷ്മമായി പിന്തുടരുന്നു. ഈ വായന സ്വന്തമെഴുത്തിനെ എങ്ങനെയാണ് സ്വാധീനിക്കുന്നത്.

= നമ്മൾ ഇവരുടെയാരുടെയും അനുകർത്താക്കളായി മാറുന്നില്ല. പക്ഷേ, തകഴിയൊക്കെ എഴുതിത്തുടങ്ങുന്ന കാലത്ത്, മുപ്പതുകളുടെ ആദ്യം, ആ കഥയുടെ രൂപഘടനയും പ്രമേയപരിചരണരീതിയുമൊന്നും ലോകകഥയുടെ നിലവാരത്തിലേക്ക് എത്തുന്നില്ല എന്ന് പറഞ്ഞ്, അദ്ദേഹത്തിന് വായിക്കാൻ കൊടുത്ത പുസ്‌തകമാണ് മോപ്പസാങ്ങിന്റെ കഥകൾ.


? കേസരി...

= അതെ, കേസരി ബാലകൃഷ്‌ണപ്പിള്ള. ആ പുസ്‌തകം വായിച്ചിട്ടാണ് എന്താണ് കഥ എന്ന് തകഴിക്ക് മനസ്സിലായത്. മനുഷ്യമനസ്സിന്റെ നിഗൂഢത, മനസ്സിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ, ആവിഷ്‌കരിക്കുകയാണ് വേണ്ടത്, അല്ലാതെ ബാഹ്യയാഥാർഥ്യങ്ങൾ പറയുകയല്ല എന്ന് തകഴി മനസ്സിലാക്കിയത് മോപ്പസാങ്ങിന്റെ കഥകൾ വായിച്ചിട്ടാണ്. ഇങ്ങനെ നോക്കിയാൽ, മലയാളകഥയെ അക്കാലത്ത് നവീകരിച്ചത് മോപ്പസാങ്ങും ചെഖോവുമൊക്കെയാണെന്നു പറയാം. പിന്നെ ഹെമിങ്‌വേ , ജെയിംസ് ജോയ്സ്, വെർജീനിയ വൂൾഫ്, പിന്നീട് ഫ്രാൻസ് കാഫ്ക, അൽബേർ കാമു തുടങ്ങി അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും ഫ്രാൻസിലേയുമെല്ലാം എഴുത്തുകാരെ നമ്മൾ വായിക്കാൻ തുടങ്ങി. ഇവർ നമ്മളെ സ്വാധീനിച്ചു. പ്രത്യേകിച്ചും അവയിൽ എടുത്തുപറയേണ്ടത് ജെയിംസ് ജോയ്സിന്റെ കഥകളെക്കുറിച്ചാണ്. Stream of consciousness അഥവാ ബോധധാരാ രീതിയാണ് അദ്ദേഹമൊക്കെ കൊണ്ടുവന്നത്. ഹെമിങ്‌ വേയും വില്യം ഫോക്‌നറും ഇത്തരത്തിലെഴുതിയവരാണ്, ഏതാണ്ട് ഒരേസമയത്ത്. പക്ഷേ, ഇവരൊക്കെ പരസ്‌പരം വ്യത്യസ്‌തരായിരുന്നു. ഇവരൊക്കെ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, അവരെഴുതുന്നതുപോലെയോ അവരെഴുതുന്ന കാര്യങ്ങളോ അല്ല നമ്മളെഴുതുന്നത്. അതു സാധ്യവുമല്ല. കാഫ്കയെപ്പോലെ നമുക്കെഴുതാൻ പറ്റില്ലല്ലോ. അതേസമയം കാഫ്ക നമ്മുടെ എഴുത്തിനെ നിർണയിച്ചിട്ടുമുണ്ട്. കാഫ്കയുടെ ‘മെറ്റമോർഫോസിസ്’, ‘ഇൻ ദ പീനൽ കോളനി’, ‘ദ ട്രയൽ’ എന്നിവയൊന്നുമല്ല നമ്മളാവിഷ്‌കരിച്ചത്. പകരം, നമുക്കെന്താണ് ഈ നോട്ടത്തോടെ എഴുതാനുള്ളത് എന്നാണ് നമ്മളന്വേഷിച്ചത്.

സി വി ബാലകൃഷ്‌ണനും അരുന്ധതി റോയിയും സി വി ബാലകൃഷ്‌ണനും അരുന്ധതി റോയിയും

? പിന്നീട് ലാറ്റിനമേരിക്കൻ ഭാവനാലോകത്തെയും നമ്മൾ വല്ലാതെ സ്വാംശീകരിച്ചല്ലോ.

= അതെ, ലാറ്റിനമേരിക്കയിൽ ധാരാളം പുതിയ എഴുത്തുകാർ വന്നു. ബോധധാരയ്‌ക്കു പകരം മാജിക്കൽ റിയലസിത്തെ നമ്മൾ പരിചയപ്പെട്ടു. പ്രധാനമായും ഗബ്രിയേൽ ഗാർസ്യ മാർകേസ്, അലൻഡേ തുടങ്ങിയവരാണ് മാജിക്കൽ റിയലിസം ശരിക്കും കൊണ്ടുവന്നത്. ആ രീതിയിലല്ലാതെ എഴുതിയ ആളാണ് ബോർഹസ്. മാർകേസിന്റെ രീതിയിലേയല്ല ജോർജ് ലൂയി ബോർഹസ് എഴുതിയത്.

? മാർകേസ് പറയുന്നുണ്ട്, എല്ലാ രാത്രികളിലും ഞാൻ ബോർഹസിനെ വായിക്കാറുണ്ട് എന്ന്.

= അന്നെഴുതിയ രണ്ട് വലിയ എഴുത്തുകാരുണ്ട്, ബോർഹസും ഹുലിയോ കോർട്ടസാറും. കോർട്ടസാർ അർജന്റീനക്കാരനാണ്. ബോർഹസിന്‌ ഏറ്റവുമധികം ഇഷ്ടമുള്ള എഴുത്തുകാരനാണദ്ദേഹം. ബോർഹസിന് നോബൽ സമ്മാനം കിട്ടിയിട്ടുമില്ല എന്നോർക്കണം. കോർട്ടസാർ എഴുതിയിട്ടുള്ള കഥകളെല്ലാം ഭ്രമാത്മകത നിറഞ്ഞവയായിരുന്നു. യാഥാർഥ്യം അതായിത്തന്നെ അദ്ദേഹം എഴുതിയിട്ടില്ല. കോർട്ടസാർ പാരീസിൽനിന്നാണ് എഴുതുന്നത്. അർജന്റീന വിടുകയും പാരീസിൽ സ്ഥിരതാമസമാക്കുകയും ചെയ്‌തതിനുശേഷമാണ് അദ്ദേഹത്തിന്റെ പ്രശസ്‌തങ്ങളായ കഥകളെല്ലാം വരുന്നത്. അങ്ങനെ ഓരോ കാലത്തും ഓരോ ദേശത്തും കഥയുടെ ശിൽപ്പം പുതുതായി മാറിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതേസമയം, അവരെല്ലാം അവരുടെ പൂർവസൂരികളുടെ രചനകൾ വായിച്ചുകൊണ്ടിരിക്കുകയും അതുവഴി മുൻഗാമികളെ ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്.


? അതുതന്നെയാണ് മാർകേസും പറയുന്നത്. മാർകേസിന് പൊളിറ്റിക്കലി യോജിക്കാൻ കഴിയുന്ന ആൾ ആയിരുന്നില്ലല്ലോ ബോർഹസ്. പക്ഷേ, എല്ലാ ദിവസവും മാർകേസ് ബോർഹസിനെ വായിക്കുന്നു.

= ബോർഹസിനെ വായിക്കുകയെന്നത് വലിയൊരു ബൗദ്ധികവ്യായാമമാണ്. നമ്മുടെ ധൈഷണികതയെ അതൊന്നു തേച്ചുമിനുക്കും.

? അടിസ്ഥാനപരമായി ‘ആയുസ്സിന്റെ പുസ്‌തക'ത്തിന്റെ കഥാകാരനാണ് സി വി എന്ന് കരുതുന്നവരേറെയുണ്ട്. ക്രിസ്‌തീയ പശ്ചാത്തലമുള്ള കഥകൾ താങ്കളുടേതായി വേറെയും ധാരാളമുണ്ട്. അതേസമയം, കഥാസരിത് സാഗരത്തിന്റെ ശൈലിയിൽ താങ്കൾ ‘കാമമോഹിത'മെഴുതുന്നു. പല കഥകളിൽ പലതരം ഭാഷാരീതികൾ പരീക്ഷിക്കുന്നു. ഏതു ശൈലിയും എനിക്കു വഴങ്ങും എന്ന വിശ്വാസമാണോ ഇതിനു പിന്നിൽ. താങ്കളുടെ ഭാഷാദർശനമെന്താണ്.

= തീർച്ചയായും ഒരൊറ്റ രീതിയിലല്ല ഞാൻ എഴുതുന്നത്. ക്രൈസ്‌തവജീവിതം ചിത്രീകരിക്കുന്നതും ബിബ്ലിക്കൽ എന്നു പറയാവുന്നതുമായ കഥകൾ ഞാനെഴുതിയിട്ടുണ്ട്. അതുപക്ഷേ, ആ പരിസരത്തുനിന്നു മാത്രമേ എഴുതൂ. ആ ഒരു ജീവിതപരിസരം ആവിഷ്‌കരിക്കാൻ വേണ്ടിയാണ് അങ്ങനെ എഴുതുന്നത്. ‘ആയുസ്സിന്റെ പുസ്‌തക'ത്തിനുമുമ്പേതന്നെ ക്രൈസ്‌തവപശ്ചാത്തലമുള്ള കഥകൾ ഞാനെഴുതിയിട്ടുണ്ട്. എഴുപതുകളിൽ എഴുതിയ കുറെ കഥകളിൽ പലേടത്തും ബൈബിൾ വരുന്നുണ്ട്. കാരണം, അപ്പോഴേക്കും ഞാൻ ബൈബിളിന്റെ വലിയൊരു വായനക്കാരനായി മാറിയിരുന്നു.


? ബൈബിളിന്റെ തടവുകാരൻ...

= ബൈബിൾ എനിക്ക് വലിയ ഇഷ്ടമാണ്. ആദ്യം കിട്ടിയപ്പോൾത്തന്നെ എനിക്കതിൽ വലിയ താൽപ്പര്യം തോന്നി. ഒരു പള്ളീലച്ചനാണ് എനിക്കാ പുസ്തകം തരുന്നത്, കണ്ണിവയൽ എന്ന സ്ഥലത്തുവച്ച്. ഞാനവിടെ പോയി കുർബാനയിൽ പങ്കെടുത്തപ്പോഴാണത്. പിന്നെ അക്കാലത്ത് ഞാൻ സ്ഥിരമായി വായിക്കുന്ന പുസ്‌തകമായി അത്. എഴുപതുകളുടെ തുടക്കത്തിൽ എന്റെ കയ്യിൽ രണ്ടു പുസ്‌തകങ്ങളുണ്ടായിരുന്നു, ബൈബിളും ബൊളീവിയൻ ഡയറിയും.


? വിമോചനദൈവശാസ്‌ത്രം തന്നെ.

= വിമോചനദൈവശാസ്‌ത്രമൊക്കെ പിന്നീടാണ് വരുന്നത്. ബൈബിളിലെ ‘പുതിയ നിയമ'മാണ് ഞാൻ ആദ്യം വായിക്കുന്നത്. ‘പഴയ നിയമം' വായിക്കുന്നത് പിന്നീടാണ്. ബൈബിളും ബൊളീവിയൻ ഡയറിയും ഒരുമിച്ചു വായിക്കുമ്പോൾ അത് രണ്ടും തമ്മിൽ നല്ല ബന്ധമുണ്ടെന്ന് എനിക്കു തോന്നി. ചെഗുവേരയുടെ മനുഷ്യർ ബൊളീവിയൻ കാടുകളിലും മറ്റും മനുഷ്യമോചനത്തിനുവേണ്ടി ദുരിതങ്ങൾ സഹിക്കുന്നു, രക്തസാക്ഷികളാകുന്നു. കഷ്ടപ്പെടുന്ന മനുഷ്യർക്കിടയിൽ ക്രിസ്തു ഇതേ പോലെ പ്രവർത്തിക്കുകയും അവരെ ഉദ്ധരിക്കാൻ ശ്രമിക്കുകയും ഒടുവിൽ സ്വയം ബലിയാവുകയും ചെയ്യുന്നു. സുരേഷ് പറയുന്ന വിമോചനദൈവശാസ്‌ത്രമൊക്കെ പിന്നീട് ലാറ്റിനമേരിക്കയിൽനിന്ന് വരുന്നതാണ്. ഫാദർ എസ് കാപ്പനെപ്പോലുള്ളവരാണ് അത് ഇവിടെ പ്രചരിപ്പിച്ചത്.


? പിന്നെ, പൗലോസ് മാർ പൗലോസ്...

= വിമോചനദൈവശാസ്‌ത്രം വച്ച് പിന്നീട് ഞാനൊരു നോവലെഴുതി, ‘കണ്ണാടിക്കടൽ’ എന്ന പേരിൽ. ഫാദർ എസ് കാപ്പന്റെ ഗംഭീരമൊരു പുസ്‌തകമുണ്ട്, വിമോചനദൈവശാസ്‌ത്രത്തെക്കുറിച്ച് വലിയ ഉൾക്കാഴ്‌ചയോടെ എഴുതിയത്. ബൈബിളിനെ പുതിയ ജീവിതവുമായി ബന്ധിപ്പിച്ച് ആഴത്തിൽ വ്യാഖ്യാനിച്ചയാളാണ് കാപ്പനച്ചൻ. Historical Christ എന്ന രീതിയിൽ അദ്ദേഹം ക്രിസ്‌തുവിനെ നിർവചിക്കുന്നുണ്ട്. അത് നമ്മുടെ സഭാധ്യക്ഷന്മാർ പറയുന്ന ക്രിസ്‌തുവല്ല. അതല്ല ക്രിസ്‌തു. ക്രിസ്‌തു വളരെയധികം ഹ്യൂമനായിട്ടുള്ള ഒരു സാന്നിധ്യമാണ്. ക്രിസ്‌തു ഒരിക്കലും പണം കയ്യിൽ വച്ചിരുന്നില്ല, ക്രിസ്‌തു ഒരിക്കലും സമ്പന്നനായിരുന്നില്ല, ക്രിസ്‌തുവിന് മണിഹർമ്യങ്ങളുണ്ടായിരുന്നില്ല. വളരെ സാധാരണക്കാരായ, കഷ്ടപ്പെടുന്ന, മനുഷ്യർക്കുവേണ്ടി പ്രവർത്തിക്കുകയും അതിന്റെ പേരിൽ ക്രൂരമായ ശിക്ഷ വാങ്ങിയിട്ടുള്ള ആളുമാണ് ക്രിസ്‌തു.


? സി വി ഇപ്പോൾ പറയുന്നതു കേൾക്കുമ്പോൾ തോന്നിയ ഒരു കാര്യം ചോദിക്കട്ടെ, ചെറുകഥയെ പൊളിറ്റിക്കൽ ഫിലോസഫിയുടെ ഒരു മാധ്യമമെന്ന നിലയിൽ സി വി ആലോചിച്ചിട്ടുണ്ടോ, ഒരുപക്ഷേ എം സുകുമാരനൊക്കെ ചെയ്‌തതുപോലെ.

= ഉണ്ട്. ഞാനിത്തരം ചില കഥകളെഴുതിയിട്ടുണ്ട്. ഉദാഹരണത്തിന്, ‘അവൻ ശരീരത്തിൽ സഹിച്ചു.’ അത് ക്രിസ്‌തുവാണ്. മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ വന്നതാണ് ആ കഥ. സമ്പന്നതയുടെ മേടയിൽ താമസിക്കുന്ന ഒരച്ചനും പുതിയ, സ്ഥാപനവൽക്കരിക്കപ്പെട്ട, സഭയുടെ പ്രതിനിധിയുമാണ് കഥയിലുള്ളത്. കള്ളനെന്ന് പറഞ്ഞ് രാത്രിയിൽ പിടിക്കപ്പെടുകയും മർദിക്കപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യന്റെയടുത്തേക്ക് ഈ വികാരിയച്ചൻ എത്തപ്പെടുകയും ഈ മുഖം എവിടെയോ കണ്ടതാണല്ലോ എന്ന് അദ്ദേഹത്തിന് തോന്നുകയും ചെയ്യുന്നതാണ് കഥ. ഇത്തരത്തിൽ പൊളിറ്റിക്കലായി വായിക്കാവുന്ന ധാരാളം കഥകൾ ഞാനെഴുതിയിട്ടുണ്ട്.

ഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമംഫോട്ടോ: പ്രകാശ്‌ മഹാദേവഗ്രാമം

? താങ്കളുടെ ഇത്തരത്തിലുള്ള കഥകളുടെ ഒരു സമാഹാരം വരേണ്ടതുണ്ട്.

= ക്രിസ്‌തീയ പ്രമേയങ്ങളുള്ള കഥകൾ മാത്രമുള്ള ഒരു സമാഹാരം വന്നിട്ടുണ്ട്; ‘വിശുദ്ധ ചുംബനം' എന്ന പേരിൽ. നാൽപ്പതു കഥകളുണ്ട് അതിൽ. ക്രിസ്‌തീയ ജീവിതപശ്ചാത്തലം എന്നതുമാത്രമേ ആ കഥകൾക്കു പൊതുവായി പറയാനുള്ളൂ. കഥയോരോന്നും വെവ്വേറെയാണ്.

? താങ്കളുടെ ഭാഷാപരിചരണരീതിയെക്കുറിച്ച് നേരത്തെ ഞാൻ ചോദിച്ചിരുന്നു. പിന്നെ നമ്മൾ മറ്റൊരു വഴിയിലേക്ക് പോയി.

= എന്റെ കഥകളെല്ലാം വ്യത്യസ്‌ത ശൈലിയിലാണ് എഴുതാറുള്ളത്. നോവലുകളോരോന്നും ഓരോ ശൈലിയിലാണ് എഴുതപ്പെട്ടത്. ‘ആയുസ്സിന്റെ പുസ്‌തക'ത്തിന്റെ ശൈലിയല്ല ‘കാമമോഹിത'ത്തിലുള്ളത്. 1994‐ലാണ് ‘കാമമോഹിതം' എഴുതുന്നത്. അതിൽ ഞാനെഴുതിയിട്ടുണ്ട്, പണ്ടു കേട്ട കഥകളെ നമസ്‌കരിക്കുന്നു എന്ന്. ‘കാമമോഹിതം' എഴുതാൻ വേണ്ടി ഞാൻ കഥാസരിത് സാഗരം വായിച്ചിട്ടില്ല. പക്ഷേ, മനസ്സിലെവിടെയോ അതിന്റെ വിത്തുകൾ കിടക്കുന്നുണ്ട്. അവിടിവിടെയൊക്കെയായി അത് മുളപൊട്ടുന്നു. അതിൽ പരകായപ്രവേശം എന്ന അത്ഭുതവിദ്യ സംഭവിക്കുന്നുണ്ട്. ശങ്കരാചാര്യരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊന്ന് പലരും മനസ്സിലാക്കുന്നത്. പക്ഷേ, ശങ്കരാചാര്യർ ജീവിച്ചത് ഈയടുത്ത കാലത്താണല്ലോ.


? അതെ, AD 8-‐ാം നൂറ്റാണ്ടിൽ.

= കഥാസരിത് സാഗരത്തിലെ സംഭവങ്ങൾ അതിനുമെത്രയോ മുമ്പാണ്. അതിലുണ്ട് പരകായപ്രവേശം. എന്റെ മനസ്സിലുള്ളത് അതാണ്. അല്ലാതെ, ശങ്കരാചാര്യരുടെ പരകായപ്രവേശം എന്റെ മനസ്സിലുണ്ടായിട്ടേയില്ല. ‘കാമമോഹിത’ത്തിലെ അത്ഭുതസംഭവങ്ങളെല്ലാം ഇതുപോലെ കഥാസരിത് സാഗരത്തെ ഓർമിച്ചെഴുതിയതാണ്. അതിലുപയോഗിച്ച ഭാഷ ഞാൻ വളരെ ശ്രദ്ധാപൂർവം മെനഞ്ഞെടുത്തതാണ്. വളരെ സൂക്ഷ്മതയോടെ എഴുതിയ പുസ്‌തകമാണത്. അതിൽ പൗരാണികത തോന്നിക്കുന്ന ഭാഷ ബോധപൂർവം നിർമിച്ചെടുത്തു.


? പഴയൊരോർമ പങ്കുവയ്‌ക്കട്ടെ. പണ്ട് സി വിയുടെ ഒരു കഥ വായിച്ചിട്ട് ടി പത്മനാഭൻ കലാകൗമുദിയിൽ ഒരു കത്തെഴുതിയിരുന്നില്ലേ. ഏതു കഥയായിരുന്നു അത്.

= ‘മക്കൾ.’ ആ കഥ യഥാർഥത്തിൽ കോഴിക്കോട് ആകാശവാണിക്കുവേണ്ടി എഴുതിയതാണ്. അവിടെ അതു അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. അന്ന് കലാകൗമുദിയിൽ ഞാൻ ഇടയ്‌ക്കിടെ എഴുതാറുണ്ടായിരുന്നു. കഥ വന്നുകഴിഞ്ഞപ്പോൾ പത്രാധിപർ ജയചന്ദ്രൻ നായർ എനിക്കൊരു കത്തയച്ചു, നിങ്ങൾക്ക് വലിയൊരു പുരസ്‌കാരം കിട്ടിയിട്ടുണ്ട് എന്നു പറഞ്ഞ്. നോക്കുമ്പോഴുണ്ട് അടുത്ത ലക്കത്തിൽ ടി പത്മനാഭന്റെ ഒരു കത്ത്, അത്രയധികം പ്രശംസിച്ചുകൊണ്ട്. പപ്പേട്ടൻ അതിൽ പറഞ്ഞത്, ഇത് അത്രയും വികാരതീവ്രമായ കഥയാണ്, ഇതിനകത്തുനിന്ന് ഒരു വാക്കുപോലും എടുത്തുമാറ്റാനില്ല

എന്നൊക്കെയായിരുന്നു. യഥാർഥത്തിൽ അന്നതൊരു പുരസ്‌കാരം തന്നെയായിരുന്നു.

? നമ്മുടെ ചെറുകഥാ പാരമ്പര്യത്തെക്കുറിച്ച് പറയേണ്ടിവരുമ്പോൾ സി വി പൊതുവെ എം ടിയേയും പത്മനാഭനെയുമൊന്നും അധികം പരാമർശിക്കാറില്ല. തകഴി, പൊൻകുന്നം വർക്കി, ഉറൂബ്, പാറപ്പുറത്ത് മുതലായ പേരുകൾ എപ്പോഴും പറയാറുമുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം എന്തെങ്കിലും മാനം ഇതിനുണ്ടോ.

= എം ടിയും പത്മനാഭനും എഴുത്തുകാർ എന്ന നിലയിലല്ല എന്നെ സ്വാധീനിച്ചത്. അതേസമയം തകഴി ആവിഷ്‌കരിച്ചത് വൈരുധ്യമുള്ള ലോകത്തെയാണ്. വലിയ വിസ്‌തൃതിയുണ്ട് തകഴിയുടെ സാഹിത്യത്തിന്. എസ് കെ പൊറ്റെക്കാടിന്റെയും ഉറൂബിന്റെയുമൊക്ക കഥകൾ നോക്കൂ. എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട നോവൽ ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും' ആണ്. അത് വായിക്കുക എന്നത് വലിയൊരനുഭവമാണ്. മലയാളത്തിലെ ഏറ്റവും ബലിഷ്ഠമായ നോവൽ ‘സുന്ദരികളും സുന്ദരന്മാരും' ആണെന്ന് ഞാൻ കരുതുന്നു. അതുപോലെ, നോവലുകളിലൂടെ എന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കഥ എന്നതിനുപകരം പന്തം കത്തിച്ച് പലതിന്റെയും നേർക്ക് എറിഞ്ഞയാളാണ് പൊൻകുന്നം വർക്കി. കൊടുങ്കാറ്റായിരുന്നു അദ്ദേഹം.


? കുറച്ചു വർഷം മുമ്പ് എതിർദിശ ഓണപ്പതിപ്പിനുവേണ്ടി ഇ പി രാജഗോപാലൻ എം ടിയെ ഇന്റർവ്യൂ ചെയ്‌തിരുന്നു. ‘... ചരിത്രം എം ടിയെ എങ്ങനെ ഓർക്കണമെന്നാണ് ആഗ്രഹിക്കുന്നത്?’ എന്ന രാജഗോപാലന്റെ ചോദ്യത്തിന് അന്ന് എം ടി നൽകിയ മറുപടി, "നമ്മുടെ ഭാഷയിലെ ഏറ്റവും വലിയ വായനക്കാരിലൊരാളാണ് എം ടി എന്ന് രേഖപ്പെടുത്തിക്കാണാനാണ് എനിക്കിഷ്ടം’ എന്നായിരുന്നു.

= അതെ, അതാണ് ശരി. സത്യത്തിൽ എം ടി എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ വായനകൊണ്ടാണ്. ഞാൻ എം ടിയുടെ എത്രയോ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ച് പല സ്ഥലത്തും സഞ്ചരിച്ചിട്ടുണ്ട്. ഞങ്ങൾ മാത്രമിരുന്ന് സംസാരിച്ചിട്ടുണ്ട്. ഒരുദിവസം തുഞ്ചൻപറമ്പിലെ കോട്ടേജിലിരുന്ന് ഞങ്ങൾ രണ്ടുപേരും സംസാരിക്കുകയാണ്. നൗഷാദും എൻ ഗോപാലകൃഷ്‌ണനുമൊക്കെ ഉണ്ടായിരുന്നു. എം ടിയും ഞാനും കുറേനേരം സംസാരിച്ചു. പുറത്തുവന്നപ്പോൾ നൗഷാദ് പറഞ്ഞു, നിങ്ങളുടെ സംഭാഷണം റെക്കോർഡ് ചെയ്‌തിരുന്നെങ്കിൽ ഒരു ഗംഭീര പുസ്‌തകമാകുമായിരുന്നു.

ഞങ്ങൾ സംസാരിച്ചത് അധികവും ലോകസാഹിത്യത്തെക്കുറിച്ചായിരുന്നു. എം ടി എപ്പോഴും നമുക്ക് വഴികാട്ടിയാവുന്നത് വായനയുടെ കാര്യത്തിലാണ്. പിന്നെ, നമ്മളെഴുതുന്ന കൃതികൾ പലപ്പോഴും നമ്മളെ തൃപ്തിപ്പെടുത്തണമെന്നില്ല. എം ടി എഴുതിയ പല കഥകളും തൃപ്തി നൽകാത്തതിനാൽ എം ടി തന്നെ പ്രസിദ്ധീകരിക്കാതെ ഉപേക്ഷിച്ചിട്ടുണ്ട്. ചിലത് പ്രസിദ്ധീകരിച്ചതിനുശേഷം മറക്കാൻ ശ്രമിച്ചിട്ടുണ്ട്.


? വ്യക്തിപരമായ ചില അനുഭവങ്ങളുടെ തീവ്രത, അല്ലെങ്കിൽ പ്രഹരശേഷി, കൂടുതലായതുകൊണ്ടുതന്നെ അവ കഥയായി എഴുതാനാകാത്തതിനെക്കുറിച്ച് സുഭാഷ് ചന്ദ്രൻ പറയുന്നുണ്ടല്ലോ, ‘കഥയാക്കാനാകാതെ' എന്ന പുസ്‌തകത്തിൽ. സി വിയ്‌ക്ക്‌ അത്തരമനുഭവങ്ങളുണ്ടോ? അഥവാ, ഇനിയെഴുതാവുന്ന കഥകളെന്തെല്ലാമായിരിക്കും.

= കഥകൾ ഇനിയും ഉണ്ടായിവരികയാണ്. ഓരോ കഥയും എഴുതിക്കഴിയുമ്പോൾ നമ്മൾ വിചാരിക്കും, കഴിഞ്ഞല്ലോ, ഇനി മനസ്സിൽ കഥയൊന്നുമില്ലല്ലോ. പെട്ടെന്നാവും ഒരു കഥകൂടി വരുന്നത്. ഞാൻ ഈ വർഷവും മിക്കവാറും എല്ലാ ഓണപ്പതിപ്പിലും കഥയെഴുതിയിട്ടുണ്ട്; ദേശാഭിമാനിയിലടക്കം. പിന്നീട് ദേശാഭിമാനിയിൽനിന്ന് എന്നെ വിളിച്ച് ചോദിച്ചു, സാധാരണ ലക്കത്തിലേക്ക് ഒരു കഥ വേണം, തരാമോ? കഥയെഴുതുക എന്നത് എപ്പോഴും ഒരു വെല്ലുവിളിയാണ്, എത്ര കാലം മുമ്പേ ഏറ്റെടുത്താലും. കഥയുണ്ടാവും എന്ന പ്രതീക്ഷയാണ് നമ്മളെയൊക്കെ മുന്നോട്ടു നടത്തുന്നത്. അനുഭവങ്ങളിൽ വളരെക്കുറച്ചുമാത്രമല്ലേ മനുഷ്യർ പൊതുവെ ഓർക്കുന്നുള്ളൂ, മഞ്ഞുമലയുടെ മുകളറ്റം മാത്രം. ഹെമിങ്‌വേയുടെ സിദ്ധാന്തം തന്നെ ഇതാണ്.

? "ബാക്കിയായവരുടെ മനസ്സിലെ കഥകളാണ് മറഞ്ഞുപോയവർ’ എന്ന് മാർകേസ് പറയുന്നുണ്ടല്ലോ.

= അതെ, നമ്മളെല്ലാവരും കഥകളാണ്. കഥയാവശ്യപ്പെടുന്ന പത്രാധിപന്മാരോട്‌ ഞാൻ എപ്പോഴും ചോദിക്കും, എത്ര ദിവസത്തിനുള്ളിൽ വേണം? സ്വാഭാവികമായും ഉത്തരങ്ങൾ പലതായിരിക്കുമല്ലോ. നാളെത്തന്നെ കിട്ടിയാൽ നല്ലത് എന്ന് പറയുന്നവരോടും ഞാൻ ചിലപ്പോൾ പറയും, തരാം. നമ്മുടെയുള്ളിൽ വ്യക്തത വന്നിട്ടില്ലാത്ത ഏതൊക്കൊയോ ഇമേജുകൾ നേരത്തേയുണ്ടാവും. വീണ്ടും ഒന്നിരുന്നുനോക്കും. ഒരനുഭവം, അല്ലെങ്കിൽ ഒരു സന്ദർഭം, കണ്ടുമുട്ടിയ ഒരു മനുഷ്യൻ, മനസ്സിൽ മിന്നും. മെല്ലെയത് തെളിഞ്ഞുവരും. ഒരു കഥ കൂടി ജനിക്കും.

(കേട്ടെഴുതിയത്: എം ശശിമോഹനൻ)



deshabhimani section

Related News

View More
0 comments
Sort by

Home