കവർസ്റ്റോറി

എന്റേതല്ലാത്ത ദേശത്തെ ഞാനും എഴുത്തോർമകളും

ചിത്രീകരണം: നാസർ ബഷീർ
avatar
എം ആർ രേണുകുമാർ

Published on Nov 08, 2025, 12:20 PM | 6 min read


മ്മള്‍ കേട്ടുവളരുന്ന ചരിത്രത്തിനും കഥകള്‍ക്കും പിന്നീടുള്ള നമ്മളെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്. ‘നിന്റെ മുത്തശ്ശന്റെ അച്ഛന്‍ കൊല്ലിനും കൊലയ്‌ക്കും അവകാശമുണ്ടായിരുന്ന ഒരു കരപ്രമാണിയായിരുന്നു' എന്ന് കേട്ടുവളരുന്ന കുട്ടിയിലും ‘മനയ്‌ക്കലെ അടിമയായിരുന്നു നിന്റെ വല്യപ്പന്റെ അപ്പന്‍' എന്ന് കേട്ടുവളരുന്ന കുട്ടിയിലും കാലം വ്യത്യസ്‌തമായ അധികാരബോധവും അഭിമാനവുമാണ് നിക്ഷേപിക്കുക. സാമൂഹ്യമായി ലഭിച്ച പ്രിവിലേജുകള്‍ ഒരാളില്‍ സാംസ്‌കാരിക മൂലധനവും അധികാരവുമായി പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍, അതിന്റെ അഭാവങ്ങള്‍ മറ്റൊരാളില്‍ അന്യതാബോധവും അധികാരരാഹിത്യവുമാണ് സൃഷ്ടിക്കുന്നത്.

കോട്ടയം ടൗണിന് പടിഞ്ഞാറ് ഭാഗത്തുള്ള കാരാപ്പുഴയാണ് ഞാന്‍ ജനിച്ചുവളര്‍ന്ന ഗ്രാമം. സാങ്കേതികമായി ജനനം കോട്ടയം ജില്ലാ ആശുപത്രിയിലായിരുന്നു. അമ്മ കാരാപ്പുഴേന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ടൗണിലെ ആശുപത്രിയിലേക്ക് ഒരു ദിവസം നടന്നുപോയി പ്രസവിച്ചു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. പലരെയും പോലെ ഞാനും കഥകള്‍ കേട്ടാണ് വളര്‍ന്നത്. കേട്ടവയില്‍ എല്ലാം കഥകളായിരുന്നില്ല, ചിലതൊക്കെ നടന്ന സംഭവങ്ങള്‍ ആയിരുന്നുവെന്ന് മുതിര്‍ന്നപ്പോഴാണ് മനസ്സിലായത്. എല്ലാം ഒരു കഥപോലെ പറയുന്ന പ്രകൃതമായിരുന്നു അമ്മയ്‌ക്കുണ്ടായിരുന്നത്. അതു കേട്ടുകേട്ട് വളര്‍ന്നതുകൊണ്ട് കൂടിയാവാം പില്‍ക്കാലത്ത് ഞാനൊരു എഴുത്തുകാരനായി മാറിയത്. തന്റെ അമ്മൂമ്മ ഒ ഹെന്‍ട്രിയെക്കാളും മികച്ച കഥപറച്ചില്‍ക്കാരി ആയിരുന്നെന്നും, കഥകള്‍ കേള്‍ക്കുന്നത് ഹൃദ്യമായൊരു അനുഭവമാണെന്ന് തന്നെ ബോധ്യപ്പെടുത്തിയത് അവരാണെന്നും പ്രമുഖ തെലുഗു എഴുത്തുകാരന്‍ ജി കല്യാണറാവു എഴുതിയിട്ടുണ്ട്.


പതിനാല് വയസിനുശേഷം വായനയിലൂടെയും സ്വതന്ത്രചിന്തയിലൂടെയും മറ്റും ഞാനാര്‍ജിച്ച അറിവും അനുഭൂതിയും ഭാവുകത്വവും മാറ്റിനിര്‍ത്തിയാല്‍ എന്നിലിപ്പോഴും മുഖ്യമായും അവശേഷിക്കുന്നത് അമ്മയുടെ കഥകളും കാഴ്‌ചപ്പാടുകളും മൊറാലിറ്റിയും ഒക്കെയാണ്.

അമ്പത്തിയാറ് വയസ്സ്‌ പിന്നിട്ട ഞാന്‍ ഇതുവരെയുള്ള എന്റെ ജീവിതകാലയളവിന്റെ തൊണ്ണൂറ്റിയെട്ട് ശതമാനവും ജീവിച്ചത് കോട്ടയത്ത് തന്നെയാണ്. കോട്ടയമെന്ന് പറഞ്ഞാല്‍ മുപ്പതുവര്‍ഷത്തോളം കാരാപ്പുഴയിലും, പത്ത് വര്‍ഷത്തോളം അതിരമ്പുഴയിലും, പിന്നെയിപ്പോള്‍ പതിനഞ്ച് വര്‍ഷത്തിലധികമായി കുമാരനല്ലൂരും. ഇതിനിടയില്‍ ഒന്നരവര്‍ഷം എംഫില്‍ പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും, ഒരു മാസം ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡിലും, വിവാഹാനന്തരം കുറച്ചുമാസങ്ങള്‍ തിരുവനന്തപുരത്ത് മുട്ടടയിലും ഉള്ളൂരും താമസിച്ചതുമാണ് എന്റെ എടുത്തുപറയേണ്ട കോട്ടയം വിട്ടുള്ള വാസക്കാലം. അങ്ങനെ മൊത്തത്തില്‍ ടൂറുപോയതും ഫിലിം ഫെസ്റ്റിവലിന് പോയതും ഉള്‍പ്പെടെ എല്ലാംകൂടി വടിച്ചുകൂട്ടിയാല്‍ കോട്ടയത്തിന് പുറത്തുള്ള എന്റെ ജീവിതകാലം രണ്ടുരണ്ടര വര്‍ഷത്തോളമേ വരൂ. ഇത്രമേല്‍ ഇവിടെ പുതഞ്ഞുപോയിട്ടും എനിക്ക് കോട്ടയത്തോട് സര്‍ഗാത്മകമായി എടുത്തുപറയത്തക്ക അടുപ്പമോ അഭിനിവേശമോ ഇല്ലെന്ന് കോട്ടയത്തെക്കുറിച്ച് എഴുതാനിരുന്നപ്പോഴാണ് മനസ്സിലായത്. മറ്റേതൊരു ദേശത്തോടും ഉള്ളതുപോലൊരു അകലം എനിക്ക് കോട്ടയത്തോടുമുണ്ട്.

ഉടലുകൊണ്ട് ഇത്രമേല്‍ കോട്ടയംകാരനായിരുന്നിട്ടും എനിക്കിപ്പോഴും കോട്ടയത്തിന്റെ പല ഊടുവഴികളും അറിയില്ല. പല വ്യാപാര സ്ഥാപനങ്ങളും കടകളും അറിയില്ല. ഇതുപോലെ പലരുമുണ്ടാകാമെങ്കിലും, എന്നെപ്പോലെ ഇത്രയും കുറഞ്ഞ അളവില്‍ കോട്ടയത്തെ മനസ്സില്‍ കൊണ്ടുനടക്കുന്ന കോട്ടയംകാര്‍ കുറവായിരിക്കും. ജനിച്ചുവളര്‍ന്ന നാടായിട്ടും, ഇത്രയും കാലം ഇവിടെ തുടര്‍ന്നിട്ടും എന്തുകൊണ്ടാവും ഓരോ എഴുത്തുകാരും അവരുടെ ദേശത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എഴുതുമ്പോഴും തടയുന്നപോലൊന്നും എനിക്ക് തടയാത്തത്? ഇത് ചരിത്രപരവും സാമൂഹ്യപരവുമായി ഇല്ലാതെപോയ അധികാരത്തിന്റെയും അതുവഴി സംജാതമായ അടുപ്പമില്ലായ്‌മയുടെയും പ്രശ്നമായാണ് എനിക്ക് തോന്നുന്നത്. വേണമെങ്കില്‍ ഇതിനെ വ്യക്തിപരമായ ഒരു പ്രശ്നമായി, ഒരു പരിധിവരെ, കണക്കാക്കാമെങ്കിലും അടിസ്ഥാന പ്രശ്നം അധികാരത്തിന്റേത് തന്നെയാണ്.

എന്റേത് എന്നൊരു തോന്നല്‍ ഉണ്ടാകുന്നത് അധികാരമുള്ളപ്പോഴാണ്. അധികാരമുള്ളിടത്താണ്, അഥവാ അധികാരം തോന്നുന്നിടത്താണ് നമ്മള്‍ ഉറച്ച കാൽവയ്‌പ്പുകള്‍ നടത്തുന്നത്, ശബ്ദമിടറാതെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത്. അല്ലെങ്കില്‍ വിനീതനും വിധേയനും സൗമ്യശീലനും മൃദുഭാഷിയും ഒക്കെ ആയിപ്പോകാന്‍ ഇടയുണ്ട്. എന്റെ എഴുത്തിലും എഴുത്തില്ലായ്‌മയിലും വ്യത്യസ്‌ത അളവുകളില്‍ ഇത് നിഴലിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കോട്ടയം ദേശക്കാരനായിട്ടും എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് അന്യതാബോധം തോന്നുന്നത് കോട്ടയമാകുന്ന ദേശത്തിന്റെ അധികാരഘടനയില്‍ എനിക്കോ എന്റെ കുടുംബത്തിനോ ഞാനുള്‍പ്പെടുന്ന സമുദായത്തിനോ ഒരുകാലത്തും നിര്‍ണായകമായ യാതൊരു സ്ഥാനവും ഇല്ലായിരുന്നതുകൊണ്ടാണെന്ന് സാരം.


ഒരുകാലത്ത് അടിമക്കച്ചവടം നടന്നിരുന്ന തിരുനക്കര മൈതാനം ‘അടിമസന്തതി'കളുടെ പിന്‍മുറക്കാരിലൊരാള്‍ക്കും അല്ലാത്തൊരാള്‍ക്കും വ്യത്യസ്‌തമായ ഓർമയും അനുഭവവും ആയിരിക്കുമല്ലോ ഉണ്ടാക്കുന്നത്. അയ്യന്‍കാളിക്ക് കോടിമതപ്പാലത്തിന് സമീപം വച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ചുള്ള ചരിത്രബോധവും എന്നെ സംബന്ധിച്ചിടത്തോളം സമാനമായ അനുഭവവും ഓർമയുമാണ് പകരുന്നത്. ‘കോട്ടയം എന്റെ ദേശം' എന്ന മട്ടിലൊക്കെ എഴുതാനിരിക്കുമ്പോള്‍, എന്റെ സാമൂഹ്യബോധത്തെ പൊള്ളിക്കുകയും പിടിച്ചുലയ്‌ക്കുകയും ചെയ്യുന്ന രൂപകങ്ങളായാണ് തിരുനക്കര മൈതാനവും കോടിമതപ്പാലവുമൊക്കെ കടന്നുവരിക. ഇവയോടൊപ്പം എന്റെ ജീവിതത്തെയും ഓർമകളെയും അലങ്കോലപ്പെടുത്താറുള്ള നിരവധി ചെറുകിട രൂപകങ്ങളുമുണ്ട്.

എന്റെ വീടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വീട്ടിലേക്ക് ഇല്ലാതെപോയ വഴിയാണ് ഓർമവരിക. കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വിളമ്പിയ ആഹാരത്തിന് മുന്നില്‍നിന്ന് എഴുന്നേല്‍പ്പിച്ചു വിടപ്പെട്ട ബാല്യക്കാരനെയാണ് ഓർമവരിക. കൂട്ടുകാരനെ കളിയാക്കിപ്പേര് വിളിച്ചതിന് അവന്റെ ചേട്ടന്റെ വായീന്ന് ജാതി കൂട്ടിയുള്ള കാതുപൊട്ടുന്ന തെറികേട്ട പത്തുവയസ്സുകാരനെയാണ് ഓർമവരിക.


കോളേജുകാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കൂട്ടുകാരിക്ക് പുസ്‌തകം കൈമാറുന്നതോടൊപ്പം അല്‍പ്പനേരം മിണ്ടിയും പറഞ്ഞും നിന്നതിന് അപമാനിച്ച്, ആട്ടിപ്പായിക്കപ്പെട്ട പ്രീഡിഗ്രിക്കാരനെയാണ് ഓർമവരിക. സ്റ്റൈപൻഡ്‌ വിദ്യാർഥിയെന്ന നിലയ്‌ക്ക്‌ കേള്‍ക്കേണ്ടിവന്ന ‘പൂച്ചകരച്ചിലുകളാ'ണ് ഓർമവരിക. വയസ്‌കരക്കുന്നിലുള്ള മൃഗാശുപത്രിയിലേക്ക് ഗര്‍ഭധാരണത്തിനുള്ള കുത്തിവെപ്പ് എടുപ്പിക്കാന്‍ പശുവിനെയുംകൊണ്ട് പോയപ്പോള്‍, ബോട്ടുജെട്ടി കാണാന്‍ കച്ചേരിക്കടവിലെത്തിയ കൂട്ടുകാരെ അകലെവച്ച് കണ്ടതും, പശുവുമായി മതിലിന് പിന്നില്‍ മറഞ്ഞതുമാണ് ഓർമവരിക. അമ്പലക്കടവ് ക്ഷേത്രാങ്കണത്തില്‍ നടന്ന കലാപ്രതിഭ ആദരവിന്റെ ചടങ്ങ് മനസ്സിലെത്തുമ്പോള്‍, സ്വാഗതം പറഞ്ഞയാള്‍ ‘പ്രത്യേകിച്ച് കലാപാരമ്പര്യ'മൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബമാണ് രേണുകുമാറിന്റേതെന്ന് പറഞ്ഞതാണ് ഓർമവരിക. എന്റെ മിക്കവാറും ഓർമകളൊക്കെ ഇങ്ങനെയാണ്. പിന്നെങ്ങനെയാണ് ഓർമകള്‍ പ്രോത്സാഹജനകമായി, സ്വാഭാവിക എഴുത്തായി പടര്‍ന്നുപന്തലിക്കുക... ഏതെഴുത്തും എനിക്ക് കഷ്ടപ്പെട്ട പണിയാണ്. അപ്പോ പിന്നെ ഓരോരോ കാലത്ത് കുഴിച്ചുമൂടിയ ഓർമകളെ തോണ്ടിയെടുത്ത് എഴുത്താക്കുന്ന പണിയുടെ കാര്യം പറയാനുണ്ടോ.

ചിത്രീകരണം: നാസർ ബഷീർ ചിത്രീകരണം: നാസർ ബഷീർ

വ്യക്തിപരമായ ഉൾവലിയലും അധികാരരഹിത ശരീരഭാഷയുമൊക്കെ ഒരു പരിധിവരെ നിര്‍ണായകമാണെന്ന് സമ്മതിച്ചാല്‍ തന്നെ ഒരു നാടിനെ, ദേശത്തെ തന്റേതായി തോന്നിപ്പിക്കുന്നതില്‍ സാമൂഹ്യമായും ചരിത്രപരമായും ഒരു വ്യക്തിയോ സമൂഹമോ കൈയാളിവരുന്ന പ്രിവിലേജുകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മറിച്ചാണെന്ന് വിശ്വസിക്കാന്‍ എന്റെ സാമൂഹ്യശാസ്‌ത്രാവബോധം അനുവദിക്കുന്നില്ല. സാമൂഹ്യമായും കുടുംബപരമായും അധികാരമില്ലായ്കയാല്‍, ജനിച്ചുവളര്‍ന്ന ദേശത്ത്, ജാതിവഴക്കങ്ങളുടെ നിഷ്‌കര്‍ഷകളില്‍ അകപ്പെട്ട്, നിശ്ശബ്ദനായി ഒതുങ്ങിയും വിധേയപ്പെട്ടും ജീവിക്കേണ്ടി വന്നതുകൊണ്ടാവും ഇങ്ങനെയൊരു അന്യതാബോധം എന്നില്‍ തഴച്ചുവളര്‍ന്നത്. ഇതിനെ പറ്റുന്നപോലെ അതിജീവിക്കാന്‍ എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ടെങ്കിലും, അതില്‍നിന്നുള്ള അതിജീവനം മറ്റുള്ളവര്‍ കരുതുന്നപോലെ എളുപ്പമായിരുന്നില്ല. ചുറ്റുംനിന്ന് കൈയടിച്ച് പ്രോത്സാഹിപ്പിച്ചാല്‍ ചാടിക്കടക്കാവുന്നതല്ലല്ലോ ജാതിക്കടമ്പകള്‍. എങ്കിലും ജീവിച്ചിരിക്കുന്ന ഓരോ നിമിഷം എന്നെക്കൊണ്ടാവുന്നവിധം അതിനായി ശ്രമിക്കാറുണ്ട്. പക്ഷെ സാമൂഹ്യാധികാരവും സാംസ്‌കാരിക മൂലധനവുമൊക്കെ സമൂഹത്തില്‍ ചരിത്രപരമായും സാമൂഹ്യപരമായും വിതരണം ചെയ്യപ്പെടുന്നതും നിലനിന്നു വരുന്നതുമാകയാല്‍, അതിന്റെ ഇല്ലായ്‌മകള്‍ തീര്‍ക്കുന്ന അന്യവല്‍ക്കരണങ്ങളെ വ്യക്തിപരമായി നേരിടുന്നതിന് പരിമിതികളുണ്ട്.

ഇതെനിക്ക് കോട്ടയമെന്ന പ്രദേശത്തോട് മാത്രമുള്ള പ്രശ്നമല്ല. ജാതിബന്ധങ്ങള്‍ സജീവമായ ഏത് നാട്ടില്‍ ജനിച്ചുവളര്‍ന്നാലും എന്നെപ്പോലുള്ളവര്‍ ഇതേവിധം അന്യവല്‍ക്കരണങ്ങള്‍ക്ക് ഇരപ്പെടുമായിരുന്നു. ജനിച്ചുവളര്‍ന്ന ദേശം മുഖ്യധാരയിലെ എഴുത്തുകാരുടെ ഉള്ളില്‍ ചേര്‍ത്തുപിടിക്കുന്ന മിഴിവുള്ള ഓർമയായി ഗൃഹാതുരതയോടെ നിലകൊള്ളുന്നതുപോലാവില്ല, വിവിധതരം അന്യവല്‍ക്കരണങ്ങള്‍ക്ക് വിധേയപ്പെടേണ്ടിവന്ന സമൂഹങ്ങളിലെ എഴുത്തുകാരുടെ ഉള്ളില്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന, ഇടപഴകിയ ദേശം നിലകൊള്ളുന്നത്. പ്രിവിലേജ്ഡ് ആയ എഴുത്തുകാരനോ എഴുത്തുകാരിയോ തന്റെ ദേശത്തെ അനുഭവിക്കുകയും എഴുതുകയും ചെയ്യുന്നത് പോലാവില്ല, അണ്ടര്‍ പ്രിവിലേജ്ഡ് ആയിട്ടുള്ള എഴുത്തുകാരനും എഴുത്തുകാരിക്കും സ്വന്തം ദേശം അനുഭവവേദ്യമാവുക എന്നാണ് പറഞ്ഞുവരുന്നത്.

ചിത്രീകരണം: നാസർ ബഷീർ ചിത്രീകരണം: നാസർ ബഷീർ

ബി മുരളിയുടെ ഒരു കുഞ്ഞുകഥയുണ്ട്. ‘കാലന്‍ ചരിത്രം' എന്നോ മറ്റോ ആണ് പേര്. അതിലിങ്ങന പറയുന്നു: ‘തിരുവനന്തപുരത്തെ സ്റ്റാച്യൂ ജങ്‌ഷനിലൂടെ ഷിമ്മിക്കൂടില്‍ അരക്കിലോ ചാളയും വാങ്ങിച്ചോണ്ട് നടന്നുപോകുമ്പോള്‍ ഈ വഴീക്കൂടിയാണല്ലോ മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരെ വെട്ടാനിട്ടോടിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്നു' (ഏതാണ്ട് ഇപ്രകാരമായിരുന്നു കഥാസാരം-, ഓർമയില്‍നിന്ന്). ഒരിടം എല്ലാവര്‍ക്കും ഒരേ ഓർമയാവില്ല ഉണ്ടാക്കുന്നത്. ഓർമകളിലും പ്രിവിലേജ് ഇടപെടും. സാമൂഹ്യാവസ്ഥയ്‌ക്കും സാംസ്‌കാരികാന്തരീക്ഷത്തിനും മറ്റും അനുസൃതമായാവും നമ്മള്‍ പലതും കേള്‍ക്കുക, കേള്‍ക്കാതിരിക്കുക; ചരിത്രം അറിയുക, അറിയാതിരിക്കുക. ചരിത്രത്തെ ഏത് വീക്ഷണകോണില്‍ക്കൂടിയാണ് കാണുന്നത് എന്നതും പ്രധാനമാണ്. വാമൊഴിയായും വരമൊഴിയായും അറിഞ്ഞ കാര്യങ്ങള്‍/ ചരിത്രങ്ങള്‍ നമ്മുടെ സാമൂഹ്യാനുഭവത്തിന്റെയും കാഴ്‌ചപ്പാടിന്റെയും ഭാവുകത്വത്തിന്റെയും വെളിച്ചത്തിലാവും നമ്മളെ ബാധിക്കുക, പിന്തുടരുക. അതുകൊണ്ടാണ് കോട്ടയം നഗരമധ്യത്തിലുള്ള മുനിസിപ്പല്‍ മൈതാനത്ത് ചെന്നിരിക്കുമ്പോള്‍ ഒരുകാലത്ത് ഇവിടം കേരളത്തിലെ പ്രധാന അടിമച്ചന്തകളില്‍ ഒന്നായിരുന്നല്ലോ എന്ന് ഓർമ വരുന്നത്. എറണാകുളത്തെ ചില പഴയ ക്രൈസ്‌തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഞായറാഴ്‌ച ഒഴിച്ചുള്ള ദിവസങ്ങളില്‍ ഇതിനകത്തായിരുന്നല്ലോ അടിമകളെ തടവിലിട്ടിരുന്നതെന്ന് ഓർമ വരുന്നത്. കോടിമതപ്പാലം കടക്കുമ്പോള്‍ ഇവിടെ വച്ചാണല്ലോ കോട്ടയത്തെ സവര്‍ണര്‍ അയ്യന്‍കാളിയുടെ നഗരപ്രവേശം തടഞ്ഞതെന്ന് ഓർമ വരുന്നത്. ‘കാലന്‍ ചരിത്രം' ഓരോരുത്തരിലും വ്യത്യസ്‌തമായ ഓർമകളാണ് ഉണര്‍ത്തുന്നതെന്ന് ചുരുക്കം. അത് നിര്‍ണയിക്കപ്പെടുന്നത് സാമൂഹ്യമായും ചരിത്രപരമായും കൂടിയാണ്. ചിലര്‍ക്ക് ഓർമകള്‍ വിടരുമ്പോള്‍ ചിലര്‍ക്ക് ഓർമകള്‍ തികട്ടുകയാണ്.


എന്റെ ജന്മദേശമായ കാരാപ്പുഴ വളരെ സജീവമായി ജാതിവഴക്കങ്ങള്‍ നിലനിര്‍ത്തിയിരുന്ന ഒരിടമായിരുന്നു. ജാതീയ വിവേചനങ്ങള്‍ വളരെ സ്വാഭാവികമായി നിലനിന്നിരുന്നതിനാല്‍ അതിന്റെ തിക്തഫലങ്ങളും ആനുകൂല്യങ്ങളും പരമ്പരാഗതമായി അനുഭവിച്ചുപോന്ന ഭൂരിഭാഗം മനുഷ്യരും അത് വളരെ സ്വാഭാവികമായാണ് തുടര്‍ന്നുപോന്നിരുന്നത്. വിദ്യാഭ്യാസപരമായി ഇവിടം താരതമ്യേന പിന്നോക്കമായിരുന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇടയാക്കിയിരുന്നു. ലഭിച്ചിരുന്ന വിദ്യാഭ്യാസത്തിന് ജാതിബന്ധങ്ങളെ ആഴത്തില്‍ പുനഃപരിശോധിക്കാനുള്ള കെല്‍പ്പും ഉണ്ടായിരുന്നില്ല. കാരാപ്പുഴയുടെ താണ പ്രദേശങ്ങളില്‍ അക്കാലത്ത് കൂടുതലും ഉണ്ടായിരുന്നവര്‍ ഈഴവരും പുലയരുമായിരുന്നു. പുലയരുടെമേല്‍ ഈഴവരില്‍ ഭൂരിഭാഗവും പുലര്‍ത്തിയിരുന്ന ആധിപത്യമനോഭാവത്തിന് യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. അതവരുടെ സ്വാഭാവിക ജീവിതരീതിയായോ കീഴ്‌വഴക്കമായോ തുടര്‍ന്നുപോന്നു. നടന്നാലും നടന്നില്ലേലും വണ്ടിക്കാരന്‍ ഇടയ്‌ക്കിടെ കാളകളെ അടിക്കുമല്ലോ. ഇത്തരമൊരു സാമൂഹിക ചുറ്റുപാടിലാണ് ഒരു പുലയ കുടുംബത്തില്‍ ഞാന്‍ ജനിച്ചുവളരുന്നത്. കാര്‍ന്നോന്മാര്‍ കട്ടകുത്തിപ്പൊക്കിയ ചിറയിലായിരുന്നു എന്റെ വീട്, വീടെന്നുവെച്ചാല്‍ ഓലപ്പെര. പെരയുടെ പിൻവശത്തും ഇടത്തും വലത്തും ഈഴവവീടുകളും മുൻവശത്ത് കണ്ടവുമായിരുന്നു.

ചിത്രീകരണം: നാസർ ബഷീർ ചിത്രീകരണം: നാസർ ബഷീർ

വീട്ടിലേക്കാണെങ്കില്‍ കൃത്യമായൊരു വഴിയുമുണ്ടായിരുന്നില്ല. ആകയാല്‍ ഇതര പുലയ വീടുകളെക്കാള്‍ ജാതീയഞെരുക്കം എന്റെ വീടും വീട്ടുകാരും അനുഭവിക്കേണ്ടി വന്നു. അടുത്തെങ്ങും പുലയവീടുകള്‍ ഇല്ലാതിരുന്നത് ഞെരുക്കത്തെ വർധിപ്പിക്കുകയും ചെയ്‌തു. ഈഴവക്കടലിലെ പുലയദ്വീപായിരുന്നു എന്റെ വീടെന്ന് മുമ്പെഴുതിയിട്ടുണ്ട്.

അന്യതാബോധത്തെയും അധികാരമില്ലായ്‌മയെയും പില്‍ക്കാലത്ത് ഊട്ടിയുറപ്പിച്ച, എന്റെ പിറവിക്ക് മുമ്പേയുണ്ടായ, ഒരു സംഭവകഥ കേട്ടുകൊണ്ടാണ് ഞാന്‍ വളരുന്നത്. ആദ്യം അമ്മയില്‍നിന്നും പിന്നീട് ചേച്ചിയില്‍നിന്നും ആ കഥ ഇടയ്‌ക്കിടെ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അതേതാണ്ട് ഇപ്രകാരമായിരുന്നു:

ഏതോ കുടുംബവഴക്കിനെ തുടര്‍ന്ന് ഒരുദിവസം അമ്മയ്‌ക്കും അച്ഛനും മൂന്നുവയസ്സുള്ള ചേച്ചിയെയും കൊണ്ട് ഒരു സന്ധ്യാനേരത്ത് അമ്മയുടെ വീട് വിട്ടിറങ്ങേണ്ടിവന്നു. വീടിന് മുന്നിലെ തോട് മുറിച്ചുനീന്തുമ്പോള്‍ അവര്‍ക്ക് എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. വാകത്താനത്തുള്ള അച്ഛന്റെ വീട്ടിലേക്കും പോകാവുന്ന വിധമായിരുന്നില്ല അച്ഛനും അപ്പച്ചനും തമ്മില്‍ അക്കാലത്തുണ്ടായിരുന്ന ബന്ധം. തോട് നീന്തിക്കയറിയ അവര്‍ക്ക് എന്തായാലും അടുത്തുള്ള ഈഴവ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ ഒരു രാത്രി കഴിയാന്‍ അവസരം ലഭിച്ചു. പക്ഷെ പുലയരെ പറമ്പിൽ കയറ്റി കിടത്തിയെന്ന് ആക്ഷേപിച്ച് ആ കുടുംബത്തിലെ കാരണവര്‍ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് അച്ഛനും അമ്മയ്‌ക്കും പുലര്‍ച്ചെതന്നെ പറമ്പുവിട്ട് ഇറങ്ങേണ്ടിവന്നു. അവര്‍ ആള്‍പ്പാര്‍പ്പില്ലാത്ത അടുത്ത പറമ്പിലെ ഒരു ആഞ്ഞിലിച്ചോട്ടില്‍ അഭയം പ്രാപിച്ചു. അവിടെയവര്‍ നേരം തള്ളിനീക്കുന്നതിനിടയില്‍ സംഭവം അമ്മയുടെ അപ്പാപ്പന്റെ മകന്‍ അറിയുകയും, അദ്ദേഹമെത്തി ഇക്കാര്യം ജന്മിയായ ഈഴവ കാരണവരുടെ (അമ്മയുടെ അച്ഛന്‍ ഇദ്ദേഹത്തിന്റെ പാടങ്ങളുടെ കാവല്‍ക്കാരനായിരുന്നു) ശ്രദ്ധയില്‍ പെടുത്തുകയും ചെയ്‌തു. അദ്ദേഹത്തിന് അമ്മയുടെ അച്ഛനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടായിരുന്നത്രേ. ആ പരിഗണനയിലും ദയാവായ്‌പിലും അദ്ദേഹം അമ്മയോടും അച്ഛനോടും അടുത്തുള്ള തന്റെ ചിറയില്‍പോയി കുടിലുകെട്ടി താമസിച്ചുകൊള്ളാന്‍ പറഞ്ഞു. മാടയ്‌ക്കല്‍ച്ചിറ എന്ന് പിന്നീടറിയപ്പെട്ട ഞങ്ങളുടെ വീടുണ്ടാകുന്നത് അങ്ങനെയാണ്. അമ്മയുടെ കസിന്‍ ആങ്ങള കെട്ടിക്കൊടുത്ത ‘കളിവീട്‌' പോലുള്ള ചെറ്റക്കുടില്‍ കാലാന്തരത്തില്‍ ആനവായന്‍ പെരയായി, തറകെട്ടിയ ഓലപ്പെരയായി, എനിക്ക്‌ ഓർമവെച്ച കാലത്ത് മൂന്നുമുറിയുള്ള ഓടിട്ട ഒരു ചെറിയ വീടായി.

ചിത്രീകരണം: നാസർ ബഷീർ ചിത്രീകരണം: നാസർ ബഷീർ

കുമ്മായംകൊണ്ട് ഒറ്റക്കട്ടയില്‍ കെട്ടിയ ആ വീടിന്റെ ഭിത്തികള്‍ സിമന്റ്‌ തേക്കുന്നതും, തറ സിമന്റിടുന്നതും ഒരുപാട് കാലത്തിന് ശേഷമാണ് (ഈ വീടിനെപ്പറ്റി ‘ഒറ്റക്കട്ട' എന്ന പേരില്‍ ഞാനൊരു കവിത എഴുതിയിട്ടുണ്ട്). ഇതിനിടയില്‍ വീടിരുന്ന പതിനാറ് സെന്റ് സ്ഥലം കുറേശ്ശെ കാശ് നല്‍കി നല്‍കി അച്ഛനും അമ്മയും സ്വന്തം പേരിലാക്കിയിരുന്നു. എന്നിരുന്നാലും ഒരിക്കല്‍ സഹായിച്ച ആ ഈഴവ ജന്മി കുടുംബത്തോടുള്ള വിധേയത്വം കലര്‍ന്ന സാമൂഹ്യബന്ധം, വിഷുദിനത്തില്‍ നെല്‍ക്കറ്റയുംകൊണ്ട് പോകലും മറ്റുമായി, ആ കുടുംബത്തിലെ കാരണവര്‍ മരിക്കുന്നതുവരെ ഞങ്ങള്‍ തുടര്‍ന്നുപോന്നു.

ഇത്തരമൊരു സംഭവകഥയും അതിന്റെ ആവര്‍ത്തിച്ചുള്ള കേള്‍ക്കലും, കാലങ്ങളായി പ്രകടമായും അല്ലാതെയും തുടരുന്ന മാനസിക- ശാരീരിക വിധേയത്വവും ആശ്രിതത്വവും, പുതിയ തലമുറയിലേക്ക് ആത്യന്തികമായി പകരുന്നത് അധികാരമില്ലായ്‌മയും അധമബോധവും അന്യതാബോധവും ആത്മവിശ്വാസക്കുറവും മറ്റുമാണല്ലോ. ഇതിന്റെയൊക്കെ ഫലമായി സിദ്ധിച്ച വ്യക്തിപരമായ സാമർഥ്യക്കുറവുകൂടി സന്തതസഹചാരിയായതോടെ, മേല്‍ചൊന്ന സാമൂഹ്യാനുഭവങ്ങളുടെ ഭേദപ്പെട്ട ഇരയായി മാറുകയായിരുന്നു ഞാന്‍ എന്നുവേണം കരുതാന്‍. പില്‍ക്കാലത്ത് ഞാന്‍ ഉന്നതവിദ്യാഭ്യാസവും പലതരം അംഗീകാരങ്ങളും നേടി നാടിന്റെ അഭിമാനമായി മാറുന്നുണ്ടെങ്കിലും കുട്ടിക്കാലത്ത് പലയളവുകളില്‍ അനുഭവിച്ച ജാതീയ അപമാനങ്ങളുടെയും മാറ്റിനിര്‍ത്തലുകളുടെയും ആവര്‍ത്തിച്ച് കേട്ടുതഴമ്പിച്ച സംഭവകഥകളുടെയും ഭാരം ഒരുകാലത്തും വിട്ടുപിരിയാന്‍ കൂട്ടാക്കിയില്ല എന്നതാണ് സത്യം. ജാതീയമായി ഒരാള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളുടെയും അപമാനത്തിന്റെയും അമൂര്‍ത്തഭാരം അത്രയെളുപ്പമൊന്നും കുടഞ്ഞുകളയാനാവുമെന്ന് തോന്നുന്നില്ല. എത്രയുണക്കിയാലും കുട്ടിക്കാലത്ത് നനഞ്ഞുപോയ ചിറകുകള്‍ പിന്നീടൊരിക്കലും തോരുകയില്ലെന്ന് തോന്നുന്നു. അതുകൊണ്ടാവാം മുഖ്യധാരയിലെ ഇതര എഴുത്തുകാരെപ്പോലെ ആധികാരികതയോടെ, ആവേശത്തോടെ, ഗൃഹാതുരതയോടെ എന്റെ ദേശത്തെക്കുറിച്ച് അനായാസേന എഴുതാന്‍ കഴിയാത്തത്.

എന്നിരുന്നാലും എന്റെ കവിതകളിലും കുട്ടികള്‍ക്കായുള്ള കഥകളിലും ഓർമക്കുറിപ്പുകളിലും ഞാൻ അനുഭവിച്ചതും, എന്നാല്‍ എന്റെ കൂട്ടുകാര്‍ അനുഭവിക്കാത്തതുമായ, ‘എന്റെ ദേശം' മഞ്ഞുമൂടിക്കിടപ്പുണ്ട്. ഭാവിയില്‍ എന്റെ എഴുത്തുകളിലൂടെ ആ ദേശം മെല്ലെയെങ്കിലും തെളിഞ്ഞുവന്നേക്കാം .



deshabhimani section

Related News

View More
0 comments
Sort by

Home