യാത്ര

നോർത്ത് ഈസ്റ്റ്‌ നോട്ട്ബുക്ക് ‐ 18

ലോക്‌ടാക് തടാകത്തിലെ ഫുംദികൾ
avatar
വേണു

Published on Nov 08, 2025, 12:03 PM | 7 min read

ഏപ്രിൽ 9. മോയ്‌റംഗ്, ലോക്‌ടാക്

ഹിന്ദിയോ ഇംഗ്ലീഷോ അറിയാവുന്ന ഒരു ക്രിസ്‌ത്യൻ മെയ്‌തെയ് ഓട്ടോ ഡ്രൈവർ എന്ന വിഷമംപിടിച്ച കൂട്ടുപ്രശ്നത്തിന്റെ പരിഹാരരൂപമായി രാവിലെ ഏഴുമണിക്ക് ജെയിംസ് വന്നു. സിലിഗുറിക്ക് ശേഷം ബാറ്ററി ഓട്ടോ വീണ്ടും കാണുന്നത് ഇപ്പോഴാണ്. ഉറക്കം മാറാത്ത മുഖത്ത് ചെറിയൊരു ചിരി വരുത്തി ഓട്ടോയിൽ കയറിയിരുന്നിട്ട് എങ്ങോട്ടാണ് പോകേണ്ടതെന്ന് ജെയിംസ് ചോദിച്ചു. ലോക്‌ടാക് തടാകം കാണുക എന്നതാണ് പ്രധാന ഉദ്ദേശ്യം എന്നു ഞാൻ പറഞ്ഞു. മുപ്പത് കിലോമീറ്റർ നീളവും പത്തു കിലോമീറ്റർ വീതിയുമുള്ള വലിയ തടാകത്തിന്റെ തെക്കുഭാഗത്താണ് ഞങ്ങളിപ്പോൾ ഉള്ളത്. ഇവിടെയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഏക നാഷണൽ പാർക്കായ കേബുൾ ലാംജോ സ്ഥിതി ചെയ്യുന്നത്. പുല്ലും പായലും അടിത്തട്ടിലെ ചെളിയിൽനിന്നു വളർന്നുവരുന്ന സസ്യങ്ങളും അഴുകിയും കെട്ടുപിണഞ്ഞും ചേർന്ന് ജലപ്പരപ്പിനു മേലെ സ്വാഭാവികമായി ഉണ്ടാകുന്ന ജൈവവിതാനത്തിന് ഫുംദി എന്നാണ് പറയുക. ഏതാനും മീറ്ററുകൾ മാത്രം വലുപ്പമുള്ള കുഞ്ഞന്മാർ തുടങ്ങി മഹാഭീമൻമാർ വരെയുള്ള നൂറുകണക്കിന് ഫുംദികൾ ലോക്‌ടാക്കിന്റെ മേലെ പൊന്തിക്കിടക്കുന്നുണ്ട്. ഇവയിൽ ചിലതിന് ഇഞ്ചുകൾ മാത്രമാണ് കനമെങ്കിൽ ചിലതിന് പന്ത്രണ്ടടിവരെ കനമുണ്ട്.

കേബുൾ ലാംജോ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ഫുംദിയാണ് ഇതിലേറ്റവും വലുത്. അതിനു മാത്രം നാൽപ്പത് ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുണ്ട്. ചെളി പിടിച്ച പുൽമൈതാനം പോലെ നനഞ്ഞു കിടക്കുന്ന ഈ ഉപരിപ്ലവ ദ്വീപിന്റെ ചില ഭാഗങ്ങളിലെ പുല്ലുകൾക്ക് പത്തടി ഉയരമുണ്ട്. അത്യപൂർവവും ഇവിടെ മാത്രം കാണപ്പെടുന്നതുമായ സാങ്ഗായ് മാനുകൾ അറിയപ്പെടുന്നത് നൃത്തം ചെയ്യുന്ന മാനുകൾ എന്നാണ്. നടപ്പിൽ നൃത്തമുള്ളതു മാത്രമല്ല ആ പേരിന്റെ കാരണം. ചെളിയിൽ നടക്കുമ്പോൾ ഓരോ ചുവടും കൂടുതൽ ഉയർത്തി വെക്കേണ്ടി വരുന്നതുകൊണ്ടു കൂടിയായിരിക്കണം അങ്ങനെയൊരു പേരു വന്നത്. എന്നാൽ സമാനമായി കാലുയർത്തി വെച്ച് പാടത്തെ ചെളിയിൽ നടക്കുന്ന താറാവുകാരുടെ നടപ്പിനു കുട്ടനാട്ടിൽ പറയുന്നത് നൃത്തമെന്നല്ല, പറിച്ചു കുത്തി നടപ്പെന്നാണ്. മാനും മനുഷ്യനും തമ്മിൽ ചലനഭംഗിയിൽ കാര്യമായ അന്തരമുണ്ടെന്നു വേണം മനസ്സിലാക്കാൻ. ലോക പ്രസിദ്ധമായ മണിപ്പുരി നൃത്തത്തിന്റെ ചില ചലനങ്ങൾ സാങ്ഗായിൽ നിന്ന് പകർത്തിയതാണെന്നു വരെ നിരീക്ഷണങ്ങളുണ്ട്. മണിപ്പുരിലെ നൃത്തം ചെയ്യുന്ന മാനുകൾ അമ്പത് വർഷം മുമ്പ്‌ വംശനാശത്തിന്റെ വക്കിൽ എത്തിയശേഷം കഷ്ടിച്ചു മാത്രം രക്ഷപ്പെട്ടതാണ്. ഇപ്പോഴവരുടെ എണ്ണം എങ്ങനെയോ ഇരുനൂറിനു മേലെ എത്തിയിട്ടുണ്ട്.

ലോക്‌ടാക് തടാകത്തിലെ ഫുംദികൾലോക്‌ടാക് തടാകത്തിലെ ഫുംദികൾ

ഒറ്റനോട്ടത്തിൽ തന്നെ അസാധാരണമെന്ന് തോന്നിപ്പിക്കുന്ന ചില സ്ഥലങ്ങളുണ്ട്. ലോക്‌ടാക് തടാകം അങ്ങനെയുള്ള ഒന്നാണ്. ഒരുകാലത്ത് മണിപ്പുർ താഴ്‌വരയിലും സമാനപ്രദേശങ്ങളിലും സർവസാധാരണമായിരുന്ന സാങ്ഗായ് മാനുകൾ ഇന്നു ലോകത്താകെ ഉള്ളത് ഇവിടെയുള്ള കേബുൾ ലാംജോ നാഷണൽ പാർക്കിലെ ഫുംദികളിൽ മാത്രമാണ്. ഇവിടെ അവശേഷിക്കുന്ന സാങ്ഗായികളുടെ നിലനിൽപ്പിന് ഈ ഫുംദികൾ നിലനിൽക്കേണ്ടതും അത്യാവശ്യമാണ്. ഒരുകാലത്ത് ഈ ഫുംദികളിൽ മനുഷ്യവാസവും നിയന്ത്രണമില്ലാത്ത മീൻകുളം നിർമാണവും സർവസാധാരണമായിരുന്നു. പഴയ മീൻകുളങ്ങളുടെ അവശിഷ്ടങ്ങളാണ് ഇപ്പോഴും അവിടവിടെ കാണുന്ന വൃത്താകൃതിയിലുള്ള വലിയ ചുറ്റുവരമ്പുകൾ. ഇപ്പോൾ ഇതെല്ലാം നിയമവിരുദ്ധമാണ്. ലോക്‌ടാക് തടാകത്തിൽ ഇപ്പോൾ താമസക്കാരില്ല. എന്നാൽ തടാകത്തിലെ മീൻകൃഷിയും അനുബന്ധ കൈയേറ്റങ്ങളും മൂലമുണ്ടായ നാശത്തിലും പല മടങ്ങ് വലിയ ഭീഷണിയാണ് ചെറിയൊരണക്കെട്ടിൽ നിന്ന് ഫുംദികൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

വടക്കുനിന്നു വരുന്ന മണിപ്പുർ നദിയും മറ്റനേകം ചെറിയ നദികളുമാണ് ലോക്‌ടാക്കിന്റെ ശുദ്ധജല സ്രോതസ്സ്‌. മഴക്കാലത്തെത്തുന്ന അധികജലം തടാകത്തിന്റെ തെക്കുഭാഗത്തുകൂടി വീണ്ടും ചെറുനദികളായി പുറത്തേക്ക് പോകും. തെക്കുഭാഗത്തെ ഇത്തായ് എന്ന സ്ഥലത്ത് പുതുതായി നിർമിച്ച തടയണയുടെ ഉദ്ദേശ്യം അധികജലത്തെ ഇവിടെത്തന്നെ സ്ഥിരമായി തടഞ്ഞുനിർത്തുക എന്നതാണ്. അതുമൂലം തടാകത്തിലെ ജലനിരപ്പ് വർഷം മുഴുവൻ ഉയർന്നു നിൽക്കുന്നു. ആഴം കുറഞ്ഞ തടാകത്തിലെ ചേറിൽ വേരുപിടിച്ചു നിൽക്കുന്ന സസ്യങ്ങളുടെ സഹായം കൊണ്ടു കൂടിയാണ് ഫുംദികൾ നിലനിൽക്കുന്നത്. മഴക്കാലത്ത് ജലനിരപ്പുയരുന്നതോടൊപ്പം ഫുംദികളും ഉയരും. അതോടെ സസ്യങ്ങളുടെ നേർത്ത വേരുകൾ മണ്ണിൽനിന്ന് വിട്ടു പോകും. വെള്ളമിറങ്ങുമ്പോൾ അവ വീണ്ടും താണുവന്ന് മണ്ണിൽ നിന്ന് പോഷകവസ്‌തുക്കൾ വലിച്ചെടുക്കാൻ തുടങ്ങും. അടുത്ത മഴക്കാലത്ത് വേരുകളുടെ പിടിവിട്ടു പോഷകങ്ങൾ ലഭ്യമാകാതെ പോകുന്ന സമയത്തെ ഉപയോഗത്തിനായി, ജലനിരപ്പ് താഴുന്ന സമയത്ത് പരമാവധി പോഷക ധാതുക്കൾ മണ്ണിൽനിന്നു വലിച്ചെടുത്ത് പ്രത്യേക രീതിയിൽ സംഭരിച്ചു വയ്‌ക്കാൻ ഈ ചെടികൾക്ക് സാധിക്കും. ഇതാണ് ഫുംദികളുടെ ജീവിതക്രമം. പുതിയ തടയണയുടെ ഫലമായി ജലനിരപ്പ് സ്ഥിരമായി ഉയർന്നുനിൽക്കുന്നതിനാൽ, വേരുകൾക്ക് ഒരിക്കലും മണ്ണിൽ തൊടാൻ സാധിക്കുന്നില്ല. പോഷകങ്ങൾ കിട്ടാതെ സസ്യങ്ങൾ മുരടിക്കുകയും അതുമൂലം ഫുംദികളുടെ കെട്ടുറപ്പ് ക്ഷയിക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം നമ്മുടെ കുട്ടനാടിന്റെ ശാപമായ പോളപ്പായലും കൂടി ചേർന്നപ്പോൾ സാങ്ഗായ് മാനുകളുടെ മേച്ചിൽ നിലങ്ങളുടെ വിസ്‌തൃതി കഴിഞ്ഞ പത്തു വർഷത്തിനിടയിൽ പാതിയായി കുറഞ്ഞു. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ചെറിയ ഫുംദികൾ വലിച്ചുകൊണ്ടുവന്ന് പ്രധാന ഫുംദിയോട് ചേർത്ത്‌ മുളങ്കുറ്റികൾ നാട്ടി ഉറപ്പിച്ചു നിർത്തുക എന്നതാണ് പരിഹാരമാർഗമായി വനം വകുപ്പ് ചെയ്യാൻ ശ്രമിക്കുന്നത്.

ലോക്‌ടാക് തടാകത്തിലെ കടത്തുവള്ളങ്ങൾ ലോക്‌ടാക് തടാകത്തിലെ കടത്തുവള്ളങ്ങൾ

അത്യപൂർവമായ മൃഗങ്ങളുടെ അവസാനത്തെ സംഘത്തിനെ ഒരു സ്ഥലത്തു മാത്രമായി കൂട്ടി നിർത്തുന്നത് അബദ്ധമാണെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി. അന്തർപ്രജനനംമൂലം ദുർബലമായ രോഗപ്രതിരോധ അവസ്ഥയുള്ള മൃഗങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ചിലപ്പോൾ ഒരു രോഗാണുവിന് സാധിച്ചേക്കാം. അല്ലെങ്കിൽ ഒരു പ്രകൃതിക്ഷോഭത്തിന്റെ ഫലമായും അതു സംഭവിക്കാം. എന്തായാലും വംശനാശ സാധ്യത വലുതാണ്. ഇതേ ഭീഷണി നേരിടുന്നവരാണ് ഗുജറാത്തിലെ ഗീർ വനങ്ങളിൽ അവശേഷിക്കുന്ന അവസാനത്തെ ഏഷ്യൻ സിംഹങ്ങളും. അവിടെനിന്ന് കുറച്ചു സിംഹങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് പ്രകൃതിശാസ്ത്രജ്ഞരും സംഘടനകളും പലവട്ടം അഭ്യർഥിച്ചിട്ടും ഗുജറാത്ത് സർക്കാർ വഴങ്ങുന്നില്ല. ഇത് ഗുജറാത്തി സിംഹങ്ങളാണെന്നും ഇവയെ മറ്റാർക്കും വിട്ടുകൊടുക്കാനാവില്ലെന്നും വരെ പ്രസംഗിച്ച നേതാക്കന്മാർ ഉണ്ട്. എന്നാൽ, ലോക്‌ടാക്കിൽ നിന്ന് സാങ്ഗായിയുടെ ഒരു ചെറിയ സംഘത്തിനെ മാറ്റിത്താമസിപ്പിക്കാനുള്ള സംരംഭം പരാജയപ്പെട്ടത്, പുതുതായി കണ്ടുവച്ച പ്രദേശത്തെ നാട്ടുകാരുടെ എതിർപ്പു മൂലമായിരുന്നു. പരദേശ ജീവികൾക്ക് അഭയം കൊടുത്താൽ അവരാകും പിന്നെ പ്രമാണിമാരെന്നും, അവസാനം ഞങ്ങളെല്ലാം പുറത്താകും എന്നുമായിരുന്നു വാദം. കുക്കികൾക്കെതിരെ മെയ്‌തെയ്കൾ ഇപ്പോൾ ഉയർത്തുന്ന മുദ്രാവാക്യങ്ങളുടെ പിന്നിലുള്ളതും ഇതേ വാദം തന്നെയാണ്.


ചില ഭാഗങ്ങളിൽ തടാകക്കര നിരപ്പുള്ളതും, മറ്റിടങ്ങളിൽ കുന്നിൻ ചെരുവുകളുമാണ്. വലിയൊരു കുന്നിന്റെ മേലേക്ക് കയറിപ്പോകുന്ന ഒരു വഴിയുടെ മുന്നിൽ ഓട്ടോ നിർത്തിയിട്ട്, മേലെനിന്നു നോക്കിയാൽ തടാകത്തിന്റെ വിശാല ദൃശ്യം കാണാമെന്ന് ജെയിംസ് പറഞ്ഞു. ശരി പോകാമെന്നു പറഞ്ഞപ്പോൾ ഈ കയറ്റം കയറാനുള്ള ശേഷി തന്റെ വണ്ടിക്കില്ലെന്ന് പറഞ്ഞ് അയാൾ എന്നെ കൈയൊഴിഞ്ഞു. മേലേക്കുള്ള വഴി ടാർ ചെയ്‌ത നല്ല വഴിയാണ്. എങ്കിലും കയറ്റം അൽപ്പം കഠിനമായിരുന്നു. ഇത്തരം ആവാസവ്യവസ്ഥകളിൽ ബാറ്ററി ഓട്ടോകളുടെ നിലനിൽപ്പ്‌ സാധ്യതകൾ പൂജ്യമാണെന്ന് ഡോ. ജെയിംസ് അഭിപ്രായപ്പെട്ടത് വെറുതെയല്ല. മുകളിൽനിന്നു നോക്കിയാൽ മരങ്ങൾക്കിടയിലൂടെ ചെറിയ ഫുംദികളും വൃത്താകൃതിയിൽ വരമ്പ് കുത്തിയുണ്ടാക്കിയ പഴയ മീൻകുളങ്ങളും അടങ്ങിയ ജലപ്പരപ്പ് വലുതായി കാണാം. കുന്നിന്റെ മുകളിൽ ഒരു ഹോട്ടലുണ്ട്. അവിടെ തടാകം ദൃശ്യമാകുന്ന മുറികളുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ ഇപ്പോഴതെല്ലാം അടഞ്ഞു കിടക്കുകയാണ്. മുറികൾക്ക് ആവശ്യക്കാരാരുമില്ല. തടാകം കാണാൻ ഇപ്പോഴാരും ഇങ്ങോട്ട് വരാറുമില്ല.

ഐഎൻഎ മ്യൂസിയം ഐഎൻഎ മ്യൂസിയം

കുന്നിറങ്ങി താഴെ തിരിച്ചു വന്നപ്പോൾ ജെയിംസ് നല്ല ഉറക്കത്തിലാണ്. ഇനിയെന്ത് എന്ന ഭാവത്തിൽ അയാളെന്നെ നോക്കി. അതുതന്നെ ഞാനങ്ങോട്ടും തിരിച്ചു ചോദിച്ചു. ഒന്നാലോചിച്ചിട്ട് ജെയിംസ് വണ്ടി തിരിച്ചു. എങ്ങോട്ടാണെന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടി എനിക്കു മനസ്സിലായില്ല. വഴി ഇപ്പോൾ തടാകക്കരയിലെ നിരപ്പിലൂടെയാണ് പോകുന്നത്. ഒരുവശത്ത് ഉയരത്തിൽ, അടർത്തിയെടുത്തതു പോലെ ചെങ്കൽ പാറകൾ ലംബമായി നിൽക്കുന്നു. ഏതോ ഒരു മൂലയിൽ ഒരു പടമെടുക്കാനായി ഇറങ്ങി നോക്കിയപ്പോൾ അവിടെക്കണ്ട ഒരു ചെറുപ്പക്കാരൻ അടുത്തുവന്നു. ഭാഷാപ്രശ്നം ഭയന്ന് സംഭാഷണം ഞാനൊരു ഹലോയിലും ഫോട്ടോയിലും ഒതുക്കി. പക്ഷേ അയാൾക്ക് അത്യാവശ്യം നല്ല ഹിന്ദി അറിയാമായിരുന്നു. ഇവിടെ തടാകത്തിന്റെ ഉൾഭാഗത്തേക്ക് പോകാൻ എന്തെങ്കിലും മാർഗമുണ്ടോ എന്നു ചോദിച്ചപ്പോൾ വള്ളത്തിൽ പോകാനേ പറ്റൂ എന്നയാൾ പറഞ്ഞു. എവിടെയാണ് വള്ളം കിട്ടുക എന്നു ചോദിച്ചപ്പോൾ സ്വന്തം വള്ളമുണ്ടെന്ന് പറഞ്ഞു. ഓട്ടോറിക്ഷകൾക്കുള്ള ഇന്നത്തെ മെയ്‌തെയ് ഹിന്ദു പുതുവർഷ അവധി വള്ളങ്ങൾക്ക് ബാധകമല്ല. ജെയിംസിനെ നോക്കിയപ്പോൾ അതംഗീകരിച്ച പോലെ അയാളും തലയാട്ടി.


വള്ളക്കാരന്റെ പേര് ടെൻസിൻ എന്നാണ്. നാഷണൽ പാർക്കിന്റെ തെക്കെ വശത്തുകൂടിയാണ് ഞങ്ങളുടെ ചെറിയ വള്ളം ഇപ്പോൾ പോകുന്നത്. ഉയരത്തിൽ വളർന്നു നിൽക്കുന്ന ആനപ്പുല്ലുകളാണ് ഇവിടുത്തെ ഫുംദികളുടെ പ്രത്യേകത. താരതമ്യേന തുറന്ന ജലപ്പരപ്പാണിവിടെ കാണുന്നത്. തടാകത്തിന്റെ ആഴം കുറഞ്ഞ ഭാഗത്തെ ഒഴുക്കില്ലാത്ത വെള്ളത്തിനടിയിൽ ഉണ്ടപ്പായലിന്റെ ഇരുണ്ട രൂപങ്ങൾ നിശ്ചലരായി നിൽക്കുന്നത് വള്ളത്തിലിരുന്നാൽ കാണാം. ഇവിടെ ധാരാളമായി കണ്ട മറ്റൊരു ചെടി കേരളത്തിലെ ചതുപ്പുകളിൽ തിങ്ങി വളരുന്ന ഓടപ്പുല്ലാണ്. കോട്ടയം ഭാഗത്ത് ഇതിന് ഒട്ടൽ എന്നാണ് പേര് പറയുന്നത്. കൂട്‌ വയ്‌ക്കാൻ ഒട്ടൽക്കാടുകൾ മാത്രം തെരഞ്ഞെടുക്കുന്ന പക്ഷികൾ പലതുണ്ട്. നാലഞ്ചടി ഉയരമുള്ള ഞാറ മുതൽ അപൂർവമായി മാത്രം മുഖം തരുന്ന മഞ്ഞക്കൊച്ച വരെ ഇതിൽപ്പെടും. തടാകത്തിൽനിന്ന് ഒരുതരം വള്ളിപ്പായൽ കഴുക്കോൽ കൊണ്ട് കുത്തിയെടുത്ത് വള്ളത്തിൽ കൂട്ടിവയ്‌ക്കുന്ന ചിലരെ കണ്ടു. തടാകത്തിന്റെ കരയിലുള്ള വഴിയരികിൽ ഇത്തരം പായലിന്റെ വലിയ കൂനകൾ പലത്‌ കണ്ടതും ഓർത്തു.

ഈ ഭാഗത്ത് മീൻകുളങ്ങളും ഫുംദിയിലെ താമസവും നിയമവിരുദ്ധമാണെങ്കിലും അതൊന്നും കൂട്ടാക്കാതെ ഇവിടുന്ന് മാറാതെ നിൽക്കുന്ന ചിലരുണ്ടെന്ന് ടെൻസിൻ പറഞ്ഞു. അങ്ങനെയൊരു സ്ഥലത്ത് പോകാൻ പറ്റുമോ എന്നു ചോദിച്ചപ്പോൾ, താനുദ്ദേശിക്കുന്ന വീട് ഇപ്പോഴും അവിടെത്തന്നെ ഉണ്ടാകുമോ എന്നുറപ്പില്ലെന്നും പോയി നോക്കാമെന്നും ടെൻസിൻ പറഞ്ഞു. കൊച്ചു കൊച്ചു ഫുംദികളും പഴയ മീൻകുളങ്ങളുടെ അവശിഷ്‌ടങ്ങളും കടന്ന് ഉയരത്തിൽ വളർന്നുനിൽക്കുന്ന ആനപ്പുല്ലിന്റെ മറവിൽനിന്ന് പുറത്ത് വന്നപ്പോൾ ദൂരെക്കണ്ട തിളക്കം നോക്കി വീട് അവിടെത്തന്നെ ഉണ്ടെന്ന് ടെൻസിൻ പറഞ്ഞു. അവിടെയുള്ളതിൽ വച്ച് വലിയ ഫുംദിയുടെ മേലെ കാണുന്ന തകര ഷീറ്റുകളും മരക്കഷ്‌ണങ്ങളും പ്ലാസ്റ്റിക് ഷീറ്റുകളും ചേർന്നതാണ് വീട്. വീട്ടിൽ രണ്ടു പൂച്ചകളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല.

മോയ്‌റംഗിലെ മാർക്കറ്റ്‌ മോയ്‌റംഗിലെ മാർക്കറ്റ്‌

വള്ളത്തിൽ നിന്നിറങ്ങാമെന്ന് ടെൻസിൻ പറഞ്ഞു. ഷൂസൂരി കാലെടുത്തു നിലത്തു കുത്തിയപ്പോൾ റബർ മെത്തയിൽ ചവുട്ടിയതുപോലെ നിലമൊന്ന് അമർന്നുയർന്നു. കാലിനടിയിലൂടെ ഒരോളം കടന്നു പോയതുപോലെയാണ്‌ തോന്നിയത്. നിലത്തു നിന്ന് അൽപ്പം ഉയർത്തിയാണ് വീടിന്റെ തറയെങ്കിലും തറയിൽ വിരിച്ച പ്ലാസ്റ്റിക് പടുതകൾക്ക് നനവുണ്ട്.


പത്തു മിനിറ്റിനകം ഒട്ടലുകൾക്ക് പിന്നിലൂടെ തൊപ്പി വച്ച ഒരു തല ഒഴുകിവരുന്നതു കണ്ടു. വീട്ടുടമസ്ഥൻ വള്ളമടുപ്പിച്ച് കരയ്‌ക്കിറങ്ങി. അപരിചിതരെ അപ്രതീക്ഷിതമായി കണ്ടതിന്റെ അമ്പരപ്പ് ടെൻസിൻ എന്തോ പറഞ്ഞതോടെ സൗഹാർദമായി മാറി. മലാങ് എന്നാണ് പേരെന്നും കുറച്ചു മാറി കെട്ടിയിരിക്കുന്ന മീൻകെണികൾ പരിശോധിച്ചിട്ടു വരികയാണെന്നും ടെൻസിൻ പരിഭാഷ നടത്തി. ഇവിടെ ഒന്നു രണ്ടാഴ്‌ച താമസിച്ച ശേഷം ഗ്രാമത്തിലെ വീട്ടിലേക്ക് പോയിവരുമെന്ന് മലാങ് പറഞ്ഞു. ടെൻസിനോട് ഏതോ ഒരു ഗ്രാമത്തിന്റെ പേരും പറഞ്ഞു. അവർ തമ്മിൽ മുമ്പെന്നെങ്കിലും കണ്ടതായി രണ്ടുപേരും ഓർക്കുന്നില്ല. ഇതു പോലെ വളരെ കുറഞ്ഞ ജനസംഖ്യയുള്ള ചെറിയ പ്രദേശങ്ങളിൽ പോലും പരസ്‌പരം കണ്ടിട്ടില്ലാത്തവർ ഉണ്ടാകാമെന്നത് അതിശയമായി തോന്നി. തിരിച്ചുവരുമ്പോൾ, ദൂരെ മൺചിറയിൽ നിന്നുകൊണ്ട് വെള്ളത്തിൽ കളിക്കുന്ന കുട്ടികളോട് സംസാരിക്കുന്ന ജെയിംസിനെ ദൂരെ കണ്ടു. കയറിയ സ്ഥലത്തു നിന്നു കുറച്ചു മാറിയൊരു തകര വീടിന്റെ മുന്നിലേക്കാണ് ടെൻസിൻ വള്ളമടുപ്പിച്ചത്. അടർന്നുവീണ കുന്നിന്റെ ലംബമായ മുഖം വീടിനുപിന്നിൽ ഉയർന്നു നിൽക്കുന്നുണ്ട്.


മുറ്റത്ത് മീൻവലകൾ കൂടിക്കിടക്കുന്നു. വെള്ളത്തിലേക്കിറക്കി വച്ച ഒരു പലകയിലിരുന്ന് ഒരാൾ വലിയൊരു മീൻ, കഷ്‌ണങ്ങളായി മുറിച്ചുകൊണ്ടിരിക്കുന്നു. ഒരു അമ്മത്താറാവും ആറ് കുഞ്ഞുങ്ങളും അത് നോക്കി അക്ഷമരായി കാത്തുനിൽക്കുന്നു. ഫുംദികളുടെ ഇടയിലുള്ള തുറന്ന വെള്ളത്തിൽ വള്ളത്തിലിരുന്ന് മുടി കഴുകുന്ന പെൺകുട്ടിയോടൊപ്പം തുഴയുമായി നിൽക്കുന്ന മുതിർന്ന സ്‌ത്രീ അമ്മയായിരിക്കും, അതല്ലെങ്കിൽ അമ്മായിയമ്മ. ഇപ്പോൾ സമയം ഉച്ചയാകാറായി. രാവിലെ കാര്യമായി ഒന്നും കഴിച്ചതല്ല. ഇന്ന് പുതുവത്സരം പ്രമാണിച്ച് ഹോട്ടലുകൾ തുറക്കാനുള്ള സാധ്യതയില്ലെങ്കിലും, തന്റെ ഒരു പരിചയക്കാരന് വിട്ടിൽത്തന്നെ ചെറിയൊരു കടയുണ്ടെന്നും അവിടെ എന്തെങ്കിലും കിട്ടാതിരിക്കില്ല എന്നും പറഞ്ഞ്‌ ജെയിംസ് മോയ്‌റംഗിലേക്ക് ഓട്ടോ തിരിച്ചു.

ലോക്‌ടാക് തടാകക്കരയിൽ മീൻ മുറിക്കുന്നയാൾലോക്‌ടാക് തടാകക്കരയിൽ മീൻ മുറിക്കുന്നയാൾ

മോയ്‌റംഗ് മാർക്കറ്റിന്റെ വശത്തുള്ള ഐഎൻഎ മ്യൂസിയത്തിന് ഇന്നവധിയാണ്. മ്യൂസിയത്തിന്റെ മുന്നിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞാൽ പ്രധാന റോഡിന്റെ പിന്നിലായി വീടുകൾ ധാരാളമുണ്ട്. അതിലൊന്നാണ് ജെയിംസിന്റെ സുഹൃത്തിന്റെ വീടും കടയും. പിതൃക്കൾക്കുള്ള ബലി സമർപ്പണമാണ് പുതുവത്സരദിനത്തിലെ പ്രധാന ചടങ്ങ്. വഴിയരികിലെ വീടുകളുടെയെല്ലാം മുന്നിൽ ചാണകം മെഴുകിയ തറകളിൽ മരിച്ചവർക്കായി ചോറും കറികളും പലഹാരങ്ങളും പാനീയങ്ങളും പൂജാവസ്‌തുക്കളോടൊപ്പം നിരത്തി വച്ചിരിക്കുന്നു. ചില വീടുകളിൽ പൂജ കഴിഞ്ഞിരിക്കുന്നു. ചിലർ തുടങ്ങുന്നതേ ഉള്ളൂ. ജെയിംസിന്റെ സുഹൃത്ത് പേര് പറഞ്ഞത് ഐസോ എന്നായിരുന്നു. കാഴ്‌ചയിലൊരു നാൽപ്പത് വയസ്സ്‌ മതിക്കുന്ന ഐസോ നല്ല ഇംഗ്ലീഷിലാണ് സംസാരിച്ചത്. ബോംബെയിൽ കൊള്ളാവുന്ന ഐടി ജോലി ഉണ്ടായിരുന്നു എന്നും, കോവിഡിനു ശേഷം തിരിച്ചുപോയില്ല എന്നും മദ്യം മണക്കുന്ന ചിരിയോടെ ഐസോ പറഞ്ഞു. ഐസോയുടെ വീടിന്റെ മുന്നിലുള്ള ചെറിയ കടയിലെ ജോലിയെല്ലാം ചെയ്യുന്നത് വീട്ടിലെ സ്‌ത്രീകളാണ്. ജെയിംസിന്റെ സുഹൃത്തിന് കട നടത്തിപ്പിൽ എന്തെങ്കിലും താൽപ്പര്യമോ പങ്കോ ഉള്ളതായി കണ്ടിട്ട് തോന്നിയില്ല. എനിക്ക് കാഴ്‌ച കാട്ടിത്തരാനായിരുന്നു ഐസോയ്‌ക്ക്‌ കൂടുതൽ താൽപ്പര്യം. ഇന്ന് പുതുവത്സരം പ്രമാണിച്ച് കഴിക്കാൻ കിട്ടിയത്, അരിയും പരിപ്പും ഒന്നിച്ചു വേവിച്ചുണ്ടാക്കുന്ന മണിപ്പുരി സ്റ്റൈൽ ഖിച്ചടിയും, ഗോതമ്പുമാവും ശർക്കരയും ചേർത്ത് ചുട്ടെടുത്ത അടയുമായിരുന്നു. രണ്ടും വളരെ നല്ലതായിരുന്നു. കടയിലെ സ്റ്റൂളുകളിൽ സംസാരിച്ചിരുന്നവരിൽ ഒരാൾ ഐസോയുടെ അച്ഛനാണ്. അച്ഛൻ ചെറുപ്പത്തിൽ അറിയപ്പെട്ടിരുന്നത് ബ്രൂസ്‌ലീ എന്ന പേരിലായിരുന്നു എന്നു പറഞ്ഞ് ഐസോ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി അച്ഛന്റെ പഴയ ഫോട്ടോ കാണിച്ചുതന്നു. ശരിയാണ്, കണ്ടാൽ ബ്രൂസ്‌ലീയെപ്പോലെയുണ്ട്.

മെയ്‌തെയ്‌ പുതുവത്സര ദിനത്തിന്റെ ഭാഗമായി  പിതൃക്കൾക്ക്‌ ബലി സമർപ്പിക്കുന്നുമെയ്‌തെയ്‌ പുതുവത്സര ദിനത്തിന്റെ ഭാഗമായി പിതൃക്കൾക്ക്‌ ബലി സമർപ്പിക്കുന്നു

സ്വന്തം വീട്ടിൽ പാകം ചെയ്‌ത ഭക്ഷണത്തിന്റെ ഒരു പങ്ക് അയൽ വീടുകളിൽ എത്തിച്ചുനൽകുക എന്നതും പുതുവത്സര ദിനത്തിന്റെ ചടങ്ങുകളിൽ പ്രധാനമാണ്. കുട്ടികളാണിത് സാധാരണ ചെയ്യുന്നത്. പുതുവസ്‌ത്രങ്ങളും പുഞ്ചിരിയുമായി അയലത്തെ വീടുകളിലേക്ക് ആഹാരത്താലങ്ങളുമായി പോയി വന്ന കുട്ടികൾ, പകരം കിട്ടിയ ലോലിപോപ്പ് രുചിച്ചുകൊണ്ട് വഴിയിൽ വർത്തമാനം പറഞ്ഞു നിൽക്കുന്നു. മറ്റു ചിലർ പന്തു തട്ടിക്കളിക്കുന്നു. മൂന്നു മണിയോടെ എന്നെ ഹോട്ടലിൽ വിട്ടിട്ട് ജെയിംസ് പോയി. ഇന്നിനി ഒന്നും വയ്യ. മലാങിന്റെ ഫുംദിയിലെ താഴ്‌ന്നും പൊങ്ങിയുമുള്ള ചുവടുവയ്‌പ്പുകൾ പരിക്കുപറ്റിയ കണങ്കാലിനൊരു ക്ഷമതാപരീക്ഷ കൂടിയായിരുന്നു. ഒരു മാസമായി ദിവസം രണ്ടുനേരം കഴിച്ചുകൊണ്ടിരിക്കുന്ന വേദനസംഹാരികളിലെ അവസാനത്തെ ഗുളികയും ഇന്ന് തീരും. (തുടരും)




deshabhimani section

Related News

View More
0 comments
Sort by

Home