രേഖാമൂലം

സി വി രാമന്റെ മകനും ജ്യോതി ബസുവും ‘വഷളായ’ 22 പേരും

രേഖാമൂലം
avatar
ശ്രീകുമാർ ശേഖർ

Published on Nov 08, 2025, 03:37 PM | 3 min read


‘‘ഐസിഎസിൽ (ഇന്ത്യൻ സിവിൽ സർവീസ്‌) ചേരാനാണ്‌ ഇവരിൽ മിക്കവരെയും ബ്രിട്ടനിലെയും ഇന്ത്യയിലെയും സർവകലാശാലകളിൽ അയച്ചത്‌. അവർ പക്ഷേ ചേർന്നത്‌ കമ്യൂണിസ്റ്റ്‌ പാർടിയിലാണ്‌’’‐ ബ്രിട്ടീഷ്‌ ഇന്ത്യയിലെ ഇന്റലിജൻസ്‌ ബ്യൂറോയുടെ തലവൻ ഡെനിസ്‌ പിൽഡിച്ച്‌ ആഭ്യന്തര വകുപ്പിലേക്ക്‌ 1941 മാർച്ച്‌ 21‐ന്‌ അയച്ച രഹസ്യ റിപ്പോർട്ടിലാണ്‌ ഈ ആവലാതി. 22 പേരുടെ പേരുസഹിതമുള്ള കുറിപ്പിൽ ഇങ്ങനെ കൂടി വായിക്കാം: ‘‘തല ഐസിഎസും വാല്‌ കമ്യൂണിസ്റ്റുമായി അപകടകരമായ ഒരു സംയുക്തം ഉണ്ടായിവരികയാണ്‌.’’

ഇന്റലിജൻസ്‌ ബ്യൂറോ ഈ ഫയലിനു തുടക്കമിട്ടത്‌ ഒരു അറസ്റ്റിൽ നിന്നാണ്‌. നൊബേൽ സമ്മാന ജേതാവും വിഖ്യാത ഊർജതന്ത്രജ്ഞനുമായ സി വി രാമന്റെ മകൻ വെങ്കിട്ടരാമൻ ചന്ദ്രശേഖരനെ 1941 മാർച്ചിൽ അറസ്റ്റുചെയ്‌തിരുന്നു. അദ്ദേഹം ചെയ്‌ത ‘പാതകങ്ങൾ’ ഇന്റലിജൻസ്‌ ബ്യൂറോ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്‌.

കെ ടി ചാണ്ടി ജ്യോതിബസുവിനൊപ്പംകെ ടി ചാണ്ടി ജ്യോതിബസുവിനൊപ്പം

1939‐ൽ നിയമം പഠിക്കാൻ കേംബ്രിഡ്‌ജ്‌ സർവകലാശാലയിൽ പോയ വെങ്കിട്ടരാമൻ ബ്രിട്ടീഷ്‌ കമ്യൂണിസ്റ്റുകാരോടൊപ്പം പ്രവർത്തിച്ചു. 1940‐ൽ ഇന്ത്യയിലെത്തി കമ്യൂണിസ്റ്റ്‌ വിദ്യാർഥി സംഘടനയായ മദ്രാസ്‌ സ്റ്റുഡന്റ്‌സ്‌ ഓർഗനൈസേഷനിൽ അംഗമായി. നാഗ്‌പൂരിൽ ഓൾ ഇന്ത്യ വിദ്യാർഥി ഫെഡറേഷൻ (എഐഎസ്‌എഫ്‌) സമ്മേളനത്തിൽ കമ്യൂണിസ്റ്റ്‌ വിഭാഗത്തിനൊപ്പം നിന്നു. അച്ഛൻ നൽകിയ മുന്നറിയിപ്പൊന്നും മാനിച്ചില്ല. 1940‐ൽ കമ്യൂണിസ്റ്റ്‌ പാർടി അംഗമായി. മദ്രാസ്‌ കോൺഗ്രസ്‌ മന്ത്രിസഭയിൽ അംഗമായിരുന്ന ഡോ. പി സുബ്ബരായന്റെ മകൻ മോഹൻ കുമരമംഗലമാണ്‌ വെങ്കിട്ടരാമനെ സ്വാധീനിച്ചത്‌. നിലവിൽ പാർടിയുടെ പ്രൊവിൻഷ്യൽ കമ്മിറ്റി അംഗമാണ്‌. കോയമ്പത്തൂരിൽ നിന്നാണ്‌ പിടിയിലായത്‌. അവിടെ പ്രവർത്തിച്ചിരുന്ന എൻ സി ശേഖർ അറസ്റ്റിലായപ്പോൾ അവിടേക്ക്‌ നിയോഗിക്കപ്പെട്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

(സി വി രാമന്റെ മകന്റെ പിൽക്കാല രാഷ്‌ട്രീയ പ്രവർത്തനങ്ങൾ ലഭ്യമായില്ല. സി വി രാമൻ ഈ മകനുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇടപെട്ട്‌ വ്യവസ്ഥകളോടെ മകനെ മോചിപ്പിച്ചതായി രേഖകളുണ്ട്‌. സി വി രാമന്റെ ജീവചരിത്രക്കുറിപ്പുകളിൽ മകന്റെ പേരും വ്യത്യസ്‌തമാണ്‌. ചന്ദ്രശേഖരൻ രാമൻ എന്നാണ്‌ കാണുന്നത്‌. ഇളയമകൻ വെങ്കിട്ടരാമൻ രാധാകൃഷ്‌ണൻ പ്രശസ്‌ത ശാസ്‌ത്രജ്ഞനായിരുന്നു. 2011‐ൽ അന്തരിച്ചു.)

എൻ കെ  കൃഷ്‌ണൻഎൻ കെ കൃഷ്‌ണൻ

അതിവേഗം പടരുന്ന അത്യന്തം അപകടകരമായ ഒരു പ്രവണതയാണ്‌ വെങ്കിട്ടരാമന്റെ അറസ്റ്റ്‌ വെളിവാക്കുന്നതെന്ന്‌ കുറിപ്പിൽ പറയുന്നു. ഉയർന്ന വർഗത്തിൽപെട്ട വളരെ ബഹുമാന്യനായ ഒരാളുടെ മകനാണ്‌ കമ്യൂണിസ്റ്റായിരിക്കുന്നത്‌. മദ്രാസ്‌, പഞ്ചാബ്‌, യുപി, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന്‌ ഇത്തരം കുടുംബങ്ങളിലെ പുതുതലമുറ കമ്യൂണിസത്തിലേക്ക്‌ ആകർഷിക്കപ്പെടുകയാണ്‌. ഇംഗ്ലണ്ടിൽ പഠിക്കാൻപോയി അവിടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ്‌ ഇവരിൽ പലരും ‘വഷളാകുന്നത്‌.’ ഇങ്ങനെ ‘വഴിതെറ്റിയ’വരായി കണ്ടെത്തിയ 22 പേരുടേത്‌ പ്രാഥമിക പട്ടികയാണെന്നും ഇനിയും പലരുമുണ്ടെന്നും പറയുന്നുണ്ട്‌.

സി വി രാമന്റെ മകന്റെ അറസ്റ്റിനെപ്പറ്റിയുള്ള ഇന്റലിജൻസ്‌ ബ്യൂറോ റിപ്പോർട്ട്‌സി വി രാമന്റെ മകന്റെ അറസ്റ്റിനെപ്പറ്റിയുള്ള ഇന്റലിജൻസ്‌ ബ്യൂറോ റിപ്പോർട്ട്‌

ഈ പട്ടികയിൽ പിൽക്കാലത്ത്‌ ഇന്ത്യ കണ്ട പ്രമുഖരായ കമ്യൂണിസ്റ്റ്‌ നേതാക്കളെയും സാംസ്‌കാരിക പ്രവർത്തകരെയും കാണാം. പത്തൊൻപതാമത്തെ പേര്‌ ധാക്ക ബാദ്യാർ ബസാറിലെ ഡോ. നിശികാന്ത ബോസിന്റെ മകൻ ജ്യോതി ബോസിന്റേതാണ്‌. കമ്യൂണിസ്റ്റ്‌ പാർടിയുടെ എക്കാലത്തെയും സമുന്നത നേതാക്കളിൽ ഒരാളായ ജ്യോതി ബസു തന്നെ.

മറ്റുപേരുകാരിൽ രണ്ടു മലയാളികളുണ്ട്‌. ഒരാൾ എൻ കെ കൃഷ്‌ണൻ (രേഖയിൽ എം കല്യാണകൃഷ്‌ണനായിട്ടുണ്ട്‌). രണ്ടാമൻ തിരുവല്ല സ്വദേശി കെ ടി ചാണ്ടി. എൻ കെ കൃഷ്‌ണൻ ലണ്ടനിൽ ഗണിതശാസ്‌ത്രം പഠിക്കുന്ന കാലത്തുതന്നെ കമ്യൂണിസ്റ്റായി. നാട്ടിലെത്തി സ്വാതന്ത്ര്യ സമരത്തിലും കമ്യൂണിസ്റ്റ്‌ പാർടിയിലും സജീവമായി. പലവട്ടം അറസ്റ്റിലായി. അവിഭക്ത പാർടിയിലും പിന്നീട്‌ സിപിഐയിലും ദേശീയ നേതൃത്വത്തിന്റെ ഭാഗമായി. രാജ്യസഭാംഗമായിരുന്നു. 1992‐ൽ അന്തരിച്ചു. മോഹൻ കുമരമംഗലത്തിന്റെ സഹോദരിയും കമ്യൂണിസ്റ്റ്‌ നേതാവുമായ പാർവതി കൃഷ്‌ണനായിരുന്നു ഭാര്യ. റിപ്പോർട്ട്‌ തയ്യാറാക്കുമ്പോൾ ലണ്ടനിലായിരുന്ന പാർവതിയെപ്പറ്റിയും ഐബി കുറിപ്പിൽ പരാമർശമുണ്ട്‌.


കെ ടി ചാണ്ടി ലണ്ടനിലെ പഠനത്തിനുശേഷം ഇന്ത്യയിലെത്തി ഒരു ഡച്ച്‌‐ബ്രിട്ടീഷ്‌ കമ്പനിയിൽ ചേർന്നു. ബോംബെയിൽ പാർടി ബന്ധങ്ങൾ നിലനിർത്തി. ജനകീയ കലാ സംഘടനയായ ഇന്ത്യൻ പീപ്പിൾസ്‌ തിയറ്ററി (ഇപ്‌റ്റ)നെ ഏറെ സഹായിച്ചു. പിന്നീട്‌ കൊൽക്കത്തയിൽ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജുമെന്റിന്റെ സ്ഥാപക ഡയറക്ടറായി. 2006‐ൽ അന്തരിച്ചു.

ജ്യോതിബസു, എൻ കെ കൃഷ്‌ണൻ, കെ ടി ചാണ്ടി എന്നിവർ ഉൾപ്പെടെ 22 പേരുടെ പേരുള്ള പട്ടികയുടെ ആദ്യ പേജ്‌ജ്യോതിബസു, എൻ കെ കൃഷ്‌ണൻ, കെ ടി ചാണ്ടി എന്നിവർ ഉൾപ്പെടെ 22 പേരുടെ പേരുള്ള പട്ടികയുടെ ആദ്യ പേജ്‌

പട്ടികയിൽ വേറെയും പ്രമുഖരുണ്ട്‌. മോഹൻ കുമരമംഗലവും സജ്ജാദ്‌ സഹീറും നിഖിൽ ചക്രവർത്തിയും രമേഷ്‌ ചന്ദ്രയും കെ എം അഷറഫും രജനി പട്ടേലും ഇസഡ്‌ എ അഹമ്മദും ഉണ്ട്‌. മുൻ രാജാക്കന്മാരുടെയും ജഡ്‌ജിമാരുടെയും മന്ത്രിമാരുടെയും മക്കളുണ്ട്‌. പട്ടികയിലെ എല്ലാവരും പിൽക്കാലത്ത്‌ കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തനങ്ങളിൽ തുടർന്നവരല്ല. പക്ഷേ ബ്രിട്ടീഷ്‌ സർക്കാർ ഇവരെയെല്ലാം ഭയപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്കാളിത്തം ദേശീയപ്രസ്ഥാനത്തെ ഒത്തുതീർപ്പ്‌ പ്രസ്ഥാനമെന്ന നിലയിൽനിന്ന്‌ വിപ്ലവപ്രസ്ഥാനമാക്കി മാറ്റുമെന്ന ആശങ്കയിൽ കമ്യൂണിസ്റ്റ്‌ വേട്ട അവർ വ്യാപകമാക്കിയിരുന്നു. ഇത്തരം പ്രമുഖരുടെ മക്കളെ കണ്ടെത്തി തയ്യാറാക്കിയ രഹസ്യരേഖ ഇതിന്റെ ഭാഗമെന്ന്‌ വ്യക്തം .



deshabhimani section

Related News

View More
0 comments
Sort by

Home