സ്വാതന്ത്ര്യബോധത്തിന്റെ സൗമ്യദീപ്‌തി

2023ലെ ദേശാഭിമാനി പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിക്കുന്നു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, മോഹൻലാൽ, സിപിഐ എം മുൻ ജില്ലാ സെക്രട്ടറി  എം എം വർഗീസ്‌ എന്നിവർ സമീപം
avatar
ഡോ. അനിൽ കെ എം

Published on Aug 16, 2025, 11:48 AM | 7 min read


സാഹിത്യവിമർശനം എന്ന ജനുസ്സ് മൗലികമായ ചില വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് മലയാളത്തിലെ ഒരു വിമർശപ്രതിഭ നമ്മെ വിട്ടുപിരിയുന്നത്. സാഹിത്യം എന്ന കലയെ സാമാന്യമായും രചനകളെ സവിശേഷമായും പരിചരിക്കുന്ന നിരവധി പ്രബന്ധങ്ങൾ സാനുമാഷ് എഴുതിയിട്ടുണ്ട്. സാഹിത്യത്തെ സവിശേഷമണ്ഡലമായി പരിഗണിക്കണമെന്നും അതിൽ വ്യാപരിക്കുന്നവർക്ക് പരിപൂർണമായ ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. എഴുത്താൾ തന്റെ ചിന്താശക്തിയുടെയും ഇച്ഛാശക്തിയുടെയും സമാഹൃത രൂപത്തെയാണ് സാഹിത്യത്തിലൂടെ ആവിഷ്‌കരിക്കുന്നത്. സ്വാതന്ത്ര്യബോധം എന്നത് ആത്മബോധത്തിന്റെ പ്രകാശനമാണ്. അതുകൊണ്ടാണ് നവോത്ഥാന ചിന്തകരെല്ലാം സാമാന്യമനുഷ്യരുടെ ആത്മബോധത്തെ ഉണർത്താൻ ശ്രമിച്ചത്. ആത്മബോധത്തിലേക്ക് ഉണർന്ന ജനതയാണ് സാമൂഹിക വ്യവസ്ഥയെ വെല്ലുവിളിച്ചതും അതിനെ മാറ്റിത്തീർത്തതും. ഒരർഥത്തിൽ ഈ സ്വാതന്ത്ര്യബോധമാണ് സാഹിത്യം, സംസ്‌കാരം, ചരിത്രം എന്നിവയെയെല്ലാം സംയോജിപ്പിച്ചുകൊണ്ട് ചിന്തിക്കുന്നതിനുള്ള പ്രേരണ. “ഇത്തരത്തിൽ പരിത്യാഗസന്നദ്ധതയും ധീരതയും ഒത്തിണങ്ങുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കൽപ്പം നമ്മുടെ സാമൂഹ്യ വീക്ഷണത്തിൽ ആധിപത്യം ചെലുത്തേണ്ടിയിരിക്കുന്നു.” സ്വാതന്ത്ര്യത്തിലൂന്നിയുള്ള ഈ സാമൂഹ്യവീക്ഷണമാണ് എം കെ സാനുവിന്റെ സാഹിത്യനിരൂപണത്തേയും ജീവചരിത്രരചനകളേയും സാമൂഹ്യചിന്തകളേയും രൂപപ്പെടുത്തിയത്.

ഫോട്ടോ: എം എ ശിവപ്രസാദ്‌ സാനുമാഷും ഭാര്യ രത്നമ്മയും ഫോട്ടോ: എം എ ശിവപ്രസാദ്‌

സാമൂഹ്യമായ വിഭവങ്ങൾ ഉപയോഗിച്ചാണ് ഒരാൾ എഴുതുന്നതെങ്കിലും സമൂഹം അംഗീകരിക്കുന്ന മൂല്യങ്ങൾക്കുകീഴിൽ കയ്യൊപ്പ് ചാർത്തുന്നവളല്ല എഴുത്തുകാരി. സമൂഹത്തിലെ പ്രബലമായ സദാചാര സംഹിതകളെ അവർ വെല്ലുവിളിക്കുന്നു. ഇതിനുള്ള സ്വാതന്ത്ര്യത്തെയാണ് ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. സ്വതന്ത്രമായ ആവിഷ്‌കാരം നിരന്തരം വെല്ലുവിളിക്കപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ സാനുമാഷ് ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യബോധമെന്ന സങ്കൽപ്പം അതീവ പ്രാധാന്യമർഹിക്കുന്നു. അന്തഃസാരശൂന്യമല്ലാത്ത ‘അഹന്ത’ എല്ലാ കലാകൃത്തുക്കളിലും പ്രവർത്തിക്കുന്നുണ്ട്. സ്വന്തം അനുഭൂതി വിലപ്പെട്ടതാണെന്നും ആവിഷ്‌കാരയോഗ്യമാണെന്നുമുള്ള ബോധമാണ് ഈ അഹന്തയ്‌ക്കാധാരം. സൃഷ്ടിയുടെ ഘട്ടത്തിൽ കലാകൃത്ത് ‘മഹിമയുടെ മൂർത്തീഭാവ’മാണെന്ന് പറയുന്നത് ഈയർഥത്തിലാണ്. സർഗസൃഷ്ടികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഈ അഹന്തയെ സമൂഹവും ഭരണകൂടവും അംഗീകരിക്കണം. അതൊരു സമൂഹത്തിന്റെ പുരോഗതിയിൽ നിർണായകമാണ്. എഴുത്തുകാരെ സമൂഹത്തിന്റേയോ ഭരണകൂടത്തിന്റേയോ അടിയാളരായി കണ്ടുകൂടാ.

കലാകൃത്ത് രചന നിർവഹിക്കുന്നത് പ്രാഥമികമായ തന്റെ ആത്മബോധത്തെ സംതൃപ്തിപ്പെടുത്താനാണ്. “എല്ലാ കലാകാരന്മാരും അങ്ങനെയാണ് ചെയ്യുക. അവരുടെ സൃഷ്ടികൾക്ക് അഭിനന്ദനം കിട്ടും, കീർത്തി കിട്ടും, കനത്ത പ്രതിഫലം കിട്ടും. ഇതൊക്കെ ശരി തന്നെ. പക്ഷേ അതിനേക്കാളെല്ലാം വലുത് ആവിഷ്‌കരണ സാഫല്യത്തിൽനിന്ന് ഓരോ കലാകാരനും ലഭിക്കുന്ന ആത്മസംതൃപ്തിയാണ്. അതില്ലാത്തിടത്ത് മികച്ച കലയെക്കുറിച്ച് സംസാരിക്കുന്നത് നിരർഥകമാണ്.” ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഒരു സമൂഹത്തിൽ മികച്ച കല സാധ്യമല്ലെന്നാണ് സാനുമാഷ് പറയുന്നത്. “കലാകാരന് മറ്റൊരധീശശക്തിയിൽ നിന്ന് ദയാപൂർവം അനുവദിച്ചു കിട്ടേണ്ട ദാക്ഷിണ്യമല്ല. സ്വന്തം ആത്മാവിന്റെ ഫലത്തിൽനിന്നും ആവിഷ്‌കാരത്വരയിൽനിന്നും അയാൾ സ്വയം സമാർജിച്ച് പ്രദർശിപ്പിക്കുന്ന ഒരു രചനാഗുണമാണത്.”


യഥാർഥത്തിൽ ആവിഷ്‌കാരസ്വാതന്ത്ര്യമെന്നത് കലയിലെ മാത്രം പ്രശ്നമല്ല. അത് ജീവിതത്തെ ആകെ ചൂഴ്‌ന്നുനിൽക്കുന്ന പ്രമേയമാണ്. ഭക്ഷണം കഴിക്കാനും ആരാധിക്കാനും വഴി നടക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യത്തിൽനിന്ന് ഭിന്നമല്ല എഴുത്തുകാരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം. ജാതി-‐ജന്മി-‐നാടുവാഴി സമൂഹത്തിൽ എല്ലാവരും വ്യവസ്ഥിതിയുടെ അടിമകളായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് മികച്ച സാഹിത്യമൊന്നും ഉണ്ടായിട്ടില്ല. ഏതു സംസ്‌കാരത്തിലും പുത്തനുണർവുണ്ടാകുന്നത് സ്വാതന്ത്ര്യബോധത്തിന്റെ വികാസഘട്ടത്തിലാണ്. ഭയം ഭരിക്കുന്ന ഒരു സമൂഹത്തിൽനിന്നും മികച്ച കലാസൃഷ്ടികൾ ഉണ്ടാകുകയില്ല. സമകാല ഇന്ത്യൻ പശ്ചാത്തലംതന്നെ ഇതിന്‌ ദൃഷ്ടാന്തമാണല്ലോ? ഇന്ത്യൻ ഗ്രാമങ്ങളിലെ ജാതിഹിംസയും പൊലീസിങ്ങിനേയും കുറിച്ച് പ്രതിപാദിക്കുന്ന ‘സന്തോഷ്’ എന്ന സിനിമയ്‌ക്ക്‌ ഇന്ത്യയിൽ പ്രദർശനാനുമതി ലഭിച്ചില്ല. അതേസമയം ‘കേരളാസ്റ്റോറി’യെന്ന സിനിമയ്‌ക്ക്‌ ദേശീയാംഗീകാരം നേടാൻ കഴിഞ്ഞു. സ്വതന്ത്രമായ കലാവിഷ്‌കാരം അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ മികച്ച സൃഷ്ടികളെ പ്രതീക്ഷിക്കാനാവില്ല. കലാകൃത്തിന്റെ സ്വാതന്ത്ര്യദാഹവും അതനുവദിക്കുന്ന അന്തരീക്ഷവും ആധുനിക സമൂഹത്തിൽ അനിവാര്യമാണെന്ന സാനുമാഷിന്റെ അഭിപ്രായം എത്രമേൽ പ്രസക്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്വാതന്ത്ര്യം കാരാഗൃഹത്തിൽ, സ്വാതന്ത്ര്യം തന്നെ ജീവിതം, അനുരാഗം സ്വാതന്ത്ര്യപ്രഖ്യാപനം, എഴുത്തുകാരൻ സ്വാതന്ത്ര്യത്തിലേക്ക് എന്നീ ലേഖനങ്ങളുടെ ശീർഷകത്തിൽത്തന്നെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സൂചനയുണ്ട്. ‘ഒരു സിംഹപ്രസവം’ എന്ന കവിതയെക്കുറിച്ച് എഴുതിയ നിരൂപണമാണ് ‘സ്വാതന്ത്ര്യം കാരാഗൃഹ’ത്തിൽ എന്നത്. കൂട്ടിൽ കിടക്കുമ്പോഴും ആത്മബോധം നഷ്ടപ്പെടാത്ത സിംഹമാണ് ഇതിലെ കഥാപാത്രം.

“കൃതമാമഹിതം സഹിക്കുമോ

ധൃതവീര്യൻ പരതന്ത്രനെങ്കിലും?”

മനുഷ്യന്റെ അഹിതമായ പ്രവൃത്തിയാണ് സിംഹത്തെ കൂട്ടിലാക്കിയത്. ആത്മാഭിമാനമുള്ള ആ മൃഗത്തിന് പ്രതികരിക്കാതിരിക്കാനാവില്ല. ഇതുതന്നെയാണ് സമൂഹത്തിൽ സ്വാതന്ത്ര്യബോധമുള്ള എഴുത്താളുടെയും നില. ബന്ധനത്തിനുപോലും മൃഗരാജന്റെ വീര്യത്തിന് ഉലച്ചിലുണ്ടാക്കാൻ കഴിയുന്നില്ല. അധികാരത്തിന്റെ രാക്ഷസീയശക്തിക്കുകീഴിലും അജയ്യതയോടെ നിലനിൽക്കുന്ന സ്വാതന്ത്ര്യബോധത്തിന്റെ പ്രതീകമാണ് ആശാന്റെ സിംഹം. ജനങ്ങൾക്കിടയിലും, ജനങ്ങളും രാജാവും തമ്മിലും, രാജാവും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിലും ശ്രേണീകൃതമായ ബന്ധം നിലനിന്നിരുന്ന ഒരു സാമൂഹ്യക്രമത്തിലാണ് ‘ഒരു സിംഹപ്രസവം’ എന്ന കവിത പിറന്നുവീഴുന്നത്.

2023ലെ ദേശാഭിമാനി പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിക്കുന്നു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, മോഹൻലാൽ, സിപിഐ എം മുൻ ജില്ലാ സെക്രട്ടറി  എം എം വർഗീസ്‌ എന്നിവർ സമീപം2023ലെ ദേശാഭിമാനി പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിക്കുന്നു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, മോഹൻലാൽ, സിപിഐ എം മുൻ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ എന്നിവർ സമീപം

‘തൂലികയും ചെങ്കോലും’ എന്ന ലേഖനംതന്നെ അധികാരവും സർഗാത്മകതയും തമ്മിലുള്ള സംഘർഷത്തെ പ്രമേയമാക്കി എഴുതിയതാണ്. “സർഗധനനായ ഒരു കവി ആത്മാവിന്റെ ലോകത്തിൽ മറ്റൊരു ‘റിപ്പബ്ലിക്’ സമാന്തരമായി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയയാൾ രാജാധികാരത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. രചനാത്മകമായ അരാജകത്വത്തിന്റെ സ്ഥിരതീക്ഷ്ണതയാണ് ആ വെല്ലുവിളിയിലുള്ളത്. കവിയെ സഹിഷ്‌ണുതയോടെ വീക്ഷിക്കാൻ രാജാധികാരത്തിന് പ്രയാസമുണ്ടാവുക സ്വാഭാവികംമാത്രം. അതുകൊണ്ട് പ്രോത്സാഹനത്തിലൂടെയോ നിയന്ത്രണത്തിലൂടെയോ നിരോധനത്തിലൂടെയോ എപ്പോഴും കവിയെ പാട്ടിലാക്കാൻ രാജാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതൊരു സനാതന പ്രക്രിയയാകുന്നു.” സ്‌പാനിഷ് എഴുത്തുകാരനായ ഫെർണാഡോ അറാബെൽ, റഷ്യയിലെ സോൾഷെനിറ്റ്സൻ എന്നിവരുടെ രചനകളിലൂടെ കടന്നുപോയി സർഗ സ്വാതന്ത്ര്യവും അധികാരവും തമ്മിലുള്ള സംഘർഷങ്ങളുടെ സൂക്ഷ്മാംശങ്ങൾ വരച്ചുകാട്ടുന്ന പ്രബന്ധമാണിത്.

മനുഷ്യന്റെ സ്വാതന്ത്ര്യബോധം സൗന്ദര്യബോധവുമായി സൂക്ഷ്മബന്ധം പുലർത്തുന്നു. യാഥാർഥ്യത്തിന്റെ ലോകത്ത് ധാരാളം നിയന്ത്രണങ്ങളും വേലിക്കെട്ടുകളുമുണ്ട്. എന്നാൽ സൗന്ദര്യത്തിന്റേത് കൽപ്പനയുടെ ലോകമാണ്. അതാകട്ടെ ബിംബങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടതുമാണ്. സാർത്രിനെ ഉദ്ധരിച്ചുകൊണ്ടാണ് സാനുമാഷ് ഇക്കാര്യം വിശദീകരിക്കുന്നത്. “ബിംബമെന്നത് സൗന്ദര്യം സാക്ഷാത്കൃതമാകുന്നതിന്റെ ആദ്യപടിയാണെന്നാണ് അദ്ദേഹത്തിന്റെ (സാർത്രിന്റെ) പക്ഷം. എന്നാൽ ഈ ബിംബമെന്നത് സാങ്കൽപ്പികമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സങ്കൽപ്പത്തിലാണ് അതിന് അസ്‌തിത്വമുള്ളത്. അങ്ങനെ സാങ്കൽപ്പികമായ ബിംബം രൂപപ്പെട്ടുവരുന്ന ഘട്ടത്തിൽ, അതിന് രൂപം നൽകിയ ചിന്ത മെല്ലെ പിന്നിലേക്ക് സുഖാലസമായൊതുങ്ങുന്നു. സാവധാനത്തിൽ ചിന്തയെ തിരോഭവിപ്പിച്ചുകൊണ്ട് ബിംബം മാത്രം തെളിഞ്ഞുനിൽക്കുകയും ചെയ്യുന്നു.” ചിന്തയുടെ നിയന്ത്രണത്തിൽനിന്ന് മുക്തമായ ഈ സൗന്ദര്യബോധം തന്നെയാണ് സ്വാതന്ത്ര്യബോധത്തെ സാധ്യമാക്കുന്നത്. ചിന്ത പലപ്പോഴും ആത്മസംരക്ഷണാർഥമായാണ് പ്രവർത്തിക്കുക. എന്നാൽ സൗന്ദര്യബോധത്തിന് അത്തരം വേവലാതികളൊന്നുമില്ല. അതിനാലത് സർവതന്ത്രസ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുന്നു. കല സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നതും അതുകൊണ്ടുതന്നെ.

സാഹിത്യവിമർശനത്തെയും മാഷ് ഈ സ്വാതന്ത്ര്യബോധവുമായി ചേർത്തുവച്ചാണ് മനസ്സിലാക്കുന്നത്. “സാഹിത്യവിമർശനത്തെക്കുറിച്ചുള്ള ഏത് ചർച്ചയിലും സർഗാത്മകചിന്തയ്‌ക്കും അതിന് ഊർജം പകരുന്ന സ്വാതന്ത്ര്യബോധത്തിനും പ്രത്യേകമായ സ്ഥാനം നൽകേണ്ടതുണ്ട്.” മികച്ച ഏത് വിമർശനഗ്രന്ഥത്തിലൂടെ സഞ്ചരിക്കുമ്പോഴും സ്വാതന്ത്ര്യബോധത്തിന്റെ ചൈതന്യവുമായാണ് നാം സമ്പർക്കത്തിലേർപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഒരു കാവ്യത്തെ ഏതെങ്കിലും ഒരു സിദ്ധാന്തപക്ഷത്തുനിന്ന് വിലയിരുത്തുന്നതിനോട് സാനുമാഷ് യോജിക്കുന്നില്ല. മറിച്ചതിനെ സമഗ്രമായി പരിശോധിക്കുകയാണ് വേണ്ടത്. ഇതിനായി ആഴത്തിലുള്ള അന്വേഷണത്തിന്റെയും ചിന്തയുടെയും പിൻബലം വേണ്ടിവരും. ശിക്ഷണത്തിലൂടെ മാത്രമേ മികച്ച വിമർശകയാകാൻ കഴിയൂ എന്ന് മാഷ് ഓർമിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യബോധത്തെ പിൻപറ്റുന്നതാണ് കാവ്യം എന്നതുകൊണ്ടുതന്നെ കാവ്യത്തെ പിന്തുടരുന്ന വിമർശനത്തിന്റേയും ലക്ഷ്യം മറ്റൊന്നാകാൻ തരമില്ല. സ്വാതന്ത്ര്യത്തിന്റെ വൃത്തിയാണ് വിമർശനത്തിലെ ചിന്ത. ലക്ഷ്യത്തോടെയുള്ള നീക്കമാണ് സ്വാതന്ത്ര്യം. ലക്ഷ്യബോധമില്ലാത്ത ചിന്തയാണ് വിവാദങ്ങൾക്ക് തിരികൊളുത്തുന്നതെന്നും അത് സ്വാതന്ത്ര്യബോധത്തിന്റെ ലക്ഷണമല്ലെന്നും സാനു മാഷ് ഓർമിപ്പിക്കുന്നു. “ഒരു നിലയ്‌ക്ക് ചിന്താശീലവും അതിനോട് ബന്ധപ്പെട്ട യുക്തിബോധവും നമ്മുടെ പാരമ്പര്യത്തിൽ ഇല്ലാത്തതാണെന്ന് പറയാൻ തോന്നിപ്പോകുന്നു.”

വൈലോപ്പിള്ളി വൈലോപ്പിള്ളി

ഭൂപ്രകൃതിയുടെ ദാക്ഷിണ്യംമൂലം ഉത്താനബുദ്ധികളും, ജാതി വ്യവസ്ഥയുടെ ദാർഢ്യംമൂലം അടിമകളുമായിട്ടാണ് കേരളീയരായ നാം മിനിഞ്ഞാന്ന് വരെ കഴിഞ്ഞുപോന്നത്. ഉത്താനബുദ്ധികൾ ചിന്താക്ലേശം വരിക്കാൻ വിമുഖരായിരിക്കും. അടിമകളാകട്ടെ, നിലവാരപ്പെട്ട സർവത്തിനും കീഴടങ്ങി സുരക്ഷിതത്വത്തിൽ സംതൃപ്തിയടയുകയും ചെയ്യുന്നു. ഈ ഉദാസീനതയിൽനിന്ന് നാമുണരുന്നത് പാശ്ചാത്യസംസ്‌കാരവുമായുള്ള സമ്പർക്കം മൂലമാണല്ലോ. ആ ഘട്ടത്തിൽ ഇവിടെ ഉയർന്നുവരുന്ന വ്യക്തിത്വങ്ങളെ പരിശോധിക്കൂ-‐ പ്രക്ഷോഭകാരികളുടെ തലയെടുപ്പോടെയാണ് അവർ നിലകൊള്ളുന്നത്. അവർ സ്വതന്ത്രാത്മാക്കളായിരുന്നു. ‘സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്ന് എത്ര ധീരമായിട്ടാണ് അവർ പ്രഖ്യാപിച്ചത്! ആ പ്രഖ്യാപനത്തിന്റെ പൊരുൾ അവരുടെ ദാർഢ്യമേറിയ ആശയസംഹിതകളിലൂടെ പ്രകാശിതമാകയും ചെയ്‌തു. പക്ഷേ അവർ പകർന്നുതന്ന ആ ദീപശിഖകൾ ഏറ്റുവാങ്ങാൻ പുതിയ തലമുറയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം. അങ്ങനെ കഴിയാതെ പോയതുമൂലമാണ് അടിമത്തത്തിന്റെ സഹജമായ പ്രകടനപരതയിൽ അവർ അഭയം തേടിയത്. നമ്മുടെ വിമർശനത്തിലും ഈ പ്രകടനപരതയ്‌ക്കാണ് ഇന്ന് പ്രാധാന്യം.


പ്രകടനപരമായ ഈ വിമർശനമാണ് സാഹിത്യമണ്ഡലത്തിൽ അനാരോഗ്യകരമായ പ്രവണതകൾക്ക് കാരണമായിത്തീരുന്നത്. സ്വാതന്ത്ര്യബോധമില്ലാത്ത അടിമകളുടെ ലക്ഷണമാണ് ഈ കോലാഹലങ്ങളെന്ന് സാനുമാഷ് ഓർമിപ്പിക്കുന്നു. സർഗാത്മകതയില്ലാത്തതുകൊണ്ടാണ് പലപ്പോഴും സാഹിത്യ വിമർശനം ഇത്തരം കുഴികളിൽ വീണുപോകുന്നത്. ഭാവനയുടെ അത്യുന്നതാവസ്ഥയിലാണ് കാവ്യബിംബങ്ങളുടെ ശാസ്‌ത്ര ദർശനങ്ങളും തത്വചിന്തയും കലാസൃഷ്ടികളും രൂപപ്പെടുന്നത്. വിമർശനവും ഇതിൽനിന്ന് വിഭിന്നമാകാൻ തരമില്ല. “ക്ലേശംനിറഞ്ഞ പ്രയത്നം ഏകാഗ്രമായ ധ്യാനവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടതാണ് സർഗാത്മക ഭാവന.” ഈ പ്രയത്നത്തിനും ധ്യാനത്തിനും തയ്യാറല്ലാത്തവരാണ് ഇന്ന് സാഹിത്യവിമർശനത്തിന് മുതിരുന്നത്. സ്വാതന്ത്ര്യദാഹിയായ എഴുത്താളും വിമർശകയും അനന്തമായ ക്ലേശത്തിന്റെ വഴി പിന്തുടരാൻ ബാധ്യതപ്പെട്ടവരാണെന്ന് സാനുമാഷ് ഓർമിപ്പിക്കുന്നു. അദ്ദേഹം സാഹിത്യത്തെക്കുറിച്ച് സാമാന്യമായെഴുതിയ കുറിപ്പുകൾ സാഹിത്യത്തിലെ പ്രബലമായ ആശയങ്ങളെ വിമർശനാത്മകമായി പരിശോധിക്കുന്നുണ്ട്. കലയുടെ ഉറവിടം, കലയുടെ ലക്ഷ്യം, കലയും സമൂഹവും തമ്മിലുള്ള ബന്ധം, കലയുടെ രൂപം തുടങ്ങി മൗലികമായ നിരവധി പ്രമേയങ്ങൾ അദ്ദേഹത്തിന്റെ രചനകൾ പരിചരിക്കുന്നു. ‘മനുഷ്യൻ’ എന്ന സന്ദിഗ്ധസ്ഥാനത്തെയാണ് സാനുമാഷ് അഭിസംബോധന ചെയ്യുന്നത്. മനുഷ്യൻ ഒരേസമയം ഏകാകിയായ വ്യക്തിയും സാമൂഹ്യജീവിയുമാണ്. അയാൾ യുക്തിയിൽ ജീവിക്കുന്നത് എത്രയാണോ അതിലുമെത്രയോ മടങ്ങ് അയുക്തികതയിൽ ജീവിക്കുന്നു. നന്മയിലും തിന്മയിലും ഒരേസമയം പുലരുന്ന ജീവിയാണ് മനുഷ്യൻ. ചുരുക്കിപ്പറഞ്ഞാൽ നിരവധി സംഘർഷങ്ങൾക്കും വൈരുധ്യങ്ങൾക്കുമിടയിലൂടെ രൂപപ്പെട്ടുവരുന്നതാണ് മനുഷ്യരുടെ സാമൂഹ്യജീവിതം. ഈ സംഘർഷങ്ങളെ അഥവാ വൈരുധ്യങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രകൃതിക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യമുണ്ട്. ഈ സംഘർഷങ്ങൾ തന്നെയാണ് കലയുടെ ഉറവിടവും ഉള്ളടക്കവും. മനുഷ്യജീവിതത്തിന്റെ പ്രധാന സവിശേഷതയായ പാരമ്പര്യം കലയുടെയും സവിശേഷതയാണ്. പാരമ്പര്യമെന്നത് തുടർച്ച മാത്രമല്ല, അത് ഇടർച്ച കൂടിയാണ്. കവിതയിലെ ശബ്ദവും അർഥവും തമ്മിലുള്ള ബന്ധത്തിലും പലപ്പോഴും വൈരുധ്യം പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് കവിതയിൽ ശബ്ദാലങ്കാരമാണോ അർഥാലങ്കാരമാണോ പ്രധാനമെന്ന് നിരൂപകർ കുറേക്കാലം തർക്കിച്ചത്. യാഥാർഥ്യവും ഭാവനയും തമ്മിലുള്ള വൈരുധ്യാത്മകബന്ധവും കല പരിചരിക്കുന്നുണ്ട്. ഈ വൈരുധ്യങ്ങളിൽക്കിടന്ന് പിടഞ്ഞുതീർന്ന ജീവിതമാണ് ചങ്ങമ്പുഴയുടേത്. കപടലോകത്തിലെ ആത്മാർഥമായ ഹൃദയം ഈ അർഥത്തിൽ ഏറ്റവും ശക്തമായ ബിംബമാണ്. കാരണം, അത് മനുഷ്യരനുഭവിക്കുന്ന അസ്‌തിത്വപരമായ അസ്ഥിരതയുടെ സൂചകമാണ്. ഇന്ദ്രിയാതീതമായ ലോകത്തെ ബിംബങ്ങളിലൂടെ അവതരിപ്പിക്കുന്ന കവിതകൾ ചങ്ങമ്പുഴയുടേതായിട്ടുണ്ട്. അത് ലോകത്തെ അതിവർത്തിക്കാനുള്ള ഇച്ഛയെയാണ് കുറിക്കുന്നത്. എന്നാൽ ‘രമണനും’ ‘വാഴക്കുല’യും ശ്രദ്ധിക്കപ്പെട്ടത് ഇഹലോകത്തിലെ സംഘർഷങ്ങളെ മൂർത്തമായി ചിത്രീകരിച്ചതുകൊണ്ടാണ്. വൈരുധ്യം ചങ്ങമ്പുഴയുടെ ഭാവനയിൽ വേറിട്ട് കാണുന്നതല്ല. ഇത് മനുഷ്യജീവിതത്തിന്റെ യാഥാർഥ്യമാണ്. ആ യാഥാർഥ്യമാണ് ചങ്ങമ്പുഴ ആവിഷ്‌കരിച്ചതെന്ന് മാത്രം. ചങ്ങമ്പുഴ സ്വയം വിലയിരുത്തുന്നതിൽത്തന്നെ ഈ വൈരുധ്യം കാണാൻ കഴിയും.

ഫോട്ടോ: എം എ ശിവപ്രസാദ്‌ എം കെ സാനു ഫോട്ടോ: എം എ ശിവപ്രസാദ്‌

ആത്മപീഡനേച്ഛയും പരഃപീഡനേച്ഛയും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പ്രകൃതമാണ് ചങ്ങമ്പുഴയുടേതെന്ന് സാനുമാഷ് ‘നക്ഷത്രങ്ങളുടെ സ്‌നേഹഭാജന’ത്തിൽ സൂചിപ്പിക്കുന്നുണ്ട്. മനുഷ്യപ്രകൃതത്തിൽ ആഴത്തിൽ പ്രവർത്തിക്കുന്ന വൈരുധ്യങ്ങളെ കണ്ടെത്തി അവതരിപ്പിച്ച മറ്റൊരു കവിയാണ് വൈലോപ്പിള്ളിയെന്ന് ‘കണ്ണീർപ്പാട’ത്തെക്കുറിച്ചുള്ള പഠനത്തിൽ സാനുമാഷ് പറയുന്നു. “മൗലികമായ മനുഷ്യപ്രകൃതവും അതിന്റെ ഉദാത്തീകൃതരൂപമായ കൽപ്പനയും ചേർന്നാണ് ഇവിടെ സംഘർഷം സൃഷ്ടിക്കുന്നതെന്ന് പറയാം. പല ദിക്കുകളിലും രതിഭാവദ്യോതകമായി നിബന്ധിച്ചിട്ടുള്ള ബിംബങ്ങൾ ഈ സൂക്ഷ്മാംശത്തെയാണ് വ്യക്തമാക്കുന്നത്.”

സദാചാരം, മതം, ഭരണകൂടം, സ്ഥാപനാധികാരം എന്നിവയെല്ലാം മനുഷ്യജീവിതത്തിലെ വൈരുധ്യങ്ങളെ സമീകരിക്കാനോ ദമനം ചെയ്യാനോ ആണ് ശ്രമിക്കുന്നത്. എന്നാൽ സ്വാതന്ത്രേച്ഛുവായ ഒരു കവി ഇവയുടെയെല്ലാം സമ്മർദത്തിൽനിന്ന് പുറത്തുകടക്കാനും ജീവിതത്തിലെ സംഘർഷങ്ങളെ അതായി ചിത്രീകരിക്കാനുമാണ് ശ്രമിക്കുന്നത്. അതിനുള്ള സ്വാതന്ത്ര്യമാണ് അയാൾ കാംക്ഷിക്കുന്നത്. ജീവിതത്തിലെ വൈരുധ്യങ്ങളെ എല്ലാ വ്യവസ്ഥകളും ഭയക്കുന്നുണ്ട്. അതുകൊണ്ട് വൈരുധ്യങ്ങളെ മൂടിവയ്‌ക്കാനാണ് അധികാരത്തിന്റെ ശ്രമം. എന്നാൽ ‘എഴുത്താൾ’ ഈ വൈരുധ്യങ്ങളെ അവയുടെ ഉറവിടത്തിൽചെന്ന് കണ്ടെത്തുന്നു. അതുകൊണ്ടുതന്നെ അയാൾ നിർവഹിക്കുന്ന സൗന്ദര്യാത്മകവൃത്തി സത്യാന്വേഷണം കൂടിയായിത്തീരുന്നു. ഈ സത്യാന്വേഷണത്തെ തടയുന്നതാണ് എഴുത്താളനുഭവിക്കുന്ന പാരതന്ത്ര്യം. ചുരുക്കത്തിൽ കലാസിദ്ധാന്തങ്ങളെ പുരസ്‌കരിച്ച് എഴുതിയ ലേഖനങ്ങളിൽ പോലും ‘കലയും സ്വാതന്ത്ര്യവും’ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സാനുമാഷ് പറയുന്നത്.


സ്വാതന്ത്ര്യപ്രേമികൾക്ക് ഉത്സാഹമേറ്റുവാൻ കവികൾ കണ്ടെത്തുന്ന പ്രധാന ബിംബമാണ് പൂക്കളെന്നും ഇതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തം കുമാരനാശാന്റെ കവിതകൾ തന്നെയാണെന്നും ഒരിടത്ത്‌ അദ്ദേഹം പറയുന്നുണ്ട്. ജീവിതാഹ്ലാദത്തിന്റെ കവിയായ വള്ളത്തോളിനെ സംബന്ധിച്ചിടത്തോളം ഈ ആഹ്ലാദത്തെ തടയുന്ന എല്ലാ വ്യവസ്ഥകളും പ്രതിലോമകരമാണ്. ആഹ്ലാദം എന്നത് വള്ളത്തോളിനെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിന്റെ ഫലശ്രുതിയാണ്.

സ്വാതന്ത്ര്യബോധത്തെ രാഷ്‌ട്രീയബോധവുമായും ശാസ്‌ത്രബോധവുമായും വിളക്കിച്ചേർത്ത കവിയാണ് വയലാർ രാമവർമ എന്ന് സാനുമാഷ് സൂചിപ്പിക്കുന്നുണ്ട്. ‘ഭാവിയുടെ കൂടാരത്തിൽ തീയല പടർത്തണമെങ്കിൽ വഴിമുടക്കികളായ കണ്ടകശ്ശനികളെ എതിർത്തു തോൽപ്പിക്കണ’മെന്ന് വയലാർ പറയുന്നു. പ്രസ്‌തുത വരികൾ ഉദ്ധരിച്ചുകൊണ്ട് സാനുമാഷ് ലേഖനം ഇങ്ങനെ ഉപസംഹരിക്കുന്നു: “ആ കണ്ടകശ്ശനികളെ എതിർക്കുന്നതിന് ശാസ്‌ത്രീയവീക്ഷണത്തിന്റെ ആയുധം ആവശ്യമാണ്. രാഷ്‌ട്രീയബോധവും ആവശ്യമാണ്. അവ രണ്ടും യുക്തിഭദ്രമായി സമ്മേളിപ്പിക്കാൻ പല കവിതകളിലും അദ്ദേഹം ഉദ്യമിക്കുന്നതു കാണാം. ‘നാഗസാക്കിയിലെ കുരിശ്’, ‘മനുഷ്യനിലേക്ക്’, ‘അശ്വമേധം’, ‘വെളിച്ചമേ നയിക്കൂ’, ‘ഗലീലിയോ’ മുതലായ കവിതകൾ ഉദാഹരണങ്ങൾ. ‘കാവ്യോചിതമായ വിഷയ’ങ്ങളെ സംബന്ധിക്കുന്ന ധാരണകളെയാണ് ഈ കവിതകളിലൂടെ അദ്ദേഹം കാറ്റിൽ പറത്തുന്നത്. യുക്തിഭദ്രമായ പ്രബന്ധങ്ങൾക്ക് പറ്റിയ പ്രമേയങ്ങൾ ഈ കവിതകളിൽ അദ്ദേഹം അവതരിപ്പിക്കുന്നു. ആ പ്രമേയങ്ങൾക്ക് സ്വന്തം ആത്മാവിന്റെ പ്രാണവായു പകർന്ന് കാവ്യചൈതന്യമരുളുന്നു. അവിടെ കവിതയുടെ വിപരീതം ശാസ്‌ത്രമാണ് എന്ന പ്രമാണത്തിന് അർഥമില്ലാതായിത്തീരുന്നു…

ഇ എം എസിനൊപ്പം സാനുമാഷ്‌. എ പി വർക്കി, പവനൻ തുടങ്ങിയവർ സമീപംഇ എം എസിനൊപ്പം സാനുമാഷ്‌. എ പി വർക്കി, പവനൻ തുടങ്ങിയവർ സമീപം

മനുഷ്യപ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം ലോകത്തെ ഉടച്ചുവാർത്ത് സ്വർഗസദൃശമാക്കുകയാണെങ്കിൽ കവിതയ്‌ക്ക്‌ മാത്രം അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയുന്നതെങ്ങനെയെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. സ്വന്തം കവിതയെ ആ മഹാപ്രയത്നത്തിന്റെ ഭാഗമാക്കിത്തീർക്കുന്നതിൽ അഭിമാനിക്കുകയും ചെയ്‌തു.” കവിതയെ ഒരു സവിശേഷപ്രവൃത്തി എന്ന നിലയ്‌ക്ക്‌ മാറ്റിനിർത്തുകയല്ല, മനുഷ്യരുടെ അനേകം പ്രവൃത്തികളിലൊന്നായി അതിനെ കാണുകയും അതിന്റെ ലക്ഷ്യം ലോകത്തെ പുതുക്കിപ്പണിതുകൊണ്ട് മനുഷ്യകുലത്തിന്റെ ‘സ്വാതന്ത്ര്യം’ നേടുകയുമാണെന്ന് സാനുമാഷ് സൂചിപ്പിക്കുന്നു.

സാഹിത്യത്തിലെ പുതുപ്രവണതകൾക്ക് നിദാനം മനുഷ്യർ ഓരോ കാലത്തും കയ്യെത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പൊതുവിതാനങ്ങളാണ്. പുതിയകാലത്ത് അതിശക്തമായി നമ്മുടെ ഭാവുകത്വശീലങ്ങളെ പുതുക്കിപ്പണിത ദളിത് സാഹിത്യത്തെക്കുറിച്ച് സാനുമാഷ് പറയുന്നു: “പ്രതിഷേധത്തിന്റേയും അമർഷത്തിന്റേയും തീക്ഷ്ണതയ്‌ക്ക്‌ ഈ പ്രാതികൂല്യങ്ങളെ അതിലംഘിക്കാൻ സാധിക്കുകതന്നെ ചെയ്യും. അവയെ നേരിട്ടുകൊണ്ട് തീക്കനലുകൾപോലെ പെയ്യുന്ന കവിതകൾ, സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്തുംവിധം നിക്ഷേപിക്കാൻ ദലിതുകൾക്ക് കഴിയും, അഥവാ കഴിയണം. അവിടെ സംരക്ഷണമോ പ്രോത്സാഹനമോ പ്രശ്നമല്ല. സംരക്ഷണവും പ്രോത്സാഹനവും അടിമത്തത്തിന്റെ അഭയകേന്ദ്രമാണെന്നുള്ളതാണ് വാസ്‌തവം. അവയെ ധിക്കരിച്ചുകൊണ്ട് തങ്ങളുടേതായ ഒരു സാഹിത്യം പ്രകോപനപരമായവതരിപ്പിക്കാൻ കഴിഞ്ഞാൽ അത് നമ്മുടെ സംസ്‌കാരത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായിരിക്കും.” ആറ് പതിറ്റാണ്ട് നീണ്ടുനിന്ന നിരൂപണസപര്യയ്‌ക്കിടയിൽ സാനുമാഷ് നിന്നിടത്ത് നിൽക്കുകയായിരുന്നില്ലെന്ന് ഈ നിരീക്ഷണം തെളിയിക്കുന്നുണ്ടല്ലോ. ആശാന്റേയും വള്ളത്തോളിന്റേയും കവിതകൾ എന്നതുപോലെ അദ്ദേഹത്തിന് പുതുകവിതകളും അതിലെ പ്രവണതകളും വഴങ്ങും. മലയാളകവിതയിൽ മാറിമാറി വന്ന പ്രസ്ഥാനങ്ങളോട് സാനുമാഷ് സക്രിയമായി പ്രതികരിച്ചിട്ടുണ്ട്. നവോത്ഥാനം, സ്വാതന്ത്ര്യസമരം, കർഷകപ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സംഘർഷങ്ങൾ എന്നിവയെല്ലാം സാഹിത്യത്തിലും ചലനങ്ങളുണ്ടാക്കി. ഈ ചലനങ്ങളോടെല്ലാം പ്രതികരിക്കാനുള്ള ശേഷി അദ്ദേഹത്തിന്റെ ഭാവുകത്വത്തിനുണ്ടായിരുന്നു.

കുമാരനാശാൻകുമാരനാശാൻ

വിഭ്രമിപ്പിക്കലല്ല വിമർശനമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കാവ്യത്തിന്റെ ആത്മാവ് കണ്ടെത്തലാണ് വിമർശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കരുതി. അതിന്‌ പാശ്ചാത്യമായ ചില വിചാരമാതൃകകളെ യാന്ത്രികമായി കവിതയ്‌ക്കുമേൽ പ്രയോഗിക്കുകയല്ല വേണ്ടത്, സാഹിത്യപാഠത്തെ സാമൂഹ്യചലനങ്ങളോട് ചേർത്തുവച്ച് അതതുകാലത്തെ സ്വാതന്ത്ര്യബോധവുമായി അതിനെ ഉരച്ചുനോക്കാൻ വിമർശകർക്ക് കഴിയണം. തന്റെ ഈ ബോധ്യത്തിന്റെ സദ്ഫലങ്ങളാണ് അദ്ദേഹത്തിന്റെ വിമർശനങ്ങളെല്ലാം. എന്തുകൊണ്ടാണ് മലയാളത്തിൽ സാഹിത്യ വിമർശനം എന്ന ശാഖ ദുർബലമാകുന്നതെന്നറിയാൻ ഈ വിമർശകന്റെ രചനകളുമായി മലയാളത്തിലെ സമകാല നിരൂപണങ്ങളെ താരതമ്യം ചെയ്‌താൽ മതി. സാഹിത്യപാഠങ്ങളെ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലങ്ങളിൽ സ്ഥാനപ്പെടുത്തിക്കൊണ്ട് വിലയിരുത്താനുള്ള ശേഷി കൈമോശം വരുന്നതുകൊണ്ടാണ് നമ്മുടെ നിരൂപണം ദുർബലമാകുന്നതെന്ന് സാനുമാഷ് ഓർമിപ്പിച്ചുകൊണ്ടേയിരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home