കവർസ്റ്റോറി
അപ്പോക്കലിപ്റ്റിക് ഭീകരതയുടെ ഒത്തനടുവിൽ

ബൈജു ലൈലാ രാജ്
Published on Oct 27, 2025, 11:30 AM | 7 min read
2025‐ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രാസ്‌നഹോർകൈയ്‌ക്ക് നൽകുന്നു എന്ന പ്രഖ്യാപനം റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് നടത്തിയപ്പോൾ ആശ്വാസ നിശ്വാസങ്ങൾ ലോകത്തിന്റെ മിക്ക ദിക്കുകളിൽനിന്നും ഉയർന്നിരിക്കണം.
അർഹതയുള്ളവരുടെ കൈകളിലേക്ക് അവാർഡുകൾ എത്തുന്നില്ല എന്ന ആരോപണം സർവസാധാരണമായ കാലത്ത് അസ്വാസ്ഥ്യങ്ങൾക്ക് അവധി നൽകിയ പ്രഖ്യാപനം.
‘അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദർശനാത്മകവുമായ കൃതികൾക്ക്’ എന്ന ഒറ്റവാക്യം ഉപയോഗിച്ചാണ് സ്വീഡിഷ് അക്കാദമി അവരുടെ തെരഞ്ഞെടുപ്പിന്റെ കാര്യകാരണം വിശദീകരിച്ചത്. വിമർശനമുക്തമാണ് തങ്ങളുടെ തീരുമാനം എന്ന് തികഞ്ഞ ബോധ്യമുള്ളവരുടെ തീർച്ചവാചകം.
ലാസ്ലോ ക്രാസ്നഹോർകൈ
ഇതിനോടകം തന്നെ ഹംഗേറിയൻ സാഹിത്യ മെയ്സ്ട്രോ എന്ന പദവിയിലെത്തിയിട്ടുള്ള ലാസ്ലോ ക്രാസ്‌നഹോർകൈ, അതിവിപുലമൊന്നുമല്ലെങ്കിലും തന്റെ എഴുത്തിനോട് അതീവമായ കൂറുപുലർത്തുന്ന ഒരു വായനാസമൂഹത്തെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവർ ലോകത്തെമ്പാടും പരന്നുകിടക്കുന്നുണ്ട്. വായനക്കാരെ വളരെ പെട്ടെന്ന് ആരാധകരാക്കുന്ന മാന്ത്രികച്ചെപ്പുകളാണ് അദ്ദേഹത്തിന്റെ ഓരോ കൃതിയും.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി ഹംഗറിയിലേക്ക് എത്തിച്ച എഴുത്തുകാരനായിരുന്നു ഇമ്രെ കെർട്ടെസ്. ജർമൻ തടങ്കൽപ്പാളയങ്ങളിൽ നിന്നും മരണ ക്യാമ്പുകളിൽ നിന്നും രക്ഷപ്രാപിച്ച വ്യക്തിയാണ് ഇമ്രെ. അദ്ദേഹത്തിന്റെ കൃതികൾ ഹോളോകോസ്റ്റ്, സ്വേച്ഛാധിപത്യം, വ്യക്തിസ്വാതന്ത്ര്യം എന്നീവക വിഷയങ്ങളാണ് കൈകാര്യം ചെയ്‌തുപോന്നത്. 2002‐ൽ ഇമ്രെ കെർട്ടെസിന് സമ്മാനം നൽകുമ്പോൾ സ്വീഡിഷ് അക്കാദമി പറഞ്ഞത്, “ചരിത്രത്തിന്റെ ക്രൂരമായ ഏകപക്ഷീയതക്കെതിരെ വ്യക്തിയുടെ ദുർബലമായ അനുഭവത്തെ ഉയർത്തിപ്പിടിക്കുന്ന എഴുത്തിന്”എന്നായിരുന്നു.
എന്നാൽ ഇതേ പുരസ്‌കാരം ഇതേ രാജ്യത്തേക്ക് രണ്ടാം തവണ പ്രവേശിക്കുമ്പോൾ ശരീര രാഷ്‌ട്രീയവും വ്യക്തിദുരിതവും അരികുകളിൽ മാത്രം അഭിരമിക്കുന്നതായി കാണാം. അരങ്ങിനുനടുവിൽ ധൈഷണികമായ ഒരു പ്രതലം സ്ഥലം കയ്യടക്കുന്നു. അതിഭാവുകത്വം കലർന്ന നാടകീയത വഴിമാറിക്കൊടുത്തത് ദാർശനികതയുടെ പ്രസരണങ്ങൾക്കാണ്. പുത്തൻ ഭാവുകത്വം ഇങ്ങെത്തിക്കഴിഞ്ഞു എന്ന പ്രഖ്യാപനങ്ങളാണ് ലാസ്ലോ ക്രാസ്‌നഹോർകൈയുടെ കൃതികൾ.
“നിങ്ങൾ ഉത്ക്കണ്‌ഠാകുലരാകാനുള്ള എല്ലാ കാരണങ്ങളും ഞാൻ കാണുന്നുണ്ട്… കൂടുതൽ അന്വേഷണാത്മകവും സത്യസന്ധവും തുറന്നതുമായ ഒരു സമൂഹത്തിന്റെ പടിവാതിൽക്കലാണ് നമ്മൾ” എന്ന് ‘ചെറുത്തുനിൽപ്പിന്റെ വിഷണ്ണത’ (The Melancholy of Resistance) എന്ന നോവലിൽ അദ്ദേഹം പറയുമ്പോൾ ഈ ഭാവുകത്വ വ്യതിയാനം വ്യക്തമാകുന്നുണ്ട്.
ലാസ്ലോ ക്രാസ്‌നഹോർകൈ എന്ന പ്രതിഭയെ, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സമകാലിക സാഹിത്യത്തിലെ ഏറ്റവും സവിശേഷവും തീവ്രവും തത്വചിന്താപരമായ കാഴ്‌ചപ്പാടുകളുമുള്ള എഴുത്തുകാരിൽ ഒരാളായി വേണം അടയാളപ്പെടുത്താൻ. അദ്ദേഹത്തിന്റെ കൃതികൾ അനായാസ പാരായണത്തിന് ഒട്ടും അനുയോജ്യമല്ല. അതീവമായ ഏകാഗ്രത ആവശ്യപ്പെടുന്നതും എന്നാൽ ആഴത്തിൽ പ്രതിഫലദായകവുമാണ് ഓരോ സൃഷ്ടിയും. കേവലം ഒരു കഥ പറയാൻ മാത്രമല്ല, മറിച്ച്, അസ്‌തിത്വത്തിന്റെ ഏറ്റവും ആഴമേറിയ വിള്ളലുകൾ അന്വേഷിക്കാനും, കണ്ടെത്തിയശേഷം അതിലൂടെ അരിച്ചിറങ്ങാനുമാണ് അദ്ദേഹം എഴുതുന്നത്. മനുഷ്യാസ്‌തിത്വത്തിന്റെ അധോമേഖലകളിൽ ക്രമവും കുഴപ്പവും, പ്രതീക്ഷയും നിരാശയും, വിനാശവും അനിശ്ചിതത്വങ്ങളും തീരാദുരിതങ്ങളും കൂടിക്കുഴഞ്ഞുകിടക്കുന്ന ചതുപ്പുനിലങ്ങളിലൂടെ അവസാനമില്ലാത്ത പ്രയാണങ്ങളാണ് ഓരോ കൃതിയും.
ക്രാസ്‌നഹോർകൈയുടെ രചനയിൽ കണ്ടുവരുന്ന അനൗപചാരികമായ പരീക്ഷണങ്ങൾ, ഉള്ളടക്കം ആവശ്യപ്പെടുന്ന രൂപപരമായ നിർബന്ധങ്ങളായിട്ട് വേണം കരുതാൻ. നിരന്തരമായ ദാർശനിക അടിയന്തരതയിൽനിന്നും ഉടലെടുക്കുന്ന ഘടനാപരമായ വ്യത്യസ്‌തതകൾ ഒരുതരത്തിലും ആഖ്യാനത്തിന്റെ അനുസ്യൂതമായ ഒഴുക്കിനെ ബാധിക്കുന്നില്ല. അർഥത്തിന്റെ ഉത്ഭവവും സൗന്ദര്യത്തിന്റെ സാധ്യതയും നിരന്തരം ഇടപഴകൽ നടത്തുന്ന സ്ഥലികളായി മാറുകയാണ് ഓരോ പുസ്‌തകത്താളും. സർഗാത്മകതയുടെ ആവാസവ്യവസ്ഥകളായി രൂപാന്തരം പ്രാപിക്കുകയാണ് ഓരോ അധ്യായവും. വായിച്ച് തീർത്ത നോവലിൽനിന്നും ദാർശനികതയുടെ ധൂളികൾ പറന്നുപൊങ്ങുന്നതായി തോന്നിയേക്കാം. ഇതാണ് ലാസ്ലോ ക്രാസ്‌നഹോർകൈ എന്ന ചിന്തിക്കുന്ന എഴുത്തുകാരന്റെ അനന്യമായ കയ്യൊപ്പ്.

ക്രാസ്‌നഹോർകൈയുടെ ശൈലി ഒരുപക്ഷേ അദ്ദേഹത്തിന്റെ പ്രതിപാദ്യ വിഷയങ്ങൾ പോലെ തന്നെ പ്രശസ്‌തമാണ് (അല്ലെങ്കിൽ കുപ്രസിദ്ധമാണ്). ഒരുപക്ഷേ ഏറ്റവും പെട്ടെന്ന് ശ്രദ്ധിക്കാവുന്ന സവിശേഷത അദ്ദേഹത്തിന്റെ വാക്യങ്ങളുടെ അസാധാരണമായ ദൈർഘ്യമാണ്. അദ്ദേഹത്തിന്റെ മിക്ക നോവലുകളും അവയ്‌ക്കുള്ളിലെ പല ഭാഗങ്ങളും വളരെ നീളമുള്ളതും ധാരമുറിയാത്ത വാക്യങ്ങൾകൊണ്ട് നിർമിച്ചവയുമാണ്. വാക്യങ്ങൾ ചിലപ്പോൾ അനേകം പേജുകളിൽ വ്യാപിച്ചുകിടക്കുന്നതായി കാണാം. പലപ്പോഴും വായനക്കാർ പ്രതീക്ഷിക്കുന്ന ഔപചാരിക വിരാമങ്ങളില്ലാതെ അവ നീണ്ടുനിവർന്ന് കിടക്കും. അല്ലെങ്കിൽ വളഞ്ഞുപുളഞ്ഞ് നീളും. അനന്തമായ സമയത്തിലോ ഭ്രാന്തമായ ചിന്തയിലോ അജ്ഞാതമായ കാലത്തിലോ കുടുങ്ങിക്കിടക്കുന്നതിന്റെ ഒരു പ്രതീതി ഉളവാക്കാൻ അവ ഉതകുന്നുണ്ട് എന്നതാണ് പ്രസക്തമായ വസ്‌തുത.
സാന്ദ്രത കിനിയുന്ന ഭാഷാപ്രയോഗംവഴി സൂചനാത്മകമായ ഭാവനാഭൂമികകൾ സൃഷ്ടിക്കുന്നതിൽ ലാസ്ലോ ക്രാസ്‌നഹോർകൈ കാണിക്കുന്ന കയ്യൊതുക്കം ശ്രദ്ധേയമാണ്. കാവ്യാത്മകമായ ഗദ്യം ഉപയോഗിക്കുമ്പോൾ കാണിക്കുന്ന കൈത്തഴക്കം അതിലും വിശിഷ്‌ടമാണ്.
പ്രയോഗത്തിന്റെ കാര്യത്തിൽ സങ്കീർണതകൾ ഉണ്ടായിരുന്നിട്ടു പോലും, ക്രാസ്‌നഹോർകൈയുടെ ഗദ്യം അതിസമ്പന്നമാണ്. അദ്ദേഹം വരച്ചിടുന്ന ഉജ്വലമായ ഇമേജറി, ദാർശനിക സൂചനകൾ, ഹംഗേറിയൻ ദൃശ്യവിസ്മയങ്ങൾ, കഥാപാത്രങ്ങളുടെ വിശദാംശങ്ങൾ, ഇടയ്‌ക്കിടെയുള്ള പുരാണ പരാമർശങ്ങൾ അല്ലെങ്കിൽ മെറ്റാഫിസിക്കൽ ഘടകങ്ങൾ. ഇതിനെല്ലാം അനുയോജ്യമായ ഭാഷയുടെ വൈവിധ്യമാർന്ന പ്രയോഗ സാധ്യതകൾ അദ്ദേഹം കണ്ടെത്തുന്നുണ്ട്. വാക്കിന്റെ താപവും മർദവും തൊട്ടറിഞ്ഞ ഭാഷാ ഭിഷഗ്വരനാണ് ക്രാസ്‌നഹോർകൈ.
ഛിന്നഭിന്നവും രേഖീയമല്ലാത്തതുമായ ആഖ്യാന ഘടനയോട് ആഭിമുഖ്യം വച്ചുപുലർത്തുന്ന എഴുത്തുകാരനാണ് അദ്ദേഹം. പലപ്പോഴും ലളിതമായ ഇതിവൃത്തം ഉപേക്ഷിച്ച് സങ്കീർണതകൾ തേടിപ്പോകുന്ന പ്രവണത അദ്ദേഹത്തിന്റെ രചനയുടെ മുഖമുദ്രയായി കാണാവുന്നതാണ്. കൃത്യമായ കാലക്രമത്തെ പാടേ ഉപേക്ഷിച്ച് അവ്യക്തമായ സമയപഥങ്ങളിലൂടെ കഥയെ ആട്ടിത്തെളിച്ച് കൊണ്ടുപോകാനുള്ള അഭിനിവേശം പല കൃതികളിലും പ്രകടമാണ്. ശൈലീപരമായ ആസക്തിയായി ഇത് കാലക്രമേണ വളരുന്നുമുണ്ട്. എന്നാൽ സുഗമമായ വായനയെ ഈവക വ്യതിയാനങ്ങൾ യാതൊരുവിധത്തിലും ബാധിക്കുന്നില്ല എന്നതാണ് അതിശയിപ്പിക്കുന്ന വാസ്‌തവം. വായനക്കാരിൽ നിന്നും കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്ന എഴുത്തുകാരുടെ സംഘത്തിലാണ് ക്രാസ്‌നഹോർകൈ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. അലസവായനയുടെ എതിർപക്ഷത്ത് നിലയുറപ്പിച്ച ഗരിമയുള്ള എഴുത്തുകാരുടെ കുലം അടുത്തകാലത്തൊന്നും മുടിഞ്ഞുപോകില്ല എന്നതിന്റെ തെളിവുകളാണ് ക്രാസ്‌നഹോർകൈ കൃതികൾ.
കഥകൾ പല വീക്ഷണകോണുകളിലൂടെയും, കാലക്രമത്തിലെ പരിണാമങ്ങളിലൂടെയും, വ്യതിചലനങ്ങളിലൂടെയും, ചിലപ്പോൾ ആവർത്തനങ്ങളിലൂടെയും പറയാൻ സാധിക്കും എന്ന് സംശയാതീതമായി തെളിയിച്ച എഴുത്തുകാരനാണ് ക്രാസ്‌നഹോർകൈ. അദ്ദേഹത്തിന്റെ ചില കൃതികൾ എപ്പിസോഡിക് ആണ്. ഇതിവൃത്തത്തെക്കാൾ പ്രമേയപരമായി ബന്ധിപ്പിച്ചിരിക്കുന്ന തൂലികാചിത്രങ്ങളാണ് (vignettes) അവയിൽ അടങ്ങിയിരിക്കുന്നത്. എങ്ങനേയും കഥ പറയാം എന്ന് സ്ഥാപിക്കുമ്പോൾപോലും പറയുന്ന കഥയിൽനിന്നും സംവേദനക്ഷമത ചോർന്നുപോകാതെ സംരക്ഷിക്കുവാൻ അദ്ദേഹം കാണിക്കുന്ന നൈപുണ്യം പുതിയ എഴുത്തുകാർക്ക് ഒരു മാതൃകയാണ്.
ക്രാസ്‌നഹോർകൈ കൃതികളിലെ മൊത്തത്തിലുള്ള അന്തരീക്ഷം പരിശോധിച്ചാൽ അതിൽ അന്തർലീനമായി നിലകൊള്ളുന്നൊരു സിനിമാറ്റിക് സാധ്യത കണ്ണിലുടക്കും. ദൃശ്യങ്ങളുടെ വിശദാംശങ്ങൾ എഴുതിനിറയ്‌ക്കുമ്പോൾ എവിടെയോ ഒരു ക്യാമറക്കണ്ണ് തുറന്നിരിക്കുന്നതായിട്ട് തോന്നും. ഈയൊരു സാധ്യത വായനയിൽനിന്നും അനുഭവിച്ചറിഞ്ഞ വിഖ്യാത ഹംഗേറിയൻ ചലച്ചിത്രകാരനായ ബേല ടാർ, സ്വന്തം നാട്ടുകാരനായ ക്രാസ്‌നഹോർകൈ എഴുതിയ പല നോവലുകളും സിനിമയുടെ ഭാഷയിലേക്ക് തർജമ ചെയ്യുവാൻ തീരുമാനിക്കുന്നു. അതൊരു സർഗാത്മക ജുഗൽബന്ദിയുടെ തുടക്കമായിരുന്നു. ക്രാസ്‌നഹോർകൈ എഴുതിയ നെടുനീളൻ വാക്യങ്ങൾ നീണ്ട ഷോട്ടുകളായി ചിത്രീകരിക്കപ്പെട്ടു. പതിയെ പെയ്യുന്ന മഴയുടെ നാനാർഥം കറുപ്പിലും വെളുപ്പിലും വെളിപ്പെട്ടുവന്നു. മൗനം മൂടിയ ഗ്രാമങ്ങൾക്ക് വയലിനും പിയാനോയും ചേർന്ന് സംസാരഭാഷ തിരിച്ചുനൽകി. ഏഴ് മണിക്കൂറിലധികം ദൈർഘ്യമുള്ള ‘Satantango’ എന്ന ചലച്ചിത്രം ഇന്നൊരു കൾട്ട് ക്ലാസിക് പദവിയിൽ അഭിരമിക്കുന്നുണ്ട്.
ലാസ്ലോ ക്രാസ്നഹോർകൈ
അദ്ദേഹത്തിന്റെ വൈചിത്ര്യമാർന്ന രചനാശൈലിയെ കേവലമായ അലങ്കാരം എന്ന് മുദ്രചാർത്തി തള്ളിക്കളയാൻ സാധിക്കില്ല. അത് തത്വചിന്താപരമായ ആശങ്കകളാൽ നയിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാൻ ഏകാഗ്രതയോടെ വായിക്കുക തന്നെ വേണം. നീണ്ട വാക്യങ്ങൾ, വാക്കിന്റെ ആവർത്തനങ്ങൾ, ചിന്തയുടെ വ്യതിചലനങ്ങൾ, ദൃശ്യങ്ങളുടെ വിശദാംശങ്ങൾ എല്ലാം നയിക്കുന്നത് പുതിയ അർഥങ്ങളിലേക്കാണ്.
ദൈർഘ്യമേറിയ ജീവിതം നൽകുന്ന വ്യർഥതാബോധം, പുനരാവൃത്തി ഉൽപ്പാദിപ്പിക്കുന്ന കടുത്ത വിരസത, ധൈഷണികമായ അസ്ഥിരത, തിമിരക്കാഴ്‌ചയുടെ അവ്യക്തത. വരികൾക്കിടയിലും വാക്കുകൾക്കപ്പുറവും ഒളിഞ്ഞിരിക്കുന്ന അർഥങ്ങളെ തിരഞ്ഞുകണ്ടുപിടിക്കാൻ സൂക്ഷ്മ വായന അത്യാവശ്യമാകുന്നു. ഉത്തരവാദിത്വമുള്ള വായനക്കാരുടെ എഴുത്തുകാരനാണ് ലാസ്ലോ ക്രാസ്‌നഹോർകൈ.
വെളിപാട് പുസ്തകത്തിൽ പറയുന്ന മഹാദുരന്തം അഥവാ അപ്പോകലിപ്സ്, ഒരിക്കൽ മാത്രം സംഭവിക്കുന്ന ആപൽക്കരമായ പ്രതിഭാസമായിട്ടല്ല ലാസ്ലോ ക്രാസ്‌നഹോർകൈ നോക്കിക്കാണുന്നത്. അത് ലോകത്ത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന വിരാമമില്ലാത്ത നീളൻ വാക്യമാണെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നുണ്ട്. അന്ത്യമില്ലാത്ത ദുരന്തത്തിന് നടുവിലക്കപ്പെട്ട മനുഷ്യജന്മങ്ങളുടെ കഥകളാണ് ക്രാസ്‌നഹോർകൈ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടർന്നുകൊണ്ടിരിക്കുന്ന ദുരവസ്ഥകളെ വെള്ളപൂശാൻ ശ്രമിക്കുന്നവരെ അദ്ദേഹം ആട്ടിപ്പായിക്കുന്നുണ്ട്.
കലയുടെ ഉപാസകർ അവരുടെ നൈതികബോധം ആർക്കും പണയം വയ്‌ക്കരുത് എന്ന പക്ഷക്കാരനാണ് ലാസ്ലോ ക്രാസ്‌നഹോർകൈ. അതുകൊണ്ടായിരിക്കണം അദ്ദേഹം തന്റെ രാജ്യത്തിന്റെ സത്യാവസ്ഥ മടികൂടാതെ വിളിച്ചുപറയുന്നത്.
“ഹംഗേറിയൻ ആകുക എന്നാൽ ഒരു ജനതയുടെ ഭാഗമാകുക എന്നല്ല. മറിച്ച് അതൊരു രോഗമാണ്, ഭേദമാക്കാനാവാത്ത, ഭയപ്പെടുത്തുന്ന രോഗം. ഏതൊരു നിരീക്ഷകനും ഓക്കാനം പിടിപെടാൻ സാധ്യതയുള്ള പകർച്ചവ്യാധി.”
നൊബേൽ ജേതാവിന്റെ പ്രധാന കൃതികളിലൂടെ കടന്നുപോകുമ്പോൾ വിഷയങ്ങളിലെ വൈവിധ്യവും സമീപനങ്ങളുടെ ആവർത്തനവും അനുഭവപ്പെടും. കാഴ്‌ചയുടെ പരിണാമവും കാഴ്‌ചപ്പാടിന്റെ സ്ഥിരതയും കാണാൻ കഴിയും.
പ്രഥമ നോവലായ ‘Satantango’ (1985) സ്വദേശത്ത് വലിയതോതിൽ കോളിളക്കം സൃഷ്ടിക്കുവാൻ പര്യാപ്തമായിരുന്നു. വായിച്ചു ശീലമില്ലാത്ത ശൈലിയും കേട്ടുപഴക്കമില്ലാത്ത കഥയും വായനക്കാർക്ക് ഒരു നവ്യാനുഭൂതി സമ്മാനിച്ചു.
ഉത്തരാധുനികതയുടെ സ്വഭാവം പ്രതിഫലിക്കുന്ന ഈ നോവൽ ഹംഗേറിയൻ സാഹിത്യ സദസ്സ് സംശയത്തോടെയാണെങ്കിലും സ്വീകരിച്ചു. ഒന്നിലധികം വീക്ഷണകോണുകളിൽ നിന്നുകൊണ്ടാണ് ആഖ്യാനം നടപ്പിലാക്കിയിരിക്കുന്നത്. നോവലിലെ അധ്യായങ്ങളുടെ ഘടന ഒരു ടാംഗോ നൃത്തരൂപത്തോട് സാമ്യം വച്ചുപുലർത്തുന്നതായി തോന്നാം. ആറ് ചുവടുകൾ മുന്നോട്ട് നീങ്ങിയശേഷം ആറ് ചുവടുകൾ പിന്നോട്ടും നീങ്ങുന്ന രീതി. ഓരോ അധ്യായവും ഒരു നീണ്ട ഖണ്ഡികയാണ്, അതിൽ വിരാമമില്ലാത്ത ഒറ്റ നീളൻ വാക്യം മാത്രം.
മഴയിൽ നനഞ്ഞു കുതിർന്ന, ഏതാണ്ട് ശൂന്യമായ ഒരു ഹംഗേറിയൻ ഗ്രാമമാണ് പശ്ചാത്തലം. മരിച്ചെന്ന് കരുതപ്പെട്ട ഇരിമിയാസ് പെട്ടെന്നൊരു ദിവസം ഗ്രാമത്തിൽ തിരിച്ചെത്തി നിഷ്‌ക്കളങ്കരായ ഗ്രാമീണരെ കബളിപ്പിക്കുന്നതാണ് ഇതിവൃത്തം. രക്ഷകനായി വേഷംകെട്ടിയ തട്ടിപ്പുകാരനായ ഇരിമിയാസ്, ഗ്രാമവാസികളുടെമേൽ ഏതാണ്ട് പരിധിയില്ലാത്ത അധികാരം നേടിയെടുക്കുന്നു. അവർ കഠിനാധ്വാനം ചെയ്‌ത പണം മുഴുവൻ തനിക്ക് നൽകാൻ അവരെ പ്രലോഭിപ്പിക്കുന്നു. കഥയങ്ങനെ വാക്യങ്ങളോടൊപ്പം നീളുന്നു.

ജീർണത, കൃത്രിമത്വം, നുണകൾ, കിംവദന്തികൾ, സമൂഹത്തിന്റെ ദുർബലത എന്നിങ്ങനെയുള്ള പലവിധ പ്രശ്നങ്ങൾ കഥയിലൂടെ കയറിയിറങ്ങുന്നു. ഒട്ടും വിരസമാകാത്ത മട്ടിലാണ് ക്രാസ്‌നഹോർകൈ കഥ പറയുന്നത്. പിടിച്ചിരുത്താനല്ല രചയിതാവ് ശ്രമിക്കുന്നത്; പിടിച്ചുകുലുക്കാനാണ്.
“ദൈവം ഭാഷയിലൂടെയല്ല വെളിപ്പെടുന്നത്, അവൻ ഒന്നിലും വെളിപ്പെടുന്നില്ല. അവൻ നിലവിലില്ല... ദൈവം ഒരു വലിയ അബദ്ധമായിരുന്നു.”
രണ്ടാമത് പ്രസിദ്ധീകരിച്ച നോവലാണ് ‘The Melancholy of Resistance’ (1989).
ഒരു തിമിംഗിലത്തെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചാണ് കഥ മുന്നോട്ടുനീങ്ങുന്നത്. നിഗൂഢമായ ഒരു സർക്കസ് കമ്പനിയെ നോവൽ, വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട്. മാറ്റവും അതിനോടൊപ്പം കുഴപ്പങ്ങളും കുത്തിനിറച്ച ഒരു ട്രെയിൻ കടന്നുവരുന്നുണ്ട്. ദുരൂഹമായ പലതരം അർഥതലങ്ങൾ സമ്മേളിക്കുന്ന ഒരു അന്യാപദേശകഥയുടെ സ്വഭാവമാണ് നോവലിന് നൽകിയിട്ടുള്ളത്. കമ്യൂണിസ്റ്റ് ഹംഗറിയുടെ അന്തിമ ഘട്ടത്തിലെ രാഷ്‌ട്രീയ അശാന്തിയെ പ്രതിഫലിപ്പിക്കുന്നതായി ഈ പുസ്‌തകം പലപ്പോഴും വായിക്കപ്പെട്ടിട്ടുണ്ട്. ഇത് ക്രാസ്‌നഹോർകൈയുടെ അപ്പോക്കലിപ്റ്റിക് മാനസികാവസ്ഥയെയും സാമൂഹിക വിമർശനപാടവത്തെയും അടയാളപ്പെടുത്തുന്ന കൃതിയായും വിലയിരുത്താം. ആൾക്കൂട്ട മനഃശാസ്‌ത്രത്തോടും ധാർമിക തകർച്ചയോടുമുള്ള അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കിത്തരുന്ന ഒന്നാന്തരമൊരു അന്തരാർഥകഥ എന്ന നിലയിലും നോവലിനെ വ്യാഖ്യാനിക്കാം.
‘War & War’ (1999). നായക കഥാപാത്രത്തെ ആദ്യമായിട്ട് ഹംഗറിക്ക് പുറത്തുകൊണ്ടുവരുന്ന ക്രാസ്‌നഹോർകൈ കൃതി എന്ന പ്രത്യേകതയുണ്ട് ഈ നോവലിന്. റേക്കോർഡ് സൂക്ഷിപ്പുകാരനായ കോറിൻ ഒരു കൈയെഴുത്തുപ്രതിയിൽ ഭ്രമിക്കുന്നതും അത് സംരക്ഷിക്കുവാൻ വേണ്ടി ന്യൂയോർക്ക് നഗരത്തിലേക്ക് യാത്രതിരിക്കുന്നതും പിന്നീട് നടക്കുന്ന വിചിത്രമായ സംഭവവികാസങ്ങളുമാണ് കഥാപരിസരം. പ്രാദേശികമായ അപചയത്തിനും ആഗോള (അല്ലെങ്കിൽ സാർവത്രിക) നിരാശയ്‌ക്കും ഇടയിലുള്ള പിരിമുറുക്കത്തെ ഈ നോവൽ അതിസമർഥമായി പ്രതിഫലിപ്പിക്കുന്നു. പാഠം (Text), സംരക്ഷണം, അർഥം എന്നിവയോടുള്ള അഭിനിവേശമാണ് കൃതിയുടെ കേന്ദ്രബിന്ദു. ദർശനാത്മകമായ ആന്തരികതലങ്ങൾ വായിച്ചെടുക്കാവുന്ന ഒട്ടനവധി സന്ദർഭങ്ങളും സംഭവങ്ങളും കൃതിയിൽ ഉടനീളം നിക്ഷേപിച്ചിട്ടുള്ളതായി തോന്നിയാൽ അത്ഭുതമില്ല. ക്രാസ്‌നഹോർകൈ കാഴ്‌ചവയ്‌ക്കുന്ന രചനാതന്ത്രങ്ങൾ അനുഭവിച്ചറിയുന്നത് തന്നെയാണ് വായനയുടെ അനുഭൂതിമണ്ഡലം.
‘Seiobo There Below’ (2008). ഫിബൊനാച്ചി ശ്രേണി അനുസരിച്ച് ക്രമീകരിച്ച പരസ്‌പരബന്ധിതമായ കഥകളുടെ ശേഖരമാണീ കൃതി. സൗന്ദര്യം, കല, അനശ്വരത എന്നിവയെക്കുറിച്ചുള്ള ക്രാസ്‌നഹോർകൈയുടെ മഹത്തായ പര്യവേക്ഷണങ്ങളുടെ ലിഖിതരേഖകൾ എന്നും വിളിക്കാവുന്നതാണ്. ജാപ്പനീസ് നോ (Noh) നാടകവേദി മുതൽ ഗ്രീക്ക് കലയുടെ പുനഃസ്ഥാപനം വരെ ഇതിൽ വിഷയമാകുന്നുണ്ട്. കലാസൃഷ്ടിയുടെ അനർഘനിമിഷങ്ങൾ ക്രാസ്‌നഹോർകൈയുടെ സ്ഥിരവിഷയമായ ബോധശൈഥില്യത്തെ എതിർത്ത് തോൽപ്പിക്കുന്ന അതിവിശിഷ്ടമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാനുള്ള അവസരം ഒരുക്കിത്തരുന്നുണ്ട് കഥാകൃത്ത്.
എന്നാൽ ഈ നിമിഷങ്ങൾ വളരെ ദുർബലമാണ്. പോരാത്തതിന് അവ എപ്പോഴും ഭീഷണിയിലുമാണ്. നിരാശയിലേക്ക് പൂർണമായും കൂപ്പുകുത്താതെ, സൗന്ദര്യം ആസ്വദിക്കാൻ കൂടുതൽ കെൽപ്പുള്ള, കൂടുതൽ പക്വതയുള്ള ക്രാസ്‌നഹോർകൈയെ ഈ കൃതി കാണിച്ചുതരുന്നുണ്ട്.
‘Baron Wenckheim’s Homecoming’ (2016) ഒരുപക്ഷേ അദ്ദേഹത്തിന്റെ അഭിലാഷാധിക്യമുള്ള സമീപകാല ഫിക്ഷനുകളിൽ ഒന്നായിരിക്കാം. പരാജിതനായ ഒരു പ്രഭു പ്രവാസത്തിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്നു. ഹൃദ്യമായ പുനഃസമാഗമം പ്രതീക്ഷിച്ചുകൊണ്ടാണ് തിരിച്ചെത്തിയിരിക്കുന്നത്.
എന്നാൽ, വളരെയധികം മാറിപ്പോയ (അല്ലെങ്കിൽ ക്ഷയിച്ച) ഒരു രാജ്യത്തെയാണ് അയാൾക്ക് കാണേണ്ടിവരുന്നത്. അസഹനീയമായ പൊങ്ങച്ചക്കാർ, അനിയന്ത്രിതമായ അഴിമതി, ആപൽക്കരമായ അന്യവൽക്കരണം എന്നീവക കാര്യങ്ങൾ നേരിടാൻ കഴിയാതെ അയാൾ കുഴയുകയാണ്.

കൃതിയുടെ മാനദണ്ഡം വിശാലമാണെങ്കിലും ഘടന പരീക്ഷണാത്മകമാണ്. തന്റെ അപ്പോക്കലിപ്റ്റിക് ദർശനത്തെ വിചിത്രമായ ഹാസ്യത്തോടൊപ്പം സാമൂഹിക വ്യാഖ്യാനവുമായി സംയോജിപ്പിക്കുന്നതിൽ ക്രാസ്‌നഹോർകൈ വിജയിക്കുന്നുണ്ട്.
ക്രാസ്‌നഹോർകൈ തന്റെ ഘടനാപരമായ പരീക്ഷണങ്ങൾ മുന്നോട്ടുതന്നെയാണ് കൊണ്ടുപോകുന്നത് എന്ന വസ്‌തുത ‘Herscht 07769’ (2024) സാക്ഷ്യപ്പെടുത്തുന്നു. പരമ്പരാഗതമായ രചനാമാതൃകകളെ ദയാരഹിതമായി കശക്കിയെറിയുന്ന രീതിക്ക് കാർക്കശ്യം കൂടിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതിൽ തെറ്റൊന്നുമില്ല. പ്രമേയം അടിയന്തരവും വളരെ സമകാലികവുമാണ്. ധാർമികമായ പക്ഷാഘാതം, തീവ്ര പ്രത്യയശാസ്ത്രങ്ങളുടെ പുനരുജ്ജീവനം, ജനാധിപത്യ മൂല്യങ്ങളുടെ ദുർബലത, നവ-നാസികൾ, കണികാ ഭൗതികശാസ്ത്രം, ഗ്രാഫിറ്റി നശീകരണവാദം എന്നീവക വിഷയങ്ങളെക്കുറിച്ചുള്ള വിപുലമായ വിവരണങ്ങളും ദാർശനിക വിചാരങ്ങളും ഒത്തുചേരുമ്പോൾ, തന്റെ പുതിയ നോവലിനെ പുതിയ കാലത്തിലേക്ക് വിക്ഷേപിക്കുകയാണ് ക്രാസ്‌നഹോർകൈ. ഇന്നിലാണ് ഞാൻ ജീവിക്കുന്നത് എന്ന് സ്വയം പ്രഖ്യാപിക്കുകയാണ് എഴുപത്തിയൊന്ന് വയസ്സായ ചെറുപ്പക്കാരൻ.
“മോശമായി തുടങ്ങുന്ന കാര്യങ്ങൾ മോശമായി അവസാനിക്കുന്നു. മധ്യഭാഗത്ത് എല്ലാം ശരിയാണ്, നിങ്ങൾ വ്യാകുലപ്പെടേണ്ടത് അവസാനങ്ങളെ ഓർത്തായിരിക്കണം” .









0 comments