മുദ്രചാർത്തുന്ന ജീവിതഗാഥ

മനു കള്ളിക്കാട്

സി വി രാജീവ്
Published on Mar 30, 2025, 10:00 AM | 4 min read
സിപിഐ എം പാർടി കോൺഗ്രസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മധുര. അതിന്റെ ആവേശം രാജ്യമാകെ അലയടിക്കുന്നു. മനസ്സുകളിൽ ഉറച്ചുപതിഞ്ഞിരിക്കുന്നു, 24–-ാം പാർടി കോൺഗ്രസിന്റെ ലോഗോ. ഹൃദയചുവപ്പ് ചാർത്തിയ ആശയപ്രപഞ്ചം. സിപിഐ എം ഉയർത്തുന്ന സന്ദേശങ്ങളും പോരാട്ടഗാഥയും സമംചേരുന്ന വരച്ചെപ്പ്. കലയിൽ എന്നും പരീക്ഷണങ്ങൾ പ്രാവർത്തികമാക്കിയ ചിത്രകാരൻ മനു കള്ളിക്കാടാണ് ലോഗോ തയ്യാറാക്കിയത്. കണ്ണൂരിൽ നടന്ന 23–-ാം പാർടി കോൺഗ്രസ് ലോഗോ രൂപകൽപ്പന ചെയ്‌തതും അദ്ദേഹമാണ്.
സ്‌ത്രീ–പുരുഷ തുല്യതയാണ് ലോഗോയുടെ പ്രധാന ആശയം. മധുരയുടെ പ്രതീകമായ പാലവും വലിയ കൊടിയും അരിവാളും ചുറ്റികയും ചേരുമ്പോൾ മുന്നേറ്റത്തിന്റെ പ്രതീകമാകുന്നു ഈ മുദ്രണം. മധുരയിൽ നടക്കുന്ന പാർടി കോൺഗ്രസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് ചിത്രകാരൻ. ലണ്ടനിലിരുന്ന് മാനംമുട്ടെ ഉയരുന്ന മധുരയുടെ ആവേശക്കാഴ്‌ചകളിലേക്ക് മിഴിനടുന്നു, അദ്ദേഹം. ‘‘പാർടി കോൺഗ്രസിന്റെ ആഴവും ഉത്സാഹവും അനുഭവിച്ചയാളാണ് ഞാൻ. 13–-ാം പാർടി കോൺഗ്രസ് നേരിട്ട് കാണുകയും അതിനുവേണ്ട പ്രചാരണം നടത്തുകയും ചെയ്‌തു. 23–-ാം പാർടി കോൺഗ്രസിന് കണ്ണൂരിൽ പോയി. മധുരയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ട്. ഇത് എന്റെ മാത്രമല്ല, ജനലക്ഷങ്ങളുടെ പാർടിയാണ്. ലോകത്തെവിടെയുമുള്ള മോചനപോരാട്ടങ്ങളുടെ ആവേശം ആ ചുവപ്പാണ്, അത് ആകാശത്തോളം പാറിക്കൊണ്ടേയിരിക്കും’’–- മനു കള്ളിക്കാട് പറഞ്ഞു. ഇതിനകം നിരവധി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ലോഗോ തയ്യാറാക്കി. ചെറിയ അടയാളങ്ങളിലൂടെ ആശയം പ്രതിഫലിപ്പിക്കുക വലിയ ദൗത്യമാണ്. കലാജീവിതത്തെക്കുറിച്ച് പറയുകയാണ് മനു കള്ളിക്കാട്.
പരീക്ഷണങ്ങൾ നിവർത്തിയ പാത
ചിത്രകല പഠിച്ചിട്ടില്ല. പഠിക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. ജന്മവാസന നിരന്തരം തേച്ചുമിനുക്കിയ കലാജീവിതം. ഹൈസ്‌കൂളിൽ പഠിക്കുന്നതുമുതൽ ചിത്രകലയോട് അഭിനിവേശമുണ്ടായിരുന്നു. മുതിരുമ്പോൾ ചിത്രകാരനാകുക എന്നതായിരുന്നു ആഗ്രഹം. ആദ്യകാലങ്ങളിൽ പാർടിക്കും യുവജന സംഘടനയ്‌ക്കുമൊക്കെ ചുവരെഴുതിയും ബോർഡെഴുതിയും നടന്നു. അന്നൊക്കെ സിപിഐ എം പ്രവർത്തകനുമായിരുന്നു. മനുഷ്യച്ചങ്ങല, മന്ത്രിമാരെ തെരുവിൽ തടയൽ ഉൾപ്പെടെയുള്ള യുവജന പ്രക്ഷോഭങ്ങളിൽ സജീവമായി ഇടപെട്ടു. അന്ന് ചിത്രം വരയ്‌ക്കാൻ പെയിന്റ്, നിറങ്ങൾ, ക്യാൻവാസ് എന്നിവ വേണം. അവയൊന്നുമില്ലാതെ 1982ൽ കാൾ മാർക്‌സിന്റെ കൊളാഷ് ചിത്രം നിർമിച്ചു. അതാണ് ആദ്യ പരീക്ഷണം. കാൾ മാർക്‌സിനെ തെരഞ്ഞെടുക്കാനുള്ള കാരണം ആ രൂപം എല്ലാവരുടെയും മനസ്സിലുണ്ട് എന്നതിനാലായിരുന്നു. പിന്നെ നാട്ടിലെ പാർടി പ്രവർത്തകരുടെ സജീവമായ പിന്തുണയും. പിന്നെയും വളരെക്കാലം കഴിഞ്ഞപ്പോഴാണ് കൊളാഷ് എന്ന ശൈലി ചിത്രകലയിൽ ഉണ്ടെന്ന് അറിഞ്ഞത്. അതിലും മാറ്റം കൊണ്ടുവരാനായി ശ്രമം. 16 വർഷങ്ങൾക്കുശേഷം ഗുരു നിത്യചൈതന്യ യതിയുടെ ലേഖനത്തെ അടിസ്ഥാനമാക്കി കൊളാഷ് ചെയ്‌തു.
നിത്യ ചൈതന്യ യതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കോഴിക്കോട്ട് എന്റെ ആദ്യത്തെ ചിത്രപ്രദർശനമായിരുന്നു യതിയുടെ അവസാനത്തെ പരിപാടി. കോഴിക്കോട് ചേവായൂരിൽ താമസിക്കുമ്പോൾ യാദൃച്ഛികമായി ചില വിദേശികൾ താമസിക്കുന്ന വീട്ടിൽവന്ന് ചിത്രങ്ങൾ കണ്ടു. അക്കൂട്ടത്തിൽ ഒരാൾ ഹാരിപോർട്ടറിന്റെ എഴുത്തുകാരി ജെ കെ റൗളിങ്ങിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ഫിയാനയായിരുന്നു. തൊട്ടടുത്തദിവസം ഒരു ബ്രിട്ടീഷുകാരൻ വീട്ടിലേക്കുവന്നു. ഫിയാന പറഞ്ഞയച്ചയാളായിരുന്നു. എന്റെ കൊളാഷിന് ചോദിച്ച പ്രതിഫലം തരാൻ അയാളുടെ പക്കൽ ഇല്ലായിരുന്നു. പക്ഷേ, ആ ചിത്രം കൊടുത്തു. മുഴുവൻ പണവും വാങ്ങിയില്ല. യുകെയിൽ എത്തിയശേഷം അദ്ദേഹം മുഴുവൻ പണവും അയച്ചുതന്നു. അതിനുശേഷം കൊളാഷ് ചിത്രരചനയിൽ പൂർണമായും മുഴുകി. ജീവചരിത്ര (ബയോഗ്രഫി) കൊളാഷുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ കൊളാഷിലൂടെ അടയാളപ്പെടുത്തുന്നതായിരുന്നു അത്. ഇ എം എസ്, ഇന്ദിരാഗാന്ധി, മദർ തെരേസ, പിക്കാസോ, വാൻഗോഗ്, ഗുരു നിത്യചൈതന്യ യതി, ബിഥോവൻ, ഇങ്ങനെ നാൽപ്പതോളം കൊളാഷ് ചിത്രങ്ങൾ ചെയ്‌തു.
കാവ്യചിത്ര പ്രദർശനമായിരുന്നു അടുത്ത പരീക്ഷണം. 2007ൽ ഒരു മലയാള കവിതയെടുത്ത് അതിലെ ഓരോ രണ്ടു വരിക്കും ഓരോ ചിത്രം എന്ന രീതിയിൽ വരച്ചു. അറുപതു വരി കവിതയുണ്ടെങ്കിൽ 30 ചിത്രം. അത്തരത്തിൽ അഞ്ചു കവിതകൾക്ക് ചിത്രാഖ്യാനം നൽകി. കാവ്യചിത്ര പ്രദർശനവും നടത്തി. അതിന് 2010ൽ ഇൻക് സ്‌കെച്ച് ആൻഡ് പോയട്രി എന്ന പേരിൽ ലിംക ബുക് ഓഫ് റെക്കോഡ് ലഭിച്ചു.
2013ൽ കരീന കപൂറിന്റെ വലിയ കൊളാഷ് (പോർട്രെയ്‌റ്റ്) ചെയ്‌തു. കരീന കപൂർ 2014ൽ അത് പ്രകാശിപ്പിച്ചു. അതിനും ലിംക ബുക് ഓഫ് റെക്കോഡ് ലഭിച്ചു. 2015ൽ കോഴിക്കോട് എം ടിയെ ആദരിക്കുന്ന ചടങ്ങിൽ എം ടിയുടെ കൊളാഷ് തയ്യാറാക്കി. അതിന് 2016ലും ലിംക ബുക് റെക്കോഡ് നേടി.
2016ൽ ഉറുമ്പുകളെ വച്ച് ‘ഡിസ്‌റ്റോപിയ’ ചെറിയ ഷോർട്ട് ഫിലിം ചെയ്‌തു. എൺവയോൺമെന്റൽ ഷോർട്ട് ഫിലിം സെക്‌ഷനിൽ 2017ലും ലിംക ബുക് ഓഫ് റെക്കോഡ് നേടി.
പിന്നീട് നൂതന രീതികളിലേക്ക് മാറി. 2018ൽ വ്യക്തമായ മനുഷ്യരൂപങ്ങളോ പെയിന്റോ ഉപയോഗിക്കാതെ 40 ക്യാൻവാസിൽ മണ്ണുകൊണ്ട് രേഖപ്പെടുത്തിയ രാമായണ പരമ്പര ‘വരായനം’ തയ്യാറാക്കി. (ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോഡ് ആ ചിത്രത്തിന് ലഭിച്ചു). ഇന്ത്യയുടെ പല പ്രദേശങ്ങളിൽനിന്നുള്ള മണ്ണ് പെയിന്റ് രൂപത്തിലാക്കി ബ്രഷ് ഉപയോഗിച്ച് വരയ്‌ക്കുകയായിരുന്നു. കുളിമുറിയിൽ വീണുകിടന്ന ചുരുൾമുടിയിൽനിന്നാണ് ‘വരായനം’ എന്നതിന്റെ ആശയം കിട്ടുന്നത്. ആ മുടിച്ചുരുളിൽ സ്‌ത്രീയുടെയും പുരുഷന്റെയും രൂപം ദർശിക്കാനായി. അതിനെ രാമായണവുമായി ചേർത്തുവച്ചപ്പോൾ സീത തെളിമയോടെ ഉയർന്നു. പരിസ്ഥിതിബോധം പ്രചരിപ്പിച്ച പരീക്ഷണമായിരുന്നു ‘വരായനം’. അതിന് വലിയ അംഗീകാരമാണ് കിട്ടിയത്. മണ്ണ് എന്ന ആശയം അതിനുശേഷം പലരും അനുകരിച്ചു. നാടകപ്രതിഭ ഇ കെ അയമ്മുവിന്റെ ജീവിതം പറയുന്ന ചോപ്പ് സിനിമയുടെ കലാസംവിധായകനായും പ്രവർത്തിച്ചു. അതിൽ അഭിനയിക്കുകയും ചെയ്‌തു.
കടലിനക്കരെ
ലണ്ടനിൽ പ്രവാസ ജീവിതത്തിലാണ് ഇപ്പോൾ. അവിടെയും വരജീവിതവും രാഷ്‌ട്രീയജീവിതവും തുടരുന്നു. -അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് ബ്രിട്ടൻ ആൻഡ് അയർലൻഡ് (എഐസി) രണ്ടാഴ്‌ചമുമ്പ് പാർടി കോൺഗ്രസ് ലോഗോ രൂപകൽപ്പന ചെയ്‌തതിന് ആദരിച്ചു. ഇന്ത്യയുടെ പല ഭാഗത്തുനിന്നുള്ള നിരവധി സഖാക്കൾ അവിടെയുണ്ടായിരുന്നു. അത് പാർടി കോൺഗ്രസിന്റെ ലഘുരൂപം (മിനിയേച്ചർ) ആയിട്ടാണ് തോന്നിയത്. യു കെയിലും കമ്യൂണിസം ശക്തമാണ്. ചിട്ടയായ പ്രവർത്തനം. നാട്ടിൽ എങ്ങനെയാണോ അതുപോലെതന്നെ.
ചിമ്മിനി വിളക്കിന്റെ വെളിച്ചം
കലാകാരൻ എന്ന നിലയിൽ വലിയ സംതൃപ്‌തി. വര തുടങ്ങിയ വേളയിൽ വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. ഒരുദിവസം രാത്രി പിറ്റേന്ന് കൊടുക്കാനുള്ള പരസ്യബോർഡും ചിരട്ടയിൽ കലക്കിവച്ച ചായവും ചിമ്മിനി വിളക്കും കൈയിൽ പിടിച്ച് വരച്ചുകൊണ്ടിരുന്നപ്പോൾ എന്റെ കൈയിൽനിന്ന് വിളക്ക് പിടിച്ച് വെളിച്ചം കാണിച്ചുതന്നു അച്ഛൻ. അദ്ദേഹം കമ്യൂണിസ്റ്റായിരുന്നു. ആ വെളിച്ചമാണ് ഇന്നും കരുത്ത്. ഗുരു നിത്യചൈതന്യ യതിയുടെ വാക്കുകളും ഉള്ളിൽ മുഴങ്ങുന്നു. ഒരിക്കൽ ഊട്ടിയിലെ ഫേൺഹില്ലിൽ കാവ്യചിത്രം അവതരിപ്പിച്ചു. കവിത ചൊല്ലുമ്പോൾ അതിനൊപ്പം വരയ്‌ക്കുകയായിരുന്നു. പിറ്റേന്ന് പ്രഭാതസവാരി കഴിഞ്ഞ് വന്ന യതി അരികിലേക്ക് വിളിച്ചു പറഞ്ഞു. ‘‘മനു ചെയ്യുന്ന പ്രവർത്തനം തുടരുക. ഇന്നല്ലെങ്കിൽ നാളെ അത് ഇന്ത്യൻ ചിത്രകലയ്‌ക്ക് മുതൽക്കൂട്ടാകും’’–- തീർച്ചയായും മങ്ങാതെയുണ്ട് ആ ആശംസ.
തമിഴ് മണ്ണിൽ
വർത്തമാനകാല ഇന്ത്യയിൽ സിപിഐ എമ്മിന് വലിയ പ്രാധാന്യമുണ്ട്. രാജ്യത്ത് ആളുകൾ ഇരുട്ടിൽതപ്പുന്ന വേളയിൽ പ്രകാശനാളമാണ് ഇടതുപക്ഷം. ഇടതുപക്ഷം ഭരിക്കുന്ന കേരളം ഇന്ത്യയിൽ പ്രതീക്ഷയുടെ തുരുത്താണ്. പല ഭാഗങ്ങളിൽനിന്ന് ആളുകൾ പ്രതീക്ഷയോടെ കേരളത്തിലേക്ക് എത്തുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളും കേരളത്തെ ഉറ്റുനോക്കുന്നു. ചുവപ്പിന്റെ വ്യാപനമാണ് അവിടെയും. തമിഴ്‌നാട്ടിൽ നിരന്തരം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ട് സിപിഐ എം. അതിന്റെ എത്രയോ വാർത്തകളുണ്ട്. പാർടി കോൺഗ്രസിനുശേഷം തീർച്ചയായും സിപിഐ എമ്മിന് അവിടെ പ്രസക്തി കൂടും.
കള്ളിക്കാട്
ജനിച്ച മണ്ണാണത്. എന്റെ സ്വത്വം വേരോടി നിൽക്കുന്നത് അവിടെയാണ്. തിരുവനന്തപുരം ജില്ലയിൽ അഗസ്‌ത്യകൂടമെന്ന മഹാ പർവതം തൊട്ടുനിൽക്കുന്ന ആ നാടാണ് എന്റെ ബാല്യ, കാൗമാര, യൗവനത്തെ രൂപപ്പെടുത്തിയത്. അന്നുമിന്നും എന്റെ പാർടിക്ക് വളക്കൂറുള്ള മണ്ണാണത്. ഇപ്പോൾ ജീവിക്കുന്നത് എവിടെയായാലും ആ നാട്ടുപേര് എനിക്കൊപ്പമുണ്ട്. നാടിനൊപ്പം ഞാനും എനിക്കൊപ്പം നാടും വളരുന്നുവെന്ന് വിശ്വസിക്കുന്നു.









0 comments