വിത്തിലൊളിക്കുന്ന മഹാപ്രപഞ്ചം

സയൻസൺ
Published on Oct 30, 2025, 01:00 PM | 3 min read
കുഞ്ഞുവിത്തിൽ കൂറ്റൻ മരത്തിനെ ഒളിപ്പിക്കുന്ന വിസ്മയംപോലെ മഹാപ്രപഞ്ചത്തിനെയും വിത്തിലൊളിപ്പിക്കാനാകുമോ?. അത്തരമൊരു വിസ്മയമുണ്ട് . ലോകത്തുള്ള പ്രധാന വിത്തുകളെല്ലാം ഒരിടത്ത് സൂക്ഷിക്കുന്ന കേന്ദ്രം. വിത്ത് വൈവിധ്യങ്ങളുടെ കലവറയുടെ വിശേഷം രസകരമാണ്. സസ്യപ്രത്യുൽപാദനത്തിന്റെ പ്രധാന ഘടകമായ വിത്ത് പുതിയ ചെടി മുളച്ചുണ്ടാകാനുള്ള ഭ്രൂണവും അതിന് വളരാനുള്ള ആഹാരവും ഒരു പുറംതോടും അടങ്ങിയതാണ് . നിറം, വലിപ്പം, പുറംതോടിന്റെയും അകക്കാന്പിന്റെയും കടുപ്പം, മുളയ്ക്കാനുള്ള സമയഘടന, രുചി എന്നിവയെല്ലാം വിത്തുകളിൽ പല തരത്തിലായിരിക്കും. ലളിതമായി പറഞ്ഞാൽ ഒരു പുതിയ ചെടിയുടെ തുടക്കമാണ് വിത്ത്. അനുകൂല സാഹചര്യത്തിൽ വിത്ത് മുളച്ച് പുതിയ ചെടിയായി വളരുന്നു. അനുകൂല സാഹചര്യം ഒരുങ്ങുന്നതുവരെ നൂറ്റാണ്ടുകളോളം കേടാവാതെ നിലനിൽക്കാനും വിത്തുകൾക്കാകും.
തുടക്കം കൽക്കരി ഖനിയിൽ
1984 സ്വാൾബാർഡിലെ ലോങ്‌യർബ്യെനിലുള്ള ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനിയിൽ നോർഡിക് ജീൻ ബാങ്ക് എന്ന സ്ഥാപനം വിത്തുകൾ സൂക്ഷിക്കാൻ തുടങ്ങി. ഇതാണ് വിത്ത് ബാങ്കിന്റെ ആദ്യരൂപം. 2004 നോർവീജിയൻ സർക്കാർ ഇൗ പദ്ധതിയെ പിന്തുണച്ചു. ഇതോടെയാണ് ഗ്ലോബൽ സീഡ് വാൾട്ട് എന്ന സ്ഥാപനം പദ്ധതി വിപുലപ്പെടുത്താൻ തുടങ്ങുന്നത്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷിക വിഭാഗം രൂപീകരിച്ച ഇന്റർനാഷണൽ ട്രീറ്റി ഓൺ പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ് ഫോർ ഫുഡ് ആൻഡ് അഗ്രികൾച്ചർ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി വിപുലീകരിച്ചത്.
പ്രകൃതി ദുരന്തങ്ങൾ പെട്ടെന്ന് ബാധിക്കാത്ത സ്വാൾബാർഡ് ദ്വീപിലെ പാറയിലാണ് ഇൗ സ്ഥാപനം പ്രർത്തിക്കുന്നത്. 2006 വാൾട്ടിന്റെ നിർമാണം ആരംഭിച്ചു. പാറക്കെട്ടുകൾ തുരന്ന് 120 മീറ്റർ ഉള്ളിലായി മൂന്ന് വലിയ അറകളോടുകൂടിയ വിത്ത് സംരക്ഷണ നിലയം സ്ഥാപിച്ചു. 2008 ഫെബ്രുവരി 26 ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. ഓരോ സാമ്പിളിലും നിരവധി വിത്തുകൾ ശേഖരിച്ച് വച്ചതിനാൽ കോടിക്കണക്കിന് വിത്തുകളാണ് ഇവിടെയുള്ളത്. നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, പച്ചക്കറികൾ തുടങ്ങിയ പ്രധാന ഭക്ഷ്യവിളകളുടെ ജനിതക വൈവിധ്യം ഇവിടെ കാത്തുസൂക്ഷിക്കുന്നു.
ആഗോള വിത്തറ
ഗുരുതരമായ പ്രകൃതി പ്രതിഭാസങ്ങളിൽ ഭൂമിയിലെ ജീവിവർഗങ്ങൾക്ക് നാശമുണ്ടായാലോ കൃഷി നശിച്ചാലോ അതിനെ മറികടക്കാനുള്ള ഉപാധിയെന്ന നിലയിലാണ് ലോകത്തിലെ മുഴുവൻ വിത്തുകളും ഉൾക്കൊള്ളുന്ന സ്വാൾബാർഡ് ഗ്ലോബൽ സീഡ് വാൾട്ട് എന്ന ആശയം രൂപപ്പെടുന്നത്. ഭൂമിയിലെ ഭക്ഷ്യ വസ്തുക്കളുടെ വിത്തുകൾ ശേഖരിക്കുകയും കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യുന്ന ഇടമാണിത്.
നോർവേയിലെ സ്വാൾബാർഡ് ദ്വീപിൽ സ്ഥിതിചെയ്യുന്ന ഗ്ലോബൽ സീഡ് വാൾട്ട് ലോകമെമ്പാടുമുള്ള കാർഷിക വിളകളുടെ ജനിതക വൈവിധ്യം സംരക്ഷിക്കുന്ന ലോകോത്തര നിലവറയാണ്.

താഴ്‌ന്ന താപനിലയിൽ സുരക്ഷിതം
സ്വാഭാവികത നിലനിൽക്കാൻ 18 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് വിത്തുകൾ സൂക്ഷിച്ചിരിക്കുന്നത്. മഞ്ഞുവീഴ്‌ചയുള്ള പ്രദേശമായതിനാൽ മനുഷ്യനിർമിതമായ ശീതീകരണ സംവിധാനം തകരാറിലായാലും മഞ്ഞിന്റെ തണുപ്പ് വിത്തുകളെ സംരക്ഷിക്കും. കടൽനിരപ്പിൽനിന്ന് ഉയർന്നുനിൽക്കുന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയും ഇല്ല. ഭൂകമ്പസാധ്യതയും വളരെ കുറവാണ്. നോർവേ, ആഫ്രിക്കൻ രാജ്യങ്ങൾ, ലോകമെമ്പാടുമുള്ള ജീൻ ബാങ്കുകൾ എന്നിവയിൽനിന്നുള്ള വിത്തുകളാണ് ആദ്യഘട്ടത്തിൽ ഇവിടെ എത്തിച്ചത്. സിറിയൻ യുദ്ധത്തിൽ അലപ്പോയിലെ ഇന്റർനാഷണൽ സെന്റർ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻ ഡ്രൈ ഏരിയ (ഐസിഎആർഡിഎ) സീഡ് ബാങ്ക് നശിച്ചതിനാൽ അവശേഷിച്ചിരുന്ന വിത്തുകൾ 2015-ൽ ഇവിടെ എത്തിച്ചു.
2017ലെ അത്യുഷ്‌ണത്തിൽ പ്രവേശന കവാടത്തിലെ മലയിലെ മഞ്ഞ് ഉരുകി ചെറിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായിരുന്നു ഇത്. തുടർന്ന് വാൾട്ടിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. നോർവീജിയൻ സർക്കാറും അവിടുത്തെ പൊതുമരാമത്ത് വകുപ്പുമാണ് കേന്ദ്രം നിർമിച്ചത്. വിത്തുകളുടെ സംരക്ഷണം മാത്രം ലക്ഷ്യമിട്ടുള്ള സാന്പത്തിക താൽപര്യമില്ലാത്ത സ്ഥാപനമാണിത്.
ഇന്ത്യയിലുമുണ്ട് വിത്ത് ബാങ്ക്
കാർഷികവിളകൾ, കന്നുകാലികൾ, ഉപകാരികളായ കീടങ്ങൾ, സൂക്ഷ്മാണുക്കൾ, മത്സ്യങ്ങൾ എന്നിവയെ സംരക്ഷിക്കാൻ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ 1976-ൽ നോഡൽ ഏജൻസിയായി നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനിതക റിസോഴ്‌സസ് സ്ഥാപിച്ചു. വിത്തുശേഖരണം, അനുബന്ധ ഗവേഷണം, സുസ്ഥിര കൃഷിക്കുള്ള മനുഷ്യവിഭവശേഷി വികസനം എന്നിവയാണ് ഇതിന്റെ പ്രവർത്തനം. വിവിധ സംസ്ഥാനങ്ങളിലായി 10 പ്രാദേശിക കേന്ദ്രങ്ങളുണ്ട്. 4.5 ലക്ഷത്തിൽപരം വിത്തിനങ്ങളാണ് ഇവിടെ സംരക്ഷിക്കുന്നത്. സ്വാൾബാർഡ് വിത്തറയുടെ മാതൃകയിലുള്ള വിത്തുകേന്ദ്രവും ലഡാക്കിൽ പ്രവർത്തിക്കുന്നുണ്ട്.
ജൈവവൈവിധ്യ സംരക്ഷണത്തിന് രണ്ടുതരം മാർഗങ്ങളുണ്ട്. ജീവജാലങ്ങളെയും വിത്തുകളെയും അവയുള്ളിടത്ത് സംരക്ഷിക്കുന്ന രീതിയാണ് ഒന്നാമത്തേത്. ബോട്ടാണിക്കൽ ഉദ്യാനങ്ങൾ, ജൈവവൈവിധ്യ പാർക്കുകൾ, അക്വേറിയം, മിയാവാക്കി വനങ്ങൾ, ഫീൽഡ് ജീൻബാങ്കുകൾ എന്നിവിടങ്ങളിൽ സംരക്ഷിക്കുന്നതാണ് രണ്ടാമത്തെ രീതി. പരമ്പരാഗത രീതികളും ആധുനികസാങ്കേതികവിദ്യയും ചേർത്താണ് കേരളത്തിൽ വിത്ത് സംരക്ഷിക്കുന്നത്. കർഷക കൂട്ടായ്മകളും സംസ്ഥാന ജൈവവൈവിധ്യ ബോർഡും കൃഷി വകുപ്പും വിത്ത് ബാങ്ക് രൂപീകരിച്ച് നാടൻ വിത്തുകൾ സംരക്ഷിക്കുകയും ജനിതക വൈവിധ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നു. പ്രാദേശികമായ നാടൻ വിത്തുകൾ സംരക്ഷിക്കാനും പുതിയ ഇനങ്ങൾ വികസിപ്പിക്കാനും പ്രത്യേക പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കുന്നു.
കേരളത്തിന്റെ സ്വന്തം വിത്തറ
പത്മശ്രീ ലഭിച്ച ചെറുവയൽ രാമന്റെ വീട് കേരളത്തിന്റെ സ്വന്തം വിത്തറയാണ്. മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനായ രാമൻ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും ജീൻബാങ്കറുമാണ്. നാൽപത്തിയഞ്ചോളം പരമ്പരാഗത നെല്ലിനങ്ങൾ ഇദ്ദേഹം കൃഷിചെയ്യുന്നുണ്ട്. പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധസസ്യങ്ങളും വൃക്ഷങ്ങളും ഇദ്ദേഹം സംരക്ഷിക്കുന്നുണ്ട്. വിദ്യാർഥികൾക്കും ഗവേഷകർക്കും കൃഷിയിടം സന്ദർശിച്ച് പരമ്പരാഗത കൃഷി രീതികളെക്കുറിച്ച് പഠിക്കാനും സൗകര്യമുണ്ട്. പരമ്പരാഗത രീതിയിലാണ് രാമൻ നെൽവിത്ത് സംഭരിക്കുന്നത്. വിളവെടുത്ത നെൽവിത്ത് ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടർന്ന്, മുളങ്കൂട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതിൽ സംഭരിക്കുന്നു. വൈക്കോൽ കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്ലുസംഭരണത്തിന് ഉപയോഗിക്കുന്നു. വിത്തുകൾ ഈ രീതിയിൽ രണ്ടു വർഷംവരെ മുളയ്ക്കൽശേഷി നഷ്ടപ്പെടാതെ സൂക്ഷിക്കാനാകും.









0 comments