ഉറക്കമൊരു ഇന്ദ്രജാലം


വലിയശാല രാജു
Published on Mar 15, 2025, 03:22 PM | 2 min read
ഉറക്കം ഒരു ഇന്ദ്രജാലമാണ്. ഏതൊരു കടുത്ത ക്ഷീണത്തേയും മായ്‌ച്ചുകളയാൻ ശാന്തമായ ഉറക്കം മതിയാകും. ജീവവായുവും ഭക്ഷണവും വെള്ളവും പോലെ ജീവൻ നിലനിർത്താൻ ഏറ്റവും അനിവാര്യമായതാണ് ഉറക്കം. രണ്ടോ മൂന്നോ നാൾ ഒരുപോള കണ്ണടക്കാത്ത മനുഷ്യൻ ഉന്മാദമെന്ന അവസ്ഥയിലാവും.
അപാരമായ വൈവിധ്യമുണ്ട് ഉറക്കത്തിന്. കൂർക്കം വലിച്ചും വലിക്കാതെയും ഉറങ്ങാം. ചരിഞ്ഞ് കിടന്നും കമിഴ്‌ന്നുമാവാം. ചുരുണ്ടുകൂടിയും നീണ്ടുനിവർന്നും ഉറങ്ങാം. പുതച്ചും പുതക്കാതെയുമാവാം. സ്വപ്‌നം കണ്ടും കാണാതെയും ഉറങ്ങാം!.
എത്ര ഉറങ്ങിയാലും മതിയാകാത്തവരാണ് പലരും. പ്രത്യേകിച്ചും കുട്ടികൾ. ആയുസിന്റെ മൂന്നിലൊന്ന് സമയം ഉറങ്ങുന്നവരാണ് മനുഷ്യർ. കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും ഉറക്കത്തിൽ കൃത്യത ഇല്ലാത്തതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധകുറയാനും കാരണമാകും.
ഇതൊക്കെയാണെങ്കിലും ഉറക്കം പൂർണമായി ശാസ്ത്രത്തിന് പിടിതന്നിട്ടില്ല. നിദ്രാ ഗവേഷണം എന്ന ശാസ്‌ത്രശാഖ തന്നെയുണ്ട്. ആധുനിക നിദ്രാഗവേഷണത്തിന്റെ പിതാവായി അറിയപ്പെടുന്നത് നതാനിയൽ ക്ലയ്റ്റ്മാൻ (1895-–-1999)ആണ്. ഷിക്കഗോ സർവകലാശാലയിൽ അധ്യാപകനായ ക്ലയ്‌റ്റ്‌മാനാണ് ഉറക്കത്തെ ആദ്യമായി ശാസ്ത്രീയമായി വിശകലനം ചെയ്‌തത്. ഉറക്കത്തെക്കുറിച്ചുള്ള പഠനശാഖ polismnography എന്നറിയപ്പെടുന്നു.
ഒറ്റ രാത്രി, പല ഉറക്കങ്ങൾ
രാത്രി കിടന്നാൽ രാവിലെയോളം ഒരേ ഉറക്കമെന്നാണ് നമ്മൾ പൊതുവെ കരുതുക. ഒന്നര മണിക്കൂർ വരെ നീളുന്ന പല ഉറക്ക ചക്രങ്ങൾ ചേർന്നാണ് മനുഷ്യന്റെ രാത്രിയുറക്കം പൂർത്തിയാവുക.
ഉറക്കത്തിൽ സ്വപ്‌നം കാണാത്തവർ ആരുമില്ല. എല്ലാ രാത്രിയിലും സ്വപ്നം കാണുന്നുണ്ട്.ഭൂരിപക്ഷം പേരും രാവിലെ ഉറക്കമുണരുമ്പോൾ അത് മറന്നുപോകുന്നു. എന്തുകൊണ്ട് സ്വപ്‌നം കാണുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
നിത്യജീവിതത്തിലെ ചിന്തകളും മറ്റുള്ളവരോടുള്ള വികാരങ്ങളും ഇടപെടലുകളും ഒക്കെ ചേർന്നതാണ് സ്വപ്‌നം. ഇതൊക്കെ ചേർന്ന് തലച്ചോറിൽ സംഭവിക്കുന്ന പ്രക്രിയയാണ് സ്വപ്‌നം. ആധുനിക. മനഃശാസ്ത്രത്തിന്റെ പിതാവായി കരുതപ്പെടുന്ന സിഗമണ്ട് ഫ്രോയിഡ് (1856–--1939)ഇതേക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇവ സംഗ്രഹിച്ച് പ്രസിദ്ധകരിച്ച പുസ്തകമാണ് ‘ദി ഇന്റപ്രേറ്റേഷൻ ഓഫ് ഡ്രീംസ്'.
ഉറക്കത്തിന്റെ കുത്തക മടിയന്മാരിലേക്ക് ചാർത്താറുണ്ടെങ്കിലും ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത് കൂടിയേ തീരൂ. നന്നായി ഉറങ്ങിയെണിറ്റാൽ പിന്നീട് ചെയ്യുന്ന ഏത് പ്രവർത്തിക്കും കൃത്യതയും ആത്‌മാർഥതയും ഉണ്ടാകും.
ഉറക്കക്കുറവ് മൂലം ക്ഷീണം, തലവേദന, ദേഷ്യം, ശ്രദ്ധക്കുറവ്, വിഷാദം എന്നിവ ഉണ്ടാകാം. ഉറക്കക്കുറവുണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് സമാനമാണ് അമിത ഉറക്കത്തിന്റെ ആരോഗ്യപ്രശ്‌നങ്ങൾ എന്ന് പ്രത്യേകം ഓർക്കുക.
ഉറക്കത്തിനായി ഒരു സംഘടന
ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി പ്രവർത്തിക്കുന്ന
സംഘടനയാണ് വേൾഡ് സ്ലീപ് സൊസൈറ്റി. ലോകമെമ്പാടുമുള്ള ഡോക്ടമാർ, ഗവേഷകർ, ഇതര മേഖലകളിലെ വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെട്ടതാണ് ഈ സംഘടന.
2008 മുതലാണ് ലോക ഉറക്കദിനം ആചരിക്കാൻ തുടങ്ങിയത്. ഉറക്കത്തെ കുറിച്ച് ആഗോള തലത്തിൽ അവബോധമുണ്ടാക്കാനും ശാരീരിക മാനസികക്ഷേമത്തിന് നല്ല ഉറക്കത്തിന്റെ ആവശ്യകത ഓർമിപ്പിക്കാനുമാണ് ഉറക്കദിനാചരണം. ഈ വർഷത്തിലെ ഉറക്ക ദിനത്തിന്റ സന്ദേശം "ഉറക്കം ആരോഗ്യകരമാക്കുക’ (make sleep health) എന്നതാണ്.









0 comments