യാത്ര
നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക്‐ 16


വേണു
Published on Oct 27, 2025, 11:01 AM | 9 min read
ഏപ്രിൽ 5. ചാംഫായ്
വീട്ടിൽ നിന്നിറങ്ങിയിട്ട് ഇന്നു കൃത്യം ഒരു മാസമായി. വിഷമം പിടിച്ച വഴികൾ പലതും പിന്നിട്ടാണ് ഇവിടെവരെ എത്തിയതെങ്കിലും കൂടുതൽ കടുത്ത ഇടങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. നാഗാലാൻഡിലെ മോൺ ജില്ലയിലുള്ള തലവേട്ടക്കാരുടെ ഗ്രാമത്തിൽ താമസിക്കാൻ സൗകര്യമുണ്ടാക്കാമെന്ന് ഫാ. ജെയ്റ്റസ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പരിചയക്കാരൻ പോൾസിന് അവിടുത്തെ ഒരു ഗ്രാമമുഖ്യനെ അറിയാമെന്നും അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാമെന്നുമാണ് പറഞ്ഞത്. ഇതൊന്നുറപ്പിക്കാൻ അച്ചനെ വിളിച്ചിട്ട് കിട്ടുന്നില്ല. അരുണാചൽ പ്രദേശിലെ ഏതോ ഉൾപ്രദേശത്താണ് അദ്ദേഹം ജോലി ചെയ്യുന്നത്. പോൾസ് നേപ്പാളിൽ പോയിരിക്കുന്നു. കൊഹിമയിൽനിന്ന് വളരെ മാറിക്കിടക്കുന്ന കൊടുംവനപ്രദേശമാണ് മോൺ. ഇതും വടക്കൻ മിയാൻമാർ അതിർത്തിയിലാണ്. കോന്യാക് എന്ന നാഗാ ഗോത്രക്കാരാണിവിടുത്തെ താമസക്കാർ. അപരിചിതരെ അകറ്റിനിർത്തുക എന്നത് അവരുടെ ഗോത്ര സ്വഭാവമാണ്. ഇത്തരം സ്ഥലങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ പോയാൽ പരാജയം ഉറപ്പായിരിക്കും. മുന്നൊരുക്കത്തിന്റെ കോളത്തിൽ ഒരുദിവസത്തെ വിശ്രമം എന്നുകൂടി എഴുതിവച്ചിട്ട് കുറച്ചുനേരംകൂടി ഉറങ്ങാൻ തീരുമാനിച്ചു.
ചാംഫായിലെ പാടങ്ങൾ
ഇന്ന് പൂയി വന്നിട്ടില്ല. ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും കിടന്നുറങ്ങി. വൈകിട്ട് വെറുതേ നടക്കാനിറങ്ങി. ആദ്യം കണ്ട ഇടവഴിയിലൂടെ കുറച്ചു നടന്നപ്പോൾ താഴെ ദൂരത്ത് പാടങ്ങൾ കണ്ടു. പാടങ്ങൾക്കപ്പുറം വീണ്ടും മലകളാണ്. വഴിയിലെ ഒരു വീടിന്റെ മുന്നിൽ ചെറിയ കുട്ടികളുമായി രണ്ടു സ്‌ത്രീകൾ കാര്യമായി എന്തോ വർത്തമാനം പറഞ്ഞിരിക്കുന്നു. അപ്പുറത്ത് രണ്ടു കുട്ടികൾ പന്തു തട്ടിക്കളിക്കുന്നു. പാടങ്ങളുടെ സ്വർണവെളിച്ചത്തിലേക്ക് പടിഞ്ഞാറൻ മലകളുടെ അന്തിനിഴലുകൾ ഒഴുകിവരുന്നു.
ഏപ്രിൽ 6. ചാംഫായ് - നോപ്പാ
ചാംഫായിയിൽനിന്ന് നാലര മണിക്കൂർ ദൂരെയാണ് നോപ്പാ എന്നു നാവിഗേഷൻ മാപ്പിൽ കാണുന്നു. എന്നാൽ അതല്ല വഴിയെന്നും വാപ്പാർ എന്ന സ്ഥലംവഴി വേണം പോകാനെന്നും ഭിത്തിയിൽ തൂക്കിയിരുന്ന ഒരു റോഡ് മാപ്പ് കാണിച്ച് പൂയി പറഞ്ഞു. വഴി രണ്ടും തമ്മിൽ നല്ല ദൂരവ്യത്യാസമുണ്ട്. വാപ്പാർ വഴിയുള്ള റോഡ് പോകുന്നത് മുർലിൻ നാഷണൽ പാർക്കിന്റെ നടുവിലൂടെയാണ്. നാവിഗേഷൻ പറയുന്ന വഴി പാർക്കിനെ ചുറ്റിയാണ് പോകുന്നത്. പാർക്കിന്റെ ഗേറ്റും ആ വഴിയിലാണ്. നാഷണൽ പാർക്കിൽ നിയമപരമായി പ്രവേശിക്കണമെങ്കിൽ നാവിഗേഷൻ പറയുന്ന വഴിയെ പോകണം. നാഷണൽ പാർക്കിൽ ഒരു റെസ്റ്റ് ഹൗസ് ഉണ്ടെന്ന് കണ്ടെങ്കിലും ആ നമ്പർ നിലവിലില്ല. വെബ്സൈറ്റും പണിമുടക്കിലാണ്. അതിന്റെ അർഥം, ചാംഫായിൽനിന്ന് നോപ്പാ വരെയുള്ള വഴിയിൽ താമസിക്കാൻ സാധിക്കുന്ന സ്ഥലങ്ങളൊന്നും ഇല്ലെന്നും, അഥവാ ഉണ്ടെങ്കിൽത്തന്നെ എനിക്കതറിയില്ല എന്നുമാണ്.
മുർലിൻ നാഷണൽ പാർക്കും അതിനുചുറ്റുമുള്ള നിബിഢവനങ്ങളുമാണ് മിസോറാമിലെ ഏറ്റവും മനുഷ്യവാസം കുറഞ്ഞ സ്ഥലങ്ങൾ. ഈ മലകളുടെ തുടർച്ചയാണ് മണിപ്പുരിലെ കുക്കി മലകൾ. നാഷണൽ പാർക്കിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അങ്ങോട്ട് പ്രവേശനം ഇല്ല. സന്ദർശകർ തീരെയില്ലാത്തതുകൊണ്ട്, മുന്നറിയിപ്പില്ലാത്ത ഇത്തരം വിലക്കുകൾ ആരെയും ബാധിക്കാറില്ല. ജന്തുക്കൾക്കും ഇതുതന്നെയാണ് സന്തോഷം. എന്നാൽ എനിക്കിതാണ് മുന്നോട്ടുള്ള വഴി. പാർക്കിലേക്കുള്ള വഴി അടഞ്ഞാൽ എന്റെ ഗതി മുട്ടും. നാവിഗേഷൻ വീണ്ടും വട്ടംകറങ്ങാൻ തുടങ്ങി. ഇന്റർനെറ്റും ഫോണും ഇല്ല. ചോദിക്കാൻ എവിടെയും ആരുമില്ല. ഒരു മണിക്കൂർ മാത്രമാണ് ചാംഫായിൽ നിന്നിങ്ങോട്ടുള്ള ദൂരം. വന്ന വഴി അതുപോലെ തിരിച്ചുപോകുന്നതാണ് ബുദ്ധി എന്നു തോന്നി. പൂയി പറഞ്ഞതുപോലെ വാപ്പാർ എന്ന സ്ഥലത്തുകൂടെ വഴിമാറി വേണം പോകാൻ എന്നാണ് തോന്നുന്നത്.
താരതമ്യേന നിരപ്പായ വഴിയുടെ ഇരുവശത്തും വലിയ കാടുകളാണ്. പെട്ടെന്ന് ഇടതുവശത്തുനിന്ന്, കറുത്ത നിറവും നീണ്ട വാലുമുള്ള ഒരു ജീവി റോഡിനു കുറുകേ ഓടി മറുഭാഗത്തെ കാട്ടിനുള്ളിലേക്ക് കയറിപ്പോയി. ഒരു നാടൻപട്ടിയുടെ വലുപ്പവും ഉയരം കുറഞ്ഞു നീണ്ടുരുണ്ട ശരീരവും നീളം കുറഞ്ഞ കൈകാലുകളും മേലാകെ കരടിയുടെ പോലെയുള്ള കറുത്ത രോമങ്ങളുമുള്ള ഈ ജീവി പുലിയും കരടിയുമൊന്നുമല്ല എന്നുറപ്പാണ്. ഞാൻ പെട്ടെന്ന് വണ്ടി നിർത്തി അതു കയറിപ്പോയ സ്ഥലം മാത്രം സൂക്ഷിച്ച് നോക്കിയിരുന്നു. തിങ്ങി നിൽക്കുന്ന അടിക്കാടിന്റെ ഇടയിൽ കണ്ട ഒരു പച്ചില തുരങ്കം വഴിയാണ് അത് കയറിപ്പോയിരിക്കുന്നത്. ഈ ജീവിയുടെ, അല്ലെങ്കിൽ ഇത്തരം പല ജീവികളുടെ സ്ഥിരം സഞ്ചാരപാതയായിരിക്കണം ഇത്. പെട്ടെന്ന് അടിക്കാടുകളുടെ മുകളിൽ ഒരനക്കം കണ്ടു നോക്കിയപ്പോൾ വലിയൊരു മരത്തിന്റെ താഴത്തെ ശിഖരത്തിലെ ഇലകൾക്കിടയിലൂടെ എന്നെ മാത്രം നോക്കിയിരിക്കുന്ന ഒരു മുഖം കണ്ടു. വഴിയിൽ കണ്ട വലുപ്പം മരത്തിൽ കാണുമ്പോൾ തോന്നുന്നില്ല. നീണ്ട വാലിന്റെ അറ്റം ഒരു ചില്ലയിൽ ചുറ്റിപ്പിടിച്ചിട്ടുണ്ട്. ഇതിനെ മുമ്പ് ടിവിയിലും ചിത്രങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും നേരിട്ടാദ്യമാണ്. വടക്കുകിഴക്കേ ഇന്ത്യയിലും, മിയാൻമാർ തുടങ്ങി ഫിലിപ്പീൻസ് വരെയും കാണപ്പെടുന്ന ഈ ജീവിയുടെ പേര് ബിൺടുറോങ് എന്നാണെന്ന് ഓർമയുണ്ട്. ബെയർ ക്യാറ്റ്, അല്ലെങ്കിൽ കരടിപ്പൂച്ച എന്നാണിതിനെ ഇംഗ്ലീഷുകാർ വിളിച്ചിരുന്നത്. എന്നാൽ ഇതിന് കരടിയുമായോ പൂച്ചയുമായോ ബന്ധമൊന്നുമില്ല. മരപ്പട്ടിയും വെരുകും മരനായുമടങ്ങുന്ന ജന്തുവിഭാഗത്തിൽപെടുന്ന വലിയൊരു മൃഗമാണ് ബിൺടുറോങ്. ഒന്നിന് പത്തിരുപത്തഞ്ച് കിലോ വരെ ഭാരമുണ്ടാകും. മരങ്ങളിലാണ് കൂടുതൽ കാണുന്നതെങ്കിലും, കുരങ്ങന്മാരെപോലെ മരത്തിൽ നിന്ന് മരത്തിലേക്ക് ചാടാനുള്ള കഴിവ് ഇവർക്കില്ല. ഒരു മരത്തിൽ നിന്ന് താഴെയിറങ്ങി വേണം അടുത്ത മരത്തിൽ കയറാൻ. അങ്ങനെയൊരു മരം മാറ്റത്തിനിടയിലായിരിക്കണം ഇപ്പോഴിതിനെ ഇവിടെ കാണാനിടയായത്.
ഇങ്ങനെയുള്ള അവസരങ്ങളിൽ ഒരു പടമെടുക്കാനുള്ള ആവേശം അനുഭവപ്പെടാത്ത ഫോട്ടോഗ്രാഫർമാർ അപൂർവമായിരിക്കും. എനിക്കും ഒരു പടമെടുക്കണമെന്നുണ്ട്. എന്നാൽ, കൊള്ളാവുന്ന ഒരു ഫോട്ടോ കിട്ടാനുള്ള സാഹചര്യമോ സാധ്യതയോ ഇപ്പോൾ ഇവിടെയില്ല. മാത്രമല്ല, അടുത്ത സീറ്റിലിരിക്കുന്ന ക്യാമറയെടുക്കാനായി നോട്ടം മാറ്റുന്ന ഒരൊറ്റ ക്ഷണത്തിനകം അത് അവിടെനിന്ന് അപ്രത്യക്ഷമാകാനുള്ള സാധ്യതയുണ്ട് താനും. ചെറിയ ചലനങ്ങളോടുപോലും ചില വന്യജീവികൾ പ്രതികരിക്കുന്നത് മിന്നൽ വേഗത്തിലായിക്കും. മുമ്പ് പലതവണ ഇത് നേരിട്ടനുഭവിച്ചിട്ടുള്ളതാണ്. ഇന്നും അതുതന്നെ സംഭവിച്ചു. ആദ്യമായിക്കണ്ട അപൂർവജീവിയുടെ ഫോട്ടോയെടുക്കാനുള്ള വെപ്രാളത്തിൽ ക്യാമറയെടുത്ത് മരത്തിന് നേരെ വീണ്ടും തിരിഞ്ഞപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല. ആദ്യമായി കണ്ടപ്പോൾ തന്നെ, ഒരു ഫോട്ടോ ആയിട്ടാണെങ്കിലും അതിനെ സ്വന്തമാക്കാനുള്ള ആവേശത്തിനിടയിൽ നഷ്ടമായത്, ഒരു അധികനിമിഷം കൂടിയെങ്കിലും അതിനെ നോക്കിക്കാണാനുള്ള അപൂർവ അവസരമായിരുന്നു.
വളഞ്ഞുപുളഞ്ഞുപോകുന്ന മൺവഴി
കുറച്ചുദൂരം പോയപ്പോൾ നാവിഗേഷന് വീണ്ടും ബോധം തെളിഞ്ഞു. എന്നാൽ ഇപ്പോഴതു കാണിക്കുന്ന വഴി മറ്റൊന്നാണ്. ദൂരവും കൂടുതലാണ്. എങ്കിലും ചാംഫായ് വരെ തിരിച്ചുപോകേണ്ട ആവശ്യമില്ലെന്നാണ് പറയുന്നത്. അതുതന്നെയായിരിക്കണം ഇപ്പോൾ പോയ്‌ക്കൊണ്ടിരിക്കുന്ന വഴി. ഇതുവരെ വന്ന വഴികളെ അപേക്ഷിച്ച് ഇത് കുറച്ചു ഭേദമാണ്.
അരമണിക്കൂർ കഴിഞ്ഞപ്പോൾ സാമാന്യം വലിയൊരു ഗ്രാമത്തിലെത്തി. ഇവിടെ വഴി രണ്ടായി പിരിയുകയാണ്. ഇതായിരിക്കണം വാപ്പാർ. നാവിഗേഷൻ കാണിക്കുന്ന ദൂരങ്ങൾ മുന്നോട്ട് പോകുംതോറും കൂടിക്കൂടി വരികയാണ് ചെയ്യുന്നത്. ഒന്നും മനസ്സിലാകുന്നില്ല. ഒടുവിൽ നിവൃത്തിയില്ലാതെ വഴിയിൽ കണ്ട ഒരു മധ്യവയസ്‌കന്റെ ഉപദേശം ചോദിച്ചു. മഹാഭാഗ്യത്തിന് അദ്ദേഹത്തിന് ഇംഗ്ലീഷറിയാം. സഹായിക്കാനുള്ള മനസ്സും സമയവും ഉണ്ട്. NGOPA എന്നാണ് ഇംഗ്ലീഷിൽ നോപ്പായുടെ സ്‌പെല്ലിങ്. ആദ്യം ഞാനിത് ഉച്ചരിച്ചത്, എൻഗോപ്പാ എന്നായിരുന്നു. പോകപ്പോകെ അറിയാതെ തന്നെ അത് ഗോപ്പാ എന്ന് കൂടുതൽ വികലമായി. ഈ സ്ഥലപ്പേരിന്റെ ശരിയായ ഉച്ചാരണം ഇതൊന്നുമല്ലെന്ന് പറഞ്ഞിട്ട് അദ്ദേഹമത് കൃത്യമായി പറഞ്ഞു കേൾപ്പിച്ചു. ഗ യുടേയും ന യുടേയും സൂക്ഷ്മമായ ശബ്ദവ്യതിയാനങ്ങൾ കൂട്ടിച്ചേർത്താണ് ആദ്യത്തെ രണ്ടക്ഷരങ്ങൾ ഉച്ചരിക്കേണ്ടത്. പരദേശ നാവുകൾ പലതിനും അസാധ്യമായ ഒന്നാണിത്. ശരിയായ ഉച്ചാരണത്തിനോട് കുറച്ചെങ്കിലും അടുത്തുനിൽക്കുന്ന ഉച്ചാരണം നോപ്പാ എന്നതാണ്. ഞാൻ വന്ന വഴിയും മാപ്പിൽ കാണിക്കുന്ന റൂട്ടും മാറി മാറി നോക്കിയിട്ട് സ്ഥലപ്പേരുകളടക്കം വിശദമായ ഒരു റൂട്ട് അദ്ദേഹം എന്റെ നോട്ട് പാഡിൽ വരച്ചുതന്നു. പോരാത്തതിന് തന്റെ പേരും ഫോൺ നമ്പറുംകൂടി എഴുതിയിട്ട് ഇനി എവിടെയെങ്കിലും വഴിതെറ്റിയാൽ ഈ നമ്പറിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞു.
കൊടുംകാടുകൾക്കിടയിൽ ഝും കുന്നുകൾ വീണ്ടും ധാരാളമായി കാണാൻ തുടങ്ങി. വെളുത്ത പൂക്കളുമായി വൗബേ മരങ്ങൾ കൂടെത്തന്നെയുണ്ട്. നീണ്ട കാലം പൊഴിയാതെ നിൽക്കുന്ന പൂക്കളാണിവ. അടുത്തു കണ്ടപ്പോൾ വെളുത്ത ഇതളുകളുടെ മാംസളമായ ഉൾഭാഗത്തിന് പിങ്ക് നിറമാണ്. ചെറിയൊരു വീട്ടുമുറ്റത്ത് രണ്ടുപേർ മുളഞ്ചീന്തുകൊണ്ടു മെടഞ്ഞുണ്ടാക്കിയ സ്റ്റൂളുകളിൽ കുഷ്യൻ പോലെ മൃഗരോമചർമം വച്ചുപിടിപ്പിക്കുന്നു. ഒരു സ്ഥലത്തിറങ്ങിയപ്പോൾ താഴെ വലിയൊരു മലയുടെ കിഴക്കാംതൂക്കായ വശത്തുകൂടി പറ്റിപ്പിടിച്ചു പോകുന്ന വളഞ്ഞുപുളഞ്ഞ മൺവഴി ദൂരെക്കണ്ടു. ഒരാൾ വന്ന വഴിയുടെ വിശാലദൃശ്യം അകലെനിന്നു കാണുമ്പോൾ അന്യതയാണ് അനുഭവപ്പെടുന്നത്. മനോഹരമായ മലകൾക്കിടയിലൂടെ ശാന്തമായി ഒഴുകുന്ന പുഴ പോലെയാണ് ദൂരെക്കാഴ്‌ചയിൽ വഴി കാണപ്പെടുന്നത്. വഴിയിലെ കല്ലും കുഴികളും കഷ്ടപ്പാടുകളും ഈ കാഴ്‌ചയിൽ ദൃശ്യമല്ല.
ഖ്വാങ്ഫാ, കോൾബെം എന്നീ രണ്ടു ഗ്രാമങ്ങൾ കൂടി കടന്ന് നോപ്പായിലെ ടൂറിസ്റ്റ് ലോഡ്ജ് കണ്ടുപിടിച്ചപ്പോൾ മണി നാലരയായി. കഴിഞ്ഞ ദിവസം ഇവിടെ വിളിച്ചു ഞാനൊരു മുറി പറഞ്ഞിരുന്നു. ഒരു സ്ത്രീയായിരുന്നു സംസാരിച്ചത്. അവരായിരിക്കണം ഈ സ്ഥലത്തിന്റെ നോട്ടക്കാരി. ഇംഗ്ലീഷ് രീതിയിലുള്ള പഴയൊരു കെട്ടിടത്തിനോട് ചേർത്ത് രണ്ടു നിലയിൽ നിർമിച്ച കുറച്ചു മുറികളാണ് കരിഞ്ചുവപ്പു നിറമുള്ള ടൂറിസ്റ്റ് ലോഡ്ജ്. നീണ്ട യാത്രയ്‌ക്കൊടുവിൽ അഭയസ്ഥലത്തെത്തിയ ആശ്വാസത്തിൽ ഇറങ്ങിച്ചെന്നപ്പോൾ, അടഞ്ഞുകിടന്ന മുൻവാതിൽ താഴിട്ടു പൂട്ടിയിരിക്കുകയാണെന്ന് ആദ്യം ഞാൻ ശ്രദ്ധിച്ചില്ല. ഉറക്കെ വിളിച്ചുനോക്കിയിട്ടും അനക്കമൊന്നുമില്ല. പിറകുവശത്തേക്ക് പോകാനുള്ള ഇടുങ്ങിയ വഴിയുടെ ഗേറ്റും ഒരു ചെറിയ താഴിട്ട് പൂട്ടിയിരിക്കുന്നു. നോട്ടക്കാരിയുടെ നമ്പർ തപ്പിയെടുത്ത് വിളിച്ചപ്പോൾ ഉത്തരമില്ല. അടുത്തെങ്ങും ആരുമില്ല.
വേറെയെങ്ങോട്ടും പോകാനില്ലാത്തതുകൊണ്ട് വണ്ടി ലോക്ക് ചെയ്‌ത് പുറത്തേക്കിറങ്ങി ചുറ്റും നോക്കി നടന്നു. വലിയൊരു കുന്നിന്റെ പരന്ന ഉച്ചിയിലാണ് ലോഡ്ജ് നിൽക്കുന്നത്. കുറച്ചു മാറിക്കാണുന്ന ഇരുമ്പുകൂരകൾ വാസഗൃഹങ്ങളാണ്. അടുത്ത കുന്നിൻമുകളിൽ നിൽക്കുന്ന സിമന്റ് കെട്ടിടങ്ങളുടെ കുഞ്ഞുകൂട്ടം സർക്കാർ വകയായിരിക്കണം. വഴിയുടെ വശത്തെ ചെറിയൊരു വീടിന്റെ ചെറിയ തിണ്ണയിലിരുന്ന് ചെറിയൊരു സ്ത്രീ മണ്ണെണ്ണ അടുപ്പ് കത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അവരുടെ കുഞ്ഞ് മുറ്റത്തെ മണ്ണിൽ നീന്തിക്കളിക്കുന്നു. നേരം വൈകുന്നു. നോട്ടക്കാരി ഇപ്പോഴും ഫോണെടുക്കുന്നില്ല. തിരിച്ച് ലോഡ്ജിൽ വന്നപ്പോൾ ഫോണടിച്ചു. നോട്ടക്കാരിയാണ്. താനിപ്പോൾ നോപ്പായിൽനിന്ന് ഇരുപത്തി അഞ്ച് കിലോമീറ്റർ ദൂരെയാണുള്ളതെന്നും, വേഗം സുമോ കിട്ടിയാൽ ഒന്നര‐രണ്ട് മണിക്കൂറിനുള്ളിൽ എത്താമെന്നും അവർ പറഞ്ഞു. അതുവരെ ഞാനെന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ അതിനുള്ള ഉത്തരം അവർ കൃത്യമായി പറഞ്ഞുതന്നു. പ്രധാന വാതിലിന്റെ മുന്നിൽ കിടക്കുന്ന ചവിട്ടിയുടെ അടിയിൽ താക്കോലുണ്ട്. വാതിൽ തുറന്നാലുടൻ വലതു വശത്തെ ഭിത്തിയിലുള്ള ലൈറ്റിന്റെ സ്വിച്ച് ഓണാക്കണം. എന്നിട്ട് മുന്നോട്ടുനടക്കണം. ഇടതു വശത്ത് വലിയ സ്റ്റെയർകേസ് കാണും. നേരെ മുന്നിൽ ഒരു കൗണ്ടർ ഉണ്ട്. അതിന്റെ പിന്നിൽ മുറികളുടെ താക്കോലുകൾ തൂക്കിയിട്ടിട്ടുണ്ട്. അതിൽനിന്ന് നമ്പർ നോക്കി നിങ്ങൾക്കിഷ്ടമുള്ള ഒരു താക്കോൽ എടുത്ത് മുറി തുറന്ന് വിശ്രമിക്കുക. മുറികളെല്ലാം മുകളിലത്തെ നിലയിലാണ്. ഭക്ഷണം വേണമെങ്കിൽ അടുക്കളയിൽ ഉണ്ട്. മുൻവാതിൽ കുറ്റിയിടാൻ മറക്കരുത്. എത്രയും വേഗം ഞാനെത്തും.
നോപ്പായിലേക്കുള്ള വഴിയിലെ ഒരു വീട്
വാതിൽ തുറന്നു ലൈറ്റിട്ടപ്പോൾ മുന്നിൽ കണ്ടത് പഴയൊരു വലിയ സ്വീകരണ മുറിയാണ്. ഇംഗ്ലീഷുകാരുടെ കാലത്ത് ഉണ്ടാക്കിയതു പോലെയുണ്ട്. ഉയരത്തിലുള്ള മച്ചും പലക പാകിയ തറകളും ഫയർപ്ലേയ്സും മറ്റും അതാണ് പറയുന്നത്. ഇടതുവശത്തെ വലിയ മരഗോവണി കയറി വേണം മുറികളിലെത്താൻ. പഴയ കാലത്തുണ്ടാക്കിയ രണ്ട് ആഡംബര മുറികൾ ഇപ്പോൾ വിഐപി മുറികളാണ്. അവയുടെ താക്കോലുകൾ കൂട്ടത്തിൽ കണ്ടില്ല. പിന്നിലെ വരാന്തയുടെ ഒരു വശത്താണ് സാധാരണ മുറികൾ. എല്ലാം പൂട്ടിക്കിടക്കുകയാണ്. വരാന്തയുടെ മറുവശത്തെ തുറന്ന ഭാഗത്ത് നീളത്തിൽ വലിച്ചുകെട്ടിയ കയറിന്റെ മുകളിൽ പുറംകാഴ്‌ചകളുടെ മേലെ വിരിച്ചിട്ടതുപോലെ, വെളുത്ത ബെഡ്ഷീറ്റുകൾ നിരന്നു കിടക്കുന്നു. വരാന്തയുടെ ഏറ്റവും അറ്റത്തുള്ള ഒറ്റമുറി മതിയെന്ന് തീരുമാനിച്ചു താഴെയിറങ്ങി താക്കോലെടുത്ത് ലഗേജുമായി മുറിയിലേക്ക് പോയി. പോകുന്നതിനു മുമ്പ് ലോഡ്ജിന്റെ മുൻവാതിൽ ഉള്ളിൽനിന്നു കുറ്റിയിടുമ്പോൾ, വിജനവും വിദൂരവുമായ ഈ കാട്ടുബംഗ്ലാവിൽ ഇന്നു രാത്രി നിങ്ങൾ തനിച്ചായിരിക്കുമെന്ന് പിന്നിൽനിന്നാരോ പ്രവചിച്ചു. മുന്നറിയിപ്പിനു നന്ദി എന്നു ഞാനും പറഞ്ഞു.
പുണെ ഇൻസ്റ്റിറ്റ്യൂട്ടിലെ പഴയ ഹോസ്റ്റൽ മുറികളെ ഓർമിപ്പിക്കുന്ന ചെറിയൊരു മുറിയാണിത്. കൊച്ചു ബാൽക്കണിയിൽ നിന്നു നോക്കിയാൽ അനന്തമായ കാടുകളാണ് നേരെ കാണുന്നത്. ഞാനൊരു കാപ്പിയുണ്ടാക്കി ബാൽക്കണിയിൽ പോയി വെറുതേ അതുമിതും ആലോചിച്ച് കുറേനേരം ഇരുന്നു. നോട്ടക്കാരിയെ വീണ്ടുമൊന്ന് വിളിച്ചു നോക്കി. ഇപ്പോഴും മറുപടിയില്ല. പറഞ്ഞ സമയത്ത് തന്നെ അവരെത്തിയാലും കുറഞ്ഞത് ഒന്നര മണിക്കൂർ ഇനിയും വേണ്ടിവരും. അഥവാ, ഇനിയിപ്പോൾ അവർ വന്നില്ലെങ്കിലും പ്രശ്നമൊന്നുമില്ല. അടുക്കളയിലിരിക്കുന്ന ഭക്ഷണം കണ്ടുപിടിക്കുന്നതു മാത്രമാണ് ഒരു പണി. അടച്ചുപൂട്ടിയ ഇത്തരം വലിയ ഇടങ്ങളിൽ തനിച്ചാകുമ്പോൾ ഒരു മൂലയിൽ മാത്രമായി ഒതുങ്ങിയിരിക്കാൻ ആകാംക്ഷ അനുവദിക്കാറില്ല. താഴത്തെ നിലയിൽ എന്താണ് നടക്കുന്നതെന്ന് ഇവിടെയിരുന്നാൽ അറിയാൻ മാർഗമില്ല. മുറ്റത്ത് ആരെങ്കിലും വന്നാൽ അതും അറിയാൻ പറ്റില്ല. ഈ സ്ഥലത്തിന്റെ നോട്ടക്കാരൻ ഇപ്പോൾ ഞാനാണെന്ന കർത്തവ്യകാപട്യം എന്നിലുണർന്നു തുടങ്ങി. ഇനിയും ഇരുട്ടു വീണിട്ടില്ല. താഴെപ്പോയി അവിടുത്തെ ഭൂമിശാസ്‌ത്രം ഒന്നുകൂടി നോക്കിക്കണ്ട് മനസ്സിലാക്കുന്നത് ബുദ്ധിയായിരിക്കുമെന്ന സദുദ്ദേശ്യത്തോടെ വാതിൽ ചാരി പുറത്തിറങ്ങിയ ഞാൻ മുന്നിൽ കണ്ടത് പ്രതീക്ഷിക്കാത്ത കാഴ്‌ചയായിരുന്നു. അരമണിക്കൂർ മുമ്പ് ഇതിലേ വരുമ്പോൾ ഈ കാഴ്‌ച ഇവിടെ ഇല്ലായിരുന്നു. നേരെ മുന്നിൽ കാണുന്ന മലയും കാടുകളും അരമണിക്കൂർ മുമ്പ് ഇവിടെ നിന്നാൽ കാണാൻ കഴിയുമായിരുന്നില്ല. അതുറപ്പാണ്. കനത്ത മൂടൽമഞ്ഞിൽനിന്ന് പെട്ടെന്ന് പുറത്തുചാടി വന്നതുപോലെ ഇപ്പോഴവർ മറയൊന്നുമില്ലാതെ നേരെ മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കുന്നു.
നോപ്പാ ടൂറിസ്റ്റ് ലോഡ്ജ്
കാഴ്‌ച തുറന്നതിന്റെ കാരണം പെട്ടെന്നു മനസ്സിലായി. മലകളുടെ മേലെ വിരിച്ചിട്ടിരുന്ന വെളുത്ത ബെഡ്ഷീറ്റുകളെല്ലാം മായാജാലം പോലെ അവിടെനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഞാൻ ചുറ്റും നോക്കി. മുൻവാതിൽ കുറ്റിയിട്ടത് നല്ല ഓർമയുണ്ട്. എന്നിട്ടും ഉള്ളിൽ കയറി ആരാണിതെല്ലാം എടുത്തു മാറ്റിയതെന്നു മനസ്സിലാകുന്നില്ല. അതോ, ഞാനറിയാതെ ഞാനല്ലാത്ത മറ്റൊരാൾ, ഈ ബംഗ്ലാവിൽ എവിടെയോ ഉണ്ടെന്നാണോ സംശയിക്കേണ്ടത്? ഉണ്ടെങ്കിൽ അതാരാണ്? ഒരാളാണോ പലരാണോ? ഒന്നും മനസ്സിലാകുന്നില്ല. എന്തായാലും നിസ്സാരമായി അവഗണിക്കാൻ പറ്റുന്ന സാഹചര്യമല്ല. താഴെയിറങ്ങി നോക്കാതെ സമാധാനമായിരിക്കാൻ പറ്റില്ല.
ഗോവണിപ്പടിയുടെ മേലെനിന്നു ചുറ്റുപാടും ശ്രദ്ധിച്ചപ്പോൾ എവിടെയും അനക്കമൊന്നുമില്ല. താഴെയിറങ്ങി മുൻവാതിലിന്റെ അടുത്തുപോയി നോക്കി. അതിന്റെ കുറ്റി ഉറച്ചുതന്നെയിരിക്കുന്നുണ്ട്. കൗണ്ടറിന്റെ വശത്തെ വാതിലിനുള്ളിൽ വെളിച്ചം കണ്ടു. വലിയൊരു ഹാൾ പോലെയുള്ള അടുക്കളയാണത്. അവിടുത്തെ മങ്ങിയ വെളിച്ചത്തിന്റെ മൂലയിൽ ഒരനക്കം കണ്ടു നോക്കിയപ്പോൾ, അടുക്കളയിലെ വിറകടുപ്പിന്റെ വിറയ്‌ക്കുന്ന തീവെട്ടത്തിൽ ചെറിയൊരു സ്റ്റൂളിൽ മുഖം കുനിച്ചിരുന്ന് യാന്ത്രികമായി ചോറു വാരിത്തിന്നുന്ന അവ്യക്തമായ ഒരു മനുഷ്യരൂപത്തെയാണ് കണ്ടത്. ആദ്യമൊന്നു ഞെട്ടിയെങ്കിലും ഞാൻ അനങ്ങാതെ നിന്നു. കൂടുതൽ ശ്രദ്ധിച്ചു നോക്കിയപ്പോൾ അതൊരു പെൺകുട്ടിയാണെന്നു തോന്നി. കരുതലോടെ ഞാനൊരു ഹലോ പറഞ്ഞു. പെൺകുട്ടി ഞെട്ടിത്തിരിഞ്ഞ് എന്നെ ഒറ്റത്തവണ നോക്കിയിട്ട് ഭക്ഷണത്തിന്റെ വേഗം കൂട്ടി. നിങ്ങളാണോ ഇവിടുത്തെ നോട്ടക്കാരി, എന്നു ചോദിച്ചപ്പോൾ ഭക്ഷണം മതിയാക്കി ധൃതിയിൽ പാത്രവുമെടുത്ത് അവരെഴുന്നേറ്റ് എങ്ങോട്ടോ പോയി. അൽപ്പം കഴിഞ്ഞ് ഒരിക്കൽകൂടി ഉച്ചത്തിൽ ഞാനൊരു ഹലോ വിളിച്ചുപറഞ്ഞു. ഉത്തരമൊന്നുമില്ല. ഒന്നുകൂടി കാത്തിട്ട് പെൺകുട്ടി പോയ ഭാഗത്തേക്ക് മെല്ലെ എത്തിനോക്കിയപ്പോൾ അവിടെയുള്ള വാതിലും അകത്തുനിന്നു കുറ്റിയിട്ടിരിക്കുകയാണ്. അപ്രത്യക്ഷയായ പെൺകുട്ടി അവിടെയെങ്ങുമില്ല. പുറത്തേക്ക് പോകാൻ മറ്റു മാർഗങ്ങളും കണ്ടില്ല.
നോപ്പായിലെ മലകളിൽ ഇരുട്ട് വീണുകഴിഞ്ഞു. ലോഡ്ജിന്റെ മുന്നിൽ ദൂരെയുള്ള മലഞ്ചെരുവുകളിൽ വീടുകളുണ്ട്. എന്നാൽ എവിടെയും വെളിച്ചം കണ്ടില്ല. വഴിയിൽ ആൾപ്പെരുമാറ്റം തീരെയില്ല. ഗേറ്റ് ചാരി തിരിച്ചുവരുമ്പോൾ വീണ്ടും ഫോണടിച്ചു. നോട്ടക്കാരിയാണ്. എല്ലാം ഓക്കേ ആണല്ലോ എന്നും, ഇവിടെയെല്ലാം ഭയങ്കര മഴയാണെന്നും മുറി ഇംഗ്ലീഷിൽ പറഞ്ഞിട്ട്, ഇന്നിനി താനങ്ങോട്ട് വന്നില്ലെങ്കിൽ ബുദ്ധിമുട്ടാകുമോ എന്നവർ ചോദിച്ചു. ഭക്ഷണം അടുക്കളയിലുണ്ടെന്ന് വീണ്ടും ഓർമിപ്പിച്ചു. എല്ലാം സമ്മതിച്ച ഉടനെ തന്നെ, നാളെ ഞായറാഴ്‌ചയാണെന്നും ഇതു മിസോറാമാണെന്നും പെട്ടെന്ന് ഞാനോർത്തു. കടുത്ത ക്രിസ്‌തീയ വിശ്വാസികളായ മിസോകളിൽ പലരും ഞായർ ദിവസം കുർബാന മൂന്നും കൂടുന്നവരാണ്. അന്ന് മിസോറാം പൂർണമായും നിശ്ചലമാകും. ആശുപത്രികൾപോലും അടഞ്ഞുകിടക്കും. ഇതു സാധാരണ ഞായറല്ല, ഈസ്റ്റർ ഞായറാണ്. നാളെ, ഞായറാഴ്‌ച നിങ്ങളുണ്ടാകുമോ എന്നു സംശയിച്ചു ചോദിച്ചപ്പോൾ, പള്ളിയിൽ പോകുന്നതിന് മുമ്പ് അതിരാവിലെ വന്നു ഭക്ഷണമുണ്ടാക്കി വച്ചേക്കാമെന്നും ബില്ലിലെ തുക മേശപ്പുറത്തു വച്ചാൽ മതിയെന്നും അവർ ധൃതിയിൽ പറഞ്ഞു. രണ്ടു ദിവസത്തേക്കാണ് ഇവിടെ മുറി പറഞ്ഞിരിക്കുന്നത്. മിസോറാമിൽ ഞായറാഴ്‌ച യാത്ര വേണ്ട എന്നു നേരത്തെ തീരുമാനിച്ചതാണ്. പെൺകുട്ടിയുടെ കാര്യം ചോദിക്കുന്നതിനു മുമ്പ് ഫോൺ കട്ടായി. അതിനു ശേഷം ഒരിക്കൽപ്പോലും അവരെന്റെ കോളെടുത്തിട്ടില്ല.
അടുക്കളയിൽ പിന്നീട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പെൺകുട്ടിയുടെ ഇരിപ്പിടം ഒഴിഞ്ഞു കിടക്കുകയാണ്. അടുപ്പിലെ തീയും കെട്ടിരിക്കുന്നു. എങ്കിലും ഒരുറപ്പിനായി ചുറ്റുപാടുകൾ വീണ്ടുമൊന്നു ശ്രദ്ധിച്ചിട്ട്, ഹലോ എന്നു രണ്ടു വട്ടംകൂടി ഉച്ചത്തിൽ വിളിച്ചുനോക്കി. അതിനുള്ള മറുപടിപോലെ, പുറത്തെവിടെയോ ഒരു പട്ടി മാത്രം അലസമായി ഒന്നു കുരച്ചു. തണുത്ത പശയരി ചോറും വേവിച്ച ഇലകളും പോർക്കുമായിരുന്നു ടേബിളിന്റെ പുറത്ത് പാത്രങ്ങളിൽ അടച്ചുവച്ചിരുന്ന ഭക്ഷണം. നന്നായി കഴിച്ചിട്ടും ഇനിയും രണ്ടുപേർക്ക് കൂടി കഴിക്കാനുള്ളത് ബാക്കിയുണ്ട്. ഈയിടെയായി പകൽ ഭക്ഷണം കുറവാണ്. അതിനുള്ള പരിഹാരമായാണ് രാത്രിയിലെ ഭക്ഷണം കടുപ്പിച്ചു തുടങ്ങിയത്. എന്നാൽ, യുദ്ധനിയമങ്ങൾ പാലിക്കാതെയുള്ള ഈ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിച്ച് എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി, ഇറുകിത്തുടങ്ങിയ വസ്ത്രങ്ങൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സൂക്ഷിക്കണം.
മഞ്ഞുമൂടിയ മലനിരകൾ
ഇപ്പോൾ ബാൽക്കണിയിലിരുന്നു പുറത്തേക്ക് നോക്കിയാൽ കാണുന്നത്, മുറിയിൽ നിന്നുള്ള മങ്ങിയ വെളിച്ചത്തിൽ നിൽക്കുന്ന മൂന്നാല് മരങ്ങൾക്കപ്പുറത്തെ അനന്തമായ ഇരുട്ടു മാത്രമാണ്. ആകാശത്ത് നക്ഷത്രങ്ങളൊന്നും കാണാനില്ല. മൂവായിരത്തി എഴുനൂറ് അടി ഉയരത്തിൽ ഈ സമയത്ത് പ്രതീക്ഷിക്കാവുന്ന തണുപ്പില്ല. അടുക്കളയിലെ പെൺകുട്ടി ഇപ്പോഴും അതിശയമായി തുടരുന്നു. ഞാനറിയാതെ മറ്റൊരാൾ ഈ പഴയ ബംഗ്ലാവിന്റെ ഉള്ളറകളിലെവിടെയോ ഒളിച്ചിരിക്കുന്നുണ്ട് എന്ന സംശയം തികച്ചും അസുഖകരമാണ്. എന്നാൽ അതിരാവിലെ ഭക്ഷണമുണ്ടാക്കാൻ വരാമെന്നു പറഞ്ഞ നോട്ടക്കാരി വാതിൽ തുറക്കാൻ എന്റെ സഹായമൊന്നും ആവശ്യപ്പെട്ടിരുന്നില്ല എന്നു ഞാനോർത്തു. അതിന്റെയർഥം വാതിലുകളെല്ലാം ഉള്ളിൽനിന്നു കുറ്റിയിട്ടാലും അകത്ത് കടക്കാൻ അവർക്കേതോ മാർഗം ഉണ്ടെന്നാണ്. അതാണോ, ഇനി അതിരാവിലെ എന്നെ ഫോൺ ചെയ്‌തുണർത്തി വാതിൽ തുറപ്പിച്ച് അകത്ത് കയറലാണോ ഉദ്ദേശ്യം എന്നും ഉറപ്പില്ല. വന്നില്ലെങ്കിലും അത്ഭുതമില്ല.
സമയമിപ്പോൾ രാത്രി ഒമ്പതു മണിയായിക്കാണും. കറുത്ത കുന്നുകളിലെ വെളുത്ത പൊട്ടുകൾ പലതും അണഞ്ഞിരിക്കുന്നു. താഴെയൊരു ശബ്ദം കേട്ടതുപോലെ തോന്നി. ശ്വാസമടക്കി ചെവി വട്ടം പിടിച്ച് അടുത്ത ശബ്ദത്തിനായി കാത്തിരുന്നു. ഫലം കാണാതെ ശ്വാസം തുറന്നുവിട്ടയുടൻ വീണ്ടുമൊരു ശബ്ദം കേട്ടു. ഇരിപ്പുറയ്‌ക്കാതെ എഴുന്നേറ്റു മുറിയുടെ വാതിൽ ചാരി ഗോവണിയുടെ മുകളിൽ പോയിനിന്ന് താഴേക്ക് നോക്കി. എല്ലാം നിശ്ചലമായി നിൽക്കുന്നു. ഞാനും കുറച്ചുനേരം നിശ്ചലനായി നിൽക്കാൻ തീരുമാനിച്ചു. എനിക്കിപ്പോൾ ആകെ കേൾക്കാൻ കഴിയുന്നത് എന്റെ ശ്വാസത്തിന്റെ ശബ്ദവും നെഞ്ചിടിപ്പും മാത്രമാണ്. നീണ്ടൊരു നിശ്ശബ്ദതയ്‌ക്ക് ശേഷം ആദ്യത്തെ എലി ഏതോ ഇരുട്ടിൽ നിന്നിറങ്ങി വന്നു ചുറ്റും നോക്കിയിട്ട് പഴയൊരു കടലാസിനിടയിലേക്ക് കയറിപ്പോയി. പിന്നാലെ രണ്ടുപേർ കൂടി വന്ന് അവിടെയെല്ലാം മണത്തു നടക്കാൻ തുടങ്ങി. തറയിൽ ചവുട്ടി ശബ്ദമുണ്ടാക്കിയപ്പോൾ പെട്ടെന്നെല്ലാം എങ്ങോട്ടോ ഓടിപ്പോയി. അതോടൊപ്പം അന്തരീക്ഷത്തിൽ മുറുകിനിന്ന സമ്മർദത്തിന്റെ നല്ലൊരു ഭാഗവും അവരുടെ പിന്നാലെ പോയി.
അടുക്കളവാതിൽക്കൽ ചെന്ന് പേരിനൊന്ന് എത്തിനോക്കി എല്ലാം ഭദ്രമെന്നുറപ്പിച്ച് വേഗം തിരികെ വന്നു ഗോവണി കയറി മേലെ ചെന്നപ്പോൾ, നേരെ മുന്നിലെ കസേരയിൽ വെളുത്ത ബെഡ്ഷീറ്റുകൾ മടക്കിയടുക്കി വച്ചിരിക്കുന്നു. അഞ്ചു മിനിറ്റ് മുമ്പ് മുറിയിൽനിന്നു വരുമ്പോൾ ഇതിവിടെ കണ്ടതായി ഓർക്കുന്നില്ല. ഞാൻ വീണ്ടുമൊന്നു വിയർത്തു. എന്നാൽ ഇതെല്ലാം ഒരാളുടെ ബോധയുക്തിയെ പരാജയപ്പെടുത്താൻ ഉപബോധമനസ്സ് ശ്രമിക്കുന്ന ഉപായങ്ങളായി കണ്ടാൽ മാത്രം മതിയെന്നു സ്വയം പറഞ്ഞുറപ്പിച്ച്, വാതിലടച്ച് ലൈറ്റണച്ചു കിടന്നു. ഭക്ഷണപ്പാത്രവുമായി ധൃതിയിൽ എഴുന്നേറ്റുപോകുന്ന പെൺകുട്ടി, അതുതന്നെ വീണ്ടും വീണ്ടും ചെയ്‌തുകൊണ്ടിരിക്കുന്നു. കസേരയിൽ വെളുത്ത ബെഡ്ഷീറ്റുകളുടെ അടുക്കുകൾ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴുള്ള കട്ടിലിന്റെ ഞരക്കമല്ലാതെ മറ്റെല്ലാം നിശ്ശബ്ദമായിരിക്കുന്നു .( തുടരും)









0 comments