രേഖാമൂലം

വിക്ടോറിയയിൽ അവർ നയിച്ചത്‌ ആദ്യ വിദ്യാർഥിസമരമോ?

പഴയ വിക്ടോറിയ കോളേജിന്റെ എഐ ചിത്രീകരണം

പഴയ വിക്ടോറിയ കോളേജിന്റെ എഐ ചിത്രീകരണം

avatar
ശ്രീകുമാർ ശേഖർ

Published on Oct 27, 2025, 10:54 AM | 3 min read

ഡി പരമേശ്വരൻ, എൻ രാമസ്വാമി, കെ എസ്‌ രാമശേഷൻ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. പാലക്കാട്‌ വിക്ടോറിയ കോളേജിൽ നിന്ന്‌ അവർ മൂന്നുപേർ ബ്രിട്ടീഷ്‌ സർക്കാരിനെ ധിക്കരിച്ച്‌ സ്വാതന്ത്ര്യസമരത്തിനു പിന്തുണയുമായി തെരുവിലിറങ്ങിയത്‌ നൂറ്റിയെട്ടു വർഷം മുമ്പാണ്‌. ഇന്ത്യയിൽ ഒരു വിദ്യാർഥിസംഘടനപോലും രൂപപ്പെടും മുമ്പ്‌. സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന ആദ്യത്തെ ശക്തമായ വിദ്യാർഥി പ്രക്ഷോഭവും ഇതുതന്നെയാകും. മാപ്പുപറയാൻ തയ്യാറാകാത്തതിനാൽ മൂന്നുപേരും കോളേജിൽനിന്നു പുറത്താക്കപ്പെട്ടു. മദ്രാസ്‌ സർവകലാശാലയിൽനിന്നവർ സ്ഥിരമായി ഡീബാർ ചെയ്യപ്പെട്ടു. ഇവരെ പിന്തുണച്ച 110 വിദ്യാർഥികൾക്കും കിട്ടി ശിക്ഷ.

1917 ആണ്‌ കാലം. ഹോംറൂൾ പ്രസ്ഥാനത്തിന്റെ സജീവനാളുകൾ. ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ നിന്നുകൊണ്ടുതന്നെ, നാട്ടുരാജ്യങ്ങൾക്ക് സ്വയംഭരണപദവി ആവശ്യപ്പെട്ടാണ്‌ 1916‐ൽ ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനം രൂപംകൊണ്ടത്‌. അയർലൻഡിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പേരും ആശയവും സ്വീകരിച്ചായിരുന്നു തുടക്കം. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഇടഞ്ഞും പിണഞ്ഞും മദ്രാസിൽ ആനി ബസന്റിന്റെയും മഹാരാഷ്‌ട്രയിൽ ബാലഗംഗാധര തിലകന്റെയും നേതൃത്വത്തിൽ രൂപപ്പെട്ട ഹോംറൂൾ വലിയ ബഹുജനമുന്നേറ്റമായി മാറുന്നു. ‘ഇത്ര വ്യാപകമായ ഒരു ബഹുജനപ്രസ്ഥാനം ഇതിനുമുമ്പ്‌ ഇന്ത്യയിൽ ഉണ്ടായിട്ടി’ല്ലെന്ന്‌ ‘ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്ര’ത്തിൽ ഇ എം എസ്‌ എഴുതുന്നുണ്ട്‌. വിദ്യാർഥികൾക്കിടയിലായിരുന്നു കൂടുതൽ ചലനം. നേതാക്കളെ ജയിലിലടച്ചാണ്‌ ബ്രിട്ടീഷ്‌ സർക്കാർ പ്രതികരിച്ചത്‌. ഇതിനെതിരെ ഉയർന്ന പ്രതിഷേധമാണ്‌ വിക്ടോറിയ കോളേജിലും അലയടിച്ചത്‌.

പഴയ വിക്ടോറിയ കോളേജിന്റെ എഐ ചിത്രീകരണംപഴയ വിക്ടോറിയ കോളേജിന്റെ എഐ ചിത്രീകരണം
















1917 മെയ്‌ ഒന്നിന്‌ മദിരാശി സർക്കാർ പ്രത്യേക ഉത്തരവിലൂടെ വിദ്യാർഥികളുടെ പൊതുപ്രവർത്തനം വിലക്കിയിരുന്നു. ഈ ഉത്തരവ്‌ നിലനിൽക്കെയാണ്‌ വിക്ടോറിയയിലെ വിദ്യാർഥികൾ ഹോംറൂൾ ജാഥയിൽ പങ്കെടുത്തത്‌. പ്രിൻസിപ്പൽ പി ശങ്കുണ്ണി മൂന്നുപേരെയും 1917 സെപ്‌തംബർ 18ന്‌ കോളേജിൽനിന്നു പുറത്താക്കി. രണ്ടുപേർ തിരികെ ക്ലാസിൽ കയറി നടപടി ഉത്തരവ്‌ രേഖാമൂലം വേണമെന്നു ശഠിച്ചു. ഇവരെ അറസ്റ്റുചെയ്‌തു നീക്കി.


മദ്രാസ്‌ ഗവൺമെന്റ്‌ സെക്രട്ടറി ലയണൽ ഡേവിഡ്‌സൺ ഇന്ത്യാ ഗവൺമെന്റ്‌ ആഭ്യന്തര സെക്രട്ടറി സർ ജയിംസ്‌ ഡുബോലേയ്‌ക്ക്‌ ഒക്‌ടോബർ അഞ്ചിനയച്ച റിപ്പോർട്ടിൽ (Home Poliical Deposit 1917 Nov 7) കോഴിക്കോട്‌ സാമൂതിരി കോളേജിലെയും പാലക്കാട്‌ വിക്ടോറിയ കോളേജിലെയും സംഭവങ്ങൾ പറയുന്നുണ്ട്‌. കോഴിക്കോട്ടെ പ്രശ്‌നങ്ങൾ പെട്ടെന്ന്‌ തീർന്നതായി പറയുന്ന റിപ്പോർട്ട്‌ ഇങ്ങനെ തുടരുന്നു: ‘എന്നാൽ പാലക്കാട്ടെ കാര്യങ്ങൾ അത്ര തൃപ്‌തികരമാണെന്നു പറയാനാകില്ല. ഹോംറൂൾ ജാഥയിൽ പങ്കെടുത്തതിന്‌ പുറത്താക്കപ്പെട്ട മൂന്നു വിദ്യാർഥികൾ മാപ്പുപറയാൻ തയ്യാറായില്ല. അതാണ്‌ പ്രശ്‌നത്തിന്റെ തുടക്കകാരണം. ഒറ്റപ്പാലം ഹൈസ്‌കൂളിലെ മുൻ ഹെഡ്‌മാസ്റ്റർ എം കൃഷ്‌ണമാചാരിയാണ്‌ ഈ വിദ്യാർഥികളുടെ പ്രേരകശക്തി. പഠിപ്പിക്കുന്ന കുട്ടികളോട്‌ രാഷ്‌ട്രീയ പ്രസംഗം ചെയ്‌തതിനു പുറത്താക്കപ്പെട്ടയാളാണ്‌ ഈ ഹെഡ്‌മാസ്റ്റർ.’

1917 സെപ്‌തംബർ ആദ്യപകുതിയിലെ സംഭവങ്ങൾ വിശദീകരിച്ച്‌ മദ്രാസ്‌ ഗവൺമെന്റ്‌ സെക്രട്ടറി ലയണൽ ഡേവിഡ്‌സൺ ഇന്ത്യാ ഗവൺമെന്റ്‌ ആഭ്യന്തര സെക്രട്ടറി സർ ജയിംസ്‌ ഡുബോലേയ്‌ക്കയച്ച റിപ്പോർട്ട്‌1917 സെപ്‌തംബർ ആദ്യപകുതിയിലെ സംഭവങ്ങൾ വിശദീകരിച്ച്‌ മദ്രാസ്‌ ഗവൺമെന്റ്‌ സെക്രട്ടറി ലയണൽ ഡേവിഡ്‌സൺ ഇന്ത്യാ ഗവൺമെന്റ്‌ ആഭ്യന്തര സെക്രട്ടറി സർ ജയിംസ്‌ ഡുബോലേയ്‌ക്കയച്ച റിപ്പോർട്ട്‌






l






അടുത്ത റിപ്പോർട്ടിലും പാലക്കാട്‌ കടന്നുവരുന്നുണ്ട്‌. ‘ഡയറക്‌ടർ ഓഫ്‌ പബ്ലിക് ഇൻസ്‌ട്രക്‌ഷൻ

സ്ഥലം സന്ദർശിച്ചു നടത്തിയതടക്കം വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ പ്രിൻസിപ്പലിന്റെ നടപടികൾ ശരിയാണെന്ന നിഗമനത്തിലാണെത്തിയത്‌. അച്ചടക്ക നടപടി സർവകലാശാലയുടെ പരിധിയിൽ വരുന്നതിനാൽ മദ്രാസ്‌ സർവകലാശാല സിൻഡിക്കേറ്റും അന്വേഷണം നടത്തുന്നുണ്ട്‌. മാപ്പുപറയാത്ത വിദ്യാർഥികളെ സർവകലാശാല പരീക്ഷകളിൽനിന്ന്‌ ഒഴിവാക്കി ശിക്ഷ നൽകാൻ സാധ്യതയുണ്ട്‌.'-‐ 1917 ഒക്‌ടോബർ അഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഡയറക്ടറുടെയും സിൻഡിക്കറ്റിന്റെയും അന്വേഷണങ്ങൾക്കുശേഷം വിദ്യാർഥികൾക്കെതിരായ നടപടി ശരിവയ്‌ക്കുകയാണുണ്ടായത്‌. എക്കാലത്തേക്കുമായി മൂന്നുപേരെയും സർവകലാശായിൽനിന്ന്‌ ഡീബാർ ചെയ്യാനും തീരുമാനമായി. നടപടി വിദ്യാർഥികളുടെ പ്രതിഷേധത്തിന്റെ തീയാളിച്ചു. നൂറിലേറെ വിദ്യാർഥികൾ കോളേജിൽ വരാതെ പ്രതിഷേധിച്ചു. ഒന്നരമാസം ഈ സമരം തുടർന്നു. ഈ കുട്ടികളെയും പുറത്താക്കി. ഒരു വർഷത്തേക്ക്‌ പരീക്ഷ എഴുതുന്നതിൽനിന്ന്‌ അവരെയും വിലക്കി. സർവകലാശാലാ നടപടിക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ ചിത്രം നവംബർ മാസത്തെ ദ്വൈവാര റിപ്പോർട്ടുകളിൽ കാണാം. മാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളെപ്പറ്റിയാണ്‌ ഏറെയും പരാമർശങ്ങൾ.

പ്രിൻസിപ്പലിന്റെ നടപടിയെ  ന്യായീകരിച്ച്‌ പയനിയർ പത്രം 1917 സെപ്‌തംബർ 21‐ന്‌  പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌പ്രിൻസിപ്പലിന്റെ നടപടിയെ ന്യായീകരിച്ച്‌ പയനിയർ പത്രം 1917 സെപ്‌തംബർ 21‐ന്‌ പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌

‘ദ ഹിന്ദു’ 1917 നവംബർ 14‐ൽ എഴുതിയത്‌ ഗവൺമെന്റ്‌ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്‌. ‘ഹൃദയശൂന്യമായ’ രീതിയിലാണ്‌ സിൻഡിക്കറ്റ്‌ അച്ചടക്കം നടപ്പാക്കിയതെന്നും തന്റെ ‘ചാപല്യം നിറഞ്ഞതും തന്ത്രപരമല്ലാത്തതു’മായ ചെയ്‌തികളിലൂടെ കുട്ടികളെ പ്രകോപിപ്പിച്ച പ്രിൻസിപ്പലിനെ ജനങ്ങൾ ശകാരിക്കണമെന്നും പത്രം എഴുതി. ‘ന്യൂ ഇന്ത്യ’ അടക്കം മറ്റ്‌ പ്രസിദ്ധീകരണങ്ങളും അധികൃതർ സ്വീകരിച്ച നടപടികളെ രൂക്ഷമായി വിമർശിച്ചു. ആരോപണങ്ങൾ നിഷേധിച്ച്‌ പ്രിൻസിപ്പൽ അയച്ച കത്ത്‌ ‘ദ ഹിന്ദു’ പിന്നീട്‌ പ്രസിദ്ധീകരിച്ചിരുന്നു.


പുറത്താക്കപ്പെട്ട വിദ്യാർഥികൾ പുറത്തുതന്നെ തുടർന്നു. പ്രതിഷേധം പലകോണുകളിൽ നിന്നുയർന്നപ്പോൾ വിദ്യാർഥികളുടെ പൊതുപ്രവർത്തനം വിലക്കുന്ന ഉത്തരവിൽ ചെറിയ ഭേദഗതി വന്നു. ഇത്തരം കാര്യങ്ങളിൽ നടപടിക്കു മുന്പ്‌ രക്ഷിതാക്കളുടെ പിന്തുണ തേടണം എന്നായിരുന്നു ആ ഭേദഗതി.

പല ക്യാമ്പസിലും പ്രതിഷേധം ഉണ്ടായെങ്കിലും കടുത്ത നടപടി ഉണ്ടായത്‌ പാലക്കാട്‌ വിക്ടോറിയ കോളേജിൽ മാത്രമാണ്‌. വിദ്യാഭ്യാസം തന്നെ നിലയ്‌ക്കും എന്ന അവസ്ഥ വന്നിട്ടും കീഴടങ്ങാതെ പൊരുതിനിന്ന ആ മൂന്നുപേർ കേരളത്തിലെ വിദ്യാർഥിപ്രക്ഷോഭ ചരിത്രത്തിൽ തിളക്കത്തോടെ നിൽക്കുന്നു .



deshabhimani section

Related News

View More
0 comments
Sort by

Home