പ്രകൃതിയിലെ സ്വീറ്റ് ഹീറോ...

സൽമാൻ പട്ടർകുളം
Published on Aug 14, 2025, 01:15 PM | 2 min read
തേനീച്ചകൾ ഇത്രത്തോളം ഹീറോ ആവാൻ കാരണം എന്താണെന്ന് അറിയാമോ? രുചികരമായ തേൻ തന്നെ! പക്ഷേ, ഇവ തേൻ ഉത്പാദിപ്പിക്കുന്നത് ശീതകാലത്തേക്കുള്ള ഭക്ഷണമായി സൂക്ഷിക്കാനാണെന്ന് അറിയാമോ? ഭാഗ്യവശാൽ അവർക്ക് ആവശ്യമുള്ളതിനേക്കാൾ 2-3 മടങ്ങ് അധികം തേൻ തേനീച്ചകൾ ഉത്പാദിപ്പിക്കുന്നു, അതിനാൽ നമുക്കും ഈ രുചിയൂറുന്ന വിഭവം ആസ്വദിക്കാനാകും! പക്ഷെ കഴിഞ്ഞ 15 വർഷങ്ങളായി തേനീച്ചക്കൂട്ടങ്ങൾ അപ്രത്യക്ഷമാവുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.
തേനീച്ചകളുടെ രാജ്യം
തേനീച്ചകൾ പൂക്കൾക്കും പഴങ്ങൾക്കും പച്ചക്കറികൾക്കും അത്യന്തം പ്രധാനപ്പെട്ട പരാഗവാഹകരാണ്. തേനീച്ചകൾ കൂടുകളിൽ അഥവാ കോളനികളായാണ് ജീവിക്കുന്നത്. കൂട്ടിലെ അംഗങ്ങളിൽ മൂന്ന് തരക്കാരുണ്ട്. റാണിതേനീച്ചയാണ് കൂട് നിയന്ത്രിക്കുന്നത്. മുട്ടയിടുകയാണ് റാണിയുടെ ജോലി. റാണി മരിച്ചാൽ ഒരു പുതിയ റാണിയെ തെരഞ്ഞെടുക്കും. അതിനായി ഒരു കുഞ്ഞു ലാർവയെ തെരഞ്ഞെടുത്ത് അതിന് ‘റോയൽ ജെല്ലി’ എന്ന പ്രത്യേകഭക്ഷണം നൽകി പ്രജനനക്ഷമമായ ഒരു പുതിയ റാണിയാക്കി മാറ്റുന്നു.
പെൺതേനീച്ചകളാണ് തൊഴിലാളികൾ. ആഹാരമായ തേനും പൂമ്പൊടിയും പുഷ്പങ്ങളിൽ നിന്ന് ശേഖരിക്കുക, തേനീച്ചക്കൂട് നിർമിക്കുക, ചിറകുകൾ വീശി കൂടിനകത്തെ വായു സഞ്ചാരത്തെ ക്രമീകരിക്കുക എന്നിവയാണ് ഇവരുടെ ജോലികൾ. ആൺതേനീച്ചകൾ ഡ്രോൺസ് എന്നറിയപ്പെടുന്നു. പുതിയ റാണികളുമായി സമ്പർക്കത്തിലേർപ്പെടുകയാണ് ഇവരുടെ പ്രധാന ജോലി.
പറപറക്കും; നൃത്തം ചെയ്യും
തേനീച്ചകൾ അതിശയകരമായ പറക്കാൻ കഴിവുള്ളവയാണ്. മണിക്കൂറിൽ ഏകദേശം 25 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഇവ ഒരു സെക്കൻഡിൽ 200 തവണ ചിറകുകൾ വീശും. തേനീച്ചയ്ക്ക് നൂറ്റി എഴുപതോളം വാസനാ ഗ്രാഹകങ്ങൾ (odorant receptors) ഉണ്ട്.
അതായത് അതിതീവ്രമായ ഘ്രാണശക്തിയുണ്ട്! ഈ ഘ്രാണശക്തി ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്തുകയും പുഷ്പങ്ങളെ തിരിച്ചറിയുകയും ചെയ്യുന്നു.
തേനീച്ചകൾ ഭംഗിയായി നൃത്തം ചെയ്യുന്നവരുമാണ്. നല്ല ആഹാര ഉറവിടത്തെക്കുറിച്ച് വിവരം പങ്കുവെയ്ക്കാൻ അവ ‘വാഗിൾ ഡാൻസ്’ എന്ന നൃത്തം ചെയ്യും. തൊഴിലാളി തേനീച്ചകളുടെ ആയുസ് ഏകദേശം അഞ്ചു മുതൽ ആറു ആഴ്ച വരെയാണ്. ഈ കാലയളവിനുള്ളിൽ അവർ ഏകദേശം പന്ത്രണ്ട് ടീസ്പൂണോളം തേൻ ഉത്പാദിപ്പിക്കും. റാണി തേനീച്ചക്ക് അഞ്ചുവർഷം വരെ ജീവിക്കാൻ കഴിയും. വേനൽക്കാലത്ത് ഒരു ദിവസം രണ്ടായിരത്തിഅഞ്ഞൂറോളം മുട്ടകൾ ഇവ ഉൽപാദിപ്പിക്കുന്നു.
കോളനികൾ തകരുന്നു...!
ഒരു തേനീച്ചക്കൂട്ടത്തിലെ ഭൂരിഭാഗം തൊഴിലാളി തേനീച്ചകളും അപ്രത്യക്ഷമാകുന്ന അസാധാരണ പ്രതിഭാസമാണ് കോളനി കൊളാപ്സ് ഡിസോർഡർ ( സിസിഡി ). ഈ പ്രതിഭാസം Disappearing disease, spring dwindle, May disease, autumn collapse, fall dwindle disease എന്നീ പേരുകളിൽ അറിയപ്പെടുന്നുണ്ട്. വടക്കേ അമേരിക്കയിലെ തേനീച്ച കോളനികളുടെ ( ആപിസ് മെല്ലിഫെറ) തിരോധാനം കൂടുതലായി റിപ്പോർട്ട് ചെയ്തതോടെ 2007 ൽ ഇതിനെ കോളനി കൊളോപ്സ് ഡിസോർഡർ എന്ന് പുനർനാമകരണം ചെയ്തു. പരാഗസമ്പർക്കം കുറയുമെന്നതിനാൽ കാർഷികമേഖലയിലാണ് ഇത് ആശങ്ക സൃഷ്ടിക്കുന്നത്. പക്ഷെ ഐക്യരാഷ്ട്രസംഘടനയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ കണക്ക് പ്രകാരം 1990 മുതൽ 2021 വരെ ലോകമെമ്പാടുമുള്ള തേനീച്ച കോളനികളുടെ എണ്ണം 47% വർധിച്ച് 102 ദശലക്ഷത്തിലെത്തിയെന്നാണ്.
- കീടനാശിനികളുടെ അമിതമായ ഉപയോഗം, രോഗങ്ങൾ ,- പോഷകാഹാരക്കുറവ്, ജനിതക ഘടകങ്ങൾ,- പ്രതിരോധ ശേഷിക്കുറവ് , പരിസ്ഥിതിനാശം എന്നിവയാണ് തേനീച്ച കോളനികൾ കുറയാൻ കാരണമായി പറയുന്നത്. തേനീച്ച സമൂഹത്തെ സംരക്ഷിക്കാൻ നമുക്കും ചില കാര്യങ്ങൾ ചെയ്യാനാകും. സമൃദ്ധമായ ചെടികൾ നട്ടുപിടിപ്പിച്ചാൽ തേനീച്ചകൾക്ക് ആഹാരം കണ്ടെത്താനാവുകയും നമുക്ക് മായം കലരാത്ത ശുദ്ധമായ തേൻ ലഭ്യമാവുകയും ചെയ്യും.









0 comments