കവർസ്റ്റോറി
അയ്മനത്തെ മുതലകൾ

വി മുസഫർ അഹമ്മദ്
Published on Nov 08, 2025, 02:46 PM | 11 min read
അരുന്ധതി റോയ്
ഫോട്ടോ: വിജേഷ് വള്ളിക്കുന്ന്ആർപ്പൂക്കര, കൈപ്പുഴ, അയ്മനം തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നുള്ള പുലയ അടിമകൾ ഒളിച്ചോടിവന്ന് താമസം തുടങ്ങിയ സ്ഥലമാണ് മഞ്ചാടിക്കരി എന്നതാണ് ഒന്നാമത്തെ ഒളിച്ചോട്ട ആഖ്യാനം‐ വിനിൽ പോളിന്റെ "ഒരു ഗ്രാമത്തിന്റെ ചരിത്രം അഥവാ 1947 വരെയുള്ള മഞ്ചാടിക്കരി’ എന്ന ലേഖനത്തിൽ നിന്ന്. "തർക്കിത ഭൂതകാലം’ എന്ന ശീർഷകത്തിലുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ഈ ലേഖനമുള്ളത്. "തർക്കിത ഭൂതകാല’വും അരുന്ധതി റോയിയുടെ "മദർ മേരി കംസ് ടു മി'യും അടുത്തടുത്ത ദിവസങ്ങളിലാണ് ഞാൻ വായിച്ചത്. രണ്ട് പുസ്തകത്തിലും അയ്മനമുണ്ട്. അരുന്ധതിയുടെ അയ്മനം 1997ൽ "ഗോഡ് ഓഫ് സ്മാൾ തിങ്സി’ലാണ് വായനക്കാരെ ആദ്യമായി അഭിമുഖീകരിക്കുന്നത്. വിനിൽ പോളിന്റെ അയ്മനം പുലയ അടിമകൾ മഞ്ചാടിക്കരിയിലേക്ക് ജീവനും കൊണ്ടോടിപ്പോന്ന സ്ഥലമാണ്. "കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനി’ൽ ഇങ്ങനെ വായിക്കാം: ബ്രിട്ടീഷുകാർ മലബാറിൽ വന്നപ്പോൾ തൊട്ടുകൂടായ്മയുടെ പീഡനത്തിൽ നിന്നു രക്ഷപ്പെടാനായി ഒരു കൂട്ടം പരവൻമാരും പുലയൻമാരും (അക്കൂട്ടത്തിൽ വെളുത്തയുടെ അപ്പൂപ്പൻ കേളനും) മതം മാറി ക്രിസ്ത്യാനികളായി ആംഗ്ലിക്കൻ സഭയിൽ ചേർന്നു. ഒരു പ്രോത്സാഹനമെന്നോണം, ഒരൽപ്പം ഭക്ഷണ സാമഗ്രികളും അരിയും കിട്ടി അവർക്ക്. ചോറ്റു ക്രിസ്ത്യാനികൾ (റൈസ് ക്രിസ്റ്റ്യൻസ്) എന്ന പേരിലാണവർ അറിയപ്പെട്ടത്. എരിതീയിൽ നിന്ന് വറചട്ടിയിലേക്കാണ് തങ്ങൾ വീണതെന്നറിയാൻ അവർക്ക് അധികകാലം വേണ്ടിവന്നില്ല. അവർക്കു വേറെ പള്ളി, വേറെ കുർബാന, വേറെ വികാരി എന്ന നിലയിലായിരുന്നു കാര്യങ്ങൾ. ഒരു വിശേഷാനുകൂല്യം എന്ന നിലയ്ക്ക് അവരുടേതായിത്തന്നെ വേറൊരു ബിഷപ്പും. കുറഞ്ഞ നിരക്കിലുള്ള ബാങ്ക് വായ്പകൾ, സംവരണാടിസ്ഥാനത്തിൽ ജോലി തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾക്കൊന്നും അർഹതപ്പെട്ടവരല്ലാതായി തങ്ങൾ മാറിയിരിക്കുന്നതായി സ്വാതന്ത്ര്യലബ്ധിക്കു ശേഷം അവർ തിരിച്ചറിഞ്ഞു. ഔദ്യോക കടലാസുകളിൽ അവർ ക്രിസ്ത്യാനികളായിരുന്നു, അതുകൊണ്ടു തന്നെ ജാതിയില്ലാത്തവരും. ചൂലില്ലാതെ തന്നെ സ്വന്തം കാൽപ്പാടുകൾ മായ്ച്ചുകളയേണ്ടി വരുന്നതുപോലെയുണ്ടായിരുന്നു അത്. ഒരുപക്ഷെ കാൽപ്പാടുകൾ അവശേഷിപ്പിക്കൽ തന്നെ വിലക്കപ്പെട്ടതു പോലുള്ള ഒരു ഭീകരാനുഭവം.
ജാതി എന്ന ഭീകരാനുഭവത്തിൽ നിന്ന് രക്ഷ ലഭിക്കാൻ കേരളത്തിലെ ദളിതർ 19‐ാം നൂറ്റാണ്ടിൽ രണ്ടു കാര്യങ്ങൾ ചെയ്തുനോക്കി. അതിലൊന്ന് പുലയ അടിമകളുടെ ഒളിച്ചോട്ടമായിരുന്നു. രണ്ടാമത്തേത് മതം മാറ്റവുമായിരുന്നു. 16‐ാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മതപരിവർത്തനത്തെക്കുറിച്ചുള്ള പരാമർശങ്ങളടങ്ങിയ രേഖകൾ ലഭ്യമാണെങ്കിലും 18‐19 നൂറ്റാണ്ടുകളിലാണ് ഇത് കൂടുതൽ സജീവമാകുന്നത്. 20‐ാം നൂറ്റാണ്ടിലും തീർച്ചയായും അത് തുടർന്നു. അരുന്ധതി റോയ് തന്റെ നോവലിൽ പറയുന്ന ജാതി വളരെക്കാലങ്ങൾക്കു ശേഷവും തന്നെ പിന്തുടർന്നതിന്റെ ഒരനുഭവം "മദർ മേരി കംസ് ടു മി’യിൽ കാണാം. അത് സ്വന്തം അമ്മ മേരി റോയിയുമായി ബന്ധപ്പെട്ടാണ്. മേരി റോയ് ആശുപത്രിയിൽ ദീനക്കിടക്കയിലാണ്. തന്നെ ചികിത്സിക്കാൻ വരുന്ന ഡോക്ടർമാർ, പരിചരിക്കാനെത്തുന്ന നഴ്സുമാർ, ശുചീകരണത്തൊഴിലാളികൾ എന്നിവരുടെയെല്ലാം ജാതിയും മതവും മേരി റോയിക്കറിയണം. ഒരു കമന്ററി പോലെ അമ്മ ഇങ്ങനെ പറഞ്ഞതായി അരുന്ധതി റോയ് രേഖപ്പെടുത്തുന്നു: ‘അവൻ ശരിക്കും സിറിയൻ ക്രിസ്ത്യനല്ല. അവൻ മീൻപിടുത്തക്കാരുടെ ജാതിയിൽ നിന്നുമാണ്. അവളൊരു ചോവത്തിയാണ്. ആ ആണുങ്ങളെല്ലാം പറയൻമാരാണ്.’ ഇങ്ങനെ ജാതി പറയുന്ന മേരി റോയിയെയാണ്്് "മദർ മേരി കംസ് ടു മി’യുടെ 316‐317 പേജുകളിൽ വായനക്കാർ കാണുന്നത്. അരുന്ധതിയുടെ ആദ്യ നോവലിലെ ജാതി വിമർശനം വരുന്നതു തന്നെ സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലെ ബാല്യകാലാനുഭവങ്ങളിൽ നിന്നാണെന്ന തോന്നൽ മേരി റോയ് ആശുപത്രിക്കിടക്കയിൽ കിടന്ന്് ജാതി പുലമ്പുന്നതിന്റെ അനുഭവത്തിൽ നിന്നും ഒരാൾക്ക്്് മനസ്സിലാക്കിയെടുക്കാം. ആഴ്ചയിൽ ആറു ദിവസം അടിമകളെ കെട്ടിയിട്ടിരുന്ന ഗോഡൗണായി പ്രവർത്തിച്ച സിറിയൻ ക്രിസ്ത്യാനി പള്ളികൾ ഏഴാം ദിവസം ഞായറാഴ്ച പ്രാർഥനയ്‌ക്കുള്ള പള്ളികളായി മാറിയിരുന്നതിനെക്കുറിച്ച്്് വിനിൽ പോൾ "അടിമ കേരളത്തിന്റെ അദൃശ്യ ചരിത്ര’ത്തിൽ എഴുതുന്നുണ്ട്്്. കേരളത്തിലെ സിറിയൻ ക്രിസ്ത്യാനിറ്റി എങ്ങനെ ജാതി അടിമ വ്യവസ്ഥയെ നിലനിർത്തുകയും നിയന്ത്രിക്കുകയും ചെയ്തുവെന്ന്്് ഇതിൽനിന്നും മനസ്സിലാക്കാം. അടിമക്കച്ചവടത്തിൽ സമ്പന്ന മുസ്ലിങ്ങളും പങ്കെടുത്തിരുന്നുവെന്നും വിനിൽ തന്റെ പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു വർണാശ്രമത്തിൽ ജാതി ഭീകരമായിരുന്നു എന്നതിൽ ഒരു തർക്കവുമില്ല. ഒപ്പം പുറത്തുള്ള രണ്ട്്് മത‐സമുദായ സമൂഹങ്ങളും ജാതി വിവേചനത്തിന്റെ ചോറ് തിന്നിരുന്നു എന്ന്്് വിനിൽ പോളിന്റെ ‘അടിമ പഠനങ്ങളി’ലൂടെ കടന്നുപോകുന്നവർക്ക് വ്യക്തമാകും.
ജാതിപ്പേര് പറയുകയും ഓരോരുത്തരുടേയും മതവും ജാതിയും അന്വേഷിക്കുകയും ചെയ്യുന്ന മേരി റോയിയിലെ (318‐319 പേജുകളിൽ) ടോക്‌സിക്കായ അവസ്ഥയെ അരുന്ധതി വീണ്ടും അവതരിപ്പിക്കുന്നു: ‘ഒരു രാത്രി അവരുടെ മുറിയിലേക്ക് എന്നെ വിളിപ്പിച്ചു. അവർ കിടക്കയിൽ കണ്ണു തുറന്നു കിടക്കുകയായിരുന്നു. എന്നെ കൃത്യമായും തിരിച്ചറിഞ്ഞോ എന്നുറപ്പില്ല. അവർക്ക് ഒന്നും വേണ്ടിയിരുന്നില്ല, ഞാനവിടെ ചുറ്റിപ്പറ്റി നിൽക്കണം എന്നുമാത്രം. ഞാനൊരു പൊട്ടിത്തെറിയുടെ വക്കിലാണെന്ന തോന്നൽ എനിക്കുണ്ടായി. അപ്പോൾ പെട്ടെന്ന് അസാധാരണമാം വിധം ശബ്‌ദം ഉച്ചത്തിൽ ഉയർത്തി അവർ ആജ്ഞാപിച്ചു, ‘ആ പറയമ്മാരോട്്് ഇവിടെ വന്ന്്് എന്നെ വൃത്തിയാക്കാൻ പറയ്.’ എന്താണ് ചെയ്യുന്നതെന്നറിയാതെ അവരുടെ കട്ടിലിനോട് ചേർത്തിട്ട കസേര എടുത്തുയർത്തി ഞാനത്്് നിലത്തടിച്ച് പൊട്ടിച്ചു. അവരുടെ ശരീരം കുലുങ്ങി. അടിച്ചു പൊട്ടിക്കലിന്റെ ശബ്ദം അവരുടെ ശരീരത്തിലൂടെ സഞ്ചരിക്കുന്നത് അക്ഷരാർഥത്തിൽ ഞാൻ കണ്ടു. അതായിരുന്നു എന്റെ അമ്മയുമായി പെട്ടെന്നുള്ള എന്റെ ജീവിതത്തിലെ ഏക പ്രതികരണം. എന്തൊരു ഘോരമായ പ്രതികരണമായിരുന്നു അത്. ഞാനവരെ കൊന്നു എന്നുപോലും എനിക്ക് തോന്നി. പക്ഷെ ഇല്ല. എനിക്കുള്ളിലുള്ള ഒന്നിനേയാണ്് ഞാൻ ഉൻമൂലനം ചെയതത്്.’
മഞ്ചാടിക്കരി ഫോട്ടോ: ഡി മനോജ് വൈക്കം
ഈ വരികൾ വായിച്ചപ്പോൾ അംബേദ്ക്കറുടെ "ജാതി ഉൻമൂലനം’ ഓർത്തു. അരുന്ധതി റോയ്്് എന്ന എഴുത്തുകാരിയിലെ അംബേദ്ക്കറൈറ്റ്്അങ്ങേയറ്റം സജീവമായി പ്രവർത്തിക്കുന്നത് ഈ ആശുപത്രി രംഗത്താണ്. ‘മദർ മേരി കംസ് ടു മി’യെക്കുറിച്ചെഴുതിയവർ പക്ഷെ ഈ "ജാതി ഉന്മൂലന’ അവതരണത്തെക്കുറിച്ച്്് മൗനം പാലിച്ചത് എന്തുകൊണ്ടായിരിക്കും? ഓരോ തവണയും കോട്ടയത്ത് വരുമ്പോഴും മീനച്ചലാറിൽ പോയി മീനിനെക്കണ്ട് സലാം പറയുന്ന അരുന്ധതിയെ ആദ്യ നോവലിലെന്നപോലെ ആത്മകഥാപരമായ ഈ പുസ്തകത്തിലും നാം കാണുന്നു. അതിൽ വലിയ ഗൃഹാതുരതയുണ്ട്. അത് ആഘോഷിക്കപ്പെടും. എന്നാൽ മേരി റോയിയോട് ഇവ്വിധം പ്രതികരിച്ച അരുന്ധതി അവ്വിധത്തിൽ ആഘോഷിക്കപ്പെടില്ല. അംബേദ്‌കറാണ് പൗരനെ അതിന്റെ എല്ലാ സ്വാതന്ത്ര്യത്തിലും അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ചിന്തകൻ. ജാതി‐മത പക്ഷഭേദങ്ങളിൽ നിന്നും അതിന്റെ എല്ലാ ഹിംസകളിൽ നിന്നും മോചിതനായ ഇന്ത്യൻ പൗരനെ അംബേദ്കറിനെപ്പോലെ മറ്റൊരാൾക്കും അവതരിപ്പിക്കാനായിട്ടില്ല. അദ്ദേഹത്തിന്റെ "ജാതി ഉൻമൂലന’ത്തിന് അരുന്ധതി എഴുതിയ ആമുഖത്തിന്റെ മൊത്തം സ്പിരിറ്റ്്് ജാതിക്കാര്യത്തിൽ പരിഷ്കരണം അസാധ്യമാണെന്നും അതിനെ തകർക്കുക, ഇല്ലാതാക്കുക എന്നതല്ലാതെ മറ്റു വഴികളൊന്നുമില്ലെന്നുമാണ്. തന്റെ ജീവിതത്തിൽ ഇക്കാര്യം അവർ പ്രായോഗികമാക്കിയ സന്ദർഭങ്ങളിലൊന്ന് അമ്മയുടെ ദീനക്കിടക്കയ്‌ക്കരികിലായിരുന്നു. ആ തകർക്കലിന്റെ ശബ്ദം മേരി റോയിയുടെ ശരീരത്തിലൂടെ സഞ്ചരിക്കുന്നത് തന്നാലാവും വിധം തകർക്കപ്പെട്ട ജാതിഘടനയുടെ ഒലിയായി അവർ തിരിച്ചറിയുന്നത് ആ വരികളിൽ സ്‌പന്ദിക്കുന്നുണ്ട്്്.
ജാതി ഉൻമൂലനത്തിന് "ഡോക്ടറും വിശുദ്ധനും’ എന്ന ശീർഷകത്തിൽ അവരെഴുതിയ ആമുഖ പഠനത്തിന്റെ തുടക്കത്തിൽ തന്നെ അയ്‌മനം കടന്നുവരുന്നു. അതിങ്ങനെയാണ്: ‘എന്റെ അച്ഛനൊരു ഹിന്ദുവായിരുന്നു. ബ്രാഹ്മണൻ. മുതിർന്ന വ്യക്തിയാകുന്നതുവരെ ഞാനൊരിക്കലും അദ്ദേഹത്തെ കണ്ടിരുന്നില്ല. ഞാൻ വളർന്നത് കമ്യൂണിസ്റ്റുകൾ ഭരിച്ച കേരളത്തിലെ അയ്‌മനം എന്ന ചെറിയ ഗ്രാമത്തിൽ അമ്മയ്ക്കൊപ്പം ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ്. എന്നിരുന്നാലും എന്റെ ചുറ്റുമുണ്ടായിരുന്നത് ജാതിയുടെ വിടവുകളും അകൽച്ചകളുമാണ്. അയ്മനത്ത് "പറയർ പള്ളി’ പോലുമുണ്ടായിരുന്നു. അവിടെ ‘പറയൻമാരായ' പുരോഹിതർ ‘തൊട്ടുകൂടാത്ത'വരായ സഭക്കാരോട് മതപ്രസംഗം നടത്തും. ആളുകളുടെ പേരിൽ വരെ ജാതി വ്യക്തമായിരുന്നു. അവർ പരസ്പരം പരാമർശിക്കുന്ന രീതിയിൽ, അവർ ചെയ്യുന്ന ജോലിയിൽ, അവർ ധരിക്കുന്ന വസ്ത്രത്തിൽ, അവിടെ നടന്ന വിവാഹങ്ങളിൽ, അവർ സംസാരിച്ച ഭാഷയിൽ എല്ലാം. ഇതൊക്കെയാണെങ്കിലും ജാതിയെന്ന ബോധത്തെ ഒരൊറ്റ സ്കൂൾ പാഠപുസ്തകത്തിലും ഞാൻ അഭിമുഖീകരിച്ചില്ല.’
അംബേദ്കർക്ക് ആമുഖ പഠനമെഴുതുമ്പോൾ വരുന്ന അയ്്മനം അവരുടെ ആദ്യ നോവലിലെ അതേ അയ്‌മനം തന്നെയാണ്. സാധാരണനിലയിൽ സവർണമാകേണ്ടിയിരുന്ന ഒരു അയ്മനം സിറിയൻ സ്വത്വം എങ്ങനെയാണ് അംബേദ്കറോട് അടുത്തത് എന്ന് ചോദിച്ചാൽ അയ്മനത്തെ കുട്ടിക്കാലത്തെ ഗൃഹാതുരതയോടെയല്ലാതെ നോക്കിക്കാണാൻ കഴിഞ്ഞതുകൊണ്ട് എന്ന ഉത്തരത്തിൽ അരുന്ധതി റോയ് വായനക്കാർ എത്തിച്ചേർന്നാൽ അതിൽ അത്ഭുതപ്പെടാനുണ്ടോ? പൊതുവിൽ മലയാളി എഴുത്തുകാർക്കും വായനക്കാർക്കും കുട്ടിക്കാലം ഗൃഹാതുരവും നനുത്തതുമായ ഓർമയും അനുഭവവുമാണ്. പക്ഷെ അരുന്ധതിക്ക് അങ്ങനെ മാത്രമല്ല.
മഴ ഗൃഹാതുരമായ ഓർമയാകുന്നവർ ചോരുന്ന വീടുകളിൽ ജീവിച്ചിട്ടില്ലാത്തവരാണെന്ന് കഥാകൃത്ത്്് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഒരിടത്ത്്് പറയുന്നുണ്ട്. പൊതുബോധത്തിന്റെ മഴ ഗൃഹാതുരതയിൽ അതിനാൽ തന്നെ താൻ ചേരുന്നില്ലെന്നും മഴക്കാലം തനിക്ക് ഡിപ്രഷനാണ് നൽകാറെന്നും ശിഹാബുദ്ദീൻ തുടരുകയും ചെയ്്്തിട്ടുണ്ട്്്. മലയാളിയുടെ പല ഗൃഹാതുരതകളും അപൂർവമായി മാത്രം ഇവ്വിധത്തിൽ തിരുത്തപ്പെട്ടു. റേഡിയോയുടെ ശബ്ദം കുറച്ചുവെക്കൂ, ടെലിവിഷന്റെ ശബ്ദം താഴ്ത്തിവെക്കൂ എന്നു പറഞ്ഞിടത്തുനിന്നും പല ശബ്ദങ്ങളേയും മ്യൂട്ടാക്കി വെക്കാൻ പറയുന്ന ബോധത്തിലേക്കാണ് കേരളം ‘വളർന്നത്.’ മ്യൂട്ടാക്കി വെക്കുന്നതിൽ പ്രധാനം ജാതി തന്നെയാണ്. അരുന്ധതി പക്ഷെ തന്റെ നോവലിലും ആത്മകഥാ പുസ്‌തകത്തിലും ശരീരത്തിലും മനസ്സിലും ബാധിക്കാവുന്ന ജാതിചിന്തയുമായി നടത്തിയ പോരാട്ടത്തിന്റെ നിരവധിയായ അടയാളങ്ങൾ അവതരിപ്പിക്കുന്നു. മുറിക്കല പോലെയല്ല, മുറിവുകളായിത്തന്നെ ഇക്കാര്യം അവതരിപ്പിക്കുന്നു.
മേരി റോയ്
ജാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയരുമ്പോൾ പതിവുപോലെ "ഒറ്റപ്പെട്ട സംഭവം’ എന്ന സിദ്ധാന്തത്തിൽ അഭയവും ആശ്വാസവും കണ്ടെത്തുന്ന മലയാളി സാംസ്‌കാരികതയെ ഏറ്റവും ആഴത്തിൽ വിമർശിക്കാൻ ആദ്യ നോവൽ മുതൽ ഈ എഴുത്തുകാരി നടത്തിയ ശ്രമങ്ങൾ ഏറ്റവും പുതിയ കൃതിയായ ആത്മകഥയിലും തുടരുന്നു. കേരളപ്പിറവിയിലും അതിനു മുമ്പും ശേഷവും തുടരുന്ന ജാതിവെറികളിലേക്ക് ആവർത്തിച്ച് നോക്കാൻ അരുന്ധതി വായനക്കാരെ പ്രേരിപ്പിക്കുന്നു.
ഇനി അയ്മനത്തുനിന്നും അടിമകൾ രക്ഷപ്പെട്ടോടിയെത്തിയ മഞ്ചാടിക്കരിയെക്കുറിച്ച്, അവിടെയുണ്ടായിരുന്ന മുതലകളെക്കുറിച്ച് വിനിൽ പോൾ പറഞ്ഞ കാര്യങ്ങൾ നോക്കാം: ‘പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് മഞ്ചാടിക്കരി പ്രദേശം വെള്ളക്കെട്ടുകളാലും ചതുപ്പു നിലങ്ങളാലും നിബിഡമായ ഒരു തുരുത്ത് ആയിരുന്നെന്നും ആ പ്രദേശത്ത് മുതലയും മറ്റ് ജലജീവികളുമാണ് ആവസിച്ചിരുന്നതെന്നുമാണ് വാമൊഴി. മുതലയുടെ ആക്രമണത്തെ ഭയന്ന് കൈപ്പുഴയാറിൽക്കൂടി വള്ളത്തിൽപോലും സഞ്ചരിക്കാൻ ആളുകൾക്ക് ഭയമായിരുന്നുവെന്നും പറയപ്പെടുന്നു. മുതലകളും ഇതര ജലജീവികളും വ്യാപകമായി ഉണ്ടായിരുന്നതിനാൽ അടിമകളെ അന്വേഷിച്ച് മുതലാളിമാർ വരാനുള്ള സാധ്യത കുറവായിരുന്നു.’ ജീവരക്ഷാർഥം അടിമകൾ നടത്തിയ ഒളിച്ചോട്ടത്തിന്റെ കൃത്യം സന്ദർഭങ്ങളിലൊന്ന് ഇതേ ലേഖനത്തിൽ വിനിൽ അവതരിപ്പിക്കുന്നു: ‘ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ തിരുനക്കര, പാലാ, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങൾ അടിമച്ചന്തകൾ സജീവമായി പ്രവർത്തിച്ചിരുന്ന ഇടങ്ങളായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ അടിമകളെ വാങ്ങുവാനായി കോട്ടയത്തെ അടിമച്ചന്തകളിൽ എത്തിയിരുന്നു. ആലപ്പുഴയിലെ പുളിങ്കുന്ന് പ്രദേശത്തെ നായർ ഭൂവുടമകൾ പാലാ, രാമപുരം എന്നീ സ്ഥലങ്ങളിലെ അടിമച്ചന്തയിൽ നിന്നും അടിമകളെ വാങ്ങിയിരുന്നു. ഒരിക്കൽ ആലപ്പുഴക്കാരൻ ഭൂവുടമയ്‌ക്കുവേണ്ടി പാലായിൽ നിന്നും ഒരുകൂട്ടം അടിമകളെ വിലയ്ക്ക് വാങ്ങുകയുണ്ടായി. മീനച്ചിലാറിലൂടെയും ആറിന്റെ ചില കൈവഴികളിലൂടെയും സഞ്ചരിച്ചു വേമ്പനാട്ടു കായലിൽ എത്തിയിട്ടാണ് പുളിങ്കുന്നിന് പോയിരുന്നത്. പാലായിൽ നിന്നും അടിമകളെ വാങ്ങി കടവിൽ എത്തിയപ്പോൾ നേരം ഇരുട്ടിയതിനാൽ അടിമകളെയെല്ലാം വള്ളങ്ങളിൽ കയറ്റിയ ശേഷം ശരീരം ബന്ധിച്ച് വള്ളക്കാരും നോട്ടക്കാരും എവിടേക്കോ പോയ സമയം നോക്കി രണ്ട് അടിമകൾ അതിസാഹസികമായി വള്ളത്തിൽനിന്നും രക്ഷപ്പെട്ട് അടുത്തുള്ള തെങ്ങിന്റെ മുകളിൽ കയറി ഒളിച്ചിരുന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ വള്ളക്കാരും നോട്ടക്കാരും മടങ്ങി വരികയും വള്ളത്തിനു സമീപം വിശ്രമിക്കാൻ കിടക്കുകയും ചെയ്തു. തെങ്ങിൽ കയറിയ അടിമകൾ അർധരാത്രിയായപ്പോൾ ഇറങ്ങിവന്ന് വള്ളത്തിന്റെ കെട്ടഴിച്ച് വേഗത്തിൽ തുഴഞ്ഞ് അവിടെനിന്ന് രക്ഷപ്പെട്ടു. എങ്ങോട്ടാണെന്ന് അറിവില്ലാതെ ഇരുട്ടിലൂടെ നടത്തിയ സാഹസികയാത്ര വന്നണഞ്ഞത് അയ്മനത്തിന് സമീപമുള്ള പുലിക്കുട്ടിശ്ശേരി എന്ന സ്ഥലത്തായിരുന്നു. അവിടെ വെച്ച്് ഒറ്റപ്പെട്ട ഒരു ചതുപ്പ് തുരുത്തിനെക്കുറിച്ച് അറിവ് ലഭിക്കുകയും ഒളിച്ചു താമസിക്കാൻ സാധിക്കുന്ന സ്ഥലമാണെന്നു തിരിച്ചറിഞ്ഞ ഈ അടിമക്കൂട്ടം അങ്ങോട്ടു പോവുകയും കഠിനാധ്വാനത്തിലൂടെ നിർമിച്ചെടുക്കുകയും ചെയ്ത ആവാസയിടമാണ് മഞ്ചാടിക്കരി എന്നുള്ളതാണ് രണ്ടാമത്തെ ആഖ്യാനം.’
തൊട്ടുകൂടാത്തവർക്കായി അയ്‌മനത്തുണ്ടായിരുന്ന സ്‌കൂൾ ഫോട്ടോ: ഡി മനോജ് വൈക്കം
അരുന്ധതിയുടെ അയ്്്മനവും വിനിലിന്റെ മഞ്ചാടിക്കരിയും തമ്മിലുള്ള ജാതി‐അടിമ പലായനത്തിന്റെ പാലം കേരളത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട യാഥാർഥ്യങ്ങളിലൊന്നാണ്. ഇന്നും ജാതി ചിന്തയിൽനിന്നും മാറാനും ജാതി ഉൻമൂലനം സാക്ഷാത്ക്കരിക്കാനും കേരളത്തിനായിട്ടില്ല എന്നതിൽ രണ്ടഭിപ്രായങ്ങളുണ്ടാകില്ല. മുതലകൾ വസിച്ചിരുന്ന ചതുപ്പുകൾ, ജലാശയങ്ങൾ‐ അത്തരം സ്ഥലങ്ങളിൽ തങ്ങളെ ജാതി വന്ന്്ആക്രമിക്കുകയില്ല എന്ന തോന്നലിൽ മഞ്ചാടിക്കരി പോലുള്ള സ്ഥലങ്ങളിൽ താമസിച്ച് അതിജീവിക്കാൻ ശ്രമിച്ച മനുഷ്യരുടെ യഥാർഥ ജീവിത കഥകളുടെ പശ്ചാത്തലം കേരളപ്പിറവി ദിനങ്ങളിൽ മാത്രമല്ല വർഷം മുഴുവൻ ഓർത്തിരിക്കേണ്ട ഒന്നാണ്. എല്ലാ കാലത്തും മുഖ്യധാരാ വ്യവഹാരങ്ങളിൽ മൗനമാക്കപ്പെട്ട ജാതിയെ ആഴത്തിൽ തിരിച്ചറിഞ്ഞ് ആദ്യ നോവലിലും അംബേദ്കർ പ്രവേശികയിലും മറ്റു ലേഖനങ്ങളിലും രണ്ടാമത്തെ നോവൽ "അത്യാനന്ദത്തിന്റെ ദൈവവൃത്തി’യിലും അരുന്ധതി റോയ് അവതരിപ്പിച്ചത് വായനക്കാർ കാണുന്നു. ജാതി കേരളം/ജാതി ഇന്ത്യ എന്ന പ്രമേയത്തെ അരുന്ധതി ആദ്യ നോവലിലും പിന്നീടും അവതരിപ്പിക്കാനും തുറന്നു കാണിക്കാനും ശ്രമിക്കുന്നത് വായനാനുഭവത്തിൽ കൃത്യമായി തെളിഞ്ഞു വരുന്നുണ്ട്.
ജാതി കേരളത്തിന്റെ പലതരം അടയാളപ്പെടുത്തലുകൾ "ഗോഡ് ഓഫ് സ്മാൾ തിങ്സി’ലുണ്ട്. "മദർ മേരി കംസ് ടു മി’യിൽ സ്വന്തം അമ്മയിലെ ജാതിബോധത്തിന്റെ അസ്ഥിവാരങ്ങൾ അരുന്ധതി റോയ് വലിച്ച് പുറത്തിട്ടു. ആ അമ്മ ക്രിസ്ത്യൻ മതത്തിൽ പിറന്ന സ്ത്രീകൾക്കുള്ള പാരമ്പര്യ സ്വത്തവകാശത്തിനു വേണ്ടി പൊരുതി ജയിച്ച ആളാണ്. പക്ഷെ അവരിലും അയ്്മനത്തെ ജാതിബാധയുണ്ടായിരുന്നതായി വെട്ടിത്തുറന്ന് അരുന്ധതി റോയ് എഴുതി. ഇന്ന് വിനിൽ പോളിന്റെ അന്വേഷണങ്ങളുമായി ഇക്കാര്യം കൂട്ടിവെച്ച് വായിച്ചുനോക്കുമ്പോൾ അയ്മനം ജാതി കേരളം തന്നെയായിരുന്നതിന്റെ നിരവധി അനുഭവങ്ങളിൽ നാം എത്തുന്നു. മഞ്ചാടിക്കരിയിലെ മുതലകളും അയ്‌മനത്തു നിന്നുതന്നെ പുറപ്പെട്ടതാണെന്ന്് കരുതുന്നതിൽ തെറ്റില്ല. അയ്‌മനത്തെ ജാതി മുതലകൾ അവിടെ മാത്രമായിരുന്നില്ല, കേരളത്തിൽ എല്ലായിടത്തുമുണ്ടായിരുന്നു എന്ന തിരിച്ചറിവ് കൂടി അനിവാര്യമാണെന്നും തോന്നുന്നു.
അയ്മനവും മഞ്ചാടിക്കരിയും ജലപ്പരപ്പിലൂടെയുള്ള ദൂരം നോക്കിയാൽ വളരെ അടുത്തടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ്. ഇതേ പ്രദേശങ്ങളുടെ കൂടി കഥയാണ് എസ് ഹരീഷിന്റെ നോവൽ "മീശ.’ ആ നോവലിൽ ഒരു അധ്യായത്തിന്റെ ശീർഷകം "മുതല’ എന്നാണ്്. നോവലിലെ കഥാപാത്രം പവിയാനും മുതലയും തമ്മിലുള്ള സംഭാഷണമാണ് ഈ അധ്യായത്തിലെ പ്രധാന ഭാഗം. ആ അധ്യായം ഇങ്ങനെ അവസാനിക്കുന്നു: ‘വെയിൽ നന്നായി മൂത്തതോടെ ആ സ്ഥലത്തേക്ക് വലിയ ജനപ്രവാഹമുണ്ടായി. ഇതുവരെ പുഞ്ചപ്പാടം കാണാത്ത നല്ല വീടുകളിലെ സ്ത്രീകളും കുട്ടികളുംവരെ ഇരച്ചുവന്നു. ഒരു മുതലയെ എല്ലാവരും ആദ്യം കാണുകയായിരുന്നു. പവിയാൻ കയറിയ വള്ളത്തിലിടം കിട്ടാതെ തിരിച്ചു നടന്നവർ കോടാലിക്ക് വെട്ടിയാണ് അതിനെ ശരിപ്പെടുത്തിയത്. "ഭാഗ്യം’ ആളുകൾ പല തവണ ആവർത്തിച്ചു. "ഹൊ! അല്ലെങ്കിൽ ആ പത്തു മുട്ട വിരിഞ്ഞ് പത്തു മുതലക്കുഞ്ഞുങ്ങളുണ്ടായേനേ. പിന്നെ അത് മുട്ടയിട്ട് നൂറെണ്ണമായേനേ.’ പക്ഷെ മുതലയുടെ വയറ്റിൽനിന്നും കിട്ടിയ ചെത്തു കത്തിയാണ് എല്ലാവരേയും ആശങ്കപ്പെടുത്തിയത്. അടുത്തിടെ ആരെയാണ് കാണാതായത്. "ഹൊ! ഇതു കണ്ടോ? ഒരാൾ കമ്പുകൊണ്ട് കത്തി മറിച്ചിട്ടു നോക്കിക്കൊണ്ട്് പറഞ്ഞു. ഇതുപോലും ദഹിച്ചു തുടങ്ങി. ഞാൻ പറഞ്ഞില്ലേ, മൊതലേടെ വയറ്റീച്ചെന്നാ ഇരുമ്പുപോലും കത്തിപ്പോകും.’
അയ്‌മനത്തെ ഉയർന്ന ജാതിക്കാർക്കായി ഉണ്ടായിരുന്ന സ്‌കൂൾ ഫോട്ടോ: ഡി മനോജ് വൈക്കം
മുതല മുട്ടകൾ നശിച്ചതിൽ ആശ്വാസം കൊള്ളാമെങ്കിലും അവിടെത്തന്നെ വിരിഞ്ഞ ജാതി മുതലക്കുഞ്ഞുങ്ങൾ വളർന്ന് ഇപ്പോൾ പല തലമുറകൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു എന്നുകൂടി ഓർക്കണം. ഹരീഷിന്റെ ‘മീശ’യിൽ പറയുന്ന ഇരുമ്പുപോലും ദഹിപ്പിക്കുന്ന മുതലയിൽ എത്ര ജാതിമുതലകൾ കൂടി ഉണ്ടായിരിക്കും?
എൻ എസ് മാധവന്റെ "ഭീമച്ഛൻ’ എന്ന കഥയിലൂടെ കൊളോണിയൽ കാലത്തെ ഒരു മുതലയേയും മലയാളി വായനക്കാർ സമീപകാലത്ത് കണ്ടു. "ഗോഡ് ഓഫ് സ്മാൾ തിങ്സി’ലെ പറയപ്പള്ളിയിൽ നിന്നുമാരംഭിച്ച ദളിത് മനുഷ്യരുടെ പലായനത്തിനിടെ എത്ര മുതലപ്പാതകളുണ്ടായിരുന്നു? അരുന്ധതി റോയിയുടെ സ്മരണാ പുസ്തകത്തെക്കുറിച്ചുള്ള ചർച്ചകൾ ഈ മുതലപ്പാതകളെക്കൂടി വാസ്തവത്തിൽ അടയാളപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു. മഞ്ചാടിക്കരിയിൽ മൂന്നു വർഷം മുമ്പ് ഞാൻ വിനിൽ പോളിനെ കേരളീയം മാസികയ്‌ക്കുവേണ്ടി വീഡിയോ ഇന്റർവ്യൂ നടത്തിയിരുന്നു. തന്റെ മുത്തശ്ശി പറഞ്ഞ മുതല ആഖ്യാനങ്ങൾ അഭിമുഖത്തിൽ വിനിൽ പങ്കുവെച്ചു. അതിലൊന്ന്, ചത്തതോ കൊന്നതോ ആയ മുതലകളുടെ വയറ്റിൽ കണ്ടിരുന്ന സ്ത്രീകളുടെ ആഭരണങ്ങളെക്കുറിച്ചായിരുന്നു. ആഭരണങ്ങളുടെ (തീർച്ചയായും അവ സ്വർണത്തിലായിരുന്നില്ല) ഉടമകളെ മുതല ദഹിപ്പിച്ചു. അതിന്റെ തെളിവായി ആഭരണക്കഷ്‌ണങ്ങൾ ബാക്കിയായി. രണ്ടാമത്തേത് തന്റെ മുത്തശ്ശിയും അയൽക്കാരും മുതലവായിൽ പെട്ട ഒരു പശുവിനെ വലിച്ചെടുത്ത് രക്ഷിക്കാൻ ശ്രമിച്ചതിനെക്കുറിച്ചായിരുന്നു. "ഗോഡ് ഓഫ് സ്്മാൾ തിങ്സി’ൽ ഇത്തരത്തിലുള്ള മുതലകൾ ധാരാളമായുണ്ട്. പക്ഷെ അവ അദൃശ്യരാണ്. മഞ്ചാടിക്കരിയിലും "മീശ’യിലും പിൽക്കാലത്ത് ആ മുതലകൾ കൃത്യമായി വെളിപ്പെടുന്നു. "ഗോഡ് ഓഫ് സ്്മാൾ തിങ്സി’ന്റെ എഴുത്തുകാലത്ത് തിരിച്ചറിയുകയും പരിചയപ്പെടുകയും ചെയ്ത പലതരം മുതലകളെത്തേടിയാണ് അരുന്ധതി റോയ് പിൽക്കാലത്ത് ഇന്ത്യയുടെ പല ഭാഗത്തും അലയുകയും നീണ്ടനാൾ നോവലെഴുത്തിൽനിന്നും അവധിയെടുത്ത് തുടർച്ചയായി ലേഖനങ്ങൾ എഴുതുകയും ചെയ്തത്. ഓർമപ്പുസ്തകത്തിൽ അവർ ലേഖനമെഴുത്തിനെക്കുറിച്ച് അങ്ങനെയല്ല പറയുന്നത്. ബുക്കർ സമ്മാനത്തിന്റെ പ്രശസ്തി ഒരു തടവായി അനുഭവപ്പെട്ടുവെന്നും ലാവണ്യ നോവലുകൾ ഇനിയും എഴുതിയാൽ ആ തടവ് ജീവപര്യന്തമാകുമെന്നും ഭയപ്പെട്ടാണ് താൻ ലേഖനങ്ങളിലേക്കും അതിന്റെ വാസസ്ഥലങ്ങളിലേക്കും യാത്ര പോയത് എന്നായിരുന്നു. അത് ശരിയായിരിക്കാം. പക്ഷെ കുട്ടിക്കാലത്തെ അയ്മനത്തുനിന്നും ലഭിച്ച ജാതി സാമൂഹ്യപാഠത്തിൽ നിന്നും വളർന്ന ഒരെഴുത്തുകാരിയാണ് നിരവധി ഇന്ത്യൻ യാഥാർഥ്യങ്ങൾ തേടി പിൽക്കാലത്ത് പോയത് എന്ന് തിരിച്ചറിയാൻ അവരുടെ എഴുത്തുലോകത്തു തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്. നോവലിൽ വലിയ വെളിച്ചത്തിൽ ദൃശ്യമല്ലെങ്കിലും ആ മുതലപ്പാതയുടെ പല വഴികളിലൂടെ അരുന്ധതി പിൽക്കാലത്ത് യാത്ര ചെയ്തതിന്റെ തെളിവ് രേഖയാണ് "മൈ സെഡിഷ്യസ് ഹാർട്ട്’ എന്ന ഗംഭീരൻ ലേഖനസമാഹാരം. മഞ്ചാടിക്കരിയിൽ മാത്രമല്ല അന്ന് കേരളത്തിലെ ചതുപ്പുകളിലും ജലാശയങ്ങളിലും പതുങ്ങിക്കിടന്നിരുന്ന മുതലകൾ ഇന്ന് നമ്മുടെ യഥാർഥ ജീവിതത്തിൽ സാന്നിധ്യമല്ല (കടുവകളും ആനകളും കരടികളും പുലികളും ഇന്ന് നിത്യജീവിതത്തിലെ സാന്നിധ്യമായിരിക്കുന്നു). മുതലകൾ പോയെങ്കിലും ജാതിമുതലപ്പൂട്ട് എന്തുകൊണ്ടാണ് നമുക്ക് ഉൻമൂലനം ചെയ്യാൻ കഴിയാത്തത് എന്നതുതന്നെയാണ് ഇന്ന് അരുന്ധതി റോയ് ഉയർത്തിയ പ്രധാന ചോദ്യം എന്ന് തോന്നുന്നു. ഓർമപ്പുസ്തകത്തിലെ ആശുപത്രി മുറിയിലെ കസേര തല്ലിത്തകർക്കുന്ന രംഗം ഇക്കാര്യം തന്നെയാണ് വായനക്കാരോട് പറയുന്നത്, ഓർമിപ്പിക്കുന്നത്. ദളിതരും ആദിവാസികളും ആഗ്രഹിച്ച ഇന്ത്യയും കേരളവും ഉണ്ടായോ എന്ന ഭരണഘടനാ ചോദ്യം ഉയർത്തുന്നതിൽ തളരാത്ത, മടുക്കാത്ത, വാടാത്ത എഴുത്തുകാരിയാണവർ.
അരുന്ധതി റോയ്
കടപ്പാട്: facebook
"ഗോഡ് ഓഫ് സ്മാൾ തിങ്സി’ൽ മലയാളിയുടെ എക്കാലത്തേയും വലിയ പ്രതീക്ഷയായ തൊഴിൽ തേടിയുള്ള "പുറംവാസത്തെ’ക്കുറിച്ചുള്ള ചിത്രീകരണമുണ്ട്. ബോംബെ‐കൊച്ചിൻ വിമാനം കാത്തുനിൽക്കുന്നവരെക്കുറിച്ചുള്ള പരാമർശത്തിലൂടെയാണ് പുറംവാസ കേരളം നോവലിൽ കടന്നുവരുന്നത്. അതിങ്ങനെയാണ്: ‘എല്ലാത്തരക്കാരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. ചെവി കേൾക്കാത്ത അമ്മൂമ്മമാർ, വിരഹവേദനയുമായി ഭാര്യമാർ, കണക്കുകൂട്ടലുകളും പദ്ധതികളൊക്കെയുമായി അമ്മാവൻമാർ, ഓട്ടപ്പാച്ചിലുകളുമായി കുട്ടികൾ, പുനർമൂല്യനിർണയം കാത്ത് പ്രതിശ്രുത വധുക്കൾ, തനിക്കുള്ള സൗദി വിസയും കാത്ത് ടീച്ചറിന്റെ ഭർത്താവ്, ടീച്ചറിന്റെ ഭർത്താവിന്റെ സഹോദരിമാർ തങ്ങൾക്കുള്ള സ്ത്രീധനം മോഹിച്ച്.’ ഇന്ന് കേരളം വിടുന്നവരുടെ എണ്ണം വീണ്ടും വർധിക്കുന്നതായി കണക്കുകൾ പറയുന്നു. ജോലിക്ക് മാത്രമല്ല, പഠിക്കാനും കേരളം വിടുന്നവരുടെ എണ്ണം വർധിക്കുന്നു. യുഎസ്എസ്ആറിൽ നിന്നും വിട്ടുപോന്ന പഴയ സോവിയറ്റുകളിൽ ഇന്നു പോയാൽ "കേരള മെസ്സോ’ടുകൂടി മലയാളി വിദ്യാർഥികൾ മെഡിസിന് (പ്രധാനമായും) പഠിക്കുന്നത് കാണാൻ സാധിക്കും. കേരള മെസ്സ് അവിടെ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ എണ്ണപ്പെരുപ്പത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. ഉക്രൈനിൽ യുദ്ധം വന്നപ്പോൾ മാത്രമാണ് മലയാളി പൊതുസമൂഹത്തിന് അവിടെ എത്രമാത്രം മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നതിനെക്കുറിച്ചുള്ള കണക്ക് ലഭിച്ചത്.
കേരളത്തിൽ നിന്നുള്ളവരുടെ പുറംവാസ തൊഴിൽ ജീവിതത്തിൽ ദളിതർ ഉണ്ടായിരുന്നോ? ഇത് കേരള മോഡൽ നേരിട്ട, ഇന്നും നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന ചോദ്യമാണ്. ഉദാഹരണത്തിന്, ഗൾഫിലേക്കുള്ള മലയാളിയുടെ തൊഴിൽ യാത്രകൾ എടുക്കാം. 1960‐കളുടെ ഒടുവിൽ തുടങ്ങിയ, 1970‐കളോടെ സംഘടിതമായി ശക്തിപ്പെട്ട ഗൾഫ് പുറംവാസത്തിന്റെ ആദ്യ മൂന്ന് ദശകങ്ങളിലും ദളിത് സാന്നിധ്യം ഉണ്ടായിരുന്നില്ല എന്നു തന്നെയാണ് അത് സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത്. പിന്നീട് അതുണ്ടായെങ്കിലും അത്ര ശക്തവുമല്ല. ആദിവാസികളുടെ കാര്യവും ഇങ്ങനെത്തന്നെ. ദളിതരും ആദിവാസികളും കൂടി തൊഴിൽ പ്രവാസത്തിന്റെ ഭാഗമായിരുന്നെങ്കിൽ നമ്മുടെ ചരിത്രം തന്നെ മറ്റൊന്നായേനെ. പക്ഷെ അതുണ്ടായില്ല. ലീലാ ഗുലാത്തിയുടെ 1993ൽ പ്രസിദ്ധീകരിക്കപ്പെട്ട "ഇൻ ദ ആബ്സെൻസ് ഓഫ് ദേർ മെൻ: ദ ഇംപാക്ട് ഓഫ് മെയിൽ മൈഗ്രേഷൻ ഓൺ വുമൺ’ എന്ന പുസ്തകത്തിൽ കാണി വിഭാഗക്കാരനായ ഒരു ആദിവാസി ഗൾഫിൽ തൊഴിൽ തേടിപ്പോയതായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയെ ലീല ഗുലാത്തി അഭിമുഖം ചെയ്യുമ്പോഴാണ് ഇക്കാര്യം രേഖപ്പെടുത്തപ്പെടുന്നത്. തൊഴിൽ തേടിയുള്ള ആ ആദിവാസി യാത്ര കേരള ചരിത്രത്തിൽ അപൂർവത്തിൽ അപൂർവമായ ഒരു തൊഴിൽ യാത്രയുടെ കഥ കൂടിയാണ് പറയുന്നത്. മഞ്ചാടിക്കരിയിലേക്ക് ദളിതർ നടത്തിയ "ഒളിച്ചോട്ടങ്ങൾ’ അവരുടെ അതിജീവന യാത്രകൾ തന്നെയായിരുന്നുവെന്ന് ഇന്ന് മനസ്സിലാക്കാൻ ഒട്ടും ബുദ്ധിമുട്ടില്ല. ദൂരമല്ല, മുതലപ്പാതകളായിരുന്നു അവരുടെ യാത്രാവഴികളെന്നതാണ് ആ ജീവിതങ്ങളിലേക്ക് ഇന്നു നോക്കുമ്പോൾ നമ്മെ ഞെട്ടിക്കുന്നത്്. ഗൾഫിലേക്കുള്ള പത്തേമാരി യാത്രയോളമോ അതിനേക്കാൾ ദുഷ്ക്കരമോ ആയിരുന്നു വളരെ കുറഞ്ഞ ദൂരത്തേക്ക്്് അടിമക്കൂട്ടങ്ങൾ നടത്തിയതെന്ന്്് ഇന്ന്്് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.

"ഗോഡ് ഓഫ് സ്മാൾ തിങ്സി’ലെ വിമാനത്താവള രംഗത്ത് നാട്ടിലേക്കു വരുന്നവരെ കാണാൻ നിൽക്കുന്ന ജനക്കൂട്ടത്തെ നോക്കി ബേബിക്കൊച്ചമ്മ ഇങ്ങനെയാണ് പറയുന്നത്: ‘സംസ്കാരമില്ലാത്ത കൂട്ടരാണ് ഒക്കെ.’ പുറംവാസികളോട്, അവരിലെ ജാതികളോട് ഒക്കെയുള്ള പ്രതികരണമാണ് ബേബിക്കൊച്ചമ്മയിലൂടെ പുറത്തുവരുന്നത്. നമ്മുടെ തൊഴിൽ പ്രവാസവും ജാതി സന്ദർഭവും ഒരേപോലെ ഒത്തുചേരുന്ന ഒരു സന്ദർഭമാണിത്. ഇന്ന് കേരള മോഡലിനെക്കുറിച്ച് നടക്കേണ്ട ഒരു ചർച്ചയുടെ സന്ദർഭം 1997ൽ തന്നെ അരുന്ധതി റോയ് വായനാ ലോകത്തിനുമുന്നിൽ തുറന്നുവെച്ചിരുന്നു. കേരളത്തിന് പുറത്തുപോയവരിലുള്ള പ്രതീക്ഷയെന്തായിരുന്നു? നോവൽ അതിങ്ങനെ വിശദീകരിക്കുന്നു: ‘വാഷ് ആന്റ് വെയർ സ്യൂട്ടും മഴവിൽ വർണ സൺഗ്ലാസുകളും ധരിച്ചു തിരിച്ചുവരുന്ന വിദേശ മലയാളികൾ, അവരുടെ അരിസ്റ്റോക്രാറ്റ് സ്യൂട്ട്കെയ്സുകളിലുണ്ട് രൂക്ഷ ദാരിദ്ര്യത്തിനൊരവസാനം. ഓല മേഞ്ഞ വീടുകൾക്ക് ഇനിമുതൽ സിമന്റ് മേൽക്കൂര. അച്ഛനമ്മമാരുടെ കുളിമുറികളിൽ ഇനി ഗീസറുകൾ. എണ്ണാൻ താക്കോലുകൾ, പൂട്ടാൻ അലമാരകൾ.’ തൊഴിൽ പ്രവാസം കേരളത്തിലുണ്ടാക്കിയ മാറ്റത്തെ അരുന്ധതി റോയ് നോവലിൽ ഇങ്ങനെ സംക്ഷിപ്തമാക്കുന്നു. കേരളത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ അവർ ഉന്നയിക്കുന്നു. ഒന്ന്, അകം കേരളത്തിലുള്ളവർ ജാതിമുക്തരാകുമോ? പുറം കേരളത്തിലുള്ളവർ ഇവിടെനിന്നും കൊണ്ടുപോകുന്ന ജാതി അവിടേയും നിലനിർത്തുകയും വളർത്തി വലുതാക്കുകയും ചെയ്യുമോ? (തൊഴിൽ പ്രവാസ ലോകത്ത് മലയാളികളുടെ ജാതി സംഘടനകൾ വളരുന്ന കാഴ്ച ഈ ചോദ്യത്തെ പ്രസക്തമാക്കുന്നു). കേരളത്തിലേക്ക് വരുമ്പോൾ ഇവിടെനിന്നും കൊണ്ടുപോയ ജാതിയും വിദേശത്തുനിന്ന് അതിൽ കൂട്ടിച്ചേർത്ത ജാതിബോധവും കൊണ്ടാണോ പുറംമലയാളിയുടെ വരവ്? (കേരളത്തിൽ നിന്നുള്ള, വിദേശങ്ങളിൽ പ്രവർത്തിക്കുന്ന മുസ്ലിം‐ക്രിസ്ത്യൻ മത സംഘടനകൾക്കും ഇതേ ചോദ്യം മതത്തിന്റെ പശ്ചാത്തലത്തിൽ ബാധകമാണ്). അരുന്ധതി റോയിയെ പല നിലയിൽ വായിക്കുന്ന ഒരാളിൽ തങ്ങി നിൽക്കാനിടയുള്ള ഈ പ്രധാന ചോദ്യം കേരളം വാസ്തവത്തിൽ നിശ്ശബ്ദമാക്കുന്ന (മ്യൂട്ട് ചെയ്യുന്ന) ഈ സംവാദം കൂടിയാണ് .
അടിക്കുറിപ്പുകൾ
1. "ഗോഡ് ഓഫ് സ്്മാൾ തിങ്സി’ൽ നിന്നുള്ള ഉദ്ധരണികളെല്ലാം പ്രിയ എ എസിന്റെ മലയാള നോവൽ പരിഭാഷ "കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനി’ൽ നിന്നുള്ളതാണ്. (ഡി സി ബുക്സ്‐ 2025 ജൂലൈയിലിറങ്ങിയ പതിനെട്ടാം പതിപ്പ്)
2. വിനിൽ പോളിന്റെ ഉദ്ധരിച്ച ലേഖന ഭാഗങ്ങൾ അദ്ദേഹത്തിന്റെ "തർക്കിത ഭൂതകാലം’ എന്ന പുസ്തകത്തിൽ നിന്നുള്ളതാണ് (ഡി സി ബുക്സ്‐ ആഗസ്റ്റ് 2025)
3. ബി ആർ അംബേദ്കറുടെ "ജാതി ഉൻമൂലന’ത്തിനുള്ള അരുന്ധതി റോയിയുടെ ഉദ്ധരണി ആർ കെ ബിജുരാജിന്റെ മലയാള പരിഭാഷയിൽ നിന്നുമെടുത്തതാണ്. (ഡി സി ബുക്സ് ജനുവരി 2015)
4. എസ് ഹരീഷിന്റെ "മീശ’യിൽ നിന്നുള്ള ഉദ്ധരണി 2018ൽ ഡി സി ബുക്സ് ഇറക്കിയ പതിപ്പിൽ നിന്നുള്ളതാണ്.
5. അരുന്ധതി റോയിയുടെ ഓർമപുസ്കത്തെക്കുറിച്ചുള്ള പരാമർശങ്ങൾ 2025ൽ പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ച "മദർ മേരി കംസ് ടു മി’യുടെ ആദ്യ പതിപ്പിൽ നിന്നുള്ളതാണ്.









0 comments