മമ്മൂട്ടി: അഭിനയ പ്രതിഭയുടെ അതുല്യ വ്യക്തിത്വം


എം കെ സാനു
Published on Aug 12, 2025, 10:51 AM | 5 min read
മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിട്ടാണ് മമ്മൂട്ടിയെ ഞാൻ ആദ്യം കാണുന്നത്. പ്രസരിപ്പുള്ള മുഖവും വിനയം നിറഞ്ഞ പെരുമാറ്റവും ആദ്യംത ന്നെ എന്റെ ശ്രദ്ധയിൽപ്പെട്ടു. സഹപാഠികളുമായി സൗഹൃദത്തിൽ കഴിയുന്ന ആ വിദ്യാർഥി കോളേജിലെ പൊതുപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ എപ്പോഴും ഉത്സാഹം കാണിച്ചിരുന്നു....– എം കെ സാനുമാഷ് എഴുതിയ അപ്രകാശിത ലേഖനം.
ജന്മസിദ്ധമായ വാസനയുള്ളവരാണ് അഭിനയകലയുടെ ഔന്നത്യത്തിലെത്തുന്നത്. സംഗീതം, സാഹിത്യം, ചിത്രരചന എന്നീ മേഖലകളിൽ ജന്മവാസനയുടെ പ്രാധാന്യമെന്തെന്ന് ആസ്വാദകർക്കറിയാം. അഭിനയകലയ്‌ക്ക് അതു ബാധകമാണെന്ന പരമാർഥത്തെക്കുറിച്ച് അധികമാളുകളും ഓർമിക്കാറില്ല.
ജന്മവാസന വികാസം പ്രാപിച്ചാണ് പ്രതിഭയായിത്തീരുന്നത്. അതിന് നൈപുണ്യവും അഭ്യാസവും അനുപേക്ഷണീയമാണെന്ന ആശയം കലാമീമാംസയുടെ ബാലപാഠങ്ങളിലൊന്നാണ്. ശക്തിനിപുണതാഭ്യാസങ്ങൾ എന്ന ശൈലി കലാവിദ്യാർഥികൾക്ക് പരിചിതമാണ്. ശക്തിയെന്നത് ജന്മവാസനയാണ്. അത് പരിപോഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിജ്ഞാന സമ്പാദനമാണ് നൈപുണ്യം അഥവാ നിപുണത. നിരന്തരമായ പരിശീലനത്തിലൂടെ വാസനയെ തികവുറ്റതാക്കിത്തീർക്കാൻ അഭ്യാസമില്ലാതെ (നിരന്തര പരിശീലനമില്ലാതെ) പറ്റുകയില്ല.
മമ്മൂട്ടി എന്ന അഭിനേതാവിനെക്കുറിച്ച് ആലോചിച്ചപ്പോൾ ഈ മൗലിക തത്വങ്ങളാണ് എന്റെ മനസ്സിൽ ആദ്യം ഉദിച്ചതും. അഭിനയ കലാവാസന അദ്ദേഹത്തിന്റെ സ്വഭാവ ഘടനയിലെപ്പോഴും സജീവമാണ്. അതു പ്രകാശിപ്പിക്കാനവസരം കിട്ടിയിരുന്നില്ലെങ്കിൽ വ്യർഥതാബോധം ആ ജീവിതത്തിൽ എന്നും വ്യസനമായി അവശേഷിക്കുമായിരുന്നു. ഭാഗ്യവശാൽ അദ്ദേഹത്തിന് അവസരം ലഭിക്കുകതന്നെ ചെയ്‌തു. ഭാഗ്യം എന്നത് യുക്ത്യതീതമായ ഒരു പദമാണെന്ന് എനിക്കറിയായ്കയല്ല. സുഹൃത്തുക്കൾ ഒത്താശ ചെയ്‌തുകൊടുക്കാൻ തുനിഞ്ഞതിനെക്കുറിച്ചുപോലും ആ പദമേ എനിക്ക് കുറിക്കാനുള്ളൂ.
(എസ് രമേശൻ എന്ന കവിയെക്കുറിച്ച് മമ്മൂട്ടി ഇപ്രകാരം സ്മരിക്കുന്നു: ‘‘പരേതനായ എസ് രമേശൻ എന്റെ സിനിമാ മോഹങ്ങളെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സഹായിച്ചിട്ടുമുണ്ട്.’’ മമ്മൂട്ടിയുടെ സ്വഭാവഗുണമാണ് ഈ വാക്കുകളിൽ കലർന്നിരിക്കുന്നത്).
സാനുമാഷും മമ്മൂട്ടിയും മഹാരാജാസ് കോളേജിൽ. സമീപം കെ ആർ വിശ്വംഭരൻ
ഫോട്ടോ: എം എ ശിവപ്രസാദ്
അവസരത്തിന്റെ ആനുകൂല്യം മമ്മൂട്ടിയിലെ അഭിനയ പ്രതിഭയ്‌ക്ക് അത്ഭുതകരമായ വികാസമാണുളവാക്കിയത്. ഒന്നിനൊന്ന് വ്യത്യസ്‌തവും മികച്ചതുമായ രീതിയിലാണ് ഓരോ ചിത്രത്തിലും അദ്ദേഹം അഭിനയപാടവം പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്.
‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമ നല്ലൊരുദാഹരണമായി ഞാൻ കാണും. നാടൻപാട്ടിലെ കഥയിൽ മാറ്റം വരുത്തിയാണ് എം ടി വാസുദേവൻ നായർ ആ ചിത്രത്തിന്റെ തിരക്കഥയ്‌ക്ക് രൂപം നൽകിയത്. ആ മാറ്റം എനിക്കിഷ്ടപ്പെട്ടില്ല. (ഇഷ്ടപ്പെടാത്തത് മനസ്സിൽ ഉറച്ചുപോയ ഇതിവൃത്തത്തിന്റെ പ്രേതം എന്നെ ബാധിച്ചിരുന്നതുകൊണ്ടാണെന്ന വാസ്‌തവം തുറന്നു പറഞ്ഞുകൊള്ളട്ടെ.) എന്നാൽ, ചിത്രം കണ്ടുകഴിഞ്ഞപ്പോൾ ആ മാറ്റം തികച്ചും ശ്ലാഘനീയമാണെന്ന ബോധമാണ് എന്നിലവശേഷിച്ചത്. ആ ബോധം അത്രമേൽ ദൃഢമായിരുന്നു. കാരണം മമ്മൂട്ടിയുടെ അഭിനയ നൈപുണ്യമല്ലാതെ മറ്റൊന്നല്ല. പ്രണയാർദ്രനായ കാമുകനായും സ്ഥിരസ്‌നേഹമുള്ള സുഹൃത്തായും ചതിക്കപ്പെട്ട ചേകവനായും മമ്മൂട്ടിയുടെ അഭിനയവൈഭവം അതിന്റെ വൈചിത്ര്യങ്ങളോടുകൂടി പ്രേക്ഷകർ കളരിപ്പയറ്റിലും സൗഹൃദത്തിലും പ്രണയത്തിലും ആസ്വദിക്കുകയും വിസ്മയാധീനരാവുകയും ചെയ്യുന്നു. അതിൽ പ്രണയഭംഗത്തിലും പുത്തൻതലമുറയോടു കാട്ടുന്ന കാരുണ്യത്തിലും മറ്റും വീരകരുണശൃംഗാരാദികളായ വിഭിന്നരസങ്ങൾ അദ്ദേഹം കാഴ്‌ചവയ്‌ക്കുന്നു. ആ പ്രതിഭാ വിശേഷത്തിന്റെ മുമ്പാകെ ഏതൊരാളും നമോവാകമർപ്പിച്ചുപോകും.
മറ്റൊരു ചിത്രത്തിലേക്ക് ഞാൻ തിരിയുന്നു, ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്.’ തികച്ചും വ്യത്യസ്‌തമായ ഒരു കഥയാണ് അതിൽ ചുരുളഴിയുന്നത്. പ്രേക്ഷകലോകം എന്നേക്കാൾ ഭംഗിയായി അക്കാര്യം തിരിച്ചറിയുന്നു. അരിപ്രാഞ്ചിയാണ് അതിലെ നായകപാത്രം. പിതാവ് അരിക്കച്ചവടക്കാരനായതുകൊണ്ടുമാത്രമാണ് ആളുകൾ അയാളെ അങ്ങനെ വിളിക്കുന്നത്. കളിയാക്കുന്നതിന് ആസ്‌പദമായ സ്വഭാവ വിശേഷതകൾ അയാളുടെ വ്യക്തിത്വത്തിൽ തെളിഞ്ഞു നിൽക്കുന്നു. പരിഹാസപ്പേര് മാറ്റിയെടുക്കാൻ പത്മ പുരസ്‌കാരം സഹായിക്കുമെന്ന് ആശ്രിതരായ രസികന്മാർ അയാളെ വിശ്വസിപ്പിക്കുന്നു. സമൂഹത്തിൽ തനിക്കുള്ള സ്വാധീനമുപയോഗിച്ചും പണം നിർലോഭമായി വാരിയെറിഞ്ഞും പത്മശ്രീ നേടിയെടുക്കാൻ അയാൾ നടത്തുന്ന പരിശ്രമം പ്രത്യക്ഷത്തിൽ തന്നെ പരിഹാസ്യമാണ്. ഇളിഭ്യനായി മാറുന്ന പ്രാഞ്ചിയെ ആ സ്ഥിതിയിൽനിന്നും രക്ഷിക്കുന്നത് ഒരു വെളിപാടാണ്. സെന്റ് ഫ്രാൻസിസിന്റെ വെളിപാട്.
ആ വെളിപാട് മൂപ്പരെ പരോപകാര തൽപ്പരനാക്കി മാറ്റുന്നു. അതോടെ സേവനവീഥിയിൽ സഞ്ചാരം തുടരുകയും ചെയ്യുന്നു (ഒരു വൃദ്ധമനസ്സിന്റെ പരിമിതികൾ ഈ കഥാസംക്ഷേപത്തിൽ കലർന്നിരിക്കാം). തൃശൂർ പ്രദേശക്കാരുടെ സംഭാഷണത്തിലെ പ്രത്യേക തരത്തിലുള്ള ഉച്ചാരണം ഇത്രയേറെ ഹൃദ്യമായി മമ്മൂട്ടിക്കു മാത്രമേ അവതരിപ്പിക്കാൻ കഴിയുകയുള്ളൂ. സന്ദർഭോചിതമായ ഭാവഹാവങ്ങളുടെ കാര്യം പറയുകയേ വേണ്ട. ആ കഥാപാത്രത്തിന്റെ അന്തരംഗ ചലനങ്ങളിലെ സൂക്ഷ്മത, അനുപമമായ തന്മയത്വത്തോടുകൂടി മമ്മൂട്ടി ചിത്രത്തിൽ കാഴ്‌ചവയ്‌ക്കുന്നു. പൗരുഷത്തിന്റെ സമാർജകഭാവത്തിൽനിന്ന് വ്യത്യസ്‌തമായി ഹാസ്യത്തിന്റെ രസികൻ ശൈലികളും ഒരേ പാടവത്തോടെ ആവിഷ്‌കരിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ സർഗാത്മകതയ്‌ക്ക് സീമകളില്ലെന്നതിന് ഉത്തമോദാഹരണമാണ്.
എന്നാൽ, ആ സർഗാത്മകത അതിന്റെ ഉത്തുംഗതയെ പ്രാപിക്കുന്നതറിയണമെങ്കിൽ പഴശ്ശിരാജ, അംബേദ്കർ എന്നീ സ്വാതന്ത്ര്യസമരയോദ്ധാക്കളെ അദ്ദേഹം അവതരിപ്പിക്കുന്നത് ആവർത്തിച്ചുകണ്ടേ തീരൂ. സ്വാതന്ത്ര്യ സമരത്തിന്റെ രണ്ടു മുഖങ്ങൾ അവരിലൂടെ പ്രത്യക്ഷമാകുന്നു. അംബേദ്കറുടെ വീര്യത്തിൽ കാൽച്ചങ്ങലകളും കൈവിലങ്ങുകളും പൊട്ടിച്ചെറിഞ്ഞ് ഞങ്ങളും മനുഷ്യരാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് അടിമകളുടെ ആദർശബോധം പരിവേഷമായി പരിലസിക്കുന്നു.
സാനുമാഷ്, മമ്മൂട്ടി, കെ ആർ വിശ്വംഭരൻ തുടങ്ങിയവർ
മഹാരാജാസ് കോളേജിൽ
‘യുഗപുരുഷൻ’ എന്ന ചിത്രത്തിൽ ഒരു പ്രത്യേക കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നതു കണ്ടപ്പോൾ ഞാൻ അദ്ദേഹത്തെ മനസ്സാ അഭിനന്ദിക്കുക തന്നെ ചെയ്‌തു. അത്രയേറെ ഔന്നത്യമുള്ളപ്പോഴും ആദർശവീര്യത്തിന്റെ വിശാലവീക്ഷണം ആ അഭിനയത്തിൽ ജ്വലിച്ചു നിൽക്കുന്നതിന് ഉദാഹരണമാണത്.
അഖിലലോക പ്രശസ്‌തനായ പോൾമുനി ഒരു സ്വാതന്ത്ര്യസമരയോദ്ധാവിന്റെ ആദർശഭരിതമായ വ്യക്തിപ്രഭാവം അവതരിപ്പിക്കുന്ന ചിത്രം ഞാൻ കണ്ടത് വിദ്യാർഥി ജീവിതകാലത്താണ്. ആ അഭിനയ മഹിമ ഇപ്പോഴും ഓർമയിൽ അവശേഷിക്കുന്നു. (ചിത്രത്തിന്റെ പേരെന്തെന്ന് ഓർമിക്കാൻ സാധിക്കുന്നില്ല) അതിനോട് കിടപിടിക്കുന്നതാണ് മമ്മൂട്ടിയുടെ അഭിനയ പാടവമെന്ന് പറയാൻ എനിക്ക് മടിയില്ല.
ബഷീറിന്റെ ‘മതിലുകൾ’ ചലച്ചിത്രമായി പ്രദർശിപ്പിച്ചപ്പോൾ സാഹിത്യാസ്വാദകരായ ഞങ്ങൾ മൂന്നുപേർ ഒരുമിച്ചാണ് അതു കാണാൻ പോയത്. അയ്യപ്പപ്പണിക്കരും പി കെ ബാലകൃഷ്‌ണനും ഞാനും ഒരേ സംതൃപ്തിയോടെയാണ് ചിത്രം കണ്ടശേഷം പുറത്തേക്കിറങ്ങിയത്. ഒരു ഭാവഗീതത്തിന്റെ ഹൃദയസ്‌പർശിയായ ആസ്വാദനാനുഭൂതിയാണ് ആ ചിത്രം ഞങ്ങളിൽ അവശേഷിപ്പിച്ചത്. അതിന് കാരണങ്ങൾ പലതാണ്. നേരേ നോക്കുമ്പോൾ അതൊരു പ്രണയകഥയായി നിങ്ങൾ കാണുന്നു. ഒരു തടവുകാരനും തടവുകാരിയും തമ്മിലുള്ള പ്രണയം ആഖ്യാനം ചെയ്യുന്ന കഥ. കാമുകൻ പുരുഷന്മാരുടെ ജയിലിലും കാമുകി സ്‌ത്രീകളുടെ ജയിലിലും കഴിയുന്നു. രണ്ടുപേർക്കും ജയിൽ മതിലുകൾക്കുള്ളിൽ ജീവിതം ഒതുങ്ങുന്നു. എങ്കിലും, അവരുടെ ഹൃദയങ്ങളിലെ സ്വരം മതിലുകളെ അതിലംഘിക്കുന്നു. പുരുഷന്റെ ഘനസാന്ദ്രമായ സ്വരവും സ്‌ത്രീയുടെ സമാകർഷകമായ മധുരസ്വരവും പരസ്‌പരം പരിചയപ്പെടുന്നു. പരിചയം രോമാഞ്ചജനകമായ രാഗമായി വളരാൻ താമസമുണ്ടാകുന്നില്ല. നേരിട്ടു കാണാനുള്ള വെമ്പൽ അവരുടെ അനുരാഗത്തിൽ മുളച്ചുപൊന്തുക സ്വാഭാവികം. അതേക്കുറിച്ച് സ്വരങ്ങൾ അന്യോന്യം, നർമസല്ലാപങ്ങൾക്കിടയിൽ, ആലോചിക്കുന്നു. ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന് പറയുന്നതുപോലെ അവരുടെ തീവ്രാഭിലാഷം ഒരു സമാഗമസന്ദർഭവും അതു പ്രായോഗികമാക്കാനുള്ള അവസരവും സൃഷ്ടിക്കുന്നു. അപ്പോഴാണ് അധരപുടങ്ങളോടടുത്ത പാനഭാജനം വഴുതി വീണുടയുന്നതുപോലെ കാമുകനെ ജയിലധികാരികൾ സ്വതന്ത്രനാക്കി മതിലുകൾക്കുള്ളിൽനിന്ന് വിശാലലോകത്തിലേക്ക് വിട്ടയക്കുന്നത്!
എം ടി, സാനുമാഷ്, മമ്മൂട്ടി
വിശാലലോകം! അത് വീർപ്പുമുട്ടിക്കുന്നതായി മാറുന്നു. വിശാലലോകവും ഇടുങ്ങിയ ലോകവും തമ്മിൽ വ്യത്യാസമില്ലാതാകുന്നു. കാലദേശങ്ങളുടെ മതിലുകൾക്കുള്ളിൽ പഞ്ചേന്ദ്രിയങ്ങളുടെ പഞ്ജരത്തിലമർന്ന് പിടയ്‌ക്കുന്ന മനുഷ്യാത്മാവ് കഥയ്‌ക്കുള്ളിൽ സ്‌പന്ദിക്കുന്നു.
അനേകമാനങ്ങളുള്ള ഈ കഥ അഭ്രപാളിയിൽ തെളിയുമ്പോൾ നായകനായി പ്രത്യക്ഷപ്പെടുന്നത് മമ്മൂട്ടിയാണ്. നായികാഹൃദയത്തിന്റെ അനുരാഗതീവ്രത കെപിഎസി ലളിതയുടെ ഇന്ദ്രജാല മധുരമാർന്ന നാദവിശേഷത്തിലൂടെ അനുവാചക ശ്രോത്രങ്ങൾക്ക് അനുഭവവേദ്യമാക്കുന്നു. കഥയുടെ കാതലിലെ സങ്കീർണഭാവങ്ങളൊക്കെയും മമ്മൂട്ടിയുടെ അതുല്യമായ അഭിനയപാടവം അനുവാചകലോകത്തിന്റെ അന്തരംഗങ്ങളിൽ സംക്രമിപ്പിക്കുന്നു. കലയുടെ മൗലികവും ശ്രേഷ്ഠവുമായ ധർമം ഭാവസംക്രമമാണെന്ന തത്വം ഇവിടെ സ്മരണീയമാണ്.
ആകാരസൗഭഗത്താലും അഭിനയ സിദ്ധിയാലും അനുഗൃഹീതനായ മമ്മൂട്ടി നാനൂറോളം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ടെന്നാണ് എന്റെ അറിവ്. ദൈവദത്തമായ തന്റെ സിദ്ധിവിശേഷം നിസ്തന്ദ്രമായ പരിശീലനത്തിലും പഠനത്തിലും കൂടി പരിപോഷിപ്പിക്കുന്നതിനുള്ള ക്ലേശം അദ്ദേഹം ഏറ്റെടുത്തത് ആത്മാർപ്പണ ബുദ്ധിയോടുകൂടിയാണ്. അതുകൊണ്ട് ഏകമേവാദ്വിതീയം എന്ന ചൊല്ല് അദ്ദേഹത്തിന്റെ ഓരോ അഭിനയത്തിലും സാർഥകമായിത്തീരുന്നു.
മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിട്ടാണ് മമ്മൂട്ടിയെ ഞാൻ ആദ്യം കാണുന്നത്. പ്രസരിപ്പുള്ള മുഖവും വിനയം നിറഞ്ഞ പെരുമാറ്റവും ആദ്യംതന്നെ എന്റെ ശ്രദ്ധയിൽപ്പെട്ടു. സഹപാഠികളുമായി സൗഹൃദത്തിൽ കഴിയുന്ന ആ വിദ്യാർഥി കോളേജിലെ പൊതുപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ എപ്പോഴും ഉത്സാഹം കാണിച്ചിരുന്നു. നാടകാവതരണവും പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. അതിനപ്പുറവും കടന്ന് ഒരു മാസികയുടെ പ്രവർത്തനത്തിലും അദ്ദേഹം പങ്കുകൊണ്ടിരുന്നു. സഹപാഠികളിലൊരാളായ കെ ആർ വിശ്വംഭരനാണ് അദ്ദേഹത്തെ അതിൽ പങ്കെടുപ്പിച്ചത്. വിശ്വംഭരൻ പിന്നീട് സർക്കാർ ജോലിയിൽ പ്രവേശിച്ചു. ഐഎഎസ് ലഭിച്ചതിനെ തുടർന്ന് അദ്ദേഹം കലക്ടറായി (എറണാകുളത്തും ആലപ്പുഴയിലും). ഏറ്റവും ജനകീയനായ കലക്ടറെന്ന നിലയിൽ നാട്ടുകാരുടെ പ്രതിഭാജനമാവുകയും ചെയ്‌തു അദ്ദേഹം. ഡോക്ടർ വിശ്വംഭരനായി, അഗ്രികൾച്ചറൽ സർവകലാശാലയുടെ വൈസ് ചാൻസലറുമായി. മമ്മൂട്ടിയും അദ്ദേഹവും സഹോദരതുല്യമായ സ്‌നേഹം എക്കാലത്തും പുലർത്തിയിരുന്നു. സ്ഥിരസ്‌നേഹം, ആത്മാർഥത മുതലായ ഗുണങ്ങൾ മമ്മൂട്ടിയുടെ സ്വഭാവഘടനയിലെ സ്‌തുത്യർഹമായ ഗുണങ്ങളാണെന്ന് വിളംബരം ചെയ്യുന്ന സന്ദർഭങ്ങൾക്ക് ഞാൻ സാക്ഷിയാണ്.
‘ഒരു വടക്കൻ വീരഗാഥ’യിൽ മമ്മൂട്ടി
രാഷ്‌ട്രീയ വീക്ഷണത്തിൽ മമ്മൂട്ടി എപ്പോഴും നിലകൊണ്ടത് ഇടതുപക്ഷത്തോടൊപ്പമാണ്. വിദ്യാർഥിയായിരുന്ന കാലത്ത് സ്വീകരിച്ച ആ നിലപാട് അദ്ദേഹം തുടർന്നുകൊണ്ടിരുന്നു എന്നർഥം. ആലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡോ. തോമസ് ഐസക് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ മണ്ണഞ്ചേരിയിൽ നടന്ന പ്രചാരണോദ്ഘാടനം നിർവഹിച്ചത് മമ്മൂട്ടിയാണ്. തന്റെ പ്രശസ്‌തിയുടെ ബലത്തിൽ അദ്ദേഹം സ്ഥിതി സമത്വാദർശത്തിന്റെ മഹനീയതയെന്തെന്ന് വിശദീകരിക്കുകയും ആ ആദർശം പ്രതിനിധാനം ചെയ്യുന്ന തോമസ് ഐസക്കിന് വോട്ട് ചെയ്യണമെന്ന് തടിച്ചുകൂടിയിരുന്ന സദസ്സിനോട് അഭ്യർഥിക്കുകയും ചെയ്‌തു. അതിനും ഞാൻ സാക്ഷിയാണ്.
കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർടിയുടെ ആതുരസേവന കർമ പരിപാടികളിൽ മമ്മൂട്ടി എപ്പോഴും പങ്കെടുക്കുന്നു. രോഗം, വാർധക്യം മുതലായവമൂലം കിടക്കകളിൽ ഒതുങ്ങിക്കഴിയേണ്ടിവരുന്ന നിസ്സഹായർക്ക് യുക്തമായ സഹായങ്ങളെത്തിക്കുന്ന പ്രവർത്തനം കനിവ് എന്ന പ്രസ്ഥാനത്തിന്റെ കീഴിലാണ് പാർടി നടത്തുന്നത്. ആ സേവന കർമങ്ങൾക്ക് സ്വന്തം ജീവശ്വാസത്തിന്റെ പ്രാധാന്യം കൽപ്പിച്ചുകൊണ്ട് മമ്മൂട്ടി നൽകുന്ന സഹകരണം സ്‌തുത്യർഹവും പ്രചോദകവുമാണ്.
സ്വന്തം നിലയിൽ താൻ നടത്തിക്കൊണ്ടിരിക്കുന്ന സേവന പദ്ധതികൾ മമ്മൂട്ടി പരസ്യപ്പെടുത്തുന്നില്ല. വലതുകൈ നൽകുന്നത് ഇടതുകൈ അറിയരുതെന്ന വാക്യത്തിന്റെ പരിശുദ്ധി ആ പ്രവർത്തനങ്ങളിൽ അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. എങ്കിലും എന്റെ അറിവിൽപ്പെട്ടിടത്തോളം ആ പദ്ധതികളെന്തൊക്കെയാണെന്ന് ജനങ്ങളെ അറിയിക്കേണ്ടതാണെന്ന ചുമതലാബോധത്താൽ പ്രേരിതനായി അവയെന്തെന്ന് ക്രമീകരിച്ച് ചുവടെ കുറിച്ചുകൊള്ളുന്നു.
‘അംബേദ്‌കറി’ൽ മമ്മൂട്ടി
പദ്ധതിക്ക് പൊതുവായി നൽകിയിരിക്കുന്നത് Care and Share Project എന്ന ശീർഷകമാണ്.
ഒന്ന്: കുട്ടികളുടെ ഹൃദയശസ്‌ത്രക്രിയ (പാവപ്പെട്ട 600 കുട്ടികളുടെ ഓപറേഷൻ നടത്തിക്കഴിഞ്ഞു). രണ്ട്: കാഴ്‌ചയ്‌ക്ക് വൈകല്യം ബാധിച്ചവർക്ക് നേത്രചികിത്സ നൽകുന്ന പദ്ധതി (ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെയാണ് ഇത് നടത്തുന്നത്). മൂന്ന്: രാജഗിരി ആശുപത്രിയുമായി ചേർന്ന് ഹൃദയവാൽവ് മാറ്റിവയ്‌ക്കുന്ന പദ്ധതി. നാല്: ക്യാൻസർ കെയർ പ്രോജക്ട്. അഞ്ച്: നിംസ് ഹോസ്‌പിറ്റലുമായി ചേർന്ന് ബൈപാസ് സർജറിക്ക് സഹായം നൽകുന്ന പദ്ധതി. ആറ്: വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ട് ഹെൽത്ത് പ്രോജക്ടുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഏഴ്: വിദ്യാമൃതം പദ്ധതി (തിരുവനന്തപുരം എംജിഎം ഗ്രൂപ്പുമായി ചേർന്ന് നിവൃത്തിയില്ലാത്ത കുട്ടികൾക്ക് വിദ്യാഭ്യാസം തുടരുന്നതിനുള്ള സഹായം നിരന്തരം നൽകിക്കൊണ്ടിരിക്കുന്നു). നടപ്പുവർഷത്തിൽ 250 നിർധന വിദ്യാർഥികൾക്ക് നൂറ് ശതമാനം സ്‌കോളർഷിപ്പ് നടപ്പാക്കിക്കഴിഞ്ഞു (എൻജിനിയറിങ്, ഫാർമസി, കൊമേഴ്‌സ് തുടങ്ങിയവയ്‌ക്ക് മാത്രമല്ല, ബിരുദ കോഴ്‌സുകൾക്കും സഹായം നൽകിക്കൊണ്ടിരിക്കുന്നു). അനാഥാലയങ്ങളിലെ കുട്ടികൾക്കും ഈ സഹായം ലഭിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.
അധികം ലഭിച്ചവരിൽനിന്ന് അധികം പ്രതീക്ഷിക്കപ്പെടുന്നു എന്ന ബൈബിൾ വാക്യം എന്റെ മനസ്സിൽ മുദ്രിതമാണ്. പൊതുരംഗത്തുള്ളവരെ വിലയിരുത്താനുള്ള മാനദണ്ഡം അതിലടങ്ങുന്നു. മമ്മൂട്ടിയുടെ ജീവിതത്തിൽ ആ വിശുദ്ധ വാക്യത്തിന്റെ സൗരഭ്യമാണ്, എല്ലാറ്റിലുമുപരിയായി ഞാനാസ്വദിക്കുന്നത് .
(ദേശാഭിമാനി വാരിക ലക്കം 15ൽ പ്രസിദ്ധീകരിച്ച ലേഖനം)









0 comments